നമ്മളിൽ ഭൂരിഭാഗം ആളുകളും ഒരിക്കലെങ്കിലും ട്രാഫിക് പോലിസിന് ഫൈൻ അടക്കേണ്ടി വന്നിട്ടുള്ളവരായിരിക്കും. മിക്കവാറും ഹെൽമറ്റ് വെക്കാത്തതിനോ മറ്റോ 100 രൂപയൊക്കെയായിരിക്കും പിഴയായി അടച്ചിട്ടുണ്ടാകുക. എന്നാൽ ഇപ്പോൾ നൂറിന്റെ പരിപാടി നിർത്തിയിരിക്കുകയാണ്. ട്രാഫിക് നിയമലംഘന പിഴകൾ ഇപ്പോൾ വർധിപ്പിച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ വാർത്തകളിൽ നിറഞ്ഞ ഒരു കൗതുകകരമായ സംഭവമാണ് ഇനി പറയുവാൻ പോകുന്നത്.
ഹെൽമറ്റ് ധരിക്കാത്തതിനും, ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകൾ കൈവശം വെക്കാത്തതിനുമുൾപ്പെടെ ഒരു ബൈക്ക് യാത്രികന് പിഴയായി ട്രാഫിക് പോലീസ് അടിച്ചു നല്കിയത് 23000 രൂപയാണ്. എന്നാൽ കൗതുകകരമായ മറ്റൊരു കാര്യമെന്തെന്നാൽ, ഇയാൾ ഓടിച്ചിരുന്ന സെക്കൻഡ് ഹാൻഡ് ബൈക്കിന്റെ വില 15000 രൂപയേ ഉള്ളൂവെന്നതാണ്. സംഭവം നടന്നത് ഡൽഹിയിലാണ്. ദിനേശ് മദൻ എന്നയാളാണ് ഹെൽമറ്റ് ധരിക്കാതെ, ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മലിനീകരണ സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെയുള്ള രേഖകൾ കൈവശം വെയ്ക്കാതെ ബൈക്കോടിച്ചു ട്രാഫിക് പോലീസിനു മുന്നിൽപ്പെട്ടത്.
ഹെൽമറ്റ് ധരിക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പരിശോധനയിലുണ്ടായിരുന്ന പോലീസുകാർ ഇയാളെ തടഞ്ഞത്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോൾ ആണ് വേണ്ട രേഖകളൊന്നും കൈവശമില്ലെന്നു മനസ്സിലായത്. പത്തു മിനിറ്റിനകം വേണ്ട രേഖകൾ ഹാജരാക്കുവാൻ പോലീസ് ഇയാളോട് ആവശ്യപ്പെടുകയും ഇത്ര ചെറിയ സമയപരിധിയ്ക്കുള്ളിൽ അത് സാധ്യമെല്ലെന്നു ബൈക്ക് ഓടിച്ചയാൾ മറുപടി കൊടുക്കുകയും ചെയ്തു. അതിനിടെ പോലീസുകാർ ഇയാളോട് ബൈക്കിന്റെ താക്കോൽ ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കുകയായിരുന്നു. തുടർന്നാണ് 23000 രൂപ ഫൈൻ എഴുതി ചലാൻ നൽകിയത്. പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്, തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്തതിന്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തതിന്, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിന്, ഹെൽമെറ്റ് ധരിക്കാത്തതിന് എന്നിങ്ങനെയാണ് പിഴ നൽകിയിരിക്കുന്നത്.
പോലീസ് കുറച്ചു സമയം കാത്തിരുന്നെങ്കിൽ രേഖകൾ ഹാജരാക്കുവാൻ സാധിക്കുമായിരുന്നുവെന്നും, തനിയ്ക്ക് ഇത്രയും പിഴ ലഭിക്കില്ലായിരുന്നുവെന്നും, പിഴയിൽ ഇളവ് വരുത്തണമെന്ന് അപേക്ഷിക്കുന്നുവെന്നും, ഇനി മുതൽ എപ്പോഴും രേഖകൾ കൈവശം വയ്ക്കുമെന്നും മദൻ പോലീസ് അധികാരികൾക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം സെപ്തംബര് ഒന്ന് മുതൽ മുതൽ കേരളത്തിൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കള്‍ക്ക് ജയിൽ ശിക്ഷ ഉള്‍പ്പെടെയുള്ള ഭേദഗതികളോടെയാണ് നിയമം നടപ്പാക്കുന്നത്.
ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇനി പിഴ 1000 രൂപയാണ്. ഒപ്പം 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. വാഹനം ഒടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 10000 രൂപയാണ്. മുൻപ് ഇത് 1000 രൂപയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്. സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ നിലവിലെ പിഴ 100 രൂപ ആണെങ്കില്‍ സെപ്റ്റംബർ 1 മുതൽ അത് 1000 രൂപയായി ഉയർന്നു. അമിത വേഗത്തിന്‍റെ പിഴ 1000-2000 നിരക്കിലായിരിക്കും. മുമ്പ് ഇത് 400 രൂപയായിരുന്നു. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തില്‍ 5000 രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്. ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപയായിരിക്കും.
ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ – 5000 രൂപ, പെര്‍മിറ്റില്ലാതെ ഓടിച്ചാല്‍ – 10,000 രൂപ, എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാർഗ്ഗതടസം സൃഷ്ടിച്ചാൽ – 10,000 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങൾ ഓടിച്ചാൽ – 2000 രൂപയും പിഴ ഈടാക്കും. വാഹന റജിസ്ട്രേഷനും, ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്. എന്തായാലും ഇനിയങ്ങോട്ടു ട്രാഫിക് നിയമങ്ങൾ കർശനമായി പാലിച്ചു വേണം വാഹനങ്ങൾ നിരത്തിലിറക്കുവാൻ എന്നു സാരം.