ശബരിമല സീസണിൽ കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ധാരാളം സ്പെഷ്യൽ സർവ്വീസുകൾ നടത്താറുണ്ട്. അയ്യപ്പഭക്തർ ശബരിമല തീർത്ഥാടനത്തിനായി കെഎസ്ആർടിസിയുടെ ഈ സർവീസുകളെ ആശ്രയിക്കാറുമുണ്ട്. എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നും തീർത്ഥാടകരുടെ ആവശ്യത്തിനനുസരിച്ച് ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്. മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്നുള്ള കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകളുടെ സമയവിവരങ്ങൾ ഇനി പറയുന്നു.

ശാർക്കര ക്ഷേത്രം (ചിറയിൻകീഴ്) – പമ്പ : ആനയ്ക്ക് നെറ്റിപ്പട്ടം ചാർത്തിയ പോലുള്ള അഴകാണ് ശാർക്കര നിന്നും പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസുകൾക്ക്. തീർഥാടക വൃന്ദം അത്രയേറെ മനസർപ്പിച്ചാണ് പമ്പയിലേക്കുള്ള ബസുകളിൽ അലങ്കാരം നടത്തുന്നത്. എല്ലാ ദിവസവും ശാർക്കര ക്ഷേത്രത്തിൽ നിന്നും രാത്രി എട്ടുമണിയോടെ പമ്പയിലേക്ക് ബസ് പുറപ്പെടുന്നതാണ്. ബസ്സിൽ യാത്ര ചെയ്യുവാനായി എത്തിച്ചേരുന്ന ഭക്തർക്ക് ലഘുഭക്ഷണങ്ങളും വിതരണം ചെയ്യാറുണ്ട്.

വർക്കല ക്ഷേത്രം – പമ്പ : തിരുവനന്തപുരം ജില്ലയിലെ വർക്കല ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. വൈകുന്നേരം 7.45 നാണു ബസ് പുറപ്പെടുന്നത്.

പുനലൂർ – പമ്പ : ചെന്നൈ, മധുര ഭാഗത്തു നിന്നും പുനലൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന അയ്യപ്പഭക്തരുടെ സൗകര്യാർത്ഥം പുനലൂരിൽ നിന്നും പമ്പയിലേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നു. റയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന അന്യസംസ്ഥാന തീർഥാടകർക്കും പുനലൂരിൽ നിന്നും ശബരിമല തീർഥാടനത്തിന് പോകുന്നവർക്കും ഈ സർവീസുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതു കൂടാതെ തീർഥാടകരുടെ തിരക്ക് അനുസരിച്ച് ആവശ്യമായ ബസുകൾ ക്രമീകരിച്ച് അയക്കുവാനുള്ള നിർദ്ദേശവും ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

ആലപ്പുഴ – പമ്പ : കിഴക്കിന്റെ വെനീസ് എന്നു കീർത്തികേട്ട ആലപ്പുഴയിൽ നിന്നും ശബരീശ സന്നിധാനത്തേക്ക് അധിക സർവീസുകളുമായി കെഎസ്ആർടിസി ഇത്തവണയും രംഗത്തുണ്ട്. എല്ലാ ദിവസവും ആലപ്പുഴ കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിൽ നിന്നും പമ്പയിലേക്ക് രാത്രി 09.00 മണിക്ക് പ്രത്യേക സർവീസ് നടത്തുന്നുണ്ട്. ഓൺലൈൻ ആയി ടിക്കറ്റുകൾ മുൻകൂട്ടി ഉറപ്പ് വരുത്താവുന്നതാണ്.

തൃശ്ശൂർ – പമ്പ : ശക്തൻ തമ്പുരാന്റെ നാട്ടിൽ നിന്നും കലിയുഗവരദന്റെ ദർശനം കുറഞ്ഞ ചിലവിൽ സാദ്ധ്യമാക്കാനായി കെ.എസ്.ആർ.ടി.സി കൂടെയുണ്ട്. തൃശൂർ സ്റ്റാൻഡിൽ നിന്നും തിരിക്കുന്ന ബസ് കോട്ടയം, പത്തനംതിട്ട വഴിയാണ് സർവീസ് നടത്തുക. എല്ലാ ദിവസവും രാത്രി 08.46 മണിക്ക് തൃശൂർ നിന്നും യാത്ര തിരിക്കുന്ന സർവീസ് രാവിലെ 04.30 മണിയോട് കൂടി പമ്പയിലെത്തിച്ചേരും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകൾ ഓൺലൈൻ വഴിയും ബുക്ക് ചെയ്യാവുന്നതാണ്.

ഗുരുവായൂർ – പമ്പ : ഒരൊറ്റ യാത്രയിൽ ‘അമ്പാടിക്കണ്ണനെയും കാനനവാസനെയും’ ദർശിക്കാം. രണ്ട് മഹാക്ഷേത്രങ്ങളിലേയും ദർശനപുണ്യം കുറഞ്ഞ ചിലവിൽ നേടാൻ കെഎസ്ആർടിസി അവസരമൊരുക്കുന്നു. ഗുരുവായൂർ നിന്നും രാത്രി 07.00 മണിക്ക് തിരിക്കുന്ന സൂപ്പർ ഫാസ്റ്റ് സർവീസ് രാവിലെ 04.45 മണിക്ക് പമ്പയിലെത്തിച്ചേരുന്നു. ടിക്കറ്റ് ചാർജ് 316/- രൂപയാണ്.

ഓച്ചിറ – പമ്പ : പന്ത്രണ്ട് വിളക്കിന്റെ നാട്ടിൽ (ഓച്ചിറ) നിന്നും പമ്പയിലേക്ക് എല്ലാ ദിവസവും സർവീസുകളുമായി കെഎസ്ആർടിസി. ഓച്ചിറയിൽ നിന്നും എല്ലാ ദിവസവും രാത്രി 08.30 ന് തിരിക്കുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ തീർത്ഥാടകർ എത്തുകയാണെങ്കിൽ അധിക സർവീസ് ക്രമീകരിക്കാനുള്ള സൗകര്യവും കായംകുളം യൂണിറ്റുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.

പെരിന്തൽമണ്ണ – പമ്പ : വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ പെരിന്തൽമണ്ണയിൽ നിന്നും ശബരീ സവിധത്തിലേക്ക് സ്പെഷ്യൽ ഫാസ്റ്റ് പാസഞ്ചർ സർവീസ് ഉണ്ടായിരിക്കുന്നതാണ്. 18.30 ന് പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നും പുറപ്പെട്ട് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെത്തി അവിടെ നിന്നും 18.50 ന് പുറപ്പെട്ട് കോട്ടയം, എരുമേലി വഴി പമ്പയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരികെ പമ്പയിൽ നിന്നും ഉച്ചക്ക് 12.45 മണിക്ക് പുറപ്പെട്ട് രാത്രി 22.50 മണിക്ക് തിരികെ പെരിന്തൽമണ്ണയിൽ എത്തിച്ചേരുന്നു.

മണ്ണാർക്കാട് – പമ്പ : പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്നും നെയ്യഭിഷേകപ്രിയനെ ദർശിക്കാനാഗ്രഹിക്കുന്നവർക്ക് വെള്ളിയാഴ്ചകളിൽ പമ്പയിലേക്ക് നേരിട്ടുള്ള സർവീസുകളുമായി കെ.എസ്.ആർ.ടി.സി.എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 06.00 മണിക്ക് മണ്ണാർക്കാട് നിന്നും തിരിക്കുന്ന സർവീസ് പിറ്റേന്ന് രാവിലെ 05.35 മണിക്ക് പമ്പയിലെത്തിച്ചേരുന്നു. പാലക്കാട്, തൃശൂർ, കോട്ടയം വഴി പമ്പയിലേക്ക് സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 399/- രൂപയാണ്. ടിക്കറ്റുകൾ ഓൺലൈനിലും ലഭ്യമാണ്.

നിലക്കൽ – പമ്പ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ 24 മണിക്കൂറും ലഭ്യമാണ്. നോൺ എ.സി – 40, എ.സി – 75 എന്നിങ്ങനെയാണ് ഫെയർ. കഴിഞ്ഞ തവണത്തെ പോലെ ഇരു വശത്തേക്കും ടിക്കെറ്റ് ഒരുമിച്ചു എടുക്കേണ്ട ആവശ്യമില്ല.

ഇതിനെല്ലാം പുറമെ ശബരിമല തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സിയുടെ ചാർട്ടേർഡ് സർവീസ് ലഭ്യമാണ്. 40 പേരിൽ കുറയാതെയുള്ള സംഘം ഒന്നിച്ച് സീറ്റുകൾ ബുക്ക് ചെയ്യുന്ന പക്ഷം അവരുടെ യാത്ര സുഗമമാക്കുന്നതിനായി കെ.എസ്.ആർ.ടി.സി യൂണിറ്റിൽ നിന്നും 10 കിലോമീറ്റർ ദൂരം വരെ ഭക്തർക്കായി സഞ്ചരിക്കുന്നതാണ്. അധികമായി സഞ്ചരിക്കേണ്ട ദൂരത്തിനായി ഒരു യാത്രക്കാരനിൽ നിന്നും വെറും 20 രൂപ മാത്രമാണ് ഈടാക്കുന്നത്. ശബരിമല ദർശനം കഴിഞ്ഞ് പമ്പയിൽ മടങ്ങി എത്തുമ്പോൾ ബുദ്ധിമുട്ട് കൂടാതെ തിരികെ നാട്ടിലേക്ക് പോകാനുള്ള സൗകര്യവും കെ.എസ്.ആർ.ടി.സി ഭക്തജനങ്ങൾക്കായി ഒരുക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള കെഎസ്ആർടിസി യുണിറ്റുമായോ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായോ ബന്ധപ്പെടാവുന്നതാണ്. കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799. സ്വാമി ശരണം..

NB : മേൽപ്പറഞ്ഞ വിവരങ്ങൾ കെഎസ്ആർടിസിയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ നിന്നും ലഭിച്ചതാണ്. സമയവിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയെന്നു അതാതു ഡിപ്പോകളിൽ വിളിച്ച് അന്വേഷിച്ചതിനു ശേഷം മാത്രം യാത്ര പ്ലാൻ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.