കോവിഡ് ഭീതിയിൽ നാട് വിറങ്ങലിച്ചു നീങ്ങിക്കൊണ്ടിരിക്കെ കേരളത്തിലെ അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാൻ ഈയിടെ സ്പെഷ്യൽ ട്രെയിനുകൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് സർവ്വീസ് നടത്തിയിരുന്നു. നിരവധിയാളുകൾ അതിൽക്കയറി തങ്ങളുടെ കുടുംബങ്ങളുടെ അടുത്തേക്ക് പ്രതീക്ഷയോടെ യാത്രയായി.

ഇത്തരത്തിൽ നാട്ടിലേക്ക് യാത്രയായ പലരും വിഷമിച്ചായിരിക്കും മടങ്ങിയത്. കാരണം കയ്യിൽ കാശില്ലാത്ത അവസ്ഥ തന്നെ ആയിരിക്കും. മിക്കയാളുകളും ശമ്പളം നാട്ടിൽ പോകുന്നതിനു മുൻപായി മുതലാളിമാരിൽ നിന്നും ഒന്നിച്ചു വാങ്ങാറാണ് പതിവ്. എന്നാൽ പെട്ടെന്നുള്ള ഈ മടക്കയാത്രയിൽ തങ്ങളുടെ ശമ്പളത്തുക വാങ്ങാൻ പോലും ഇവരിൽ പലർക്കും സമയം കിട്ടിയില്ല.

ചില മുതലാളിമാർ മനഃപൂർവ്വം വൈകിപ്പിച്ച് പണം കൊടുക്കാതെ തൊഴിലാളികളെ യാത്രയാക്കിയപ്പോൾ, അവരിൽ നിന്ന് ഒരു മുതലാളി വ്യത്യസ്തൻ ആകുന്നു. ഒരു നല്ല മുതലാളി… ആ സംഭവം ഇങ്ങനെ…

നാട്ടിലേക്കുള്ള യാത്രയ്‌ക്ക്‌ പുറപ്പെടുംമുമ്പ് തിരുവനന്തപുരം‌ തമ്പാനൂർ റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ ദുഃഖിച്ചിരുന്ന ധർമേന്ദർ എന്ന അതിഥി തൊഴിലാളിയിലായിരുന്നു അവിടെ എല്ലാവരുടെയും ശ്രദ്ധ. നാട്ടിലെത്തിയാൽ മുഴു പട്ടിണിയാകുമെന്ന ദുഃഖത്തിലായിരുന്നു അയാൾ. അവിടെ നിന്ന് പോകുന്ന പലർക്കും ആ വിഷമം ഉണ്ടായിരിക്കാം.

മൂന്ന്‌ മാസത്തോളം ജോലിചെയ്‌ത ശമ്പളം സ്ഥാപന ഉടമയുടെ കൈയിൽ. ട്രെയിൻ പുറപ്പെടാൻ സമയമാകുന്തോറും ആ മുഖത്തിലെ പ്രതീക്ഷകൾ മാഞ്ഞു. എന്നാൽ അവസാന നിമിഷം ധർമേന്ദറിനെത്തേടി ആ സന്തോഷമെത്തി. ശമ്പളകുടിശ്ശികയായ 70,000 രൂപയുമായി അതാ തന്റെ മുതലാളി വരുന്നു. ശനിയാഴ്‌ച തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലാണ്‌ വൈകാരിക നിമിഷങ്ങൾ അരങ്ങേറിയത്‌.

ട്രിവാൻഡ്രം ഡെക്കറേഷൻസ്‌ എന്ന സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു ധർമേന്ദർ. ജാർഖണ്ഡിലേക്കുള്ള യാത്രക്കാരുടെ പട്ടികയിൽ താനുണ്ടെന്ന് ധർമേന്ദർ‌ അറിഞ്ഞത്‌ ട്രെയിൻ പുറപ്പെടാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ മാത്രമായിരുന്നു. വേറെ വഴിയില്ലാതെ ധർമേന്ദർ നാട്ടിലേക്ക് പോകുവാൻ തയ്യാറായി.

റെയിൽവേ സ്റ്റേഷനിലെ പരിശോധനയെല്ലാം വേഗത്തിലായതോടെ ഉള്ളിൽ ആശങ്കയേറി. പണമില്ലാതെ നാട്ടിൽപോയാൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബത്തോട്‌ എന്തുപറയുമെന്ന ചിന്തയാൽ ഉള്ളിൽ ഭയം നിറഞ്ഞു. ശനിയാഴ്‌ച സ്ഥാപന ഉടമയായ ഉണ്ണി കളിയിക്കാവിളയിൽ പന്തൽ നിർമാണത്തിലായിരുന്നു. ട്രെയിൻ പുറപ്പെടുന്നതിന്‌ മുമ്പ്‌ അദ്ദേഹത്തിന്‌ എത്താൻ കഴിയുമെന്ന്‌ ഒരുറപ്പുമില്ലായിരുന്നു. എന്നാൽ പത്ത്‌ മിനിറ്റ്‌ ശേഷിക്കവേ ഉണ്ണിയെത്തി. മുഴുവൻ തുകയും ധർമേന്ദറിനെ ഏൽപ്പിച്ച്‌ കൈവീശി യാത്രയാക്കിയശേഷമാണ്‌ ഉണ്ണി മടങ്ങിയത്‌.

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.