കൊറോണ വൈറസ് ഡിസീസ് അഥവാ കോവിഡ്-19 എന്ന മഹാമാരി ലോകത്തെയാകെ ഭീതിയിലാഴ്ത്തി, നിശബ്ദമാക്കിയിട്ട് നാളുകളായി. നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ വല വിരിച്ചെങ്കിലും വൈറസിനെ പടരാൻ അനുവദിക്കാതെ പിടിച്ചുകെട്ടിയത് നമ്മളെല്ലാം ഒന്നിച്ചു നിന്നുകൊണ്ടാണ്. പോലീസ്, ആരോഗ്യവകുപ്പ്, മെഡിക്കൽ ജീവനക്കാർ തുടങ്ങിയ എല്ലാ വിഭാഗങ്ങളും തോളോടുതോൾ ചേർന്നു പരിശ്രമിക്കുന്ന കാര്യങ്ങളും വാർത്തകളുമെല്ലാം സോഷ്യൽ മീഡിയകളിലൂടെ ധാരാളം ഷെയർ ചെയ്യപ്പെടാറുണ്ട്. ഇവരിൽ എടുത്തു പറയേണ്ട ഒരു വിഭാഗമാണ് കേരള ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ്.
‘കോവിഡ് തീ’യണയ്‌ക്കാൻ കർമനിരതരാണ് കേരളത്തിലെ അഗ്‌നിരക്ഷാസേന. രോഗികൾക്ക് ജീവൻരക്ഷാമരുന്ന് എത്തിച്ചും, സാനിറ്റൈസറും പച്ചക്കറിവിത്തും നൽകിയും ലോക്ക്‌ഡൗൺ കാലത്ത് ജനതയ്‌ക്കൊപ്പം താങ്ങായി നിലകൊള്ളുകയാണ് ഇവരും. പതിവ് ജോലികൾക്കിടെയാണ് കോവിഡ് പ്രതിരോധവും. ലോക്ക്‌ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ ജോലി കൂടി. സർക്കാർ ഓഫീസും പൊതുഇടങ്ങളും ശുചീകരിക്കുന്ന തിരക്കാണിപ്പോൾ. സോഡിയം ഹൈപ്പോക്ലോറൈഡ് ലായിനി തളിച്ചാണ് അണുനശീകരണം.
ലോക്ഡൗൺ കാലത്ത് കേരള ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ് 101 എന്ന ഒരു വിളിപ്പുറത്തുണ്ട്. തെരുവുകളിൽ അണുനശീകരണം നടത്താൻ, രോഗശയ്യയിലുള്ളവർക്കു മരുന്നെത്തിക്കാൻ, ഉൾപ്രദേശങ്ങളിൽ ഭക്ഷണമെത്തിക്കാൻ അങ്ങനങ്ങനെ… കേരളത്തിലെ ഫയർ ഫോഴ്‌സ് പ്രശംസനീയമായ സേവനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
ഈ കൊറോണക്കാലത്തെ ഫയർഫോഴ്‌സിന്റെ പ്രവർത്തനങ്ങളും, അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളുമെല്ലാം നമുക്കു മുന്നിലെത്തിക്കുകയാണ് ‘ഡയൽ 101’ എന്ന ഫയർഫോഴ്‌സ് സോംഗിലൂടെ. കേരള ഫയർ ഫോഴ്‌സിന്റെയും ഒരുകൂട്ടം കലാകാരന്മാരുടെയും ഒന്നിച്ചുള്ള പ്രയത്നത്തിന്റെ ഫലമായാണ്, കാണുന്ന ഏതൊരാളിലും രോമാഞ്ചവും അഭിമാനവും ഉണർത്തുന്ന ഈ ഗാനം തയ്യാറാക്കപ്പെട്ടിരിക്കുന്നത്.
സന്തോഷ് വർമ്മ രചിച്ച്, ശരത് ചന്ദ്രൻ സംഗീതം നൽകി, അനു ചന്ദ്രശേഖർ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നവർ ഇവരാണ് : ഛായാഗ്രഹണം – അനിൽ വിജയ്, എഡിറ്റിങ് – സുനേഷ് സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അനൂപ് അഫ്‌സൽ, ഓടക്കുഴൽ – രാജേഷ് ചേർത്തല, ഗ്രാഫിക്സ് – ബിനോയ് സോമൻ, അസിസ്റ്റന്റ് ഡയറക്ടർ – പ്രശാന്ത് മുരളി, അസിസ്റ്റന്റ് ക്യാമറാമാൻ – റനീഷ് പാലോടൻ, സിയോൺ തോമസ്, സൗണ്ട് എഞ്ചിനീയർ – രതീഷ് വിജയൻ, ബിപിൻ അശോക് എന്നിവരാണ്.
ഫയർഫോഴ്‌സ് ജീവനക്കാരായ റോജോമോനും കൂട്ടരുമാണ് ഗാംഭീര്യം ഒട്ടും ചോരാതെ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഫയർഫോഴ്‌സ് ജീവനക്കാരൻ കൂടിയായ സുജിത്ത് പ്രധാന കഥാപാത്രമായി വന്നിരിക്കുന്ന ഈ ഗാനരംഗത്ത് ഫയർഫോഴ്‌സിലെ മറ്റ് ജീവനക്കാരും കൂടി അണിചേരുന്നുണ്ട്.
ഭീതിയും ഭയവും മാത്രമല്ല മനുഷ്യൻ പടുത്തുയർത്തുന്ന പ്രതിരോധത്തിന്റെ പാഠങ്ങളും വർത്തമാനകാലത്തിന്റെ നേർക്കാഴ്ചകളാണ്. അതിജീവനത്തിന്റെ, ആത്മവിശ്വാസത്തിന്റെ നാളുകൾ അരങ്ങിൽ ഉള്ളവരെല്ലാം അഗ്നിരക്ഷാ സേനാംഗങ്ങൾ ആണെന്നുള്ളത് അതിലും വലിയ ആത്മധൈര്യമാണ് നൽകുന്നത്. കെട്ടകാലത്ത് സ്വജീവനും കുടുംബവും മറന്ന് നമുക്ക് സുരക്ഷയൊരുക്കുന്ന അഗ്നിരക്ഷാസേനാംഗങ്ങളുടെ നാട്ടിലാണ് നാം ജീവിക്കുന്നത്. പിന്നെ നാം എന്തിന് ഭയപ്പെടണം, നമ്മൾ അതിജീവിക്കും… ഈ ദിവസങ്ങളേയും. ഏതു സഹായത്തിനും സേനയെ വിളിക്കാൻ ഹെൽപ്‌ലൈൻ നമ്പർ – 101.