എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തുള്ള കെഎസ്ആർടിസി ഡിപ്പോയായ നോർത്ത് പറവൂർ അധികം വാർത്തകളിൽ ഇടം നേടാത്തതാണ്. കെഎസ്ആർടിസി പ്രേമികളെല്ലാം പ്രമുഖ ഡിപ്പോയുടെ പിന്നാലെ പോയപ്പോൾ വലിയ ഓളങ്ങളൊന്നും ഉണ്ടാക്കാതെ ഒതുങ്ങിക്കൂടി കഴിയുകയായിരുന്നു വടക്കൻ പറവൂർ ഡിപ്പോയും ബസ്സുകളും. വർഷങ്ങൾക്ക് മുൻപ് മൂന്നാർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുതിയ സർവ്വീസുകൾ തുടങ്ങിയപ്പോൾ നോർത്ത് പറവൂർ വാർത്തകളിലും സോഷ്യൽ മീഡിയയിലും തിളങ്ങിയിരുന്നു. എന്നാൽ ആ തിളക്കത്തിന് പിന്നീട് അധികം ആയുസ്സുണ്ടായില്ല എന്നതാണ് സത്യം.

പക്ഷേ പതിയെ വടക്കൻ പറവൂരിലും കെഎസ്ആർടിസി പ്രേമികൾ ഉടലെടുത്തു. സുഹൈൽ ഇലാഹി, വിഷ്‌ണു, അനന്തകൃഷ്ണൻ തുടങ്ങിയവരായിരുന്നു ആ ആനവണ്ടിപ്രേമികൾ. ആരും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന പറവൂർ ഡിപ്പോയിലെ ബസ്സുകളെ മോടിപിടിപ്പിക്കണം എന്ന് ഇവർ ഒന്നിച്ചു തീരുമാനിച്ചു. പിന്നെ ഒട്ടും വൈകാതെ കൈയ്യിലുള്ളതും കൂട്ടുകാരിൽ നിന്നും വാങ്ങിയതുമായ തുകകൾ ചേർത്ത് ഇവർ പറവൂർ ഡിപ്പോയിലെ കുറച്ചു ബസ്സുകൾക്ക് സ്റ്റിക്കർ വർക്കുകളും അൽപ്പം അലങ്കാരപ്പണികളും ചെയ്തു. ഇത് കെഎസ്ആർടിസി ജീവനക്കാർക്കും വളരെയേറെ സന്തോഷമുണ്ടാക്കി. ബസ്സുകളുടെ മുന്നിൽ ‘വടക്കൻ പറവൂർ’ എന്നും ‘കൊച്ചിരാജാവ്’ എന്നുമൊക്കെ എന്ന് മലയാളത്തിൽ ഒട്ടിക്കുകയും ചെയ്തതോടെ ഈ ബസ്സുകളെല്ലാം ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.

അങ്ങനെയിരിക്കെയാണ് ‘കൊച്ചിരാജാവ്’ എന്ന ഓമനപ്പേര് നൽകിയ RNK 239 തിരുകൊച്ചി ബസ്സിലെ ജീവനക്കാരായ സുനിൽ, അമൽ തുടങ്ങിയവർ ബസ്സിൽ ക്രിസ്മസ് ആഘോഷം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. അവർ ആ വണ്ടിയിലെ തന്നെ രണ്ടാമത്തെ ക്രൂവായ (പകരം വരുന്ന ജീവനക്കാർ) ആൽബർട്ടിനെയും ഷൈജുവിനെയും കാര്യം ബോധ്യപ്പെടുത്തി. അവർക്കും സമ്മതം. കൂടാതെ ഈ വിവരം സ്ഥിരയാത്രക്കാരെയും അറിയിച്ചു. യാത്രക്കാരെല്ലാം ഹാപ്പി. അങ്ങനെ അവരെല്ലാം ചേർന്ന് ഒരു ദിവസം പരിപാടി പ്ലാൻ ചെയ്തു.

പ്ലാൻ ചെയ്ത ദിവസം രാവിലെതന്നെ പറവൂർ ഡിപ്പോയിൽ RNK 239 എന്ന ബസ് ജീവനക്കാരും ബസ് പ്രേമികളും ചേർന്ന് അലങ്കരിച്ചൊരുക്കി. പറവൂരിൽ നിന്നും ഞാറയ്ക്കൽ, വൈപ്പിൻ, ഗോശ്രീ പാലം വഴി തൃപ്പൂണിത്തുറയിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സാണ് ഇത്. ബസ് അന്നേദിവസം സർവ്വീസ് ആരംഭിക്കുന്നതിനു മുൻപ് ഡിപ്പോയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കേക്ക് മുറിക്കുകയും അലങ്കരിച്ച ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. ക്രിസ്‌മസ്‌ പപ്പാഞ്ഞിയായി ബസ്സിലെ കണ്ടക്ടർ ഷൈജുവായിരുന്നു വേഷം കെട്ടിയിരുന്നത്.

തുടർന്നുള്ള സ്റ്റോപ്പുകളിൽ നിന്നും ബസ്സിൽ കയറിയ യാത്രക്കാർ ശരിക്കും അത്ഭുതപെട്ടുപോയി. സ്ഥിരയാത്രക്കാരും ക്രിസ്മസ് ആഘോഷം എന്നു കേട്ടപ്പോൾ ഇത്രയ്ക്ക് വിചാരിച്ചിരുന്നില്ല. യാത്രക്കാർക്കെല്ലാം ടിക്കറ്റിനൊപ്പം മിട്ടായികളും സാന്താക്ളോസ് വേഷത്തിലുള്ള കണ്ടക്ടർ നൽകി.

അങ്ങനെ വൈപ്പിൻ പിന്നിട്ട് വല്ലാർപാടം പള്ളിയുടെ സമീപത്ത് എത്തിയപ്പോൾ ബസ് നിർത്തുകയും അവിടെ വെച്ച് സിപിഐഎം പുതുവൈപ്പ് ലോക്കൽ സെക്രട്ടറി പ്രശോഭിൻ്റെ നേതൃത്വത്തിൽ കേക്ക് മുറിക്കുകയും ബസ്സിലെ ഏറ്റവും പ്രായം ചെന്ന യാത്രക്കാരന് കേക്ക് നൽകുകയും ചെയ്തു. എല്ലാവർക്കും കേക്കിനൊപ്പം കൂൾ ഡ്രിങ്ക്സ്, കുടിവെള്ളം തുടങ്ങിയവയും നൽകുകയുണ്ടായി.

യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള സൗഹൃദത്തിന്റെ നേർക്കാഴ്ച കൂടിയായിരുന്നു ഈ വ്യത്യസ്തമായ ക്രിസ്മസ് സെലിബ്രെഷനിൽ കണ്ടത്. ഇത്തരത്തിൽ ഒരു ആഘോഷ പരിപാടി ഒരുക്കിയതിൽ കെഎസ്ആർടിസി ജീവനക്കാരോട് എല്ലാ യാത്രക്കാരും നന്ദി പറയുകയും ചെയ്തു. തുടർന്ന് ബസ് വീണ്ടും അതേപടി എറണാകുളം നഗരത്തിൽ കയറി തൃപ്പൂണിത്തുറയിലേക്ക് പോകുകയും ചെയ്തു.

കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ച് പരാതികൾ യാത്രക്കാർക്കിടയിൽ കേൾക്കാറുണ്ടെങ്കിലും ഇത്തരം നല്ല പ്രവർത്തനങ്ങളിൽക്കൂടി അവയെല്ലാം നിഷ്പ്രയാസം ഇല്ലാതാക്കുവാൻ സാധിക്കും. കേരളത്തിലെ മറ്റു ഡിപ്പോകളിലെ ജീവനക്കാർക്കും ഈ വ്യത്യസ്തമായ ക്രിസ്മസ് സെലിബ്രെഷൻ ഒരു ഊർജ്ജം പകരട്ടെ…

ചിത്രങ്ങൾ – സുഹൈൽ ഇലാഹി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.