മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നായ കെഎസ്ആർടിസി ബസ്സിൽ ഒരു തവണയെങ്കിലും യാത്ര ചെയ്യാത്തവർ കുറവായിരിക്കും നമ്മുടെയിടയിൽ. ഇന്ന് കെഎസ്ആർടിസിയിലുള്ള സർവ്വീസുകൾ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ടൌൺ റ്റു ടൌൺ, FSLS, ഫാസ്റ്റ് പാസഞ്ചർ, LS ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്സ്, സൂപ്പർ ഡീലക്സ്, മിന്നൽ, സ്‌കാനിയ, വോൾവോ എന്നിവയാണ്. ഇവ കൂടാതെ എന്നെന്നേക്കുമായി അകാലചരമമടഞ്ഞ ചില സർവ്വീസുകളും കെഎസ്ആർടിസിയിൽ ഉണ്ടായിരുന്നു. അവ ഏതൊക്കെയാണെന്ന് ഒന്ന് നോക്കാം.

1. ടെറാപ്ലെയിൻ – 1970 കളിൽ കെഎസ്ആർടിസിയിൽ ഉണ്ടായിരുന്ന ഒരു ലക്ഷ്വറി സർവീസാണ് ടെറാപ്ലെയിൻ. തിരുവനന്തപുരം – എറണാകുളം റൂട്ടിലായിരുന്നു ഈ ബസ്സുകൾ സർവ്വീസ് നടത്തിയിരുന്നത്. ഇവയിൽ വാഷ്‌റൂം വരെ ഉണ്ടായിരുന്നു എന്നു പറയുമ്പോൾ ഊഹിക്കാമല്ലോ അക്കാലത്തെ ലക്ഷ്വറി സർവ്വീസ് തന്നെ ആയിരുന്നുവെന്ന്. അന്വേഷണത്തിൽ ലഭിച്ച വിവരപ്രകാരം A555, A666, 4000 എന്നീ ബോണറ്റ് നമ്പറുകളുള്ള രണ്ട് അശോക് ലെയ്‌ലാൻഡ് ബസ്സുകൾ ആയിരുന്നു ടെറാപ്ലെയിൻ സർവ്വീസ് നടത്തിയിരുന്നത്. ബസ്സുകളുടെ വേഗതക്കൂടുതൽ കൊണ്ട് അടിക്കടി സംഭവിച്ച അപകടങ്ങളും മറ്റും കാരണം ഈ സർവ്വീസ് പിന്നീട് കെഎസ്ആർടിസി നിർത്തലാക്കുകയായിരുന്നു.

2. ലൈറ്റ്‌നിംഗ് എക്സ്പ്രസ്സ് – 1990 കളിൽ കെഎസ്ആർടിസി രംഗത്തിറക്കിയ ദീർഘദൂര സർവ്വീസുകളായിരുന്നു ലൈറ്റ്‌നിംഗ് എക്സ്പ്രസ്സ്. പിന്നീട് പല കാരണങ്ങൾ കൊണ്ടും ഈ സർവ്വീസ് നിർത്തലാക്കുകയായിരുന്നു.

3. വൈറ്റ് എക്സ്പ്രസ്സ് – 1990 കളിൽ കെഎസ്ആർടിസി പരീക്ഷണാർത്ഥം നിരത്തിലിറക്കിയ സർവ്വീസായിരുന്നു വൈറ്റ് എക്സ്പ്രസ്സ്. വെള്ളയും ചുവപ്പും ആയിരുന്നു ഈ ബസ്സുകളുടെ കളര്കോഡ്.

4. മിനി ബസ്സുകൾ – 2003 ൽ കെഎസ്ആർടിസി പരിചയപ്പെടുത്തിയ പുതിയ താരമായിരുന്നു മിനി ബസ്സുകൾ. 25-30 സീറ്റിങ് കപ്പാസിറ്റി ഉണ്ടായിരുന്ന ഈ ബസ്സുകൾ കൂടുതലും ഗ്രാമപ്രദേശങ്ങളിലേക്ക് ആയിരുന്നു സർവ്വീസ് നടത്തിയിരുന്നത്. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അധികമാളുകൾക്ക് കയറുവാൻ സാധിക്കാത്തതും, യാത്രാസുഖക്കുറവുമെല്ലാം മിനിബസ്സുകളിൽ നിന്നും യാത്രക്കാരെ അകറ്റി. ഒടുവിൽ ഈ ബസ്സുകൾ പതിയെപ്പതിയെ കെഎസ്ആർടിസി പിൻവലിക്കുകയായിരുന്നു.

5. അനന്തപുരി എയർ ബസ് – 2005 ൽ തിരുവനന്തപുരം സിറ്റിയിൽ കെഎസ്ആർടിസി ആരംഭിച്ച ഒരു സർവ്വീസ് ആയിരുന്നു അനന്തപുരി എയർ ബസ്. ജനറം ലോഫ്‌ളോർ ബസ്സുകൾ ഇറങ്ങും മുന്നേയുള്ള ഒരു അശോക് ലെയ്‌ലാൻഡ് റിയർ എഞ്ചിൻ സെമി ലോഫ്‌ളോർ സർവ്വീസ് ആയിരുന്നു ഇത്. സാധാരണ ബസ്സുകളേക്കാൾ നീളമുള്ള ഇവയിൽ ഇരട്ടി യാത്രക്കാരെ വഹിക്കുവാനും കഴിയുമായിരുന്നു.RT599, RT600, RT601, RT602 തുടങ്ങി നാല് ബസ്സുകളായിരുന്നു ഈ സർവ്വീസിൽ ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ലോഫ്‌ളോർ എസി, നോൺ എസി ബസുകൾ വന്നതോടെ ഇവയുടെ പ്രാധാന്യം കുറയുകയും തൽഫലമായി ഇവ സർവ്വീസിൽ നിന്നും പിൻവലിക്കുകയും ചെയ്തു.

6. എസി എയർ ഡീലക്സ് – 2005 ൽ ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് വോൾവോ ബസ്സുകളെക്കൂടാതെ ടാറ്റ, അശോക് ലെയ്‌ലാൻഡ് എസി ബസ്സുകളും രംഗത്തിറക്കിയിരുന്നു. അന്നിറക്കിയ പത്ത് എസി എയർ ഡീലക്സ് ബസ്സുകളിൽ അഞ്ചെണ്ണം ടാറ്റയും ബാക്കി അഞ്ചെണ്ണം അശോക് ലെയ്‌ലാൻഡും ആയിരുന്നു. 2007 ൽ 20 ഓളം ടാറ്റ ഗ്ലോബസ്സുകളും ഈ ശ്രേണിയിലേക്ക് കെഎസ്ആർടിസി ഇറക്കിയിരുന്നു. എന്നാൽ പിന്നീട് ഇത്തരം സർവ്വീസുകൾ കെഎസ്ആർടിസി ഉപേക്ഷിക്കുകയായിരുന്നു.

7. സിൽവർലൈൻ ജെറ്റ് – പണ്ടത്തെ ലൈറ്റ്‌നിംഗ് എക്സ്പ്രസിന്റെ പരിഷ്കരിച്ച രൂപമെന്ന നിലയിൽ 2015 ൽ കെഎസ്ആർടിസി പുറത്തിറക്കിയ അതിവേഗ സർവ്വീസ് ആയിരുന്നു സിൽവർലൈൻ ജെറ്റ്. കേരളത്തിനകത്ത് സർവ്വീസ് നടത്തിയിരുന്ന ഈ സർവീസുകൾക്ക് ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് എന്ന നിലയിലായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്നത്. ബസ്സിൽ വൈഫൈ, ചാജ്ജിംഗ് പോയിന്റുകൾ തുടങ്ങിയവയും ഉണ്ടായിരുന്നു. പക്ഷേ ഉയർന്ന ടിക്കറ്റ് നിരക്കും, എയർ സസ്‌പെൻഷൻ ഇല്ലാതിരുന്നതുമൊക്കെ സിൽവർലൈൻ ജെറ്റിനെ യാത്രക്കാർ തിരസ്കരിക്കുവാൻ കാരണമായി. ഒടുവിൽ ലൈറ്റ്‌നിംഗ് എക്സ്പ്രസ്സ് പോലെ സിൽവർലൈൻ ജെറ്റും അകാലചരമമടഞ്ഞു.

8. പിങ്ക് ബസ് – 2017 ൽ തിരുവനന്തപുരം സിറ്റിയിൽ ആരംഭിച്ച ലേഡീസ് ഒൺലി ബസ് സർവ്വീസ് ആയിരുന്നു പിങ്ക് ബസ്. പിങ്കും വെള്ളയും നിറത്തിൽ ആരെയും ആകർഷിച്ചിരുന്ന ഈ ബസുകളിൽ വനിതകൾ തന്നെയായിരുന്നു കണ്ടക്ടർമാരും. എന്നാൽ ഇതൊന്നും യാത്രക്കാരെ ഈ സർവീസിലേക്ക് ആകർഷിച്ചില്ല എന്നു വേണം പറയാൻ. അധികം വൈകാതെ തന്നെ പിങ്ക് ബസ് എന്ന കൺസെപ്റ്റും കെഎസ്ആർടിസി കൈയൊഴിഞ്ഞു.

ഇപ്പോൾ മനസ്സിലായില്ലേ നമ്മുടെ കെഎസ്ആർടിസിയിൽ ഏറെ പ്രതീക്ഷകളുമായി വന്ന്, ഒടുക്കം എന്നെന്നേക്കുമായി നിർത്തിപ്പോയ സർവ്വീസുകൾ ഏതൊക്കെയെന്ന്. ഇത് അറിയാത്തവരിലേക്ക് ഷെയർ ചെയ്ത് എത്തിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.