Image © Syril T Kurian.

വിവരണം – ജിതിൻ ജോഷി.

കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അനുഭവമാണ്. പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് അത്യാസന്നനിലയിലുള്ള ഒരു രോഗിയുമായി ഞങ്ങൾ ആംബുലൻസിൽ പൊയ്ക്കൊണ്ടിരുന്നു. രോഗിയുടെ അവസ്ഥ ഇത്തിരി ആശങ്കാജനകമായതിനാൽ മാറ്റുവാഹനങ്ങൾ ഒഴിഞ്ഞുതരുന്ന വഴിയിലൂടെ ശ്രദ്ധയോടെ ഡ്രൈവർ ആംബുലൻസ് ഓടിക്കുന്നു. കേരളം കഴിഞ്ഞതും പെട്ടെന്ന് ആംബുലൻസിനു മുന്നിൽ രണ്ടു ബൈക്കുകൾ പ്രത്യക്ഷപെട്ടു. സൈറൺ ഇട്ടു പാഞ്ഞുപോകുന്ന ആംബുലൻസിനു വഴിയൊരുക്കാനുള്ള ശ്രമത്തിലാണവർ..

അവർ പറയാതെ തന്നെ സൈറൺ കേട്ടു എല്ലാ വാഹനങ്ങളും വഴിമാറി തന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇവരുടെ ഈ മരണക്കളി. യാതൊരു സുരക്ഷ സംവിധാനങ്ങളും ഇല്ലാത്ത സാധാരണ ബൈക്കുകളിൽ ഹെൽമെറ്റ്‌ പോലും വയ്ക്കാതെയുള്ള അഭ്യാസം കണ്ടപ്പോൾ സത്യത്തിൽ പേടിച്ചുപോയി. മിക്കപ്പോഴും അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് അവർ തെന്നിമാറുന്നത്. ഞങ്ങളെ സഹായിക്കാനാണ് അവർ ശ്രമിച്ചതെങ്കിലും അറിഞ്ഞോ അറിയാതെയോ അവർ ഞങ്ങളുടെ വഴി മുടക്കുകയാണ് ചെയ്തത്. കാരണം കയറിപ്പോകാൻ സ്ഥലം ഉണ്ടായിരുന്ന മിക്ക സ്ഥലങ്ങളിലും ഈ ബൈക്കുകൾ മുന്നിൽ ഉണ്ടായിരുന്നതിനാൽ ഞങ്ങൾക്ക് വേഗത്തിൽ പോകുവാൻ സാധിച്ചില്ല. മാത്രമല്ല, ഇത്തരത്തിൽ അപകടകരമായി ബൈക്ക് ഓടിക്കുന്നത് ചിലപ്പോൾ വലിയൊരു അപകടത്തിലേക്കാവാം നിങ്ങളെ കൊണ്ടുചെന്നെത്തിക്കുക..

ഓർക്കുക.. മറ്റു വാഹനങ്ങൾ നിങ്ങളുടെ ബൈക്ക് ആംബുലൻസായി കാണില്ല, പരിഗണിക്കില്ല.. റോഡിൽ നിങ്ങളുടെ വാഹനം ഒരു സാധാരണ ബൈക്ക് മാത്രം. മുന്നിലെ ഡ്രൈവർ അറിയാതെ ഒന്ന് വെട്ടിച്ചാൽ അവിടെ അവസാനിക്കും എല്ലാം. അതുകൊണ്ട് ദയവായി ഒരു ജീവനും നിരത്തിൽ നഷ്ടമാകാൻ നമ്മൾ ഇടവരുത്തരുത്.. ഓടിക്കൊണ്ടിരിക്കുന്ന ആംബുലൻസിന് വഴിയൊരുക്കാനായി മുൻപിൽ കുതിച്ചുപായരുത്. അത് അപകടമാണ്. നിങ്ങൾക്ക് മാത്രമല്ല, ആംബുലൻസിൽ കിടക്കുന്ന രോഗിക്കും..

നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ വാഹനം പരമാവധി ഒതുക്കി ആംബുലൻസിനു പോകാൻ വഴി കൊടുക്കുക എന്നത് മാത്രമാണ്. ബാക്കി കാര്യങ്ങൾ ആംബുലൻസ് ഡ്രൈവർ നോക്കിക്കൊള്ളും.. അതുപോലെതന്നെ മറ്റൊരു കാഴ്ചയാണ് ഓടിക്കൊണ്ടിരിക്കുന്ന ആംബുലൻസിന്റെ തൊട്ടുപിറകെ അതിവേഗത്തിൽ പിന്തുടരുന്നത്.. (കൂടുതലും ബൈക്കിൽ.. ). ആംബുലൻസ് കടന്നുപോകാനായി മറ്റുള്ളവർ വഴി മാറിത്തരുമ്പോൾ ആ വഴിയിലൂടെ അമിതവേഗത്തിൽ ആംബുലൻസിനെ പിന്തുടരുക എന്ന അത്യന്തം അപകടകരമായ പ്രവണത. ഇത്തരക്കാർ സത്യത്തിൽ അപകടം ക്ഷണിച്ചു വരുത്തുകയാണ്. രോഗിയുമായി പോകുന്ന ഒരു ആംബുലൻസ് ഏത് നിമിഷത്തിലും ബ്രേക്ക്‌ ഇട്ടേക്കാം. തൊട്ടുപിറകെയാണ് നിങ്ങൾ വരുന്നതെങ്കിൽ എന്തെങ്കിലും ചിന്തിക്കുന്നതിനു മുന്നേ തീർച്ചയായും നിങ്ങളുടെ വാഹനം ആംബുലൻസിൽ ഇടിച്ചിരിക്കും. അതുകൊണ്ട് ദയവായി ഇത്തരം കാര്യങ്ങൾ നിങ്ങൾ ചെയ്യാറുണ്ടെങ്കിൽ ശ്രദ്ധിക്കുക. തെറ്റാണ്..

ആംബുലൻസ്_കാണുമ്പോൾ_ശ്രദ്ധിക്കേണ്ടത് – ദൂരെ നിന്നും ആംബുലൻസ് സൈറൺ കേട്ടാലേ ഇത്തിരി ജാഗരൂഗരായിരിക്കുക. അടുത്തുവരുമ്പോൾ നോക്കാം എന്ന മനോഭാവം കാണിക്കരുത്. ആംബുലൻസ് നിങ്ങളുടെ വാഹനത്തെ പിന്നിൽ നിന്നും സമീപിച്ചാൽ വണ്ടി ഒതുക്കുന്നതിനു മുൻപ് മറക്കാതെ റിയർ വ്യൂ മിററിൽ (പിൻവശം കാണാനുള്ള കണ്ണാടി ) നോക്കി ഏത് സൈഡിലൂടെയാണ് ആംബുലൻസ് വരുന്നത് എന്ന് ശ്രദ്ധിക്കുക. ഏത് സൈഡിലൂടെയാണോ ആംബുലൻസ് വരുന്നത് അതിന്റെ എതിർവശത്തേക്ക് വാഹനം ഒതുക്കി ആംബുലൻസ് പോകാൻ വഴിയൊരുക്കുക. യാതൊരു കാരണവശാലും വേഗത കൂട്ടാൻ ശ്രമിക്കുകയോ, അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കുകയോ ചെയ്യരുത്.

സൈറൺ ഇട്ടു വരുന്ന ആംബുലൻസിനു ഒരു പൈലറ്റ് വാഹനം ആവശ്യമില്ല. ഇത്തരത്തിൽ ആംബുലൻസിനു മുന്നിൽ അതിവേഗം വാഹനമോടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. നിങ്ങൾ ട്രാഫിക് സിഗ്നലിൽ കിടക്കുമ്പോൾ പിന്നിൽ ആംബുലൻസ് ബ്ലോക്കിൽ പെട്ടാൽ ഇരുവശത്തേക്കും നോക്കി സുരക്ഷിതമാണെങ്കിൽ നിങ്ങൾക്ക് മുന്നോട്ട് പോയി ആംബുലൻസിനു വഴിയൊരുക്കാം. നിങ്ങൾ ട്രാഫിക്കിൽ കിടക്കുമ്പോൾ മറ്റു റോഡിൽ നിന്നും ആംബുലൻസ് വരുന്നുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കുക.. ആംബുലൻസിനു വഴി ഒരുക്കാൻ മറ്റു വാഹനങ്ങൾ ഒരുപക്ഷെ സിഗ്നൽ ലംഘിച്ചേക്കാം.

യാതൊരു കാരണവശാലും ഓടുന്ന ആംബുലൻസിനു തൊട്ടുപിന്നാലെ വണ്ടിയുമായി പായരുത്. ആംബുലൻസ് പെട്ടെന്ന് ബ്രേക്ക്‌ ഇട്ടാൽ നിങ്ങളുടെ കുടുംബം അനാഥമാവാനുള്ള സാധ്യത ഏറെയാണ്. രാത്രിയിൽ നിങ്ങൾക്കെതിരെ ഒരു ആംബുലൻസ് വന്നാൽ തീർച്ചയായും ഹെഡ്ലൈറ്റ് ഡിം ചെയ്തു കൊടുക്കുക.ആംബുലൻസ് ഡ്രൈവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുത്. ദയവായി ഇക്കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക, പ്രാവൃത്തികമാക്കുക. ഈ കുഞ്ഞുകുഞ്ഞു കാര്യങ്ങളിലൂടെ ഒരാളുടെ ജീവൻ രക്ഷിക്കുക എന്ന വലിയ കാര്യത്തിലാണ് നാം പങ്കുകാരാകുന്നത്..നാം_കാരണം_ഒരു_ജീവൻ_പോലും_പൊലിയാതിരിക്കട്ടെ..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.