എഴുത്ത് – രതീഷ് നാരായണൻ.
ജൂലൈ 1, ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്ന ഈ ദിവസം ഇദ്ദേഹത്തെ ഓർത്തെടുക്കാനാവാതെ പോവാനാവില്ല. ഇത് ഡോ.ജയരാമൻ. ഞങ്ങളൊക്കെ വിളിക്കുന്നത് ജയറാം എന്നാണ്. ഇദ്ദേഹത്തെ അറിയാത്തവരായി ഞങ്ങളുടെ നാട്ടിൽ ഒരു പക്ഷേ ഒരു കുട്ടി പോലും ബാക്കിയുണ്ടാവില്ല. കാരണം ഇദ്ദേഹം അത്രക്ക് പ്രസിദ്ധനായ ഡോക്ടർ ആണ്.
എന്റെ കുട്ടികാലം മുതൽ ബന്തടുക്ക എന്ന അന്നത്തെ കോട്ടക്കാലിൽ ചെറിയൊരു ആശുപത്രിയുമായി ഒരു നാടിന്റെയാകെ സ്വന്തം ഡോക്ടർ ആയി കൊണ്ട് തന്റെ ആതുര സേവന ജീവിതം തുടങ്ങുകയായിരുന്നു. എന്റെ പിതാവും ഡോ.ജയറാമും തമ്മിൽ വർഷങ്ങളായുള്ള ബന്ധമുണ്ട്. എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ ചെറിയൊരു പനി വന്നാൽ പോലും അച്ഛൻ ഓടി പോകുന്നത് ഈ ഡോക്ടറുടെ അടുത്തേക്കാണ്.
ഡോക്ടറെ കാണുന്ന മാത്രയിൽ തന്നെ അച്ഛന്റെ പകുതി രോഗവും മാറി കാണും. കാരണം അത്രക്കും വൈകാരികമായ അറ്റാച്മെന്റ് ആണ് അച്ഛന് ഡോ.ജയറാമുമായി. ഒരു പക്ഷേ ഞങ്ങളുടെ നാട്ടിലുള്ള പലർക്കും അദ്ദേഹമുമായി ഇങ്ങനെയൊരു വൈകാരിക ബന്ധമുണ്ടാവും.
ഓടുപാകിയ പഴയ ഒരു ഒരു നില കെട്ടിടത്തിലാണ് ഡോക്ടറുടെ ചികിത്സാലയം. അവിടെ മോഡേൺ ചികിത്സാ രീതിയൊന്നുമില്ല. എന്നാലും എത്ര രോഗികൾ വന്നാലും ഒരു മടിയും കൂടാതെ അദ്ദേഹം പരിശോധിക്കും. സ്നേഹം നിറഞ്ഞ, സൗമ്യത നിറഞ്ഞ, പുഞ്ചിരി നിറഞ്ഞ ആ പരിശോധനാ മാത്രയിൽ തന്നെ രോഗികളുടെ പകുതി രോഗവും മാറും ബാക്കി വരുന്ന രോഗത്തിന് ഒന്നോ രണ്ടോ ഗുളിക കഴിച്ചാൽ മതിയാവും.
ഈ അടുത്ത കാലം വരെ മഹിന്ദ്രയുടെ ഒരു പഴയ മോഡൽ ജീപ്പിലായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. ആശുപത്രി കെട്ടിടത്തിനോട് ചേർന്ന ഒരു വണ്ടി പുരയിൽ ആ ജീപ്പ് ഇങ്ങനെ സകല പ്രൗഢിയോടും കൂടി വൃത്തിക്ക് സൂക്ഷിക്കാറുണ്ടായിരുന്നു. മെയിൻ റോഡിൽ നിന്നും ആശുപത്രി വളപ്പിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ ആ ജീപ്പ് അവിടെ ഉണ്ടോ എന്ന് നോക്കിയാണ് പലരും പണ്ട് ഡോക്ടർ അവിടെ ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കിയിരുന്നത്.
ഇന്ന് അദ്ദേഹത്തിന് വയസായി. ആശുപത്രിയിലേക്കുള്ള വരവ് കുറവ് ആണെന്നാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസം അച്ഛന് നടുവേദന വന്നപ്പോൾ സ്ഥിരം കാണിക്കുന്ന ഡോക്ടർ ജയറാം ഇല്ലാത്ത പരിഭവം പങ്കുവെച്ചെന്ന് അമ്മയെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ഒരു പക്ഷേ ഇത്രയും കുറഞ്ഞ പരിശോധനാ ഫീസ് വാങ്ങി ഒരു രോഗിയെ ചികിൽസിക്കുന്ന മറ്റൊരു ഡോക്ടർ കേരളത്തിലുണ്ടോ എന്ന് അറിയില്ല.
ഈ ഡോക്‌ടേഴ്‌സ് ദിനത്തിൽ ലോകത്താകമാനമുള്ള എല്ലാ ഡോക്ടർമാർക്കും അത് പോലെ ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന ഓരോ ജീവനക്കാർക്കും ആശംസകൾ നേരുന്നു