എഴുത്ത് – ഡോ. സൗമ്യ സരിൻ.
പല തവണ ദേഹോപദ്രവം ഏൽക്കേണ്ടി വന്നിട്ടും വിസ്മയ വീണ്ടും അയാളെ സ്നേഹിച്ചു കൊണ്ടിരുന്നു. അയാളുടെ കൂടെ വീണ്ടും അയാളുടെ വീട്ടിലേക്ക് പോയി. കേട്ടവർക്ക് പലപ്പോഴും ഉൾകൊള്ളാൻ ബുദ്ധിമുട്ടുണ്ടാകും ഈ കാര്യം. ഇത്രയൊക്കെ സഹിച്ചിട്ട് എന്തിനാ ആ കുട്ടി വീണ്ടും അതെ ആളുടെ അടുത്തേക്ക് പോയി എന്ന് പലരും മൂക്കത്തു വിരൽ വയ്ക്കുന്നത് കണ്ടു.
എനിക്കതിൽ ഒരത്ഭുതവും തോന്നുന്നില്ല.
സ്ത്രീകൾ ഒരു സ്നേഹബന്ധത്തിൽ ഏർപ്പെട്ടു കഴിഞ്ഞാൽ ഇങ്ങനൊക്കെ ആണ്. ഈ പറയുന്ന ബന്ധം അവരുടെ ഭർത്താവിനോട് ആകാം. കാമുകനോടും ആകാം. മനസ്സ് കൊണ്ട് സ്നേഹിക്കുന്നവർ ആണവർ. മനസ്സ് കൊടുത്തു സ്നേഹിക്കുന്നവർ. ആത്മാർത്ഥമായി സ്നേഹിക്കുന്നവന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്നവർ. അവിടെ പലപ്പോഴും സമൂഹത്തിന്റെ തെറ്റുകൾ അവളുടെ ശരികൾ ആയിരിക്കും.
ഈ സ്നേഹം പലപ്പോഴും അപകടത്തിൽ ആക്കുന്നതും സ്ത്രീകളെ തന്നെ ആണ്. ഇവിടെ വിസ്മയക്ക് സംഭവിച്ച പോലെ. എനിക്കറിയാം, മരിക്കുന്ന നിമിഷവും ആ കുട്ടി അയാളെ അത്ര കണ്ട് സ്നേഹിച്ചിരിക്കണം. ആ മുഖം തന്നെയാകും അപ്പോഴും അവളുടെ മനസ്സിൽ ഉണ്ടായിട്ടുണ്ടാകുക. അവനിൽ നിന്നും അനുഭവിക്കേണ്ടി വന്ന അവഗണനയും അപമാനവും തന്നെയാകും സ്വന്തം ജീവൻ പോലും കളയാൻ അവളെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. ഇതാണ് ശരിയായ “ടോക്സിക് റിലേഷൻഷിപ്.”
ചില ബന്ധങ്ങൾ അങ്ങിനെ ആണ്. നമ്മെ കെട്ടി വരിഞ്ഞു ശ്വാസം മുട്ടിക്കുന്ന ബന്ധങ്ങൾ. നമുക്ക് എല്ലാമെല്ലാം ആയിരുന്നവർ, മനസ്സ് കൊടുത്തു നമ്മൾ സ്നേഹിച്ചവർ, നിന്നെ ഞാൻ അത്രമേൽ സ്നേഹിക്കുന്നു എന്ന് നമ്മോട് പറഞ്ഞവർ… അവർക്ക് ഒരു നാൾ നമ്മൾ ഒന്നും അല്ലാതെ ആകും. നമ്മൾ ചെയ്യുന്ന ചെറിയ പിഴകളും വലിയ പാതകങ്ങൾ ആയി വ്യാഖ്യാനിക്കപെടും. അകലാൻ ആയി അവർ തന്നെ കാരണങ്ങൾ കണ്ട് പിടിക്കും. പോകെ പോകെ നമ്മൾ അവർക്ക് അന്യരായി മാറിക്കൊണ്ടിരിക്കും.
എന്നിട്ടും നമ്മൾ അവരെ സ്നേഹിച്ചു കൊണ്ടേ ഇരിക്കും. എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ പരിഭവം പറയും. സങ്കടങ്ങളുടെ ഭാണ്ഡകെട്ട് അഴിക്കും. പക്ഷെ അവരുടെ അവഗണന നമ്മെ തളർത്തിക്കളയും. പരിഭവം യാചനയായി മാറും. കരഞ്ഞും പറഞ്ഞും അവരുടെ സ്നേഹത്തിനായി നമ്മൾ കേണു കൊണ്ടിരിക്കും! പക്ഷെ അവർ നമ്മെ നിർദാക്ഷിണ്യം അവഗണിച്ചു കൊണ്ടേ ഇരിക്കും. ആ അവഗണനയിലും അവരിൽ നിന്നും ഒരു നല്ല വാക്കിനായി നമ്മൾ വൃഥാ ആഗ്രഹിച്ചു കൊണ്ടേ ഇരിക്കും.
ഈ ചക്രവ്യൂഹത്തിൽ അകപ്പെടുന്നത് അധികവും സ്ത്രീകൾ ആയിരിക്കും. ചിലർക്ക് ഇതിൽ നിന്ന് രക്ഷ നേടാനാകും. തിരിഞ്ഞു നടക്കാനാകും. എന്നാൽ ചിലർ ഇതിൽ കുരുങ്ങി സ്വയം ഹോമിക്കപെടും. ഇത്തരം ബന്ധങ്ങളിൽ പെടുന്ന ഓരോ സ്ത്രീയും കരുതുന്നത് അപ്പുറത്തുള്ള ആൾ തന്നെ ഒരു നാൾ സ്നേഹിച്ചിരുന്നു എന്നാണ്. അത് തന്നെ ആണ് വീണ്ടും വീണ്ടും ആ സ്നേഹത്തിന് വേണ്ടി യാചിക്കാൻ അവളെ പ്രേരിപ്പിക്കുന്നതും.
എന്നാൽ ഈ കെട്ടുപാടുകളിൽ നിന്ന് രക്ഷപെട്ട സ്ത്രീകൾക്ക് തിരിച്ചറിവുണ്ടാകും! അവർ നമ്മളെ സ്നേഹിച്ചിട്ടേ ഇല്ലെന്ന്. ഇല്ല, അയാൾ നിങ്ങളെ ഒരിക്കലും സ്നേഹിച്ചിരുന്നില്ല! കാരണം നിങ്ങളെ ആത്മാർത്ഥമായി സ്നേഹിച്ച ഒരാൾക്കും നിങ്ങളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താൻ സാധിക്കുകയില്ല. നിങ്ങളെ സ്വന്തം ജീവിതത്തിൽ നിന്ന് ആട്ടിയകറ്റാൻ സാധിക്കുകയില്ല.
വിട്ടേക്കുക, തലയുയർത്തി തിരിഞ്ഞു നടക്കുക!