നിറവയറുമായി ‘ഡർട്ടിൽ ഡോർ’ എന്ന സ്വപ്നമുനമ്പിലേക്ക്…

Total
32
Shares

വിവരണം – Denny P Mathew.

ഞങ്ങളുടെ പ്രണയം അവളുടെ വയറ്റിൽ വസന്തമായി രൂപം കൊണ്ടൊരു കാലത്താണ് ഡർട്ടിൽ ഡോർ (DURDLE DOR) കാണാൻ പോകുന്നത്. ഈ സമയത്തു യാത്ര പോകുന്നത് ശരിയല്ല എന്ന് എല്ലാവരും നിരാശപ്പെടുത്തിയതുകൊണ്ടു തന്നെ യാത്രയെപ്പറ്റി ഞങ്ങൾ അധികമാരോടും പറയാൻപോയില്ല.

പ്രിയമുള്ള പാട്ടുകൾ ഒരു ഫോൾഡറിലാക്കി വെക്കുന്നത് ഓരോ യാത്രകൾക്കും മുൻപുള്ളോരു ചടങ്ങായിട്ടുണ്ട്. അഴഗൂരിൽ പൂത്തവളെ … അടിയെ അഴഗെ…. പുതുമഴയായ് ചിറകടിയായ്… വാഴ്‍വോം താഴ്‍വോം … ഏക് ലട്ക്കീക്കൊ ദേഖാ തോ ഐസ ലഗാ ..
കമ്പംമേട്ടിലെ സുജയാന്റി വീട്ടില് പൊടിച്ചെടുത്ത നല്ല കാപ്പിപ്പൊടി കടുപ്പത്തിലിട്ടൊരു കാപ്പി ഫ്‌ളാസ്‌ക്കില് കരുതിയിട്ടുണ്ട്. യൂക്കെയില് കട്ടപ്പനയുടെ മണം.

ലോകം മനോഹരമായിരിക്കാൻ നമുക്കെന്തുചെയ്യാൻ കഴിയും എന്ന് ചർച്ച നടത്തി ഞങ്ങൾ യാത്ര ചെയ്യുകയാണ്. വിശ്വസിച്ചോ ? വെറുതെ. അയല്പക്കത്തെ പുതിയ താമസക്കാരുടെ അഹങ്കാരത്തെ പറ്റിയും അവളെക്കാളും മുന്നേ പ്രെഗ്നന്റായിട്ടും വയറു മാത്രമുള്ള ഇഗ്ളീഷുകാരിയുടെ ആകാരവടിവിനെപ്പറ്റിയും ഞങ്ങളുടെ കുഞ്ഞു ആണോ പെണ്ണോ എന്ന് കിഴിഞ്ഞു ചോദിക്കുന്ന മുള്ളിയപ്പോൾ തെറിച്ചിടത്തു നിന്ന് വീണ്ടും തിരിച്ചുപോയൊരു ബന്ധുവിനെപ്പറ്റിയുമൊക്കെയാണ് ഞങ്ങൾ സംസാരിക്കുന്നത് .

നീണ്ട രണ്ടു മണിക്കൂർ നേരം തുടർച്ചയായി വണ്ടിയോടിച്ചു ഞങ്ങളവിടെയെത്തുമ്പോൾ വെയിലൊക്കെ മങ്ങി മഴ മാനത്തു കല്ലിച്ചു കിടന്നു. ഞങ്ങളുടെ കൈയില് കുടയില്ല. കുത്തനെയുള്ള പടിക്കെട്ടുകളിറങ്ങിവേണം കടൽത്തീരത്തേക്കു നടക്കാൻ. ആദ്യമായി ഗർഭം ധരിക്കുന്ന മാതാപിതാക്കൾ. സിനിമയിൽ കാണുന്നതുപോലെ ഇവിടെ വഴിവക്കിൽ ഒരു കുടവിൽപ്പനക്കാരൻ മുളച്ചു വന്നെങ്കിൽ. കരുതലിന്റെ കുടചൂടി എനിക്കവളുടെ മുന്നിൽ ഇത്തിരികൂടി നല്ലൊരു ഭർത്താവാകാമായിരുന്നു. ഞാൻ അവളുടെ കൈയ്യിൽ കൈ കോർത്തു. ചെറിയൊരു അശ്രദ്ധക്കുപോലും ഒരു ജീവന്റെ തുടിപ്പിനെ വികലമാക്കിക്കളയാൻ കഴിയും.

താഴ്‍വരകൾക്കിടയിലെ ചരല് വിതറിയ വഴിയിലൂടെ നടന്നാൽ കടൽക്കരയിലെത്താം. വഴിക്കിരുവശവും പച്ച നിറമുള്ള കുന്ന്. ഈ വഴിയിൽ നീലകുറിഞ്ഞികൾ പൂത്തു നിന്നിരുന്നെങ്കിൽ എന്ന് എനിക്കൊരു കൊതി തോന്നി. ആളുകൾ ഒറ്റയായും കൂട്ടമായും കടലിലേക്ക് നടക്കുന്നു . കണ്ടുമടങ്ങുന്നവർ ഞങ്ങൾക്ക് എതിരെ കുന്ന് കയറുന്നു.

ഡോർസെറ്റ് എന്ന സ്ഥലത്തു ലുൽവർത്തിനടുത്തായി ജുറാസ്സിക് കൊസ്റ് എന്നൊരു കടൽതീരം. അവിടെ കടലിലേക്കിറങ്ങി നിൽക്കുന്ന ചുണ്ണാമ്പുകല്ലുകളാൽ നിർമ്മിതമായ പ്രകൃതി ദത്തമായൊരു കമാനമാണ് ഡർട്ടിൽ ഡോർ. ഒരു ഭീമൻ ഡൈനോസർ വെള്ളം കുടിച്ചുകൊണ്ട് നിൽക്കുകയാണ് എന്നതുപോലെ ആ പാറക്കെട്ട് കടലിലേക്ക് മൂക്ക് കുത്തുന്നു.

ചരൽ വഴി അവസാനിച്ചു ഇനി പടികെട്ടുകളാണ് . ഞങ്ങൾ വളരെ പതിയെ താഴേക്കിറങ്ങിത്തുടങ്ങി. ഞങ്ങളുടെ മെല്ലെപോക്ക് കാരണം പിന്നിൽ വരുന്നവർക്ക് വഴി തടസ്സപ്പെടുന്നുണ്ട്. ഞങ്ങൾക്കെതിരെ മധ്യവയസ്കരായ ദമ്പതികൾ പടി കയറിവരുന്നു. ഷൈജയുടെ വയറ് കണ്ടതും അവർ നിന്നു. ഇടുങ്ങിയ പടിയിൽ ഞങ്ങൾക്കുവേണ്ടി ആവശ്യത്തിന് സ്ഥലം ഒരുക്കി തന്നുകൊണ്ട്. എനിക്ക് മനസ് നിറഞ്ഞു. “ഈ അവസ്ഥ ഞങ്ങൾക്ക് മനസിലാവും, തിടുക്കം വേണ്ട സൂക്ഷിച്ചു പോയാൽ മതി” എന്നൊരു കരുതലും.

ഇനി നിങ്ങളെ ഞാനെന്നെങ്കിലും കാണുമോ നല്ല വഴിയാത്രക്കാര,കണ്ടാലും നിങ്ങളെന്നെ ഓർത്തിരിക്കാൻ വഴിയില്ല. പക്ഷെ ഞാൻ നിങ്ങളെ മറന്നിട്ടില്ല. നിങ്ങൾക്കറിയുമോ അന്നത്തെ ആ ഗർഭിണി പെണ്ണ് ഹെവാനിയ എന്ന് പേരുള്ളൊരു കുഞ്ഞിനെ പ്രസവിച്ചുവെന്ന്. നാളെ അവർ നാട്ടിൽ നിന്ന് ലണ്ടനിലേക്ക് വിമാനം കയറുകയാണെന്ന്‌ .

ഹെവനെ, നാളെ ഞാൻ പറഞ്ഞു തരാം നിനക്കുവേണ്ടി വഴിമാറിത്തന്നവർ ആരൊക്കെയെന്ന്, നീ സുഖമായി ജീവിക്കാൻ ആരൊക്കെ മെല്ലെനടന്നുവെന്ന്. ഞാനവരോട് നന്ദി പറഞ്ഞു. ചെറിയ കാര്യങ്ങളുടെ അപ്പോസ്തോലന്മാർ പ്രവർത്തി കൊണ്ടറിയിക്കുന്ന സുവിശേഷത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. അല്ലാതെ മണിമാളികകളിൽ കാലില് ചെളിപുരളാതെ നീണ്ടനേരം പ്രസംഗിക്കുന്ന പാതിരിമാരുടെ വാചകകസര്‍തിന്റെ മേന്മകൊണ്ടല്ല ഈ ലോകം നല്ലൊരു ഇടമായിരിക്കുന്നത്.

കടൽത്തീരത്ത് കുളിച്ചുകൊണ്ടിരുന്ന സായിപ്പിനു മാദാമ്മക്കും തീരത്താളുകൂടിയപ്പോൾ ഇത്തിരി നാണം തോന്നിത്തുടങ്ങിയത് കൊണ്ടാവണം മുലക്കണ്ണുകള് വരെ മുഴച്ചു നിൽക്കുന്ന വസ്ത്രം മാറി അവർ തോർത്തിക്കയറിയത്. തുറിച്ചു നോക്കാൻ ആളില്ലെങ്കിൽ നഗ്‌നത എന്നത് പത്രം വിൽക്കുന്നവരെപോലെയോ ഓട്ടോറിക്ഷകളെപ്പോലെയോ കൗതുകമില്ലാത്തൊരു കാഴ്ച്ച മാത്രമായിപ്പോലെയേനെ അല്ലെ ..?

കടലിന് മരത്തകപ്പച്ചനിറം. തീരത്തെ മണ്ണിനും പ്രത്യേകതയുണ്ട് . കാപ്പിയരി കുത്തിയെടുത്തിട്ടു തൊണ്ട് വിതറിയിട്ടിരിക്കുന്നു എന്നതുപോലെ ചെറിയ കല്ലുകൾ . അതിലൂടെ നടക്കുമ്പോൾ മേല്‌പെരുക്കുന്നൊരു ശബ്ദം . ഇപ്പോൾ എനിക്ക് ആ ഭീമൻ ഡൈനോസറിന്റെ കവിളുകൾ കാണാം. വായകാണാം. മേഘങ്ങൾക്കിടയിൽ മഹാഭാരതം സീരിയല് വരെ കാണുന്ന നമ്മൾക്കിതൊക്കെ നിസ്സാരം.

കുറച്ചു സമയം തീരത്തെ കാഴ്ചകളും കണ്ട് ഞങ്ങളവിടെയിരുന്നു. ഇന്ത്യക്കാരായ പെൺകുട്ടികളുടെ സംഘം പന്തുകളിക്കുന്നു. ഷൈജയുടെ ഫോട്ടോയെടുക്കുന്ന ഞാൻ മഹേഷ്‌ ഭാവനയാണെന്നു തെറ്റിദ്ധരിച്ച പെണ്ണുങ്ങൾ ഡൈനോസറിന്റെ പശ്ചാത്തലത്തിൽ എന്നോട് കുറച്ചു ചിത്രം പകർത്തിനല്കാമോയെന്നു അപേക്ഷിച്ചു. ഞാൻ സന്തോഷത്തോടെ സമ്മതിച്ചു.

ദൂരെ കടലിൽ നങ്കൂരമിട്ടുകിടക്കുന്ന കപ്പലുകൾ, ബോട്ടുകളെ പിന്തുടരുന്ന നുരഞ്ഞ വെള്ളനിറമുള്ള വാലുകൾ. കുന്നിൻ ചരിവിലെ പുല്ലുകളിൽ സീൽക്കാരമുണ്ടാക്കുന്ന കാറ്റ് . കടലിൽ നിന്ന് വീശുന്ന കാറ്റല്ലേ , തണുപ്പേറി വരുന്നു. ഞങ്ങൾ തിരിച്ചു പോകാമെന്നു തീരുമാനിച്ചു.

വഴിയിൽ പലവട്ടം കിതച്ചുകൊണ്ടവൾ വിശ്രമിച്ചു. എനിക്കവളോട് ദയവു തോന്നി. എന്നെ ഈ ഭൂമിയിൽ അടയാളപ്പെടുത്താൻ ഇവളെത്ര കഷ്ടപ്പെടുന്നു. അവളുടെ പിങ്ക് തൊപ്പിയിൽ ചന്ദന പൊട്ടുകൾ വീഴ്ത്തികൊണ്ടു മഴ പെയ്യാൻ തുടങ്ങി. കടലിൽ പെയ്യുന്ന മഴ. ആകാശത്തിനും കടലിനുമിടയിൽ അതിരുകളെ മായിച്ചു കളഞ്ഞു.

കാറിലേക്ക് കയറുമ്പോഴേക്കും അങ്ങുദൂരത്തെ കടൽത്തീരം ഏകദേശം വിജനമായി തുടങ്ങിയിരുന്നു. കാറിൽ കയറാതെ ചില മനുഷ്യർ ഇപ്പോഴും താഴെ കടലിനെനോക്കി കുടയും ചൂടിനിൽക്കുന്നു. മഴ കനത്തു പെയ്യാൻ തുടങ്ങിയപ്പോൾ ഞങ്ങൾ ഫ്‌ളാസ്‌ക്കിൽ നിന്ന് കാപ്പി കപ്പിലേക്കു പകരുകയായിരുന്നു.

കമ്പംമേട്ടില് പശുവിനു കാടികൊടുത്തുകൊണ്ടിരുന്ന സുജയാന്റി തുമ്മിയിട്ടുണ്ടാവണം. എന്നിട്ട് മൂക്കും ചൊറിഞ്ഞു കൊണ്ട് ആലോചിക്കുകയാവും; ഈ അണ്ഡകടാഹത്തിൽ ഏത് ശെയ്ത്താനാണ് നമ്മളെയിപ്പോ ഓർമ്മിച്ചതെന്ന്. കടൽക്കരയിലെ മഞ്ഞു മൂടുന്ന കാറിന്റെ ചില്ലുകളിൽ പേരെഴുതിക്കളിക്കുന്ന ഡെന്നിയും ഭാര്യയും സുജകൊച്ചിന്റെ വിദൂരചിന്തകളിൽ പോലും വന്നിട്ടുണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന…
View Post