‘സുക്കു വാലി’ എന്ന നിശ്ശബ്ദ താഴ്‌വര – സ്വപ്നം പോലൊരു യാഥാർഥ്യം..

Total
1
Shares

വിവരണം – SoBin Chandran.

വടക്കു കിഴക്കിന്റെ വശ്യ സൗന്ദര്യത്തെ മിഴികളിലാവാഹിച്ച മഴവില്ലഴകുള്ളൊരു താഴ്‌വര.. പച്ചപ്പിന്റെ പട്ടുചേലയുടുത്ത മൊട്ടക്കുന്നുകൾക്കു ചാരെ പീതവർണം ചാർത്തിയ പുൽക്കൊടിത്തുമ്പുകളും അവയോടു കിന്നരിക്കുന്ന കൊച്ചു കാട്ടു പൂക്കളും നിറഞ്ഞ മനോഹരമായൊരു താഴ്‌വര.. ഹിമകണങ്ങൾ ഭൂമിയെ തന്റെ നെഞ്ചോട് ചേർത്ത് പ്രണയം കൊണ്ട് പൊതിയുന്നതിനു സാക്ഷിയായി നേർത്ത സംഗീതം പൊഴിക്കുന്ന നിശ്ശബ്ദതയും പൂനിലാവും.. പരിശുദ്ധിയും സൗന്ദര്യവും ഒരുമിച്ചു ചേരുന്ന പ്രകൃതിയുടെ പൂർണത….

സുക്കു വാലി…. മേഘാലയയുടെ മായക്കാഴ്ചകളിൽ നിന്നും തിരികെ ഗുവാഹത്തിയിൽ എത്തിച്ചേർന്നത് ഡിസംബർ 20 നു ആയിരുന്നു.. 5 ദിവസങ്ങൾ കൊണ്ട് കണ്ടു തീർത്ത മേഘാലയൻ വിസ്മയങ്ങളായ ദൗകി നദിയും ജീവനുള്ള വേരുപാലങ്ങളും മറ്റനേകം വെള്ളച്ചാട്ടങ്ങളും എല്ലാം മനസ്സിലൂടെ ഒരു സിനിമയിലെ ഫ്രെയിം പോലെ കടന്നുപോയ്ക്കൊണ്ടിരുന്നു.. വടക്കുകിഴക്കിന്റെ പർവത സൗന്ദര്യമായ നാഗാലാ‌ൻഡ് ആണ് അടുത്ത ലക്ഷ്യം..

നാഗാലാന്റിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടി അവിടേക്കുള്ള പ്രത്യേക പ്രവേശന അനുമതിപത്രം വാങ്ങുക എന്നതാണ്. ഇന്നർ ലൈൻ പെർമിറ്റ്‌ അഥവാ ILP കൂടാതെ ഉള്ള പ്രവേശനം നിയമപരമായ കുറ്റകൃത്യവുമാണ്. നാഗാലാൻഡിലെ ദിമാപുർ ഒഴികെ മറ്റെവിടെയും ചെന്നെത്തുന്നതിനു ILP നിർബന്ധമാണ്. ഏകദേശം 12 മണിയോടെ ആണ് ഞങ്ങൾ ( Arun Sankar, Moh’d Sameer P, ഞാൻ )ഗുവാഹത്തിയിലുള്ള നാഗാലാ‌ൻഡ് ഹൗസിൽ എത്തുന്നത്. എവിടാണ് സ്ഥലം, എന്തൊക്കെ കൊണ്ട് ചെല്ലണം എന്നൊക്കെ നേരത്തെ തന്നെ രഞ്ജിത് ചേട്ടൻ ( Renjith Philip )പറഞ്ഞിരുന്നു. ഒരു ഐ ഡി കാർഡിന്റെ കോപ്പിയും 2പാസ്പോർട്ട്‌ സൈസ് ഫോട്ടോയും പൂരിപ്പിച്ച ILP അപ്ലിക്കേഷൻ ഫോമും 50 രൂപയും അടച്ചു. 4മണി ആയപ്പോഴേക്കും ഒരു മാസം നാഗാലാൻഡിൽ താമസിക്കാനുള്ള വിസ അഥവാ ILP കയ്യിൽ കിട്ടി. അതിനുശേഷം രാത്രി 11. 25 ന്റെ നാഗാലാ‌ൻഡ് എക്സ്പ്രസ്സ്‌ നു നേരെ ദിമാപുർ..

രാവിലെ കൃത്യം 6. 30 നു തന്നെ ട്രെയിൻ ദിമാപുർ എത്തി. വലിയ ഒരു പട്ടണം. നാഗാലാന്റിന്റെ മറ്റു ഭാഗങ്ങളിലേക്കും മണിപ്പൂരിലേക്കും ഒക്കെ പോകുന്നവർക്കുള്ള അവസാനം റെയിൽവേ സ്റ്റേഷൻ ആണ് ദിമാപുർ. അതിനോടു ചേർന്ന് തന്നെയാണ് ബസ് ഡിപ്പോയും. കൗണ്ടറിൽ നിന്നും കൊഹിമക്കുള്ള 3 ടിക്കറ്റുമെടുത്തു. 100രൂപയാണ് ഒരു ടിക്കറ്റിനു. ഏതാണ്ട് 70 km ദൂരം. മൂന്നര മണിക്കൂർ സമയമുണ്ട് കൊഹിമ വരെ.. വഴിയുടെ കാര്യം അപ്പോൾ പിന്നെ പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. ബസിന്റെ നമ്പറും സീറ്റ്‌ നമ്പറും ടിക്കറ്റിലുണ്ട്. പ്രത്യേക സമയമൊന്നുമില്ല. ആളു നിറയുമ്പോൾ വണ്ടി എടുക്കും. അത്രതന്നെ.. 8മണി ആയപ്പോഴേക്കും വണ്ടി നിറഞ്ഞു. ആളുകളേക്കാൾ അധികമുണ്ടായിരുന്നു അവരുടെ സാധനസാമഗ്രികൾ…

വണ്ടി വളരെ പതിയെ നീങ്ങിക്കൊണ്ടിരുന്നു. തലേന്ന് രാത്രിയിലെ തണുത്തുറഞ്ഞ ലോക്കൽ ട്രെയിൻ യാത്രയുടെ ക്ഷീണവും പുറത്തു നിന്നും വീശുന്ന കാറ്റിന്റെ ശീതളിമയും മയക്കത്തിന്റെ ജാലകവിരിപ്പുകൾ തുറന്നിട്ട്‌ തന്നു. പച്ചപുതച്ച നെൽപ്പാടങ്ങളും കുന്നും മലനിരകളും പാതിയടഞ്ഞ മിഴികൾക്കപ്പുറം പിന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.. നയനമനോഹരമായ ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമായ ഭൂപ്രകൃതിയും ഏറെ സവിശേഷതകൾ നിറഞ്ഞതും നിഗൂഢതകൾ ഒളിപ്പിച്ചു വച്ചതുമായ ഗോത്രവർ ഗങ്ങളുമാണ് നാഗാലാന്റിലേക്ക് മനസ്സടുക്കാനുണ്ടായ കാര്യങ്ങൾ. ഇന്ത്യൻ മംഗോളീസ്‌ സങ്കര വംശജരായ നാഗന്മാർ ജനസംഖ്യയിൽ അധികമുള്ളതാവണം നാഗാലാൻഡിനു ആ പേര് വരാനുള്ള കാരണം..

ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനമാണ് നാഗാലാ‌ൻഡ്. എന്നിരുന്നാലും സ്വന്തം ഭാഷയായ ‘നാഗാമീസ് ‘തന്നെയാണിവർക്കു പ്രിയം. മൂക്ക് തുളയ്ക്കുന്ന മനുഷ്യർ എന്നർത്ഥം വരുന്ന ‘നാക ‘എന്ന ബർമീസ്‌വാക്ക് നിന്നുമാണ് നാഗാലാൻഡ് എന്ന വാക്ക് ഉണ്ടായതെന്നും പറയപ്പെടുന്നു. അയൽരാജ്യമായ മ്യാന്മറുമായി തുറന്ന അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനവും നാഗാലാ‌ൻഡ് ആണ്. പതിനാറാമതായി രൂപം കൊണ്ട സംസ്ഥാനത്തിന്റെ തലസ്ഥാനമായ കൊഹിമ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യസ്ഥാനം.

ദൂരെ മേഘക്കീറുകൾക്കിടയിലൂടെ രാവും പകലും സുഖവും ദുഖവും ഒന്നുമറിയാതെ യഥേഷ്ടം പാറി നടക്കുന്ന പക്ഷികളെപ്പോലെ മനസ്സും പറന്നു നടന്നു.. ആകാശത്തിലെ വെള്ളിമേഘത്തേരിൽ ദിശയറിയാതെ മെല്ലെ പറക്കവേ തോളിലാരോ തട്ടിവിളിച്ചതു പോലെ… കണ്ണുതുറന്നു നോക്കിയപ്പോൾ ഒന്നു ഞെട്ടി. ആയുധധാരികളായ 2 പട്ടാളക്കാർ.. മുന്പിലിരിക്കുന്ന സമീറിനോടെന്തോക്കെയോ ചോദിക്കുന്നുണ്ട്. ഒരാൾ എന്നെയും അരുണിനെയും നോക്കി എന്തൊക്കെയോ പറയുന്നു. ബസിലെ മറ്റു യാത്രക്കാരൊക്കെയും ഞങ്ങളെ തുറിച്ചു നോക്കുന്നുമുണ്ട്.

കാര്യം മനസിലാകാതെ കണ്ണുമിഴിച്ച എന്നെ നോക്കി അടുത്ത സീറ്റിലിരുന്ന ഒരു ചേച്ചിയാണ് ഹിന്ദിയിൽ പറഞ്ഞുതന്നത് അവർ ILP ആണ് അന്വേഷിക്കുന്നതെന്നും ഒരാൾ ചെക്ക്പോസ്റ്റിനടുത്തുള്ള ഓഫിസിൽ ചെന്ന് ഒപ്പിട്ടു കൊടുക്കണമെന്നും.3 പേരുടെ ilp യിലും എന്തൊക്കെയോ എഴുതി സീലും അടിച്ചു തിരിച്ചു തന്നു. 150 രൂപ കൊടുക്കണമെന്നാവശ്യപ്പെട്ടതനുസരിച്ചു അതും കൊടുത്തു തിരികെ വണ്ടിയിൽ കയറുമ്പോഴും വട്ടമുഖവും കുറുകിയ കണ്ണുകളുമുള്ള മറ്റു യാത്രക്കാരൊക്കെയും തുറിച്ചു നോക്കിക്കൊണ്ടേയിരുന്നിരുന്നു.. കുണ്ടും കുഴികളും നിറഞ്ഞ നാഷണൽ ഹൈവേ യിലൂടെ മെല്ലെ ഓടുന്ന ബസിന്റെ സൈഡിലിരിക്കുമ്പോഴും എന്തിനാണ് അവർ 150 രൂപ ചോദിച്ചതെന്നോ കൊടുത്തതെന്നോ മനസ്സിലായിരുന്നില്ല. പുറം കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ “ജ്ജരണാ പാനി “എന്ന് സ്ഥലപ്പേരെഴുതിയൊരു ബോർഡ്‌ പിന്നോട്ട് മറയുന്നത് കണ്ടു.

ഏകദേശം 11. 30 ആയപ്പോഴേക്കും കൊഹിമ എത്തിച്ചേർന്നു. ഹരിതഭംഗി പ്രതീക്ഷിച്ചു വന്ന നമുക്ക് തെറ്റി. വളരെ വിശാലമായൊരു പട്ടണം. പൊടിക്കാറ്റ് വീശുന്ന പട്ടണത്തിലെങ്ങും ആളുകളുടെ ബഹളം. റോഡിലൂടെ പായുന്ന മഞ്ഞ നിറമുള്ള ടാക്സികൾ. ഗ്രാമം പ്രതീക്ഷിച്ചു വന്നെത്തിപ്പെട്ടതൊരു പട്ടണത്തിൽ.. കൊഹിമയിലെത്തി ഒരു ദിവസം താമസിച്ചു വാർ മെമ്മോറിയലും ചുറ്റുമുള്ള സ്ഥലങ്ങളുമൊക്കെ സന്ദർശിച്ചു തിരിച്ചു ആസ്സാമിലേക്കു മടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. ആകെ നിരാശയായി.. “വാ.. ഇനി ഭക്ഷണം കഴിച്ചിട്ട് ബാക്കി ആലോചിക്കാം “എന്നായി അരുൺ.

ഭക്ഷണ കാര്യത്തിൽ സമീറിനും എനിക്കും മറ്റൊരഭിപ്രായം ഇല്ലാത്തതുകൊണ്ട് തന്നെ ‘ചിങ്സൂങ് ‘ റെസ്റ്റോറന്റിലെ തീൻ മേശക്കു ചുറ്റുമെത്താൻ അധികസമയം വേണ്ടി വന്നില്ല.പലതരം ചോറുകളും മൽസ്യമാംസാദികളും കൊണ്ട് നിറഞ്ഞ ചുവന്ന മെനു. തവള വറുത്തതും കറി വച്ചതുമൊക്കെ ലിസ്റ്റിലുണ്ട്. ഒന്നു പരീക്ഷിച്ചാലോ എന്നാലോചിക്കുമ്പോഴേക്കും തന്നെ വയറിനുള്ളിൽ ഒരു തിരയിളക്കം. അവസാനം മട്ടൻ ചേർത്ത് വേവിച്ച വയലറ്റ് നിറമുള്ള ബാംബൂ റൈസും കഴിച്ചു സ്ഥലം കാലിയാക്കി. നേരെ വാർ മെമ്മോറിയലിലേക്ക്…

കൊഹിമയുടെ ഹൃദയഭാഗത്തു തന്നെയാണ് വാർ മെമ്മോറിയൽ. 1944 il കൊഹിമയിലെ ഗാരിസൺ കുന്നിലുള്ള കമ്മീഷണറുടെ വസതിക്കു മുൻപിൽ വച്ചാണ് ജപ്പാൻ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള പടപ്പുറപ്പാടാരംഭിച്ചതും രക്തം ചിന്തിയതും. ബ്രിട്ടീഷ്കാർക്കൊപ്പം ഇന്ത്യൻ പട്ടാളവും ചേർന്ന് ജപ്പാനെ തുരത്തിയോടിച്ചെങ്കിലും ഇന്ത്യൻ മണ്ണിൽ വാർന്നൊഴുകിയത് 2340 ഓളം വരുന്ന ധീരന്മാരുടെ രണമായിരുന്നു. അവരോടുള്ള ബഹുമാനാർത്ഥം സ്ഥാപിച്ച ശിലാ സ്മാരകങ്ങളാണ് വാർ മെമ്മോറിയൽ.
ഓരോ സ്മാരകങ്ങൾക്കരികെ തലയുയർത്തി പുഞ്ചിരി തൂകി നിൽക്കുന്നപച്ചയും ചുവപ്പും കലർന്ന പലതരം പൂക്കളെ കാണാം . വിടരും മുൻപേ അടർന്നു വീണ ദളങ്ങളുടെ പുനർജനിപോലെ. ശാന്തമായ നിദ്രയിലാണവർ. ദൂരെ കാറ്റാടിമരങ്ങൾക്കിടയിലൂടെ ചൂളം വിളിച്ചെത്തുന്ന കാറ്റുപോലും അവരുടെ സുഖനിദ്രക്കു ഭംഗം വരുത്താതെ തഴുകി മറയുകയാണ് ചെയ്യുന്നത്.

മെല്ലെ താഴേക്കു നടക്കുമ്പോൾ ഒരു ശിലാഫലകത്തിൽ ഇങ്ങനെ കുറിച്ചുവച്ചിരിക്കുന്നതു കണ്ടു.. “when you go home tell them of us and say for your tomorrow we gave our today.. “ഒരു നിമിഷം മനസ്സൊന്നു പിടഞ്ഞപോലെ.. അറിയാതൊരു നൊമ്പരം നെഞ്ചിൽ തറഞ്ഞപോലെ.. അതേ നമ്മുടെ നല്ല നാളേയ്ക്ക് വേണ്ടി ആണ് അവർക്കു പോകേണ്ടി വന്നത്.. സമാധാനമായവർ ഉറങ്ങട്ടെ.. നെഞ്ചിൽ തറച്ച വാക്കുകളിൽ നിന്നും തലയുയർത്തി ചരിഞ്ഞൊന്നു പിന്നോട്ട് നോക്കുമ്പോളും ആ കുഞ്ഞുപൂക്കൾ എന്നെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു.. ഒരു യാത്രാമൊഴി പോലെ..

ഇനി അടുത്തതെന്ത് എന്നുള്ള കാര്യത്തിൽ തീരുമാനമൊന്നുമായില്ല. ഗുവാഹത്തി നിന്നും ദിമാപുർ. അവിടമൊക്കെ കണ്ടു നേരെ കൊഹിമ. അത്രെയുണ്ടായിരുന്നുള്ളു പ്ലാൻ. പ്രതീക്ഷകൾക്ക് വിപരീതമായി കൊഹിമ.. മൂന്നര മണിക്കൂർ ബസിലിരുന്നു കാണാമെന്നു കരുതിയ വഴിക്കാഴ്ചകളെ ഉറക്കവും തട്ടിയെടുത്തു. അങ്ങനെ ആ പ്ലാൻ പൊളിഞ്ഞു. ഇതിനുമുന്നെ മറ്റൊരു പ്ലാൻ ഉണ്ടായിരുന്നത് മുൻപേ പൊളിഞ്ഞതാണ്.നാഗാലാൻഡിലെ ‘മൂൺ ‘എന്ന ജില്ലയിൽ പോകാനുള്ള പ്ലാനായിരുന്നു ആദ്യം. സഞ്ചാരിയിൽ ജസ്റ്റിൻ ()എഴുതിയ ‘ശിരസ്സു ഛേദിച്ചവരുടെ നാട്ടിൽ’ വായിച്ചപ്പോൾ മുതൽ തുടങ്ങിയ ആഗ്രഹമായിരുന്നു. ഏറെ സവിശേഷതകളുള്ള ‘കോണ്യാക് ‘ ഗോത്രവർഗ്ഗക്കാരുടെ നാടും തുറന്ന രാജ്യാന്തര അതിരുകളുള്ള മ്യാന്മാർ അതിർത്തിയും ഒക്കെ കാണാനുള്ള പ്ലാനായിരുന്നു ആദ്യം. അവിടുള്ളോരു ഗൈഡിന്റെ നമ്പറും സംഘടിപ്പിച്ചു. പലവട്ടം ഫോണിൽ ശ്രമിച്ചിട്ടും കിട്ടിയില്ല. എന്തേലുമൊരു കോൺടാക്ട് കിട്ടുമോന്നറിയാനുള്ള ശ്രമങ്ങളെല്ലാം പാളി. ഗൂഗിളും കനിഞ്ഞില്ല.അങ്ങനെയാണ് കൊഹിമ വരെ എത്തിയത്. ഇനിവീണ്ടും ഒരു പ്ലാൻ ഉണ്ടാക്കണം. അല്ലെങ്കിലും ഒന്നുപിഴച്ചാൽ മൂന്നെന്നാണല്ലോ ചൊല്ല്. ഒന്നൂടെ ഗൂഗിളിൽ പരതിനോക്കാം.

വഴിവക്കിലുള്ള നീലച്ഛായം പൂശിയ ഒരു ചെറിയ കടയിൽ 3ചായക്ക് ഓർഡർ കൊടുത്തിട്ട് വീണ്ടും ഗൂഗിളിൽ തിരയലാരംഭിച്ചു. വിരൽത്തുമ്പിലൂടെ ഓരോ സ്ഥലങ്ങൾ മുകളിലേക്കു തെന്നി നീങ്ങുമ്പോളാണ് ‘ഖൊനോമ ‘എന്ന പേര് കണ്ണിലുടക്കിയത്. ഭംഗിയുള്ള ചില ചിത്രങ്ങളും. ഈ പേരെവിടെയോ കേട്ടു മറന്നപോലെ.. അതെ.. അതുതന്നെ.. ഖൊനോമ.. “തിരിച്ചുവരാതെ പിടിച്ചുവച്ചൊരു ഇന്ത്യൻ ഗ്രാമം “എന്ന ശീർഷകത്തിൽ സജ്‌ന അലി സഞ്ചാരിയിൽ കുറിച്ചിട്ട ഖൊനോമ..കൊഹിമയിൽ നിന്നും 20km മാത്രം ദൂരം. താമസ സൗകര്യം കിട്ടുമോന്നറിയാനുള്ള തിരച്ചിലിനൊടുവിൽ അടുത്തിടെ അവിടം സന്ദർശിച്ച ഏതോ യാത്രിക ട്രിപ്പ്‌ അഡ്വൈസറിൽ കുറിച്ചിട്ട നമ്പറിൽ വിളിച്ചുനോക്കി.. മൂന്നാം വട്ടം ബെല്ലടിച്ചു നിൽക്കും മുന്നേ മറുതലക്കൽ ഹലോ എന്നൊരു പതിഞ്ഞ സ്വരം. ഖൊനോമ കാണാൻ വന്നതാണ്, 3പേരുണ്ട്, ഒരു ദിവസം താമസിക്കാനുള്ളൊരു സൗകര്യം കിട്ടുമോന്നറിയാൻ വിളിച്ചതാണെന്നു പറഞ്ഞപ്പോൾ എവിടുന്നു വരുന്നു എന്ന മറുചോദ്യം. കേരളത്തിൽനിന്നാണെന്നു പറഞ്ഞപ്പോൾ ഇപ്പൊ എവിടാണെന്ന് വീണ്ടും. കൊഹിമ എന്ന് പറഞ്ഞപ്പോൾ അവിടെ സ്റ്റാന്റിനടുത്തുള്ള ഫെഡറൽ ബാങ്കിനടുത്തുന്നു ഒരു ടാക്സിപിടിച്ചു നേരെ പോരാൻ ക്ഷണം..

ഖോനോമയോട് അടുക്കുമ്പോൾ തന്നെ “welcome to khonoma”എന്നെഴുതിയ വലിയൊരു പ്രവേശന കവാടം കാണാം. നാഗാലാന്റിന്റെ പ്രൗഡി വിളിച്ചോതുന്ന പരമ്പരാഗതമായ ‘പ്രാഗ് ‘ആയുധങ്ങൾ കൊത്തിവച്ചിരിക്കുന്ന കവാടം. അതിനപ്പുറം ഗ്രാമഭംഗിയുടെ പര്യായം പോലെ ഖൊനോമ എന്ന കൊച്ചുഗ്രാമം. തട്ടുതട്ടായി കിടക്കുന്ന പച്ചപുതച്ച മലഞ്ചെരിവുകൾ.. 500 ൽ താഴെ മാത്രം വീടുകളും വളരെ കുറച്ചുമാത്രം ആളുകളും മാത്രമുള്ളൊരു ഗ്രാമം. ഇന്ത്യയിലെ ആദ്യ ഹരിതഗ്രാമം. ഗ്രാമത്തിന്റെ നടുഭാഗത്തായി ഒരു പള്ളിയുടെ സമീപം ടാക്സി നിന്നു. പഴയ നമ്പറിൽ വിളിച്ചിവിടെ എത്തി എന്നറിയിച്ചപ്പോൾ എന്റെ മകളെ അങ്ങോട്ട്‌ പറഞ്ഞു വിടുന്നു, പള്ളിയുടെ മുൻപിൽ നിന്നോളു എന്ന് മറുപടി.

2 – 3 മിനിറ്റുകൾക്കുള്ളിൽ തന്നെ ആളെത്തി . വട്ടമുഖവും പതുങ്ങിയ മൂക്കും നീളന്മുടിയും ചിരിക്കുമ്പോൾ നേർത്ത വര പോലെ ചെറുതാവുന്ന മിഴികളുമുള്ളൊരു സുന്ദരി. പള്ളിയുടെ അരികിലൂടെ മുകളിലേക്ക് പോണൊരു ചെമ്മൺ പാത. അല്പം നടന്നുകഴിയുമ്പോൾ ഇടതുവശത്തായി കുറച്ചു നടകൾ കയറി വേണം വീട്ടിലെത്താൻ. മുറ്റത്തുതന്നെ നിറഞ്ഞ ചിരിയുമായി ഒരാൾ കാത്തുനിൽപ്പുണ്ടായിരുന്നു. ഏറെനാൾ കൂടി കണ്ട ഉറ്റസുഹൃത്തിനോടെന്നപോലെ ചിരിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി. ‘ടിസ്‌ലി സാക്കറെ ‘എന്നാണ് പേര്. 75 നടുത്തു പ്രായമുണ്ട്.. വീടിനോട് ചേർന്ന് 3 മുറികൾ പണിതു ഹോംസ്റ്റേ ആക്കിയിരിക്കുന്നു.

വീട്ടിലുള്ളവരെയൊക്കെ പരിചയപ്പെടുത്തുമ്പോഴേക്കും ചായയും കേക്കും എത്തി. ഹിന്ദി നന്നായി അറിയില്ലെങ്കിലും ഇംഗ്ലീഷിൽ നന്നായി സംസാരിക്കും അദ്ദേഹം.കുറച്ചു സമയം കുശലം പറഞ്ഞിരുന്നു. സൂര്യാസ്തമയത്തിനു മുന്നേ ഖൊനോമ ചുറ്റിക്കണ്ടിട്ടു വരൂ.. അപ്പോഴേക്കും ഭക്ഷണം തയാറാക്കാം എന്നായി..കുറച്ചു സമയം ഇരുന്നിട്ട് മെല്ലെ ഖൊനോമ ചുറ്റിക്കറങ്ങാനിറങ്ങി. വഴിയരികിലെ വീടുകളുടെ മുൻവശത്തു ധാരാളം ചെറിയ ആപ്പിളുകൾ മുറിച്ചു ഉണക്കാൻ ഇട്ടിരിക്കുന്നുണ്ടായിരുന്നു. 3 വഴികൾ കൂടിച്ചേരുന്നൊരു സ്ഥലമാണ്‌ ഖോനോമ. പള്ളിക്കരികിലൂടെ ഒന്നു മുകളിലേക്കും ഒന്നു കൊഹിമക്കും ഒന്നു ഖോനോമയുടെ ഉൾഭാഗത്തേക്കും. ഒരു ചെറിയ കട മാത്രമാണ് ഉള്ളത്. ക്രിസ്തുമസ് ആയതിനാലാവണം ധാരാളം കേക്കുകൾ വിൽക്കാൻ വച്ചിട്ടുണ്ട്. കൂടാതെ കുപ്പിയിലടച്ച ഉണക്ക ബീഫ്, ബീഫിന്റെ അച്ചാർ, ഉണങ്ങിയ ആപ്പിൾ.. ആ കടയുടെ അരികിലൂടെ മുകളിലേക്കുള്ള വഴി നടന്നു ഏറ്റവും മുകളിലെത്തിയാൽ ഖൊനോമ മുഴുവൻ കാണാം..

6 മണി കഴിഞ്ഞപ്പോഴേക്കും സ്ഥലങ്ങളൊക്കെ കണ്ടു തിരിച്ചെത്തി. “നിങ്ങൾക്ക് കുളിക്കാൻ ചൂടുവെള്ളം വച്ചിട്ടുണ്ട്. കുളി കഴിയുമ്പോഴേക്കും ഭക്ഷണം എടുത്തു വയ്ക്കാം” എന്നും പറഞ്ഞു ടിസ്‌ലി അപ്പൂപ്പൻ തിരിച്ചുപോയി. തണുപ്പായതുകൊണ്ട് ഒരാഴ്ച കുളിക്കാതിരിക്കാമെന്നു കരുതിയ സമീറിന് ആകെ വിഷമമായി. കുളി കഴിഞ്ഞു നിന്നു കിടുകിടാ വിറയ്ക്കുന്ന എന്നെ അപ്പൂപ്പൻ അടുക്കളയിലെ അടുപ്പിന്റെ അരികിലിരുത്തി.. ഹൂ.. എന്ത് സുഖം.. വിഭവ സമൃദ്ധമായ ഭക്ഷണവും അപ്പോഴേക്കും തയ്യാറായിക്കഴിഞ്ഞിരുന്നു. ചോറ് തന്നെ കൂട്ടത്തിൽ പ്രധാനി. നാഗ സ്റ്റൈൽ ചിക്കൻ കറി, ചിക്കൻ വറുത്തത്, ദാൽ കറി,പിന്നെ നാഗാലാന്റിന്റെ തനതു വിഭവങ്ങളായ മറ്റനേകം ഇലക്കറികളും. അവയോരോടൊപ്പമിരുന്നാണ് കഴിച്ചത്. വയറും നിറഞ്ഞു ഒപ്പം മനസ്സും..

ഭക്ഷണശേഷം ടിസ്‌ലി അപ്പൂപ്പൻ ഖോനോമയുടെ ചരിത്രം പറഞ്ഞു തന്നു. അംഗാമി ഗോത്രവംശജർ ആണ് അവിടുള്ളവർ. വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷുകാർ നാഗാലാ‌ൻഡ് ആക്രമിച്ചു ഭൂരിഭാഗവും കീഴ്പ്പെടുത്തിയപ്പോൾ അംഗാമികൾ പ്രാകൃത അഭ്യാസമുറകളും ആയുധങ്ങളുമായി പൊരുതി ബ്രിട്ടീഷുകാരെ തുരത്തിയോടിച്ച കഥപറയുമ്പോൾ കേട്ടിരുന്ന ഞങ്ങൾക്ക് പോലും രോമാഞ്ചമുണ്ടായി. ഒരുപാട് നേരം കഥകൾ കേട്ടിരുന്നു. 16 ഓളം ഗോത്രങ്ങളുണ്ട് നാഗാലാൻഡിൽ. അത്രതന്നെ ഭാഷകളും. പക്ഷെ എല്ലാ ഭാഷയുടെയും ലിപി ഇംഗ്ലീഷിലാണ്.

സംസാരത്തിനിടക്കെപ്പൊഴോ “ഇവിടെ മറ്റെന്തൊക്കെയാണ് കാണാനുള്ളത് “എന്ന അരുണിന്റെ ചോദ്യത്തിന് ട്രെക്ക് ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ കുറച്ചു ദൂരെ ജുക്കു വാലി എന്നൊരു സ്ഥലമുണ്ടെന്നു അപ്പൂപ്പൻ. അടുത്താണ്.. 6km ഇവിടുന്നു ചെന്നിട്ടു അവിടുന്നൊരു 4 മണിക്കൂർ ട്രെക്ക് ചെയ്‌താൽ അവിടെത്താം എന്ന്. ആദ്യം വല്യ താല്പര്യമൊന്നും തോന്നിയില്ല. വെളുപ്പാൻ കാലത്ത് ഈ തണുപ്പത്തു 4മണിക്കൂർ ട്രെക്കിങ്ങോ. അപ്പോഴാണ് അടുത്ത ഡയലോഗ്.. ഈ വാലി മണിപ്പൂർ നാഗാലാ‌ൻഡ് ബോർഡറിലാണെന്നു.. ങ്ഹേ. . മണിപ്പൂർ ബോർഡറോ.. !!! അത് ഡിസോക്കു വാലി അല്ലേ.. സംശയം മാറ്റാൻ സ്ഥലത്തിന്റെ സ്പെല്ലിങ് ചോദിച്ചു. D.. Z.. O.. U.. K.. U… yes.. അതുതന്നെയാണ് ഡിസോക്കു ഡിസോക്കു എന്ന് ഞാൻ വായിച്ചിട്ടുള്ള സുക്കു വാലി…

‘സുക്കു വാലി’.. എത്രയോ നാൾ മുൻപേ മനസ്സിൽ കയറിയ സ്ഥലം. കിരൺ( Kiran Kannan )എന്ന ശാസ്ത്ര കുതുകി തന്റെ അനന്തിരവനോടൊപ്പം നടത്തിയ സുക്കുവാലി യാത്രാവിവരണം സഞ്ചാരിയിൽ വായിച്ച കാലം മുതൽ മനസിലുള്ള ആഗ്രഹമാണ്.. പച്ചപുതച്ച മൊട്ട ക്കുന്നുകൾക്കിടയിലൂടെ കടുംനീല നിറമുള്ള കോട്ടുമിട്ടവർ നിൽക്കുന്ന ചിത്രങ്ങൾ പെട്ടെന്ന് മനസിലേക്ക് കടന്നു വന്നു. അതുപക്ഷേ മണിപ്പൂർ ആണെന്നായിരുന്നു എന്റെ ധാരണ. അവിടെക്കൊരു യാത്ര എന്നെങ്കിലും പോകാനും ആഗ്രഹിച്ചിരുന്നു. ഇപ്പോഴിതാ തീർത്തും അപ്രതീക്ഷിതമായി സുക്കുവാലി തൊട്ടടുത്തു വെറും 6 കിലോമീറ്ററുകൾക്കപ്പുറം. നാളെ അപ്പൊ എന്തായാലും സുക്കുവാലി കണ്ടേ മടങ്ങൂ എന്നുറപ്പിച്ചു. ആഗ്രഹം കേട്ടപ്പോൾ തന്നെ ഒരു ഗൈഡിനെയും ബേസ് വരെ പോകാനൊരു ജീപ്പും അദ്ദേഹം സംഘടിപ്പിക്കാമെന്നേറ്റു.

രാവിലെ 6 മണിക്ക് തയ്യാറായിനിൽക്കാൻ നിർദേശവും…ഡിസംബറിലെ തണുപ്പിന് കാഠിന്യം കൂടുതലാണ്.. മൂടിപ്പുതച്ചുറങ്ങാൻ അതിലും നല്ലൊരു സമയവുമുണ്ടാവില്ല. സമീറാണ് ആദ്യം എഴുന്നേറ്റത്. 6. 10 ആയപ്പോഴേക്കും ഞങ്ങൾ റെഡിയായി. അപ്പോഴേക്കും ഒരു ഫ്ലാസ്ക് നിറയെ ചൂടുചായയുമായി ടിസ്‌ലി അപ്പൂപ്പനുമെത്തി. കൂടെ ആപ്പിൾ ജാം പുരട്ടിയ ബ്രെഡുമായി ചെറുമകളും. ചായ കുടിച്ചു തീരും മുൻപേ ജീപ്പെത്തി. വേഗം താഴേക്കോടാൻ തുനിഞ്ഞ ഞങ്ങളെ പിടിച്ചു നിർത്തി ഒരു വലിയ കവർ ഏല്പിച്ചു അദ്ദേഹത്തിന്റെ ഭാര്യ. ഉച്ചഭക്ഷണമാണ്. 4പേർക്കുള്ളത്. ആരാണ് 4ആമത്തെ ആളെന്ന് തിരക്കിയപ്പോൾ അത് നിങ്ങളുടെ ഗൈഡ്നു ഉള്ളതാണെന്ന്.. 4 കുപ്പി വെള്ളവും. കൂടെ കർശനനിർദേശവും.. ഈ കൊണ്ടുപോകുന്ന മുഴുവൻ സാധനങ്ങളുടെ വെയ്സ്റ്റും തിരികെ ഇവിടെത്തന്നെ തിരിച്ചു കൊണ്ടുവരണം എന്ന്.

ഡ്രൈവറെയും ഞങ്ങളെയും കൂടാതെ 4 പേർ കൂടി ഉണ്ടായിരുന്നു. അസീഖോ എന്ന ഞങ്ങളുടെ ഗൈഡും അബൈ എന്നൊരു സുഹൃത്തും. പിന്നെ സുക്കുവിന് പോകുന്ന 2വിദേശികളും. സാഷ എന്ന ഇസ്രായേലി യുവാവും അദ്ദേഹത്തിന്റെ സുഹൃത്തായ ചിദാഫ എന്ന തായ്‌ലന്റ് കാരി യുവതിയും. 20 മിനിറ്റ് കൊണ്ട് ബേസിലെത്തി. അപ്പോഴേക്കും എല്ലാവരുമായും നല്ല ചങ്ങാത്തവുമായി.Way to khonoma-dzouku എന്നെഴുതിയൊരു ചെറിയ ബോർഡ്‌ മാത്രമാണ് അവിടുള്ളത്. അവിടെ നിന്നും നല്ല കയറ്റമാണ്. നോർത്തീസ്റ്റിലെ ഏറ്റവും ദുർഘടമായ ട്രെക്കിങ്ങ് പാതകളിലൊന്നാണ് സുക്കുവാലിയിലേക്കുള്ളത്. 6. 45 നു നടത്തമാരംഭിച്ചു. അതികഠിനമായ കുത്തനെയുള്ള കയറ്റമാണ്. വഴിയെന്ന് പറയാനൊന്നുമില്ല. പലയിടത്തും മരങ്ങളൊക്കെ ഒടിഞ്ഞു വഴിമുഴുവനും ബ്ലോക്കായിരിക്കുന്നു..

തടികൾക്കിടയിലൂടെ നിരങ്ങിക്കേറിയും വഴുക്കലുള്ള കല്ലുകളിൽ ചവിട്ടി തെന്നിവീണും പതിയെ മുകളിലേക്ക് നടന്നു. കൊടും കാടാണ് ചുറ്റിനും.. ഇടയ്ക്കിടയ്ക്ക് നിന്നും ഇരുന്നുമൊക്കെ കയറ്റം തുടർന്നു. സാഷയും ചിദാഫയും യാതൊരു ബുദ്ധിമുട്ടുമില്ലാതെ കയറുന്നതു കണ്ടു പലപ്പോഴും ആശ്ചര്യം തോന്നി. ഇടക്കെപ്പോഴോ അസീഖോ പറഞ്ഞു “ദാ കാടിനുള്ളിൽ ആ ഭാഗത്ത്‌ മിഥുൻ ഉണ്ട് “.. പറഞ്ഞുതീരും മുൻപേ മിഥുൻ പുറത്തു വന്നു. മിഥുൻ വേറാരുമല്ല. നാഗാലാന്റിന്റെ ദേശീയമൃഗം.. കണ്ടാൽ പോത്തിനെപ്പോലിരിക്കുന്ന ഒരു വമ്പൻ കാട്ടുമൃഗം. നാഗാലാന്റിന്റെ ഒഫീഷ്യൽ സ്റ്റാമ്പുകളിലൊക്കെ ഉണ്ട് മിഥുന്റെ ചിത്രം…
നിന്നും ഇരുന്നും നിരങ്ങിയും കാട്ടുമുളകൾക്കിടയിലൂടെ കുനിഞ്ഞു നടന്നും 10. 30 ആയപ്പോഴേക്കും ഞങ്ങൾ അവിടെത്തി. സുക്കുവാലിയിൽ.

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നൊരു താഴ്‌വര. പച്ചപുതച്ച മൊട്ടക്കുന്നുകൾ.. ആകാശത്തു നിന്നും ഭൂമിയിലേക്കിറങ്ങി വന്ന വെള്ളിമേഘത്തുണ്ടുകൾ.. വെള്ളിയരഞ്ഞാണം പോലൊരു കൊച്ചരുവി… കുറച്ചു ഭാഗത്തു മാത്രമേ വെയിൽ വന്നിട്ടുള്ളൂ.. ബാക്കിയുള്ള സ്ഥലം തണുത്തുറഞ്ഞു തന്നെ നിൽക്കുന്നു. മണ്ണിലെ ചെറിയ കുറ്റിപ്പുല്ലുകൾക്കു മീതെ മഞ്ഞിന്റെ നേർത്ത ആവരണം. അരുവി പാതി ഐസ് ആണ്.. വെയിലടിക്കുന്നിടം അലിഞ്ഞു വെള്ളമായിരിക്കുന്നു.. ഒരേ അരുവിയുടെ പകുതി ഐസും പാതി വെള്ളവും. അരുവിക്കരുകിൽ പൂത്തു നിൽക്കുന്ന പേരറിയാത്തകാട്ടുപൂക്കളും..അതിമനോഹരമാണ് സുക്കുവാലി.. സ്വപ്നം പോലൊരു യാഥാർഥ്യം.. വസന്തകാലമാവുമ്പോൾ പൂക്കളും കിളികളും ശലഭങ്ങളുമൊക്കെ ആയി നിറയുന്ന സുക്കുവാലി എത്ര മനോഹരമായിരിക്കും.. അന്നൊരിക്കൽകൂടി വീണ്ടും വരണം.

12 മണി വരെ വാലിയിലൂടെ ചുറ്റിനടന്നു. അപ്പോഴാണ് ബാഗിൽ ഭക്ഷണമുണ്ടെന്നോർമ്മ വന്നത്. 4 പൊതികൾ. ഓരോന്നിലും മധുരവും പശപശപ്പുമുള്ള പ്രത്യേകതരം ചോറ്. 3.. 4 പഴം.. പിന്നെ ചോറിനുള്ളിൽ പുഴുങ്ങിയ മുട്ടയും.. അതുകൂടാതെ പഴം കൊണ്ട് വീട്ടിലുണ്ടാക്കിയ ക്രിസ്തുമസ് കേക്കും.. ഇതുവരെ അറിഞ്ഞിട്ടില്ലാത്തൊരു പ്രത്യേക രുചി ആയിരുന്നു കേക്കിനു. ഭക്ഷണവും കഴിച്ചു വേസ്റ്റ് മുഴുവൻ കവറിലാക്കി 12. 30 ഓടെ തിരിച്ചിറങ്ങി… 4 മണിയോടെ റൂമിലെത്തി. ഗൈഡിനും വണ്ടിക്കും കൂടി 1200 രൂപ ആയി. ചൂട് ചായയും ബിസ്കറ്റും ആയിരുന്നു റൂമിൽ കാത്തിരുന്നത്. 5 മണിയോടെ ബാഗുമെടുത്തു തിരിച്ചിറങ്ങാൻ തയാറെടുക്കുമ്പോഴേക്കും മറ്റൊരു കവരുമായി വീണ്ടുമെത്തി ടിസ്‌ലി അപ്പൂപ്പന്റെ പ്രിയപത്നി. ഉണങ്ങിയ ബീഫും ഉണക്ക ആപ്പിളും ആയിരുന്നു അതിൽ. അപ്പൂപ്പന്റെ വകയായി നാഗാലാ‌ൻഡ് നെ കുറിച്ചുള്ള 2.. 3.. ബുക്‌സും. പോരാൻ നേരം ബില്ല് കണ്ടപ്പോൾ ശെരിക്കും ഞെട്ടി. 1300 രൂപ.. കഴിച്ച ഭക്ഷണത്തിനു മാത്രം 1300 ൽ അധികമായിട്ടുണ്ടാവണം.. ഇനി ഒരാൾക്കാവും 1300 എന്ന് കരുതി 3 പേരും പേഴ്സ് തുറന്നതിൽ നിന്നും 1300 രൂപ മാത്രം വാങ്ങി നിറഞ്ഞ ചിരിയോടെ വീണ്ടും വരണമെന്ന ആഗ്രഹവും പറഞ്ഞ് അദ്ദേഹം ഞങ്ങളെ യാത്രയാക്കി..

ചില യാത്രകൾ അങ്ങനെയാണ് നമ്മൾ പ്രതീക്ഷിക്കുന്നപോലാവില്ല നടക്കുക.. നിയതിയുടെ നിയോഗം പോലെ നാം തീരെ പ്രതീക്ഷിക്കാത്തിടത്താവും ചെന്നെത്തുക. ഒരു പക്ഷെ ജീവിതവും അങ്ങനെയാവാം.. നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നടക്കണമെന്നില്ല. എന്നാൽ ആഗ്രഹിക്കുന്നതിനുമപ്പുറമെന്തെങ്കിലുമൊക്കെ ഒരു നിയോഗം പോലെ നമ്മിലേക്ക്‌ വന്നു ചേരുകയാണ് ചെയ്യുന്നത്. ഈ യാത്രകഴിഞ്ഞു തിരികെ എത്തിയിട്ട് 3 മാസമാകുമ്പോഴും നിശ്ശബ്ദ സൗന്ദര്യത്തിന്റെ പ്രതീകമായ സുക്കുവാലിയും ആതിഥ്യ മര്യാദയുടെ പര്യായമായ ഖോണാമയിലെ ടിസ്‌ലി അപ്പൂപ്പനും കൊഹിമയിലെ വാർ മെമ്മോറിയലിലെ ചിരിക്കുന്ന പൂക്കളും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.. മഞ്ഞുപുതഞ്ഞോരോർമ്മയായ്….

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post