ഇന്നലത്തെ ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു വാർത്തയാണ് ഇത്. ഭക്തൻ വീഡിയോ എടുത്ത് ഇട്ടതിനാണ് എല്ലാവർക്കും കുഴപ്പം. ആദ്യം പറഞ്ഞത് കോവിഡ് പരത്താൻ നോക്കി എന്നായിരുന്നു. വീഡിയോ കണ്ടപ്പോൾ അതിൽ കഴമ്പില്ലെന്ന് മനസ്സിലായി. പിന്നെ അനധികൃതമായി കടന്നു എന്നാരോപിച്ചു, അപ്പോഴാകട്ടെ പോയത് ഫോറസ്റ്റിന്റെ ജീപ്പിൽ. അതും രക്ഷയില്ല എന്ന് മനസ്സിലായി. പിന്നെ അവസാനത്തെ കൈ ആണ് ട്രൈബൽസിന്റെ വീഡിയോ ഷൂട്ട് ചെയ്തു എന്നുള്ളത്. ഭക്തൻ ചെയ്യുമ്പോൾ മാത്രമാണോ ഫോറസ്റ്റും മറ്റുള്ളവരും ഇതൊക്കെ കാണുന്നത് എന്നൊരു സംശയം നേരത്തെ തന്നെ ഉണ്ടായിരുന്നു.
സ്ഥലം എം പി വിളിച്ചിട്ടാണ് പോയത്. അവിടുത്തെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും വീഡിയോയിലൂടെ കാണിച്ചതുകൊണ്ടാണ് പൊതുജനം ഇടമലക്കുടിയുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയത്ത്. 10 കി.മി ദൂരം മൂന്ന് മണിക്കൂർ ജീപ്പിൽ സഞ്ചരിച്ച് വേണം അവിടേക്ക് എത്താനായിട്ട്. ഗർഭിണികൾ ഉൾപ്പെടെയുള്ള രോഗികളെ തുണിത്തൊട്ടിൽ പോലെ ഉണ്ടാക്കി ചുമന്നുകൊണ്ടാണ് അവർ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. മൂവായിരത്തോളം ജനങ്ങൾ താമസിക്കുന്ന ആ ഗ്രാമ പഞ്ചായത്തിലേക്ക് എന്തുകൊണ്ട് ഒരു നല്ല വഴി ഇതുവരെ പണിത് കൊടുക്കാൻ അധികൃതർക്ക് സാധിച്ചില്ല? 135 കുട്ടികൾ പഠിക്കുന്ന സ്‌കൂളിലേക്ക് എന്തുകൊണ്ട് വേണ്ടത്ര സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ ഈ വിവാദം ഉണ്ടാക്കുന്നവർക്ക് സാധിക്കുന്നില്ല?
Environmentalist & Social Worker MN Jayachandran എന്ന വ്യക്തി നാഷണൽ ST കമ്മീഷന് പരാതി നൽകി എന്ന് വാർത്തയിൽ പറയുന്നു. എന്റെ പൊന്നു ചേട്ടാ, ചേട്ടൻ ഈ സ്ഥലം ഒന്ന് പോയി കണ്ടിട്ടുണ്ടോ? അവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസം മികച്ചതാക്കുവാൻ സഹായിക്കാൻ പോയതാണോ ഞങ്ങൾ ചെയ്ത തെറ്റ്? കേരളത്തിൽ ഇപ്പോൾ നിലവിൽ കുട്ടികൾ സ്‌കൂളിൽ പോയി പഠിക്കുന്ന ഏക സ്‌കൂളാണ് അവിടെ ഉള്ളത്. ഇന്റർനെറ്റോ ഒന്നും ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ് നടത്താൻ പറ്റാത്ത സ്ഥലം.
ഒരു ക്ലാസ് മുറിയിൽ തന്നെ ക്ലാസ് നടത്തുന്നു കുട്ടികൾക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നു, അധ്യാപകർ കിടന്നുറങ്ങുന്നത് ഓഫീസ് മുറിയിലെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ. വീഡിയോ എടുത്ത് ഇട്ടത് അവിടുത്തെ കഷ്ടപ്പാടുകൾ പുറം ലോകം അറിയാൻ വേണ്ടിയാണ്. നിങ്ങളൊക്കെ ഇടമലക്കുടിയെ അത്യധികം സ്നേഹിക്കുന്നു എങ്കിൽ എനിക്കെതിരെ പരാതി നൽകി സമയം കളയുകയല്ല വേണ്ടത്, പകരം ഇടമലക്കുടയിലെ ആളുകളെ സഹായിക്കാൻ നോക്കൂ. ഈ വിഷയത്തിൽ എന്ത് നിയമനടപടികൾ നേരിടേണ്ടി വന്നാലും അത് സന്തോഷപൂർവ്വം നേരിടാൻ ഞാൻ തയ്യാറാണെന്നും അറിയിക്കുന്നു. എന്ന് നിങ്ങളുടെ സ്വന്തം സുജിത്ത് ഭക്തൻ.