ഫാമിലിയുമായി പ്ലാൻ ചെയ്തു നടത്തിയ കിടിലൻ ഈജിപ്റ്റ് യാത്ര..

Total
1
Shares

വിവരണം – Manjari Rakheev.

എന്ത് കൊണ്ട് ഈജിപ്ത് ? ഞങ്ങളെ അറിയുന്ന പലരും ഈജിപ്തിലേക്ക് യാത്ര പോകാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ ചോദിച്ച ചോദ്യം ഇതാണ്. എന്തുകൊണ്ട് Georgia അല്ലെങ്കിൽ കുറച്ചു കൂടെ ചെലവ് കുറഞ്ഞ ഒരു സ്ഥലം നോക്കിക്കൂട? ഇനി ഇത്രയും ചിലവാകാമെങ്കിൽ കുറച്ചു കൂടെ കൂട്ടി Europe പോകരുതോ ? കാരണങ്ങൾ പലതായിരുന്നു. സമയ പരിമിധി മുതൽ സാമ്പത്തിക പരിമിധി വരെ പറയാം. ഇതിനെല്ലാം ഉപരി ഒരു കാലത്തു ലോകത്തിന്റെ നെറുകയിൽ നിന്നിരുന്ന ഒരു സംസ്കാരത്തെ അടുത്തറിയാനും അതിന്റെ ശേഷിപ്പുകൾ നേരിട്ട് കാണാനും ഉള്ള ഞങ്ങളുടെ ആഗ്രഹം ആണ് ഞങ്ങളെ അങ്ങോട്ട് നയിച്ചത്.

അച്ഛനും അമ്മയും ഒരു വയസ്സും നാല് വയസ്സും ഉള്ള 2 കുട്ടികളും അടങ്ങുന്ന നാലംഗ കുടുംബമാണ് ഞങ്ങളുടേത്. വർഷങ്ങൾ ആയി അബുദാബിയിൽ താമസം ആക്കിയത് കൊണ്ട് അവിടെ നിന്നും ഉള്ള യാത്ര വിവരണം ആണിത്. നാട്ടിൽ നിന്നും യാത്ര ചെയ്യാനുള്ള വിവരങ്ങളും കഴിവതും ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട്. കുട്ടികൾ ആയതിനു ശേഷമുള്ള ആദ്യത്തെ യാത്രയാണ്. അതിനു മുന്പുള്ളതെല്ലാം ഒരു നാട്ടിൽ ചെന്നാൽ അവിടത്തെ സാമൂഹികവും സാംസ്കാരികവുമായ ചുറ്റുപാടുകൾ അറിയാൻ പാകത്തിൽ, സൗകര്യങ്ങൾ പരിമിതപ്പെടുത്തി ഉള്ളവ ആയിരുന്നു. ഒരു സ്ഥലത്തു ചെന്നാൽ അവിടെ ഉള്ള public Transport മാത്രം ആശ്രയിച്ചു യാത്ര ചെയുക, ഗൈഡഡ് ടൂറുകൾ ഒഴിവാക്കി ചോദിച്ചു ചോദിച്ചു പോവുക തുടങ്ങിയതാണ് സാധാരണ കലാപരിപാടി. ഇത്തവണ കുട്ടികൾ കൂടെ ഉള്ളത് കൊണ്ട് അങ്ങനെ ഒരു യാത്ര സാധ്യമല്ല എന്ന് ഉറപ്പുണ്ടായിരുന്നു. അത് കൊണ്ട് തന്നെ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും കാര്യമായി തന്നെ ചെയ്തു.

ആദ്യമായി ഈജിപ്ത് എന്ന രാജ്യത്തു കാണാനുള്ള സ്ഥലങ്ങൾ ഏതൊക്കെയാണ് എന്നതായിരുന്നു ചിന്ത. പിരമിഡും സ്ഫിങ്ക്സും മാത്രം കേട്ടിട്ടുള്ള ഞങ്ങൾ അവിടത്തെ പല സ്ഥലങ്ങളെ പറ്റിയും വായിച്ചു പഠിച്ചു. ഞങ്ങളുടെ സമയവും യാത്ര സൗകര്യവും നോക്കി ഇതിൽ പോകാൻ പറ്റുന്നവ തിരഞ്ഞെടുത്തു. കെയ്റോ, അലക്സാൻഡ്രിയ, ലക്സോർ ഈ മൂന്നു നഗരങ്ങളെയും കേന്ദ്രികരിച്ചായിരുന്നു ഞങ്ങളുടെ യാത്ര ആസൂത്രണം ചെയ്തത്. ഇതിൽ തലസ്ഥാനമായ കയ്‌റോയിൽ നിന്നും അടുത്തായിരുന്നു അലക്സാൻഡ്രിയ. എന്നാൽ തെക്കേ അറ്റത്തു കിടക്കുന്ന ലക്സോർ എത്തണമെങ്കിൽ ആഭ്യന്തര വിമാനമോ ട്രെയിൻ യാത്രയോ അനിവാര്യമാണ്. ഒരു 14 മണിക്കൂർ വരുന്ന ട്രെയിൻ യാത്ര ചെറിയ കുട്ടികളെ കൊണ്ട് പ്രയോഗികമല്ലാത്തതു കൊണ്ട് ഞങ്ങൾ വിമാന മാർഗം തന്നെ സ്വീകരിച്ചു.

അടുത്ത കടമ്പ താമസം ആയിരുന്നു. ആദ്യം കെയ്റോ എത്തി അവിടെ നിന്നുകൊണ്ട് അലക്സാണ്ഡ്രിയ കണ്ടു പിന്നീട് ലക്സോർ പോയി അവിടെ താമസിച്ചു അവിടെ നിന്നും തിരിച്ചു വരൻ ആയിരുന്നു ഉദ്ദേശം. എന്നാൽ രണ്ടു ഹോട്ടൽ ചെക്ക് ഇൻ ചെയ്യാനുള്ള ബുദ്ധിമുട്ടു, തിരിച്ചുള്ള വിമാനത്തിന്റെ സമയ പ്രശ്നം, സാമ്പത്തിക ലാഭം എന്നിവ കണക്കിലെടുത്തു ഞങ്ങൾ കയ്‌റോയിൽ തന്നെ താമസിച്ചു ലക്സോർ പോയി വരാൻ തീരുമാനിച്ചു. അടുത്ത കടമ്പ ഈജിപ്ത് വിസ ആയിരുന്നു. ഓൺലൈൻ അപ്ലിക്കേഷൻ പറ്റാത്തത് കൊണ്ടും, ഇൻറർനെറ്റിൽ അധികം വിവരങ്ങൾ ഇല്ലാത്തതു കൊണ്ടും കുറച്ചു സംശയിച്ചാണ് പോയത്. അടുത്തിടെ ഈജിപ്ത് വിസ കിട്ടിയിരുന്ന ഒരു സുഹൃത്തിൽ നിന്നും വേണ്ടിവരുന്ന ഡോക്യൂമെന്റസ് എല്ലാം ചോദിച്ചറിഞ്ഞു അതും കൊണ്ടാണ് പോയത്. അബുദാബിയിലെ ഈജിപ്ത് എംബസ്സിയിൽ ഉച്ചക്ക് 12 മണി വരെ മാത്രം ആണ് അപേക്ഷകൾ സ്വീകരിക്കുക. അവിടെ ചെന്ന് ആദ്യം ഡോക്യൂമെന്റസ് പരിശോധിച്ചതിനു ശേഷം അപ്ലിക്കേഷൻ ഫോം തന്നു. അത് പൂരിപ്പിച്ചു ഡോക്യൂമെൻറ്സും പാസ്സ്പോര്ട്ടും അവിടെ കൊടുത്തു. അതിനു ശേഷം ഒരാഴ്ച കഴിഞ്ഞു തിരിച്ചു വന്നു പാസ്പോർട്ട് മേടിക്കാനുള്ള സ്ലിപ് തന്നു.

വിസക്ക് വേണ്ടുന്ന ഡോക്ക്യൂമെന്റസ് : 6 മാസത്തിലധികം വാലിഡിറ്റി ഉള്ള പാസ്പോര്ട്ട്, പാസ്പോര്ട്ട് കോപ്പി, വെള്ള ബാക്ക്ഗ്രൗണ്ടിൽ ഉള്ള ഫോട്ടോ, UAE വിസ കോപ്പി, ജോലി ചെയുന്ന സ്ഥാപനത്തിൽ നിന്നുമുള്ള NOC, വിസ ഫീസ് – 140 AED. അങ്ങനെ പറഞ്ഞ ദിവസം തന്നെ ചെന്ന് ഞങ്ങൾ പാസ്പോര്ട്ട് കൈ പറ്റി. നാട്ടിൽ നിന്നും ഈജിപ്ത് വിസ എടുക്കാൻ വേണ്ടുന്ന വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക. http://www.touristhelpline.com/egypt-visa-indians/. അടുത്തതു വിമാന ടിക്കറ്റ് എടുക്കലായിരുന്നു. നാലര മണിക്കൂർ ആണ് നേരിട്ടുള്ള യാത്ര സമയം. എത്തിഹാദ്, എമിരേറ്റ്സ്, ഈജിപ്ത് എയർ തുടങ്ങിയ പല വിമാന കമ്പനികളും UAE യിൽ നിന്നും കയ്‌റോയിലേക്കു നേരിട്ടുള്ള വിമാന സെര്വീസുകൾ നടത്തുന്നു . എന്നാൽ യാത്ര കൂലിയിൽ വലിയ കുറവ് വരുന്നത് കൊണ്ട് ബഹ്‌റൈൻ വഴി (ഗൾഫ് എയർ ) ആണ് ഞങ്ങൾ ടിക്കറ്റ് എടുത്തത്.

2 മണിക്കൂർ ബഹ്‌റൈൻ എയർപോർട്ടിൽ ഇരിക്കുന്നതുൾപ്പടെ ഏഴര മണിക്കൂർ ആണ് യാത്ര സമയം. കൊച്ചിയിൽ നിന്നും ഏകദേശം 10 മണിക്കൂറിന്റെ യാത്ര സമയം ഉണ്ട് കയ്‌റോയിലേക്കു. എയർ ഇന്ത്യയും ജെറ്റ് ഐർവേസും നേരിട്ടുള്ള സെര്വീസുകൾ നടത്തുന്നുണ്ട്. ഇനിയുള്ളത് അവിടെ ഉള്ള യാത്രകൾക്ക് പറ്റിയ ടൂർ കമ്പനി കണ്ടു പിടിക്കുക എന്നതാണ്. പലരും നമ്മൾ മെയിൽ അയച്ചാലും മറുപടി തരില്ല. ഇനി തന്നാൽ തന്നെ എടുത്താൽ പൊങ്ങാത്ത കാശും. അങ്ങനെ തപ്പി നിരാശപെട്ടു ഇരിക്കുമ്പോൾ ആണ് ട്രിപ്പ് അഡ്വൈസർ വഴി ഒരുപാട് നല്ല റിവ്യൂ കണ്ട ലക്സോർ ആൻഡ് അസ്വാൻ ട്രാവെൽസ് എന്ന കോർഡിനേറ്ററെ കിട്ടിയത്. വളരെ നല്ല രീതിയിൽ തന്നെ അവർ കാര്യങ്ങൾ കൈകാര്യം ചെയ്തു. ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു കാണേണ്ട സ്ഥലങ്ങളും സമയ പരിമിതിയും എല്ലാം മനസ്സിലാക്കി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ ഒരു തുക ഇല്ലാതെ തന്നെ എല്ലാം പ്ലാൻ ചെയ്തു തന്നു. (എയർപോർട്ടിൽ നിന്നുള്ള യാത്ര മുതൽ തിരിച്ചു എയർപോർട്ട് എത്തും വരെ ഉള്ള എല്ലാ യാത്രകളായും ടൂറുകളും ഉള്പെടുന്ന പാക്കേജ്).

അവസാന മുന്നൊരുക്കം ഷോപ്പിംഗ് ആണ്. ഒരു ഇസ്ലാമിക രാജ്യത്തിന് ചേരുന്നതും, തണുത്ത കാലാവസ്ഥക്ക് അനുസൃതവും ആയ വസ്ത്രങ്ങൾ കുട്ടികൾക്കുൾപ്പടെ കരുത്തേണ്ടതുണ്ട്. ഇതിൽ കയ്യിൽ ഇല്ലാത്തതു ചുരുക്കം ചിലതു മാത്രം മേടിച്ചു. അടുത്ത കടമ്പ ഭക്ഷണം ആണ്. സസ്യാഹാരി ആയ ഞാനും നാടൻ ഭക്ഷണം മാത്രം കഴിക്കുന്ന എന്റെ മക്കളും. അത് കൊണ്ട് ഇഡലി കലക്കി ഉണ്ടാകാൻ പറ്റുന്ന പൊടി മുതൽ ഇൻസ്റ്റന്റ് ഉപ്പുമാവ് വരെ സ്റ്റോക്ക് ചെയ്തു. അങ്ങനെ നവംബര് 30 വൈകുന്നേരം ഞങ്ങൾ ഈജിപ്തിലേക്ക് യാത്ര തിരിച്ചു. അബുദാബിയിൽ നിന്നും ബഹ്റൈനിലേക്കു ഒരു മണിക്കൂറും അവിടെ നിന്ന് കയ്‌റോയിലേക്കു മൂന്നര മണിക്കൂറും ആണ് യാത്ര സമയം. ഈജിപ്ത് സമയം 7.45 നാണു അവിടെ എത്തിയത്. അത്യാവശ്യം തിരക്കുള്ള വലിയ എയർപോർട്ട് ആണ് കെയ്റോ. പറഞ്ഞത് പോലെ തന്നെ ടൂർ കമ്പനിയിൽ നിന്നും ഉള്ള ഒരു വ്യക്തി ഞങ്ങളെ കാത്തു നിന്നിരുന്നു. വിമാനത്തിൽ നിന്നും കിട്ടിയിരുന്ന ഒരു സ്ലിപ് വിസ വിവരങ്ങൾ അടക്കം പൂരിപ്പിച്ചു വെച്ചതും പാസ്സ്പോര്ട്ടും കൂടെ കൊടുത്തു എൻട്രി സ്റ്റാമ്പ് ചെയ്തു പുറത്തു ഇറങ്ങി. ഇറങ്ങിയപ്പോൾ ചെറിയ തണുപ്പ് ഉണ്ടായിരുന്നു. പിന്നെ ടാക്സിയിൽ ഹോട്ടലിലേക്ക്.

ആഭ്യന്തര വിമാനയാത്ര കൂടെ കണക്കിലെടുത്തു ഐര്പോര്ട്ടിന്റെ അടുത്തുള്ള ഹോട്ടൽ ആണ് എടുത്തിരുന്നത്. അത് കൊണ്ട് തന്നെ 15 മിനിറ്റ് കൊണ്ട് ഹോട്ടൽ എത്തി. അടുത്ത ദിവസം രാവിലെ 7 മണിക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു ഞങ്ങൾ ഇറങ്ങി. ടൂർ ഗൈഡ് ഒരു സ്ത്രീ ആയിരുന്നു അസ്മ. ആദ്യം പോയത് ഈജിപ്ഷ്യൻ മ്യൂസിയം ആയിരുന്നു. കെയ്റോ സിറ്റിയിൽ തന്നെ ഉള്ള തഹ്‌രീർ സ്‌ക്വയർ എന്ന സ്ഥലത്താണ് മ്യൂസിയം സ്ഥിതി ചെയുന്നത്. മ്യൂസിയം എൻട്രി ഫീസ് 120EGP ആണ്. മമ്മിസ് റൂമിലേക്ക് കയറാൻ വേറെ ടിക്കറ്റ് ആണ് 180EGP. കുട്ടികൾക്ക് സൗജന്യ എൻട്രി ആണ്. കെയ്റോ പൗരാണിക ഫ്രഞ്ച് സൗധത്തിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള കെട്ടിടം ആണ്. രണ്ടു നിലകളിലായി ഒരു വലിയ സംസ്കാരത്തിന്റെ കുറെയേറെ ശേഷിപ്പുകൾ നമ്മളെ കാത്തിരിക്കുന്നു. ആദ്യ നിലയിൽ 3 കാലഘട്ടങ്ങളായി വേർതിരിക്കപ്പെട്ട ഈജിപ്തിന്റെ ചരിത്രം അവിടെ കാണാം.പലതരം കല്ലുകളിൽ കൊതി വെച്ചിരിക്കുന്ന ഫറോഹ് മാരുടെ പ്രതിമകൾ ആണ് ഇതിൽ പ്രധാനം. യഥാർത്ഥ വലുപ്പം മുതൽ പത്തു ഇരട്ടി വലുപ്പം വരെ ഉള്ളവ ഉണ്ട്. ഒരേ ആളുടെ പ്രതിമ തന്നെ പല രീതിയിൽ ഉള്ളത് കാണാം ( കാൽ വെച്ചിരിക്കുന്നതും കൈ വെച്ചിരിക്കുന്നതും വ്യത്യസ്തമാകുമ്പോൾ ഒരേ ആളുടെ വ്യത്യസ്ത ഭാവങ്ങൾ ആണ് അവതരിപ്പിക്കുന്നത്).

ഇതിൽ ഏറെ ശ്രദ്ധിക്കാനുള്ളത് പൗരാണിക ലിപിയിൽ (ചിത്രങ്ങളെ ഉപയോഗിച്ച്) കൊത്തി വെച്ചിരിക്കുന്ന വാക്യങ്ങൾ ആണ്. ഇവ പ്രതിമകളിടെ അടിയിൽ മുതൽ കല്ലറയുടെ ഉള്ളിൽ വരെ കാണാം. മുകളിലത്തെ നിലയിൽ മമ്മികളും അത് സൂക്ഷിച്ചിരുന്ന സ്വർണം കൊണ്ടും കല്ലുകൾ കൊണ്ടും അലങ്കരിച്ച കൊത്തുപണികളുള്ള പെട്ടികളും നിറഞ്ഞിരിക്കുന്നു. അതാത് കാലഘട്ടത്തിലെ വ്യത്യസ്തങ്ങളായ ആഭരണങ്ങളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രശസ്തമായ തുത്തന്ഖാമെന്റെ കല്ലറയിൽ നിന്നും കണ്ടെടുത്ത വിവിധ വസ്തുക്കൾ അദ്ദേഹത്തിന്റെ മമ്മിയിൽ വെച്ചിരുന്ന സ്വർണം കൊണ്ടുള്ള മുഖംമൂടിയും കാണാം. നാലായിരത്തോളം വർഷങ്ങൾ മുൻപ് ജീവിച്ചിരുന്ന മനുഷ്യന്റെ ശരീരം കാണുമ്പോൾ ആശ്ചര്യത്തോടെയും തെല്ലൊരു സങ്കോചത്തോടെയും അല്ലാതെ നോക്കാനാകില്ല. പിന്നീട് വന്ന ഭരണങ്ങളെയും മനുഷ്യരെയും പല യുദ്ധങ്ങളെയും എന്തിനു കൊള്ളക്കാരെ പോലും അതിജീവിച്ചു ഈ മമ്മികൾ നമ്മൾക്ക് മുന്നിൽ പല കാലഘട്ടങ്ങളിലുള്ള മനുഷ്യന്റെ അതിജീവനത്തിന്റെ ഓര്മപെടുത്തലായി നിലകൊള്ളുന്നു.

മ്യൂസിയത്തിനു പുറത്തു കുറച്ചു ചെറിയ സുവിനീയർ കടകൾ കണ്ടു. അടുത്തതായി പോയത് ഈജിപ്തിനെ ഇന്നും ലോക ഭൂപടത്തിൽ ഉയർത്തി നിർത്തുന്ന ലോകാത്ഭുദങ്ങളിൽ ഒന്നായ പിരമിഡ് കാണാനായിരുന്നു. കെയ്റോ നഗരത്തിൽ നിന്നും കുറച്ചു മാറി ഗിസ എന്ന ഉയർന്ന പ്രദേശത്താണ് പിരമിഡ് സ്ഥിതി ചെയുന്നത്. നൂറിൽ അധികം പിരമിഡുകൾ ഈജിപ്തിൽ ഉണ്ട് എങ്കിലും അവയിൽ ഏറ്റവും വലുപ്പമേറിയതും കേടുപാടുകൾ ഇല്ലാതെയും ഉള്ള 3 എണ്ണമാണ് പ്രധാനം. ഇവയുടെ പേരുകൾ ഖുഫു, കാഫറെ മീന്കുറെ എന്നാണ്. അതാത് പിരമിഡിനുള്ളിൽ സാംസ്കരികപെട്ട രാജാവിന്റെ പേരുകളിൽ ആണ് ഇവ അറിയപ്പെടുന്നത്. പിരമിഡ് കാണാൻ 160 EGP ആണ് റേറ്റ്. ഇതിൽ പിരമിഡിനുള്ളിൽ കയറാൻ 360EGP വേറെ കൊടുക്കണം. ചുറ്റും ഉള്ള ചെറിയ പിരമിഡുകളിൽ ഫ്രീ ആയി കയറാൻ സാധിക്കും.

പിരമിഡിനുള്ളിലേക്കു കയറുക എന്നല്ല ഇറങ്ങുക എന്നതാണ് ശരി. കുത്തനെ ഉള്ള ഇറക്കം ആണ് ഉള്ളിലേക്കു. ഇതിന്റെ അവസാനം മമ്മി ഇരുന്നിരുന്ന ഒരു അറ കാണാൻ സാധിക്കും. പിരമിഡുകൾ കഴിഞ്ഞു കുറച്ചു ദൂരെയായി മരുഭൂമിയിൽ തലയുയർത്തി നിൽക്കുന്ന രാജാവിനെ കാണാം. സിംഹത്തിന്റെ ഉടലുള്ള ഒരു രാജാവ് “സ്ഫിംക്സ് “ഗിസ സമതലത്തിന്റെ രക്ഷകനായി ആണ് സ്ഫിങ്ക്സിനെ കാണുന്നത്. ഒരു കാലത്തു സ്ഫിങ്ക്സിനെ ദൈവം ആയി ആരാധിച്ചിരുന്ന ഒരു കൂട്ടരുണ്ടായിരുന്നു എന്ന് ചരിത്രം. പിരമിഡുകൾ ഇരിക്കുന്നിടത്തു ചെറിയ സുവിനിയർ കടകൾ കാണാം.

ഉച്ച ഭക്ഷണം കയ്‌റോയിലെ തന്നെ ഒരു ഹോട്ടലിൽ ആയിരുന്നു പല തരാം വിഭവങ്ങളുള്ള ബുഫേ. ടൂറിസ്റ്റുകൾ നിറഞ്ഞിരിക്കുന്ന ഹോട്ടൽ. ചില മലയാളി മുഖങ്ങളും അതിനിടയിൽ കണ്ടു. അടുത്തതായി കയ്‌റോയിലെ പ്രശസ്തമായ ‘ഖാൻ എൽ ഖലീലി ബസാർ’ ആണ് പോയത്. ഒരു കോട്ട കൊണ്ട് ചുറ്റപ്പെട്ട വലിയ ബസാർ. ചെറിയ കടകളും തെരുവ് കച്ചവടവും തകൃതിയായി നടക്കുന്ന സ്ഥലം. നല്ലവണ്ണം വിലപേശി സാധനങ്ങൾ മേടിക്കാവുന്നതാണ്. രാത്രി പരിപാടികൾ ആയി ഡെസേർട്ട സഫാരി , നൈൽ ക്രൂയിസ് അല്ലെങ്കിൽ പിരമിഡുകൾക്കു അടുത്ത് തന്നെയുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നിവ തിരഞ്ഞെടുക്കാം. ഞങ്ങൾ ഇതിനൊന്നും നിന്നില്ല. മക്കൾക്കു ക്ഷീണം ആയി. തിരിച്ചു മുറിയിൽ വന്നു റസ്റ്റ് എടുത്തു.

അടുത്ത ദിവസത്തെ യാത്ര അലക്സാണ്ഡ്രിയ കാണാനായിരുന്നു. അലക്സാണ്ടർ ചക്രവർത്തി ഈജിപ്ത പിടിച്ചടക്കിയപ്പോൾ അദ്ദേഹത്തിന്റെ തലസ്ഥാനം ആയിരുന്നു കടൽ തീരത്തുള്ള അലക്സാണ്ഡ്രിയ നഗരം. കയ്‌റോയിൽ നിന്നും 3 മണിക്കൂർ യാത്രയുണ്ട് അലക്സാണ്ഡ്രിയയിലേക്കു. ഇവടെ ഗ്രീക്ക് റോമൻ അധിനിവേശത്തിന്റെ ബാക്കി ആയി പോംപിസ് പില്ലർ സിറ്റാഡൽ തുടങ്ങിയ സ്മാരകങ്ങൾ കാണാം. എല്ലാം തകർന്നടിഞ്ഞ അവസ്ഥയിൽ ആണ്. ചില അവശഷിപ്പുകൾ മാത്രം ബാക്കി. മനോഹരമായ കടൽ തീരം ആണ് നഗരത്തിന്റെ പ്രത്യേകത. പ്രധാനപ്പെട്ട എല്ലാ കെട്ടിടങ്ങളും കടൽ തീരത്തു തന്നെ ആണ്. അവിടത്തെ ഉച്ച ഭക്ഷണം കടൽ തീരത്തുള്ള ഫിഷിങ് വില്ലജ് എന്ന മനോഹരമായ റെസ്റ്റാറ്റാന്റിൽ ആയിരുന്നു.

അലക്സാണ്ഡ്രിയ നഗരത്തിൽ എന്നെ അത്ഭുധപെടുത്തിയത് അവിടത്തെ ലൈബ്രറി ആയിരുന്നു.ഒരു കാലത്തു ലോകത്തിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിൽ ഒന്നായിരുന്നു അലക്സാണ്ഡ്രിയ ലൈബ്രറി. പിന്നീട് വന്ന പല അധിനിവേശങ്ങളിൽ ആരാണ് അത് നശിപ്പിച്ചത് എന്ന് അറിവില്ല എങ്കിലും അതിന്റെ ചുവടു പിടിച്ചു നിൽക്കാൻ പാകത്തിനാണ് ഇന്നത്തെ ലൈബ്രറിയും സ്ഥാപിച്ചിരിക്കുന്നത്. മ്യൂസിയം മുതൽ കുട്ടികൾക്കുള്ള പ്രത്യേകം ലൈബ്രറി വരെ അടങ്ങുന്ന വലിയൊരു സമുച്ചയം തന്നെ ആണ് അലക്സാണ്ഡ്രിയ ലൈബ്രറി. 4 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം ഇല്ലാത്തതു കൊണ്ട് ഞാൻ മോളെയും എടുത്തു പുറത്തിരുന്നു. ഭർത്താവാണ് ആദ്യം ഉള്ളിലേക്കു പോയത്. അലക്സാണ്ഡ്രിയ നഗരത്തിന്റെ തണുപ്പ് ആസ്വദിച്ച് കടൽ കാറ്റ് കൊണ്ട് അവിടെ ഇരുന്നപ്പോൾ ഒരുപാട് ആളുകളോട് സംസാരിക്കാൻ പറ്റി. അലക്സാണ്ഡ്രിയ യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ് വിദ്യാർത്ഥിനി നജാ, കൊറിയൻ യാത്രികൻ (പേര് പറഞ്ഞത് എനിക്ക് മനസിലായില്ല), ചൈനീസ് ഗെയ്ഡ്, റിട്ടയർമെന്റിനു ശേഷം യാത്ര നടത്തുന്ന ഇന്ത്യക്കാരായ ദമ്പതികൾ, അങ്ങനെ പലതരം സഞ്ചാരികൾ. പല സാഹചര്യങ്ങളിൽ പല നാടുകളിൽ നിന്നും എത്തിയവർ. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞ ഒരു കാര്യം ഉണ്ട് – ഈജിപ്ത് ആദിശയിപ്പിച്ചു കളഞ്ഞു എന്ന്. അവിടെ കണ്ട ഈജിപ്ഷ്യൻ വിദ്യാർത്ഥി പറഞ്ഞ ഒരു കാര്യം ഈജിപ്തിൽ ഇത് വരെ കണ്ടതല്ല ഇനി നിങ്ങൾ ലക്സോറിൽ കാണാൻ ഇരിക്കുന്നത് എന്ന്. ലോകത്തിനായി ഈജിപ്ത് കാത്തു വെച്ച ഏറ്റവും വലിയ അത്ഭുതം പിരമിഡ് ആണെന്ന് ധരിച്ച എന്നെ തിരുത്തി കുറിച്ച് കൊണ്ട് അവൾ പറഞ്ഞു “ലക്സോർ കണ്ടിട്ടു പറയു” എന്ന്.

രാത്രി തന്നെ അലക്സാണ്ഡ്രിയയിൽ നിന്നും കയ്‌റോയിലേക്കു തിരിച്ചു. വരുമ്പോൾ കെയ്റോ നഗരത്തിന്റെ ഗതാഗത കുരുക്കിന്റെ ശരിക്കുള്ള അവസ്ഥ കണ്ടു. ഇഴഞ്ഞു നീങ്ങി മണിക്കൂറുകൾ കൊണ്ട് 2 കിലോമീറ്റര് പോലും നീങ്ങാത്ത അവസ്ഥ. യാത്ര കഴിഞ്ഞു ഹോട്ടലിൽ എത്തിയപ്പോളേക്കും ക്ഷീണമായി. വേഗം തന്നെ അത്താഴം കഴിച്ചു കിടന്നുറങ്ങി. രാവിലെ 5.45 നാണു ലക്സോറിലേക്കുള്ള ഈജിപ്ത് എയർ വിമാനം. രാവിലെ 4.30 നു തന്നെ ടൂർ കമ്പനി വണ്ടിയുമായി എത്തി. തണുപ്പിനുള്ള വസ്ത്രങ്ങളെല്ലാം എടുത്താണ് ഇറങ്ങിയത്. മക്കൾക്കുള്ള രാവിലത്തെ ഭക്ഷണം പാക്ക് ചെയ്തെടുത്തു. ഒരു മണിക്കൂർ നേരത്തെ യാത്രയാണ് കയ്‌റോയിൽ നിന്ന് ലക്സോരിലേക്കു. വിമാനം നിലം തൊടുന്നതിനു മുൻപേ തന്നെ പല നിറത്തിലുള്ള ഹോട്ട് എയർ ബലൂണുകൾ ആണ് നമ്മൾ കാണുക. ലക്സോറിലെ പ്രധാന അഡ്വെഞ്ചർ സ്പോർട്ടുകളിൽ ഒന്നാണിത്. സൺറൈസ് കാണാൻ തക്ക പാകത്തിൽ വെളുപ്പാൻ കാലത്താണ് ഈ റൈഡുകൾ. ഈജിപ്തിന്റെ middle kingdom എന്നറിയപ്പെടുന്ന കാലഘട്ടത്തിൽ ആണ് ലക്സോർ ഉയർന്നു വന്നത്. പിന്നീട് വന്ന new kingdom എന്നറിയപ്പെടുന്ന കാലഘട്ടത്തിലും ലക്സോർ തലസ്ഥാനമായി തുടർന്നു. പച്ചപ്പും പൂക്കളും നിറഞ്ഞൊരു കൊച്ചു നഗരം. ടൂറിസം കൃഷി തുടങ്ങിയവയാണ് പ്രധാന വരുമാന മാർഗം.

അഞ്ചോ ആറോ വര്ഷം കൂടുമ്പോൾ മാത്രം മഴ പെയ്യുന്ന ഒരു സ്ഥലം ഇത്രയും കൃഷി ചെയുന്നത് നൈൽ നദിയിൽ നിന്നുള്ള വെള്ളം കനാൽ വഴി എത്തിച്ചാണ്. ലക്സോറിൽ ട്രാഫിക്കിന്റെ കൂടെ തന്നെ ഒരുപാട് കുതിരവണ്ടികളും കാണാം. വെറും 20 EGP ക്കു ലക്സോറിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ എല്ലാം കറക്കി കൊണ്ട് വരും. ലക്സോർ ലക്സോറിൽ ആദ്യം പോയത് കർണാക് ടെംപിൾ ആയിരുന്നു. കാർണാക് ടെംപിൾ കോംപ്ലക്സ് Middle kingdom മുതൽ മുപ്പതോളം മാറി വന്ന ഫറോകൾ ചേർന്ന് ഒരു വലിയ കാലഘട്ടം കൊണ്ടു പണിതതാണ്. അത് കൊണ്ട് തന്നെ വിവിധ കാലഘട്ടങ്ങളിലെ ആരാധനാ മൂർത്തികൾക്കായുള്ള ചെറിയ ആരാധനാലയങ്ങൾ ഉണ്ട്. എന്ത് കൊണ്ടും നമ്മുടെ നാട്ടിലെ അമ്പലത്തിലെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.

വിശാലമായ ഒരു കോർട്യാർഡിൽ നിന്നും ചെറിയ ഒരു വാതിൽ വഴി അകത്തേക്കു പ്രവേശിക്കുമ്പോൾ ചെറിയ ഒരു മുറി ആണ് ആരാധനാ മൂർത്തിക്കായി പണിതിരിക്കുന്നത്. ഇന്ന് അവ ഒഴിഞ്ഞ മുറികൾ ആണെങ്കിലും ഒരു കാലത്തു അവിടെ നടന്നിരുന്ന ആരാധനയുടേം ജീവിതത്തിന്റെയും ശേഷിപ്പുകളായി ചുമരെഴുത്തുകൾ കാണാം. എടുത്തു പറയേണ്ട മറ്റൊരു കാര്യം ഓരോ മൂർത്തിക്കും പ്രത്യേകം ബലി കൊടുക്കാനുള്ള ബലി കല്ലുകൾ ഇന്നും നില കൊള്ളുന്നു. അമൂൻ റാ യുടെ ആരാധനാലയം മാത്രമാണ് ഇപ്പോൾ ടൂറിസ്റ്റുകൾക്കായി തുറന്നിരിക്കുന്നത്. കാർനാക്കിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകത 16 നിരകളിലായി തലയെടുപ്പോടെ നിൽക്കുന്ന 134 തൂണുകൾ ആണ്. 3 മീറ്ററിൽ കൂടുതൽ വണ്ണത്തിൽ 10 മുതൽ 21 മീറ്റർ വരെ പൊക്കത്തിലാണിവ സ്ഥിതി ചെയുന്നത്. പല നിറങ്ങളിൽ ജീവിതവും ജീവിത രേഖകളും ഒരു കാലത്തു ആലേഖനം ചെയ്യപ്പെട്ടിരുന്ന തൂണുകൾ. ഇന്നും അവയിൽ പലതും നമുക്ക് കാണാൻ സാധിക്കും. ലക്സോരിൽ അടുത്തതായി പോയത്തട് ലക്സോർ ടെംപിൾ ആണ്. കർണ്ണകിൽ നിന്നും ഒരു നേർ രേഖയിൽ ആണ് ലക്സോർ ടെംപിൾ സ്ഥിതി ചെയുന്നത്. ഈജിപ്റ്റിൻ ചരിത്രത്തിലെ തന്നെ സുവർണ കാലഘട്ടം ആയിരുന്നു റാംസെ രണ്ടാമന്റെ ഭരണം. അദ്ദേഹത്തിന്റെ ഭരണ കളത്തിൽ ആണ് ഇതിന്ടെ നിർമാണത്തിന്റെ നല്ലൊരു പങ്കും നടന്നത്.

നമ്മളെ ആദ്യം വരവേൽക്കുക റാംസെ രണ്ടാമന്റെ 2 പടുകൂറ്റൻ പ്രതിമകൾ ആണ്. അതിനു പുറകിലായി ഒരു വലിയ സ്തംഭം. കൊത്തുപണികൾ കൊണ്ട് ഫറോമാരുടെ ചരിത്രം ആലേഖനം ചെയ്ത ഒന്ന്. ലക്സോർ ടെംപിളിൽ അകത്തേക്കുള്ള ഭാഗങ്ങളിൽ നിറം മങ്ങാത്ത ചില ചുവരെഴുത്തുകൾ ഇപ്പോളും കാണാം. ഉച്ച ഭക്ഷണം ഒരു കുടുംബം വീട്ടുമുറ്റത്തു നടത്തുന്ന പരമ്പരാഗതമായ ചെറിയ ഹോട്ടലിൽ ആയിരുന്നു. ചട്ടിയിൽ പാകം ചെയ്ത ചോറും കറികളും വളരെ സ്വാദിഷ്ടമായിരുന്നു. ഭക്ഷണത്തിനു ശേഷം ലക്സോറിന്റെ പടിഞ്ഞാറേ ഭാഗത്തേക്ക് നൈൽ നദി കടന്നു സഞ്ചരിച്ചു. തികച്ചും ഗ്രാമീണ രീതിയിലുള്ള ജീവിതം. പലരും കുലത്തൊഴിലായ ശില്പ നിർമാണം തന്നെ നടത്തി ജീവിക്കുന്നവരാണ്. കരിമ്പ് കൃഷി റോഡിന്റെ ഇരുവശങ്ങളിലും ധാരാളമായി കാണാം. ഇഷ്ടിക നിർമാണ ശാലകൾ ചെറു വീടുകളോട് ചേർന്നുള്ള ശില്പ നിർമാണങ്ങൾ തുടങ്ങിയവയാണ് വഴിയോര കാഴ്ചകൾ. ഇവിടെ ആദ്യമായ് പോയത് കൊളോസി ഓഫ് മേമൻ എന്നറിയപ്പെടുന്ന രണ്ടു പ്രതിമകൾ കാണാനാണ്. അമേൻഹോട്ടപ് മൂന്നാമൻ എന്ന ഫറോയുടേതാണീ പ്രതിമകൾ. ഇതിനു ചുറ്റും ഉണ്ടായിരുന്ന കേട്ടിട്ടിടം 1200 BC യിൽ ഈജിപ്തിൽ ഉണ്ടായ ഭൂമി കുലുക്കത്തിൽ നശിച്ചു പോയി. പഴയ കാല സഞ്ചാരികൾ പലരും സൂര്യോദയത്തിൽ ഇതിൽ ഒരു പ്രതിമ ചൂളം വിളിക്കുന്നതായി പറയുന്നു. 540 AD വരെ ഈ പ്രതിഭാസം കേട്ടവരുണ്ട്. അതിനു ശേഷം ഇത് നിലച്ചു. ഈ ചൂളം വിളിയുടെ കാരണം ഇപ്പോളും വ്യക്തമല്ല.

ഇവിടെ നിന്നും പോയത് ഹാഥ്ഷെപ്സുത് ടെംപിളിലേക്കാണ്. ഈജിപ്തിന്റെ ചരിത്രത്തിലെ തന്നെ വിരലിലെണ്ണാവുന്ന സ്ത്രീ ഫറൊമാരിൽ ഒരാളാണ് ഹാഥ്ഷെപ്സുത്. ലക്സോർ ടെംപിളിലെ സ്തംഭം ഇവരുടെ പേരിൽ ഉള്ളതാണെന്നാണ് വിശ്വാസം. പഴയകാല പണികളിൽ ഇത് വരെ കണ്ടതെല്ലാം ഒരൊറ്റ നിലയിൽ എന്നാൽ വളരെ പൊക്കത്തിൽ ഉള്ളവയായിരുന്നു. എന്നാൽ ഇത് 3 നിലയിൽ ആയി ആണ് പണിതിരിക്കുന്നത്. ഓരോ നിലയെയും ബന്ധിപ്പിക്കുന്നത് ചെരിഞ്ഞ പ്രതലങ്ങളാണ്. ഹാഥ്ഷെപ്സുത്തിന്റെ ഭരണകാലത്തെ വ്യാപാര വിനിമയങ്ങളുടെയും മറ്റും ചിത്രങ്ങളാണ് ഇവിടത്തെ ചുമരുകളിൽ നിറയെ. ലക്സോറിലെ അവസാന കാഴ്ചയായി പോയത് വാലി ഓഫ് കിങ്‌സ് എന്നറിയപ്പെടുന്ന ഫറവോമാരുടെ ശവ കുടീരങ്ങൾ കാണാൻ ആയിരുന്നു. നൈൽ നദി തീരത്തെ ഒരു മല തുരന്നാണ് ഇവ നിർമിച്ചിരിക്കുന്നത്. 64 ചേംബറുകൾ ആണ് ഇപ്പോൾ തുറന്നിരിക്കുന്നത്. ഇവയിൽ 3 എണ്ണം പ്രത്യേക ഫീസ് ഇല്ലത്തെ എൻട്രി ഫീസിനൊപ്പം തന്നെ ചേർന്ന് കാണാം. തുത്തന്ഖാമെന്റേതു ഉൾപ്പെടെയുള്ളവയ്ക്ക് പ്രത്യേക ഫീസ് ഉണ്ട്.

ആദ്യം പോയത് മെരെൻപഥാ എന്ന ഫറോയുടെതാണ്. വളരെ വിപുലമായി തന്നെ മലയ്ക്കുള്ളിലേക്കു തുരങ്കം പണിതു അതിനുള്ളിൽ വലിയ മുറികളോട് കൂടി ഉള്ളതാണ് ഒരൊ കുടീരവും. ബറിയൽ ചേംബർ, മമ്മിഫിക്കേഷൻ ചേംബർ തുടങ്ങിയവ കാണാം. ഇവിടെയും അടക്കം ചെയ്തിട്ടുള്ള ഫറവോയുടെ ജീവിതവും ഭരണകാലവും അടങ്ങുന്ന ചുവരെഴുത്തുകൾ കാണാം. ഈജിപ്ഷ്യൻ വിശ്വാസ പ്രകാരമുള്ള മരണാനന്തര ജീവിതവും വളരെ പ്രാധാന്യത്തോടെ തന്നെ ചുമരെഴുത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേ രീതിയിൽ തന്നെയാണ് എല്ലാ കുടീരങ്ങളും നിർമിച്ചിരിക്കുന്നത്. ഈ മലകൾക്കുള്ളിൽ ഇനിയും എത്രയോ ഫറോമാർ അവരുടെ രഹസ്യങ്ങളും പേറി ഉറങ്ങുന്നുണ്ടെന്നു ചിന്തിച്ചു പോയി. അതിനു ശേഷം ലക്സോരിൽ തന്നെ ഒരു ഹോട്ടലിൽ കുറച്ചു വിശ്രമിച്ചു ഞങ്ങൾ രാത്രി വിമാത്തിൽ തന്നെ കയ്‌റോയിൽ എത്തി. ഒരുപാടൊരുപാട് മനം മയക്കുന്നതും അമ്പരിപ്പിക്കുന്നതുമായ കാഴ്ചകളും കുറെ നല്ല ഓർമകളുമായി ഞങ്ങൾ അടുത്ത ദിവസം ഈജിപ്തിന് വിട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post