ലേഖനത്തിനു കടപ്പാട് : വാഹനമേളം ഫേസ്‌ബുക്ക് പേജ്.
1948 ൽ സ്ഥാപിതമായ ഇന്ത്യൻ കമ്പനിയാണ് എയ്‌ഷെർ മോട്ടോർസ് . ആദ്യ കാലത്ത് ട്രാക്ടർ കൾ നിർമിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് 1982 ൽ ജാപ്പനീസ് വമ്പൻ മിസ്തുബിഷിയുമായി കൈ കോർത്തു കൊണ്ട് വാണിജ്യ വാഹന വിഭാഗത്തിൽ പേരെടുത്തു. ജാപ്പനീസ് മികവ് ഉലപന്നങ്ങളിൽ കാണാമായിരുന്നു, പ്രധാനമായും ചെറു ട്രക്ക് കളും വാനുകളുമായിരുന്നു നിരത്തിലെത്തിച്ചിരുന്നത്. അങ്ങനെ ആണ് ഗൾഫിൽ കണ്ടു വന്ന മിത്സുബിഷി വാഹന മികവിന്റെ ഇന്ത്യൻ പതിപ്പ് നമ്മുടെ നാട്ടിലെത്തിയത്. പിന്നീട് സ്വന്തം നിലയിൽ വളർന്ന എയ്‌ഷെർ റോയൽ എൻഫീൽഡ് നെ ഏറ്റെടുക്കുകയും ചെയ്തു.
ഇനി കാര്യത്തിലേക്ക് വരാം, കാലങ്ങളോളം ചെറു, ഇടത്തരം വാണിജ്യ വാഹനങ്ങളിൽ ഒതുങ്ങി നിന്നിരുന്ന കമ്പനി വലിയ വാണിജ്യ വാഹനങ്ങൾ ഇറക്കിയെങ്കിലും വിജയം കണ്ടില്ല. അങ്ങനെ ഇരിക്കെ 2008 ൽ വോൾവോ കമ്പനിയുമായി സഖ്യത്തിലാകുകയും, വോൾവോ എയ്‌ഷെർ കൊമേർഷ്യൽ വെഹിക്കിൾസ് സ്ഥാപിതമാകുകയും ചെയ്തു. ഈ സ്വീഡിഷ് ബന്ധം എയ്‌ഷെറിന് ഗുണകരമായി.
ഭാരത് സ്റ്റേജ് 4 നിലവാരം വന്നപ്പോൾ മികവുറ്റ ഒരു ബസ് മോഡൽ ഷാസി സഹിതം ഇറക്കി വിപണി പിടിക്കാൻ 20.15 എന്നൊരു മോഡൽ ഇറക്കി. വിലയിലും, സാങ്കേതികതയിലും ഉപഭാക്താവിന് കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പ് നൽകിയാണ് വരവ്. 5340 mm, 5840 mm എന്നിങ്ങനെ രണ്ടു വീൽ ബേസുകളിലാണ് 20.15 ഷാസി എത്തുന്നത്.
5640 സിസി ഭാരത് സ്റ്റേജ് 4 മലിനീകരണ നിയമങ്ങൾ പാലിക്കുന്ന കോമൺ റെയിൽ ഡീസൽ 6 സിലിണ്ടർ എൻജിനാണ് ഈ മോഡലിന് കരുത്തു പകരുന്നത്. മലിനീകരണം കുറക്കുന്നതിലേക്കായി EGR ( Exhaust Gas Recirculation ), SCR ( Selective Catalytic Re-circulation) എന്നിങ്ങനെ രണ്ടു തരത്തിലുള്ള എഞ്ചിൻ വകഭേദങ്ങൾ ഉണ്ട്.
EGR മോഡലിന് 190 hp @ 2400 rpm ആണ് പരമാവധി കരുത്ത്. 715 nm @ 1200 rpm ആണ് ടോർക്. SCR മോഡലുകൾക്ക് 53 wb ക്ക് 180 hp യും 58 wb ക്ക് 230 hp യുമാണ് കരുത്ത്. ടോർക് യഥാക്രമം 700 nm ഉം 820 nm ഉം. SCR മോഡലിൽ ആഡ് ബ്ലൂ എന്ന യൂറിയ സൊല്യൂഷൻ ഡീസലിനൊപ്പം പ്രത്യേക അനുപാതത്തിൽ ഒഴിക്കണം. എന്നാൽ EGR ആണെങ്കിൽ ഇതിന്റെ ആവശ്യമില്ല. ദീർഘ കാലം പരിപാലനവും, പുകയും കുറച്ച് SCR നാണെന്ന് നിർമാതാക്കൾ. കൂടാതെ ഡ്രൈവർ ക്യാബിനുള്ളിൽ ചൂട് കുറവും SCR ന് തന്നെ.
ET 70 S 6 എന്ന ഗിയർ ബോക്സ് 6 സ്പീഡാണ്. AMT മോഡലും ലഭ്യമാണ്. 250 ലിറ്റർ ന്റെ വലിയ ടാങ്കാണ് ഡീസൽ സംഭരണത്തിന്. പരമാവധി ഭാര ശേഷി (Gvw) 16200 kg യാണ്. മുന്നിൽ പരാബോളിക് ലീഫ് സ്പ്രിങ്ങും, പിന്നിൽ എയർ സസ്പെന്ഷന് ഓപ്ഷണൽ ആയും ലഭിക്കും. 10R20 16 PR എന്ന സൈസിലാണ് റേഡിയൽ ടയറുകൾ. കാറുകളുടേത് പോലത്തെ ചെറിയ പവർ സ്റ്റീറിങ്ങാണ് 20.15 ന്. ഓടിക്കാൻ വളരെ എളുപ്പത്തിനായി, ക്രമീകരണത്തിനായി ടിൽറ് ആൻഡ് ടെലിസ്കോപിക് സൗകര്യത്തോട് കൂടിയും ഒപ്പം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും.
എബിഎസ് ബ്രേക്കുകൾ വാഹനത്തിനു കൂടുതൽ സുരക്ഷ ഒരുക്കും. 3 വർഷം അല്ലെങ്കിൽ 3 ലക്ഷം കിലോമീറ്റർ ഡ്രൈവ് ലൈൻ വാറന്റിയാണ് കമ്പനി നൽകുന്നത്. സർവീസ് ഇടവേള 40000 കിലോമീറ്ററും. ഷാസി വില 15 ലക്ഷം മുതൽ. ബസ് വിപണിയിലെ മറ്റ് എതിരാളികളുമായി കട്ടക്ക് നിൽക്കുന്ന ബസ് മോഡൽ തന്നെയായ എയ്‌ഷർ 20.15 വിപണിയിൽ ചലനങ്ങൾ ഉണ്ടാക്കുമെന്നുറപ്പ്.