എഴുത്ത് – അരുൺ പുനലൂർ.
2018 ലെ ഒരു രാത്രി കൊച്ചി ടൌൺ ഹാളിൽ നിന്നിറങ്ങി സുഹൃത്തിന്റെ താമസ സ്ഥലത്തേക്ക് പോകാൻ ഓട്ടോ കാത്ത് കുറേ നേരം നിന്നു. പല വണ്ടികൾ വരുകയും പോവുകയും ചെയ്യുന്നു. എല്ലാത്തിലും ആളുണ്ട്. ഒടുവിലൊരു വണ്ടി വന്നു. അടുത്തെത്തിയപ്പോൾ അതൊരു ചേച്ചിയാണ് ഓടിക്കുന്നത്. ഒരൽപ്പം അത്ഭുതപ്പെട്ടു. ഈ സമയത്തും ഓട്ടോ ഓടിക്കാൻ ഒരു സ്ത്രീ തയ്യാറാകുന്നു!
എനിക്ക് പോകേണ്ട സ്ഥലം പറഞ്ഞപ്പോൾ ചേച്ചിയ്ക്ക് കൃത്യമായി അറിയില്ല. എനിക്കും വഴി അത്ര തിട്ടമില്ല. എങ്കിലും ചോദിച്ചു പോകാമെന്നു അവർ പറഞ്ഞപ്പോൾ ഞാൻ കേറി. കുറച്ചു അകത്തേക്കുള്ള വഴിയിൽ ചോദിക്കാനൊന്നും ആരെയും കാണുന്നില്ല. കടകളൊക്കെ എപ്പോഴേ അടച്ചു പോയിരിക്കുന്നു. വഴിയിൽ കണ്ട ഒന്നുരണ്ടു പേരോട് ചോദിച്ചപ്പോൾ ഈ സ്ഥലം അവർക്കും നല്ല പിടിയില്ല. എന്നാലും എനിക്കിറങ്ങേണ്ട സ്ഥലത്ത് കൊണ്ടെത്തിച്ചു.
ആ യാത്രയിൽ ഞാനാലോചിച്ചത് അവരെക്കുറിച്ചായിരുന്നു. രാത്രിയിൽ ഒരു വലിയ നഗരത്തിന്റെ ഇരുണ്ട മൂലകളിലേക്ക് വഴിയറിയാത്തിടങ്ങളിലേക്കു വണ്ടിയോടിക്കാൻ അവർ നിർബ്ബന്ധിതയാകുന്നത് എന്തുകൊണ്ടാകും. കുടുംബം നോക്കാനുള്ള തത്രപ്പാടിൽ ആകില്ലേ രാത്രിയോളം നീളുന്ന ഈ ഓട്ടം. എന്റെയുള്ളിൽ തികട്ടി വന്ന ഇങ്ങനെ ചില ചോദ്യങ്ങൾക്കു ഉത്തരം ചോദിച്ചറിയണമെന്നുണ്ടായിരുന്നു. പക്ഷെ വഴി കണ്ടുപിടിക്കാനുള്ള ടെന്ഷനിനിടയിൽ എന്റെയീ അസമയത്തുള്ള ചോദ്യങ്ങൾ അവരെ അലോസരപ്പെടുത്തിയേക്കുമോ എന്നു ഭയന്ന് ഞാനാ ചോദ്യങ്ങളെ ഉള്ളിൽ തന്നേ തളച്ചിട്ടു.
പകലും രാത്രിയുമെന്നോ പേടിക്കാതെയോ ഒരു സ്ത്രീ ഈ സമയത്ത് നേരിട്ടേക്കാവുന്ന അതിക്രമങ്ങളെ ഭയന്ന് വീട്ടിലിരിക്കാതെയോ ഒക്കെ ഇങ്ങനെ രാവന്തിയോളം കഷ്ടപ്പെട്ട് കുടുംബം പോറ്റാനിറങ്ങി തിരിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒട്ടനേകം സഹോദരങ്ങളുടെ പ്രതിനിധിയാണവർ. ബഹുഭൂരിഭാഗവും സുരക്ഷിതത്ത്വത്തിന്റെ ചുമരുകൾക്കുള്ളിൽ ഉറക്കം പൂകുമ്പോൾ ഇരുട്ടിന്റെ ഭയപ്പെടുത്തുന്ന വഴികളിലേക്ക് ധൈര്യപൂർവ്വം ജീവിതം തേടി ഇറങ്ങിപ്പോകേണ്ടിവരുന്നവരിൽ ഒരാൾ.
വണ്ടി നിർത്തിയിറങ്ങി കാശു കൊടുത്തു നന്ദി പറഞ്ഞപ്പോൾ വെളിയിൽ നിന്നു പാളി വീഴുന്ന ഇറ്റു വെളിച്ചത്തിൽ അവരുടെ മുഖത്ത് വിരിഞ്ഞ ചെറു പുഞ്ചിരി ആശ്വാസം നൽകി. വണ്ടി തിരിച്ചു ചേച്ചി പോയി. കുറേ വണ്ടികൾക്ക് കൈ കാണിച്ചിട്ടും നിർത്താതെ പോയ ഈ മഴ പെയ്യുന്ന രാത്രിയിൽ എനിക്ക് മുന്നിലേക്ക് വണ്ടിയുമായെത്തി അറിയാത്ത
വഴികളികൂടെ ഇവിടെ വരെയെത്തിച്ചു മടങ്ങിപ്പോയ അവർ ആരെന്നോ എവിടുന്നു വരുന്നെന്നോ അറിയില്ല.