കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മിക്കയിടങ്ങളിലും ജില്ലാ കലക്ടർമാർ മികച്ച സേവന മനോഭാവത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അതിൽ എടുത്തു പറയേണ്ട ഒരാളാണ് എറണാകുളം ജില്ലാ കലക്ടറായ എസ്.സുഹാസ് ഐ.എ.എസ്.

കഴിഞ്ഞ വർഷം പ്രളയം വന്നപ്പോൾ ആലപ്പുഴയിലെ ജില്ലാ കളക്ടർ ആയിരുന്നു സുഹാസ് സർ. അന്ന് അദ്ദേഹം ആലപ്പുഴയിൽ നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനീയമായിരുന്നു. പ്രളയക്കെടുതിയിൽ നിന്ന് ആലപ്പുഴയെ കൈപിടിച്ചുയർത്തിയതിൽ പ്രധാന പങ്ക് ജില്ലാ കലക്ടറായ സുഹാസിന്റേത് തന്നെയായിരുന്നു എന്ന് ആലപ്പുഴക്കാർ അടക്കമുള്ളവർക്ക് അറിയാവുന്നതാണ്. അതേ സേവന മനോഭാവത്തോടെയും ദൃഢനിശ്ചയത്തോടെയുമാണ് തൻ്റെ പുതിയ പ്രവർത്തന മേഖലയായ എറണാകുളത്തും അദ്ദേഹം പ്രവർത്തിക്കുന്നത്.

എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശിക്കുകയും, അവിടെയുള്ളവരുടെ വിഷമങ്ങൾ കേൾക്കുകയും, അവരിൽ ഒരാളായി അവരോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്താണ് സുഹാസ് ഐ.എ.എസ്. ജനഹൃദയങ്ങളിൽ ഇടം നേടിയിരിക്കുന്നത്. എറണാകുളത്തെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പായ ഏലൂരിലെ FACT സ്‌കൂളിൽ എത്തിയ സുഹാസ് അവിടത്തെ തൻ്റെ അനുഭവങ്ങൾ ഫേസ്‌ബുക്കിൽ ഒരു കുറിപ്പായി ഷെയർ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കുറിപ്പ് താഴെ കൊടുക്കുന്നു.

“ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം. ഏകദേശം മൂന്നു മണിയോടെയാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലയിലെ തന്നെ വലിയ ക്യാമ്പുകളിൽ ഒന്നായ ഏലൂരിലെ FACT ടൗണ്ഷിപ് സ്കൂളിൽ എത്തിയത്. വില്ലജ് ഓഫീസറുടെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ മികച്ച സേവനമാണ് ഇവിടെ നൽകുന്നതെന്നു മനസിലാക്കി.

ക്യാമ്പിലുള്ളവരോടെല്ലാം സംസാരിക്കുവാനും സൗകര്യങ്ങെളെപ്പറ്റി അന്വേഷിക്കാനും ശ്രമിച്ചപ്പോളാണ് ഈ വിഷമങ്ങൾക്കിടയിലും ഞാൻ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചത്. ഇല്ലാ എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നായി. ആ സമയം കൊണ്ട് ഒരു ക്യാമ്പുകൂടി സന്ദർശിക്കാമെന്നു പറഞ്ഞപ്പോൾ ഇങ്ങനെ ഓടി നടക്കാൻ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഭക്ഷണവുമായി എത്തി. ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്. ഈ സ്നേഹമാണെന്റെ ഊർജം. ഈ സ്നേഹം നിങ്ങളോടു പങ്കുവെച്ചില്ലെങ്കിൽ മര്യാദ അല്ല എന്ന് തോന്നി. മഴയൊന്നു മാറി ഇവർ സ്വന്തം വീടുകളിൽ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു.”

പത്തനംതിട്ട കളക്ടർ, കോഴിക്കോട് കളക്ടർ, മലപ്പുറം കലക്ടർ തുടങ്ങി നിലവിൽ കേരളത്തിലെ പ്രളയദുരിതങ്ങൾ അനുഭവിക്കുന്ന ജില്ലകളിലെ കളക്ടർമാർ എല്ലാം തന്നെ മികച്ച രീതിയിലുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാവരും ഒന്നിച്ച് ദുരിതക്കയത്തിൽ വീണുപോയവരെ ഒറ്റക്കെട്ടായി ഉയർത്തുകയാണ്. എല്ലാവർക്കും പറയുവാൻ ഒരേ വാക്കുകൾ “അതെ, നമ്മൾ അതിജീവിക്കും…”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.