കൊറോണ എന്ന വാക്ക് കേട്ടാൽ ഇപ്പോൾ എല്ലാവർക്കും പേടിയാണ്. എന്നാൽ കൊറോണ മൂലം കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നവരുടെ സൗകര്യങ്ങളും ഓരോ നേരത്തുള്ള ഭക്ഷണത്തിൻ്റെ മെനുവും കണ്ടാൽ ഒരൽപ്പം പേടി കുറയാൻ ചാൻസുണ്ട്. വിഭവസമൃദ്ധമായ കൊറോണ വാർ‌ഡിലെ മെനു കണ്ട് ചിലർക്കെങ്കിലും കൊതി വന്നാൽ അത്ഭുതപ്പെടാനില്ല. ഇതിനെക്കുറിച്ച് എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഫേസ്ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു.

“അതിഥി ദേവോ ഭവ! ഇത് കേരളമാണ്. കോവിഡ് 19 ലക്ഷണത്തെ തുടർന്ന് ഐസൊലേഷനിൽ കഴിയുന്ന ഓരോരുത്തർക്കും, അത് സ്വദേശിയാണെങ്കിലും വിദേശിയാണെങ്കിലും മികച്ച സൗകര്യങ്ങൾ ഒരുക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഐസൊലേഷനിൽ കഴിയുന്നവർക്ക് കാരാഗൃഹവാസമല്ല മറിച്ചു സ്വന്തം വീട്ടിൽ കഴിയുന്നത് പോലെയോ അതിലുപരിയോ ആയ സൗകര്യങ്ങളാണ് നൽകുന്നത്.

കളമശേരി മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിലെ പ്രഭാതഭക്ഷണം (മലയാളികൾക്ക്) – രാവിലെ 7.30 നു ദോശ, സാമ്പാർ, രണ്ടു മുട്ട, രണ്ട് ഓറഞ്ച്, ചായ, ഒരു ലിറ്റർ മിനറൽ വാട്ടർ. 10.30 നു ഫ്രഷ് ജ്യൂസ്. ഉച്ചയ്ക്ക് 12 മണിയ്ക്ക് ഊണ് ലഭിക്കും. ഊണിനു രണ്ടു ചപ്പാത്തി, ചോറ്, ഫിഷ് കറി, തോരൻ, പച്ചക്കറികൾ, തൈര്, ഒരു ലിറ്റർ മിനറൽ വാട്ടർ. വൈകുന്നേരം 3.30 നു ചായ, ബിസ്ക്കറ്റ്, പഴംപൊരി, വട എന്നിവയും രാത്രി 7 മണിക്ക് ഡിന്നറിനു അപ്പം, വെജിറ്റബിൾ സ്ട്യു, രണ്ട് പഴം, ഒരു ലിറ്റർ മിനറൽ വാട്ടർ എന്നിങ്ങനെയാണ്.

ഇനി വിദേശികൾക്കാണെങ്കിൽ രാവിലെ ബ്രേക്ക്ഫാസ്റ്റിനു സൂപ്പ്, കുക്കുമ്പർ, ഓറഞ്ച്, പഴം, രണ്ട് മുട്ട എന്നിവയും 11 മണിക്ക് പൈനാപ്പിൾ ജ്യൂസും ലഭ്യമാണ്. ഉച്ചയ്ക്ക് 12 മണിയോടെ ലഞ്ചിന്‌ ബ്രെഡ് ടോസ്റ്റ്, ചീസ്, പഴങ്ങൾ എന്നിവയും വൈകുന്നേരം നാലു മണിയ്ക്ക് ചായയ്ക്ക് പകരം ഫ്രൂട്ട് ജ്യൂസും കൊടുക്കും. രാത്രി ഡിന്നറിനു ബ്രെഡ് ടോസ്റ്റ്, സ്‌ക്രാംബിൾഡ് എഗ്ഗ്‌സ്, പഴങ്ങൾ തുടങ്ങിയവയാണ് നൽകുന്നത്. ഐസൊലേഷൻ വാർഡിൽ കുട്ടികളുണ്ടെങ്കിൽ അവർക്ക് പാലും ഏർപ്പെടുത്തിയിട്ടുണ്ട്.

മേൽപ്പറഞ്ഞ ഭക്ഷണ വിഭവങ്ങൾക്കൊപ്പം ദിവസേന ന്യൂസ്പേപ്പറുകളും എല്ലാവർക്കും ലഭ്യമാക്കുന്നുണ്ട്. എന്തായാലും വാർഡിൽ കഴിയുന്നവർക്ക് മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. പിന്നെ ഒരേയൊരു വ്യത്യാസം മാത്രം സാധാരണയായി അതിഥികൾ എത്താൻ നമ്മൾ ആഗ്രഹിക്കുന്നു, എന്നാൽ ഇവിടെ അതിഥികൾ വരേണ്ട സാഹചര്യം ഉണ്ടാകല്ലേ എന്ന് പ്രാർഥിക്കുന്നു.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.