കഴിഞ്ഞ രണ്ടു വർഷങ്ങളിലും ആഗസ്റ്റ് മാസത്തിൽ നാം പ്രളയക്കെടുതി നേരിട്ടതാണ്. ഇപ്പോൾ ആ സമയമെടുത്തിരിക്കുന്നു. ഇത്തവണ കൂട്ടിനു കൊറോണയും ഉണ്ടെന്നതാണ് പേടിപ്പിക്കുന്ന മറ്റൊരു വസ്തുത. പ്രളയത്തെ നേരിടാൻ എല്ലാവരും തയ്യാറായി ഇരിക്കണം എന്നാണു നിർദ്ദേശങ്ങൾ ലഭിക്കുന്നത്.

പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണ്. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയ്യാറാവുകയും വേണം.

എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട അവശ്യ വസ്തുക്കൾ ഇവയൊക്കെയാണ്: മാസ്ക്, സാനിടൈസർ, ടോർച്ച്, റേഡിയോ, 1 ലിറ്റർ വെള്ളം (ഒരാൾക്ക്), ORS പാക്കറ്റ്, പ്രമേഹം, രക്ത സമ്മർദ്ദം, ഹൃദരോഗം തുടങ്ങിയവക്കുള്ള ദിവസേന കഴിക്കുന്ന മരുന്നുകൾ, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ, ബിസ്കറ്റ്, റസ്ക്, ഉണക്കമുന്തിരി, നിലക്കടല പോലെയുള്ള ലഘുഭക്ഷണ പദാർത്ഥങ്ങൾ.

ചെറിയ ഒരു കത്തി, ബ്ലേഡ്, 10 ക്ലോറിൻ ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി, ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോൺ, ഭിന്നശേഷിക്കാർ ആണെങ്കിൽ അവർ ഉപയോഗിക്കുന്ന സഹായ ഉപകരണങ്ങൾ, അത്യാവശ്യം കുറച്ച് പണം, ATM, പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന രീതിയിൽ വീട്ടിൽ ഉയർന്ന സ്ഥലത്തു സൂക്ഷിക്കുക.

എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും ചെയ്യുക. വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാൻ കഴിയുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.

ഇത് ഒരു മുൻകരുതൽ എന്ന നിലയ്ക്കാണ്. പ്രളയമോ മറ്റു പ്രകൃതി ദുരന്തങ്ങളോ വരാതിരിക്കട്ടെ. എല്ലാവരും ജാഗ്രത പാലിച്ചാൽ മതി. നമുക്ക് എല്ലാറ്റിനെയും അതിജീവിച്ചേ മതിയാകൂ.

കടപ്പാട് – കോഴിക്കോട് ജില്ലാ കളക്ടറുടെ ഫേസ്‌ബുക്ക് പേജ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.