ഗുരുതരരോഗം ബാധിച്ചവർക്ക് മരുന്ന് എത്തിക്കാൻ പോലീസ് സംവിധാനം
സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് പോലീസ് വിപുലമായ സംവിധാനം ഏർപ്പെട്ടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു.
ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തി. ഹൈവേ പട്രോൾ വാഹനങ്ങളും ഇതിനായി ഉപയോഗിക്കും. സംസ്ഥാനത്തെമ്പാടും മരുന്ന് എത്തിച്ചു നല്‍കുന്നതിന് തിരുവനന്തപുരവും കൊച്ചിയും കേന്ദ്രമാക്കി പ്രത്യേക വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈവേ പട്രോള്‍വാഹനവും ഇതിനായി ഉപയോഗിക്കും. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി, കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എന്നിവര്‍ക്കാണ് ഈ പദ്ധതിയുടെ ചുമതല. ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അത്തല്ലൂരി മേല്‍നോട്ടം വഹിക്കും.
ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പോലീസിനെ ബന്ധപ്പെടാം. രോഗിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും പോലീസ് സ്റ്റേഷന്‍റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പോലീസ് ശേഖരിച്ച ശേഷം നോഡല്‍ ഓഫീസറെ വിവരം അറിയിക്കും. പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോള്‍ വാഹനങ്ങളിലോ മരുന്നുകള്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് എത്തിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നോഡല്‍ ഓഫീസര്‍ നല്‍കും.
തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ്, കൊച്ചിയിലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനുകള്‍ മരുന്നുകള്‍ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും ഈ കേന്ദ്രങ്ങളില്‍ മരുന്ന് എത്തിക്കുകയും ചെയ്യാം. ജില്ലയ്ക്ക് അകത്താണ് മരുന്നുകള്‍ എത്തിക്കേണ്ടതെങ്കില്‍ അവ ശേഖരിച്ച് ജനമൈത്രി പോലീസ് വഴി നൽകേണ്ട ചുമതല അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ്.
ബന്ധുക്കളാണ് മരുന്നുകള്‍ എത്തിച്ചുനല്കുന്നതെങ്കില്‍ ഡോക്ടറുടെ കുറിപ്പടിയോടൊപ്പം മരുന്നിന്‍റെ പേര്, ഉപയോഗ ക്രമം, എന്തിനുള്ള മരുന്ന് എന്നിവയടങ്ങിയ സത്യവാങ്മൂലം കൂടി നല്‍കേണ്ടതാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
മരുന്നുകള്‍ മാറിപ്പോകാതിരിക്കാനും കൃത്യമായ മേല്‍വിലാസത്തില്‍ത്തന്നെ എത്തിച്ചുനല്‍കാനും അതീവശ്രദ്ധ പുലര്‍ത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
കടപ്പാട് – കേരള പോലീസ് ഫേസ്‌ബുക്ക് പേജ്.