മൂന്നാറിൽ വരുന്ന സഞ്ചാരികളെല്ലാം സന്ദർശിക്കുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ഇരവികുളം നാഷണൽ പാർക്ക്. വംശനാശം നേരിടുന്ന ജീവിവിഭാഗമായ വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് ഈ ദേശീയോദ്യാനം നിലവിൽ വന്നിരിക്കുന്നത്. മൂന്നാർ ടൗണിൽ നിന്നും 17 കിലോമീറ്റർ അകലെയാണ് ഈ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.

എന്നാൽ ഇപ്പോൾ മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. ഇരവികുളം ദേശീയോദ്യാനത്തിലേക്ക് ജനുവരി 21 മുതൽ (21-01-2019) മാർച്ച് 21 വരെ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. നീലഗിരി വരയാടുകളുടെ പ്രജനന കാലമായതിനാലാണ് ഈ നിരോധനം. പ്രസവകാലം നീണ്ടാൽ നിരോധനം ഇനിയും നീളാൻ സാധ്യതയുണ്ട്.

97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണം. ഹിമാലയത്തിനു തെക്ക്‌ ഇന്ത്യയിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി (ഉയരം: 2695 മീറ്റർ) ഇരവികുളം ദേശീയോദ്യാനത്തിലാണ്. പുൽമേട്‌, കുറ്റിച്ചെടി, ചോലവനം എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ സസ്യജാലമാണ് ഇവിടെയുള്ളത്‌.

വംശനാശം നേരിടുന്നതും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ആയ വരയാട്, സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ വിവിധ ഇനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത്‌ തുടങ്ങിയ ജീവികൾ ഇരവികുളം നാഷണൽ പാർക്കിൽ ഉണ്ടെങ്കിലും ഇവിടെയെത്തുന്ന സന്ദർശകരിൽ അധികഭാഗവും വരയാടുകളെ കാണാൻ എത്തുന്നവരാണ്.

© SS Creation.

ഇരവികുളം നാഷണൽ പാർക്കിൽ രാജമല, പന്തുമല, ചിന്നപ്പന്തുമല ഭാഗങ്ങളിലാണ് വരയാടുകളെ കൂടുതലായും കണ്ടുവരുന്നത്. സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പശ്ചിമഘട്ടത്തിൽ ഇപ്പോൾ 2500 നു മേൽ വരയാടുകളുണ്ട്‌ എന്നാണ് കരുതുന്നത്. എന്നാൽ ഈ കണക്ക്‌ ശരിയാവില്ലെന്നും യഥാർഥത്തിൽ വരയാടുകളുടെ എണ്ണം ഇതിലും വളരെ കുറവാകാമെന്നും അഭിപ്രായമുണ്ട്.

ജനുവരി – ഫെബ്രുവരി മാസങ്ങളിലാണ് വരയാടുകളുടെ പ്രത്യുത്പാദനം നടക്കുന്നത്. ആട്ടിൻകുഞ്ഞുങ്ങൾ ജനിച്ചതിനു ശേഷമുള്ള രണ്ടുമാസം പൂർണ്ണമായും അമ്മയാടുകളുടെ സംരക്ഷണയിലായിരിക്കും. ഈ കാരണങ്ങളെല്ലാം കൊണ്ടുതന്നെയാണ് ഈ മാസങ്ങളിൽ ഇവിടേക്ക് സന്ദർശകരെ പ്രവേശിപ്പിക്കാത്തത്. സന്ദർശകരുടെ പ്രവേശനം തടഞ്ഞാലും കാട്ടുതീ പോലുള്ള അപകടങ്ങൾ തടയുന്നതിനായി ഈ ഏരിയകളിൽ വനംവകുപ്പിന്റെ വാച്ചർമാരുടെ നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷം ജനുവരി 29ന് ആണ് പാര്‍ക്ക് അടച്ചത്. പിന്നീട് ഏപ്രിൽ 24 നാണു വീണ്ടും ഇത് തുറന്നത്. മൂന്നാറിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രമായ ഇവിടം അടയ്ക്കുന്നതോടു കൂടി ഇവിടേക്കുള്ള സഞ്ചാരികളുടെ വരവും കുറയും.

ഇരവികുളം നാഷണൽ പാർക്കിനെക്കുറിച്ചും വരയാടുകളെക്കുറിച്ചുമുള്ള വിശദവിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.