എറണാകുളം സിറ്റിയിലെ പ്രൈവറ്റ് ബസ്സുകളുടെ നിയമലംഘനത്തിനെതിരെ കർശന നടപടികളുമായി ജില്ലാ കളക്ടർ നേരിട്ട് രംഗത്തിറങ്ങി. ഇതിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് തൻ്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു.

“യാത്രക്കാരുടെ സുരക്ഷ അവഗണിച്ചും ജീവൻ അപകടത്തിലാക്കിയും ഓടുന്ന സ്വകാര്യ ബസുകളെ കുറിച്ചുള്ള പരാതികളിൽ കർശന നടപടി സ്വീകരിക്കും. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കും.

സ്വകാര്യ ബസുകൾ വാതിൽപ്പാളികൾ തുറന്നു വച്ച് ഓടുന്നതിനിടയിൽ യാത്രക്കാർ തെറിച്ചു വീഴുന്ന ദാരുണ സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ല. നിയമം പാലിക്കാതെ സർവീസ് നടത്തുന്ന ബസുകളുടെ ഉടമകളും ജീവനക്കാരും നിയമപരമായ പ്രത്യാഘാതം നേരിടേണ്ടി വരും.

ഇന്നു വൈകിട്ട് കാക്കനാട് നടത്തിയ പരിശോധനയിൽ വാതിൽ തുറന്ന് സർവീസ് നടത്തിയ ആറ് ബസുകളാണ് പിടിയിലായത്. ഇവർക്കെതിരെ ആർടിഒ നടപടിയെടുക്കും. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തും.

കുറ്റകൃത്യം ചെയ്യുന്ന ബസ് ജീവനക്കാർക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകും. ബസ്സിൻ്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടി ആരംഭിക്കുവാൻ കളക്ടർ ആർ.ടി.ഒ യ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ ചിത്രമോ വീഡിയോയോ സഹിതം മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചാൽ സത്വര നടപടി സ്വീകരിക്കും.”

മുൻകാലങ്ങളിൽ എറണാകുളത്തെ സിറ്റി സർവ്വീസുകളിൽ വാതിലുകൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞയിടയ്ക്കാണ് ബസ്സുകൾക്ക് ഡോറുകൾ നിർബന്ധമാക്കിയത്. ഡോറുകൾ ഘടിപ്പിച്ചിട്ടും ചില ബസ്സുകാർ അത് തുറന്നു വെച്ചുകൊണ്ട് സർവ്വീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കളക്ടറുടെ ഈ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.