കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ചുള്ള ധാരാളം നല്ല വാർത്തകൾ വരുന്ന സമയമാണിത്. അവയെല്ലാം അഭിനന്ദനാർഹവുമാണ്. എന്നാൽ പ്രൈവറ്റ് ബസ്സുകാരുടെ കാര്യമെടുത്താലോ? ഭൂരിഭാഗം ആളുകളും കുറ്റം പറയുന്ന പ്രൈവറ്റ് ബസ് ജീവനക്കാരിലുമുണ്ട് നന്മയുടെ കണികകൾ. അതു നമുക്ക് മനസ്സിലാക്കി തരികയാണ് എറണാകുളം വൈപ്പിൻ സ്വദേശിയായ കൃഷ്ണകുമാർ എന്ന യുവാവ്. കൃഷ്ണകുമാറിൻ്റെ പഴയ ഒരു ബസ് അനുഭവം നമുക്കായി പങ്കുവെയ്ക്കുന്നു.

“വർഷങ്ങൾക്ക് മുൻപാണ്, എറണാകുളം സെന്റ് ആൽബർട്ട് സ്‌കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കാലം. കൂട്ടുകാരുമായി അടിച്ചുപൊളിച്ചു തകർത്തു തന്നെയാണ് ഞങ്ങൾ ഞങ്ങളുടെ സ്‌കൂൾ കാലഘട്ടം ചെലവഴിച്ചിരുന്നത്. എറണാകുളമല്ലേ സ്ഥലം, കറങ്ങാനും സിനിമ കാണാനും ഒക്കെ സ്ഥലത്തിനാണോ പഞ്ഞം? Royal Alberts എന്നു വിളിപ്പേരുള്ള ഞങ്ങൾ ആൽബർട്സ് പിള്ളേർ ശരിക്കും രാജകീയമായി വിളയാടിയിരുന്ന സമയമായിരുന്നു അത്. കൂടെ പഠിക്കുന്നവരെല്ലാം എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്നവരായിരുന്നു. കൂട്ടുകാരുടെ നാട്ടിൽ എന്തെങ്കിലും പരിപാടികൾ ഉണ്ടാകുമ്പോൾ പൊതുവെ അവർ ഞങ്ങൾ ബാക്കിയുള്ള സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ട്. അത്തരത്തിൽ ഒരു ക്ഷണം കിട്ടി ഞങ്ങൾ പോയതാണ് വടുതല പള്ളിപ്പെരുന്നാളിന്‌.

അന്ന് എല്ലാ ഉഡായിപ്പിനും കൂട്ടു നിന്നിരുന്ന, ഇന്ന് ദുബായിൽ ജോലി ചെയ്യുന്ന എൻ്റെ ചങ്കായ ബിജോയുടെ വീട് വടുതലയിലാണ്. അവൻ്റെ ക്ഷണപ്രകാരമാണ് ഞങ്ങൾ വടുതലയിലേക്ക് പോയത്. പഠിക്കുന്ന കാലമല്ലേ. കയ്യിൽ കാശൊന്നും കാണില്ലല്ലോ. പള്ളിപ്പെരുന്നാളിന്റെ പേരും പറഞ്ഞുകൊണ്ട് അമ്മയുടെ കയ്യിൽ നിന്നും ബസ്സു കാശും പോരാത്തതിന് 30 രൂപയും കൂടി ഒപ്പിച്ചു. കൂടെ വന്ന എല്ലാ കൂട്ടുകാരും ഇങ്ങനെയായിരുന്നു കാശൊപ്പിച്ചത്. അങ്ങനെ ഞങ്ങൾ പല സ്ഥലങ്ങളിൽ നിന്നും വരുന്ന സുഹൃത്തുക്കൾ ആറു പേർ എറണാകുളം ഹൈക്കോർട്ട് ബസ് സ്റ്റോപ്പിൽ ഒത്തുകൂടി. എന്നിട്ട് അവിടെ കണ്ട ഒരു കോയിൻ ബൂത്തിൽ നിന്നും “ഞങ്ങൾ പുറപ്പെടുകയാണെന്നു” ബിജോയുടെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. അവിടുന്ന് ചിറ്റൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറി വടുതലയിലേക്ക് യാത്രയായി.

ഏകദേശം അരമണിക്കൂർ കൊണ്ട് ഞങ്ങൾ വടുതലയിൽ എത്തിച്ചേർന്നു. ബസ് സ്റ്റോപ്പിൽ ഞങ്ങളെയും കാത്ത് ബിജോയും അവൻ്റെ കസിനും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ അവൻ്റെ വീട്ടിൽപ്പോയി ചായകുടിയൊക്കെ കഴിഞ്ഞു നേരെ പള്ളിപ്പറമ്പിലേക്ക് പോയി. കരിമ്പും, ഐസ്ക്രീമും എന്നുവേണ്ട കണ്ണിൽക്കണ്ടതൊക്കെ ഞങ്ങൾ മേടിച്ചു കഴിച്ചു. ഉച്ചയോടെ ബിജോയുടെ വീട്ടിൽ നിന്നും നല്ല ബീഫും ചിക്കനും താറാവും കരിമീനും ഒക്കെ കൂട്ടി ഒരു സ്വയമ്പൻ ഊണ് അങ്ങു കഴിച്ചു. വൈകുന്നേരത്തോടെ ഞങ്ങൾക്ക് വീടെത്തണം. ഊണിനു ശേഷം അധികം നിൽക്കാതെ ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. ബസ് സ്റ്റോപ്പ് വരെ ബിജോ ഞങ്ങളുടെ കൂടെ വന്നു. അതാ ഒരു ചുവപ്പ് ബസ് വരുന്നു തേവര ബോർഡൊക്കെ വെച്ച്. ഞങ്ങൾ അതിൽ ചാടിക്കയറി പിന്നിലെ നീളൻ സീറ്റിൽ ഇരിപ്പുറപ്പിച്ചു.

ഉച്ച കഴിഞ്ഞുള്ള സമയം ആയതു കൊണ്ടാണെന്നു തോന്നുന്നു ബസ്സിൽ ആളുകൾ കുറവായിരുന്നു. ഞങ്ങൾ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പൊതുവെ ബസ്സിലെ ജീവനക്കാരോട് അൽപ്പം ദേഷ്യമുണ്ടായിരുന്ന സമയം. വേറൊന്നുമല്ല, ക്ലാസ്സ് കഴിഞ്ഞു അൽപ സമയം കളിക്കണോ മറ്റോ നിന്നു സമയം വൈകി ബസ്സിൽ കയറിയാൽ കൺസെഷൻ തരാൻ ചിലർക്ക് ബുദ്ധിമുട്ടാണ്. അവർ ഒടക്കിയാൽ ഞങ്ങളും ഒടക്കും. അതായിരുന്നു ലൈൻ. ആ ഒരു കലിപ്പ് മൈൻഡ് വെച്ചുകൊണ്ടു തന്നെയാണ് ഞങ്ങൾ ബസ്സുകളിൽ കയറിയിരുന്നതും. ഞങ്ങൾ ഇപ്പോൾ കയറിയ ബസ്സിലെ കണ്ടക്ടർ ഒരു ചെറുപ്പക്കാരനായിരുന്നു. പുള്ളി പതിയെ ടിക്കറ്റ് തരാനായി ഞങ്ങളുടെ അടുത്തെത്തി. അപ്പോഴാണ് പണി പാളിയ കാര്യം ഞങ്ങൾ ആറുപേരും ഒന്നിച്ചു മനസ്സിലാക്കിയത്.

പള്ളിപ്പറമ്പിൽ നിന്നും വാങ്ങി തിന്നു നടന്നതിനിടയിൽ പോകാനുള്ള വണ്ടിക്കൂലി ബാക്കി വെക്കാൻ മറന്നു. കാശില്ല എന്നറിഞ്ഞു കൊണ്ടുതന്നെ ഞങ്ങളെല്ലാം പോക്കറ്റിലും പഴ്‌സിലും തപ്പലോടു തപ്പൽ. കൂടെയുള്ള കൂട്ടുകാരായ ശ്രീജിത്തിൻ്റെയും ഷിയാസിന്റെയും കയ്യിൽ തപ്പി പെറുക്കി ഏതാണ്ട് കുറച്ചു ചില്ലറകൾ കിട്ടി. പക്ഷേ ആറു പേർക്കും കൂടി അത് തികയില്ലല്ലോ. ഈ ബസ്സിൽ കയറി ഹൈക്കോർട്ടിൽ ഇറങ്ങിയിട്ട് അവിടുന്ന് അടുത്ത ബസ് പിടിച്ചു വേണം ഞങ്ങൾക്കെല്ലാം വീടെത്താൻ. പണിപാളിയല്ലോ. പള്ളിപ്പെരുന്നാളിനു പോയിട്ട് പള്ളിയിൽക്കേറി പ്രാർത്ഥിക്കാത്തതിന്റെ ദോഷമായിരിക്കും. കണ്ടക്ടർ ചേട്ടൻ ഞങ്ങൾക്കായുള്ള ടിക്കറ്റ് ഒക്കെ കീറി കാശു വാങ്ങാൻ തയ്യാറായി നിൽക്കുകയാണ്. കയ്യിലുള്ള ചില്ലറയുമായി കരയാൻ പോലും ശേഷിയില്ലാതെ ഞങ്ങൾ ആറു പേരും പുള്ളിയുടെ മുഖത്തേക്ക് നോക്കി.

ചെറുപ്പക്കാരൻ ആയതിനാൽ അങ്ങേർക്ക് കാര്യം മനസ്സിലായി. ഞങ്ങൾ ആറുപേരും നാണംകെട്ട് ഇറങ്ങുവാൻ തയ്യാറായിത്തന്നെയാണ് ഇരുന്നിരുന്നത്. ഇറക്കി വിടുമെന്നു തന്നെയായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷേ ഞങ്ങൾക്കായി കീറിയ ടിക്കറ്റ് കണ്ടക്ടർ തിരികെ ടിക്കറ്റുകൾക്കിടയിലേക്ക് തിരുകി. എന്നിട്ട് ചിരിച്ചുകൊണ്ട് ഞങ്ങളോട് കാര്യം തിരക്കി. പൊതുവെ കണ്ടക്ടർമാരോട് കലിപ്പ് മൈൻഡ് ഉണ്ടായിരുന്ന ഞങ്ങൾ വിഷമത്തോടെ കാര്യം അവതരിപ്പിച്ചു. എല്ലാം കേട്ടുകൊണ്ട് കണ്ടക്ടർ ചേട്ടൻ ചിരിച്ചു കൊണ്ട് നിന്നു. എന്നിട്ട് ഞങ്ങളോടായി പറഞ്ഞു “കുഴപ്പമില്ലെടാ മക്കളേ, നിങ്ങളെ ഹൈക്കോർട്ട് വരെ ഞങ്ങൾ കൊണ്ടു വിടാം. പക്ഷേ അവിടുന്നു നിങ്ങൾ എങ്ങനെ പോകും?” ഉത്തരം പറയുവാനില്ലാതെ ഞങ്ങൾ വിഷമിക്കുന്നതു കണ്ടിട്ടാകണം നല്ലവനായ ആ ചേട്ടൻ തൻ്റെ ബാഗിൽ നിന്നും ഞങ്ങൾക്ക് എല്ലാവർക്കും വീടെത്തുവാൻ ആവശ്യമായ വണ്ടിക്കാശ് എടുത്തു തന്നു. എന്നിട്ട് ഒരു ചിരിയോടെ ആൾ മുന്നിലേക്ക് പോയി ഡ്രൈവറോട് സംസാരിച്ചുകൊണ്ടിരുന്നു.

 

ആ സമയത്ത് ഞങ്ങളെ സഹായിക്കാൻ ദൈവം അയച്ച പുണ്യാളനെപ്പോലെയാണ് ആ കണ്ടക്ടറെ ഞങ്ങൾക്ക് തോന്നിയത്. ഹൈക്കോർട്ടിൽ ബസ്സിറങ്ങും നേരം ഞങ്ങൾ ആ ചേട്ടനോട് നന്ദി പ്രകടിപ്പിച്ചു. ഒരു ചിരിയോടെ അദ്ദേഹം ഞങ്ങളെ യാത്രയാക്കി. ബസ് ഞങ്ങളിൽ നിന്നും അകന്നുപോയി. ഹൈക്കോർട്ടിൽ നിന്നും ഞങ്ങൾ ഓരോരുത്തരും അവരവരുടെ വീട്ടിലേക്കുള്ള ബസ് കയറി യാത്രയായി. വീട്ടിൽ ചെന്നിട്ട് ഈ നടന്ന സംഭവമൊന്നും ഞങ്ങൾ പറഞ്ഞില്ല. പറഞ്ഞാൽ കണക്കിനു കിട്ടും എന്നതുതന്നെ കാരണം.

ദിവസങ്ങൾ കഴിഞ്ഞു ഞങ്ങൾ സ്‌കൂളിൽ പോകുന്ന സമയത്തൊക്കെ ആ ബസ് നോക്കാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ക്ലാസ്സ് കട്ടുചെയ്ത് മേനക സ്റ്റോപ്പിൽ നിൽക്കുന്ന സമയത്ത് അന്നത്തെ ആ ബസ് തേവര ബോർഡും വെച്ചുകൊണ്ട് വന്നു. ഞങ്ങൾ കണ്ടക്ടർ ചേട്ടനെ കാണാൻ ബസ്സിലേക്ക് കയറി. പക്ഷെ ഒരു പ്രായമുള്ള ചേട്ടനായിരുന്നു അപ്പോൾ അതിലെ കണ്ടക്ടർ. ഞങ്ങൾ നിരാശയോടെ ബസ്സിൽ നിന്നിറങ്ങി. ഞങ്ങളുടെ സ്‌കൂൾ കാലഘട്ടം കഴിഞ്ഞു കോളേജിൽ പോകുന്ന സമയത്തും ഈ ബസ് കാണുമ്പോൾ ആ ചേട്ടനാണോ കണ്ടക്ടർ എന്നു നോക്കുന്നത് പതിവായിരുന്നു. പക്ഷേ അന്നത്തെ ആ സംഭവം കഴിഞ്ഞു ഇന്നുവരെ ആ ചേട്ടനെ ഞങ്ങൾ കൂട്ടുകാരാരും കണ്ടിട്ടില്ല. ഞങ്ങളെ സഹായിക്കാൻ ദൈവം അയച്ച പുണ്യാളൻ ആണെന്നു തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. എന്തായാലും ആ ചേട്ടന്റെ ചിരിക്കുന്ന മുഖം ഞങ്ങൾ ആറുപേരും ജീവിതത്തിൽ മറക്കില്ല.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.