വിവരണം – അമൽ ജൂഡ് ജോസഫ്.

എറണാകുളത്ത് പഠന ആവശ്യവുമായി വന്നിട്ട് കുറച്ചേ ആയിട്ടുള്ളു. എങ്കിലും നഗരത്തിന്റെ തിരക്കും പൊടിയും ചൂടുമായി ഒത്തു ചേർന്ന് വരുന്നേ ഉള്ളു. ഒറ്റക്കിരിക്കുന്ന ഞായറാഴകൾ ഒക്കെ കട്ടബോർ ആയി തുടങ്ങിയപ്പോൾ ആണ് കൊച്ചിക്ക് പുറത്തു കിടക്കുന്ന സ്ഥലങ്ങൾ ചുറ്റികാണുന്നതിനെ പറ്റി ആലോചിക്കുന്നത്. കടമക്കുടി ആണ് ആദ്യം മനസ്സിൽ വന്നത്. ആഗ്രഹത്തെ കുറിച്ച് എറണാംകുളത്തെ സുഹൃത്തായ ശരത്ലാൽ നോട് പറഞ്ഞപ്പോൾ മൂപ്പർ അന്വേഷിച്ചു പറഞ്ഞു അവിടെ ഇപ്പൊ കാര്യമായി ഒന്നും കാണാൻ ഇല്ല എന്ന്. അപ്പോഴാണ് അവിചാരിതമായി ബസ് കേരള ഫേസ്ബുക് ഗ്രൂപ്പിൽ ഹോളി കിങ്‌സ് ന്റെ ഒരു ഫോട്ടോ കാണുന്നത് അതോടെ കുമളി ആയി മനസ്സിൽ. വണ്ടിയുടെ പേര് വെച്ചു സെർച്ച് ചെയ്തപ്പോൾ പഴയ കുറച്ചു ചിത്രങ്ങളും വിവരണവും ഒക്കെ കണ്ടു.

ആദ്യം ഒറ്റക്ക് പോകാം എന്നാണ് മനസിൽ വിചാരിച്ചത്, പിന്നീട് സുഹൃത്ത് ജിഷ്ണുവിനെ കണ്ടപ്പോൾ ഇക്കാര്യത്തെ പറ്റി സൂചിപ്പിക്കുകയുണ്ടായി. എങ്കിൽ അടുത്ത വരുന്ന ഞായർ തന്നെ വിട്ടേക്കാം എന്നു ഞങ്ങളും തീരുമാനിച്ചു. അപ്പോൾ ആണ് എറണാകുളത്തു മറ്റൊരു സുഹൃത്ത് ഡീൻ ഉള്ള കാര്യം ഓർത്തത്. ഒന്നും നോക്കിയില്ല ഡീനേയും വിളിച്ചു പറഞ്ഞു. എങ്കിൽ പിന്നെ സഹയാത്രികരുടെ എണ്ണം കൂട്ടിയേക്കാം എന്നു തന്നെ വിചാരിച്ചുകൊണ്ട് സുഹ്രിത്തുക്കളായ അജുവിനോടും അശ്വിനോടും കാര്യങ്ങൾ പറഞ്ഞു. അശ്വിൻ ആദ്യമൊന്ന് മടിച്ചെങ്കിലും അവനു ഞങ്ങളുടെ നിരന്തരനിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. ഈ സമയങ്ങളിലെല്ലാം തന്നെ ഗ്രൂപ്പുകളിൽ വണ്ടിയെക്കുറിച്ചും മറ്റും വിവരങ്ങളും ചിത്രങ്ങളും തേടുന്നുണ്ടായിരുന്നു. ചിത്രങ്ങൾ കണ്ടപ്പോൾ തന്നെ യാത്രയ്ക്കുള്ള ആകാംക്ഷ വർദ്ധിച്ചു.

ആ വണ്ടിക്ക് കുമളിവരെ പോയി വന്ന ജയേട്ടനോട് കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു കഴിഞ്ഞപ്പോൾ തന്നെ മനസ്സു നിറഞ്ഞു. ശനിയാഴ്ച്ച വൈകുന്നേരത്തോട് തന്നെ അശ്വിൻ കൊല്ലത്തു നിന്നും അജു പാലക്കാട് നിന്നും എറണാകുളത്തു എത്തിയിരുന്നു. പിറ്റേന്ന് രാവിലെ വൈറ്റില ഹബ്ബിൽ ആദ്യം വന്നു സീറ്റ് പിടിക്കാൻ ഉള്ള ദൗത്യം എന്നെയാണ് ഏല്പിച്ചതെങ്കിലും ഏറ്റവും അവസാനം ഞാനാണ് വന്നത് മറ്റൊരു വാസ്തവം. ഞാൻ എത്തിയപ്പോഴേക്കും ജിഷ്ണുവും അശ്വിനും ചായ കുടിച്ചു ഞങ്ങളെ വെയിറ്റ് ചെയ്യുകയായിരുന്നു. ഞായറാഴ്ച രാവിലെ 7 മണിക്ക് തന്നെ വൈറ്റില മൊബിലിറ്റി ഹബ്ബ് ഇൽ എത്തി, പിന്നെ എല്ലാ ട്രിപ്പ് ലെയും പോലെ വരാം വന്നു അവിടെ എത്തി എന്നൊക്കെ പറഞ്ഞു ഡെറിനേട്ടൻ നൈസായി മുങ്ങി.

എറണാകുളത്ത് നിന്ന് ഏറ്റവും ഷോർട്ട് റൂട്ടും എന്നാൽ അതിമനോഹരമായ സ്ഥലങ്ങളിൽ കൂടി കുമളി പോകുന്ന ഏക ബസ് എന്ന ക്രെഡിറ് ‘ഹോളി കിങ്‌സ്’ നു മാത്രം. ട്രാക്ക് നു പിറകിൽ കിടക്കുന്ന ഇന്നത്തെ യാത്രക്കുള്ള കൊമ്പനെ കണ്ടു. കൊണ്ടോടിയിൽ നിന്നും വന്ന പുത്തൻ വണ്ടി (അശോക് ലൈലാണ്ട് വൈക്കിംഗ്). ആദ്യം തന്നെ സ്ഥലം പിടിച്ചു. പെട്ടി സീറ്റ് അന്വേഷിച്ചപ്പോൾ ലേഡീസ് ഉണ്ടാവും എന്ന മറുപടി ലേശം നിരാശ നൽകി. എങ്കിലും സൈഡ് സീറ്റ്‌ കൾ പിടിച്ചു. 7.45 നു ഹബ് ഇൽ നിന്നും കത്തിച്ചുവച്ച കിടിലൻ ചന്ദനത്തിരിയുടെ നറുമണത്തിന്റെയും ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും അകമ്പടിയിൽ യാത്ര തുടങ്ങി.

നല്ല സ്പീഡിൽ തന്നെയാണ് തുടക്കം. 140 രൂപ ആണ് ഏകദേശം 140 കിമോമീറ്റർ നീളുന്ന അഞ്ചര മണിക്കൂർ നീളുന്ന യാത്രയുടെ ചാർജ്. കൃത്യം 7.44 AM നു വൈറ്റില നിന്ന് ബസ് എടുത്തു. ഞായറാഴ്ച ആയതിനാൽ ബസിൽ നല്ല ആൾകാർ ഉണ്ടായിരുന്നു. വൈറ്റില ഹബ് നിന്നും നടക്കാവ് വഴി മുളംതുരുത്തി, പിറവം, ഇലഞ്ഞി, മോനിപ്പള്ളി, ഉഴവൂർ, കുടക്കച്ചിറ, പാലാ, ഈരാറ്റുപേട്ട, തീക്കോയി, വാഗമൺ, ഏലപ്പാറ, ചിന്നാർ, കെ. ചപ്പാത്ത് പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് മ്ലാമല – ചെങ്കര റോഡ് വഴി തിരഞ്ഞു ചെങ്കര ചെന്ന് വെള്ളാരംകുന്ന് , ചെളിമട എത്തി നേരെ കുമളി ആണ് ഇതിന്റെ റൂട്ട്. പുറ്റടി വരെ ആണ് പെർമിറ്റെങ്കിലും പോയ് വരാൻ ഇപ്പോളത്തെ ട്രാഫിക് പ്രകാരം ഭക്ഷണം കഴിക്കാൻ പോലും സാധിക്കില്ല എന്നതിനാൽ വണ്ടി കുമളിയിൽ അവസാനിപ്പിക്കും.

കാഴ്ചകൾക്ക് കുറച്ചു കഴിഞ്ഞാണ് തുടക്കം എന്നറിയാവുന്നത് കൊണ്ട് ചെറുതായൊന്ന് മയങ്ങി. പാലാ എത്തിയപ്പോ അഞ്ച് മിനിറ്റ് സമയം ഉണ്ട്. പുറത്തൊക്കെ ഒന്നിറങ്ങി അപ്പോളാണ് പെട്ടി സീറ്റിൽ ഇരിക്കുന്ന പുരുഷന്മാർ അടക്കം ഉള്ള ഫാമിലിയെ ശ്രദ്ധിച്ചത്. പ്രതിഷേധം കണ്ടക്ടറോഡ് രേഖപ്പെടുത്തിയപ്പോൾ നിങ്ങളെക്കാൾ പ്രാന്ത് ഉള്ളവരാ അവര് എപ്പോ വേണമെങ്കിലും എണീച്ചു കൊടുക്കാം എന്ന കണ്ടീഷനിൽ ആണ് അവർ ഇരിക്കുന്നത് എന്നു പറഞ്ഞു ഞങ്ങളെ സമാധാനപ്പെടുത്തി. പാലാ കഴിഞ്ഞു വണ്ടി ചെറിയ കയറ്റങ്ങൾ കയറിതുടങ്ങി. തുടർന്നങ്ങോട്ട് കാഴ്ചകളുടെ പെരുമഴ ആയിരുന്നു. ചെങ്കുത്തായ പാറ ഇടുക്കുകൾക്കിടയിൽ കൂടെ ഡ്രൈവർ ചേട്ടൻ കൂളായി വണ്ടി നിയന്ത്രിച്ചു കൊണ്ടിരുന്നു.

നിരനിരയായി മൊട്ടക്കുന്നുകൾ ദൃശ്യമായി തുടങ്ങി പല സിനിമകളിലും കണ്ടു പരിചയിച്ച ലൊക്കേഷനുകൾ ഒന്നിന് പിറകെ ഒന്നായി കണ്ടു കൊണ്ട് യാത്ര തുടരുകയാണ്. അങ്ങനെ മോട്ടക്കുന്നുകളിൽ നിന്നും ചായതോട്ടത്തിലേക്ക് കാഴ്ചകൾ മാറി തുടങ്ങിയപ്പോഴേക്കും വാഗമണ് എത്തി. മുൻ സീറ്റിൽ ഇരുന്ന കുടുംബം അവിടെ ഇറങ്ങി. ഉടനടി ആ സീറ്റ് ഞങ്ങൾ കൈക്കലാക്കി. ശരിക്കും അവിടുന്ന് അങ്ങോട്ട് ആണ് കാഴ്ചകളുടെ പൂരം. ചായതോട്ടങ്ങൾക്കിടയിലൂടെ തിരിഞ്ഞും ചെരിഞ്ഞും കുതിക്കുകയാണ്. വഴിയിൽ കാണുന്നവർ എല്ലാം കൈ പൊക്കിയും ആംഗ്യങ്ങൾ കാണിച്ചും ഒക്കെ ഡ്രൈവറോട് പരിചയം പുതുക്കുന്നുണ്ട്. അതിനനുസരിച്ച് ഹോൺ മുഴക്കി ഡ്രൈവർ തിരിച്ചും പ്രതികരിക്കുന്നുണ്ട്.

വളവുകളിൽ ഹോൺ അടിക്കാതെ കയറി വരുന്ന വണ്ടികൾ ആലോസരങ്ങൾ ഉണ്ടാക്കി കൊണ്ടേ ഇരുന്നു. വീതികുറഞ്ഞ റോഡിലൂടെ ബസ് കഷ്ടപ്പെട്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരിന്നു. എവിടേക്ക് നോക്കണം എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ. കെ.ചപ്പാത്ത് പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് വളരെ വീതികുറഞ്ഞ മ്ലാമല – ചെങ്കര റോഡ് വഴി ആണ് പിന്നെ ബസ് പോയത്. ബസ്സ് ചെങ്കര ഉച്ചക്ക് 12.40 ആയപ്പോൾ എത്തി. ചെറിയ റോഡും നിറയെ വളവും തിരിവും ഉള്ള റോഡിൽ കൂടി ഹോണും അടിച്ച് ബസ്സിങ്ങനെ പാമ്പു കണക്കെ പാഞ്ഞു. ചെങ്കരപാലം എത്തുന്നതിനു മുൻപ് ഞങ്ങൾക്ക് വേണ്ടി വണ്ടി നിർത്തി തന്നു, ഫോട്ടോ എടുക്കാൻ…

സമയം ലേറ്റ് ആണ് വേഗം വേണം എന്ന് പറയുന്നത് വണ്ടിയിൽ നിന്നും ഇറങ്ങി ഓടുമ്പോൾ ഞാൻ കേട്ടു.. കുറച്ചു ഫോട്ടോസ് എടുത്ത് തിരിച്ച് ബസ്സിലേക്ക് ഓടിക്കയറി. വണ്ടിയിൽ ഉള്ളവർ ഇവരിതെന്ത് എന്ന രീതിയിൽ നോക്കുന്നു. ഫോട്ടോ എടുക്കണം എന്നാവിശ്യപ്പെട്ടപ്പോൾ എല്ലായിടത്തും വണ്ടി നിർത്തിതന്ന് ഡ്രൈവർ ചേട്ടനും നല്ല സഹകരണം ആയിരുന്നു. എല്ലായിടത്തും ഒന്നിനൊന്നു മികച്ച കാഴ്ചകൾ… ഏകദേശം 1.10 ഓടു കൂടി കുമളിയിൽ എത്തി. ഒരു ചെറിയ ടൌൺ അവിടെ കണ്ട ഒരു ഹോട്ടൽലിൽ നിന്നും ഭക്ഷണം കഴിച്ചു. മോശം ഭക്ഷണം ആയിരുന്നു. അത് തുറന്ന് പറഞ്ഞപ്പോൾ “ഇവിടെ ഇങ്ങനെ ഒക്കെ ഉള്ളു. അത് പറ്റുമെങ്കില് കഴിച്ചാൽ മതി. ഞങ്ങളാരും നിങ്ങളെ വിളിച്ചു കയറ്റിയതല്ലല്ലോ. നിങ്ങൾ കയറി വന്നതല്ലേ..” എന്ന മറുപടി ചെറുതായി വിഷമിപ്പിച്ചു..

തിരിച്ചും ഹോളി കിങ്‌സ്നു തന്നെ കയറി. വണ്ടി ഫുൾ ആയിരുന്നു. ചെങ്ങറ എത്തിയപ്പോഴേക്കും പെട്ടി സീറ്റ് ഞങ്ങൾ കയ്യടക്കി. തിരിച്ചു വരുന്ന വഴിയിൽ അരുൺ കുഞ്ഞുമോൻ, ടിനു, ജോസഫ് എന്നീ സുഹൃത്തുക്കളെ കാണാൻ പറ്റി. വാഗമൺ നിന്നും ആ കുടുംബം തിരിച്ചും ഉണ്ടായിരുന്നു. അവരോട് സംസാരിച്ചതിൽ നിന്ന് അവരിൽ ഒരു ചേട്ടൻ ബസ് കേരള മെമ്പർ ആണ് എന്നും ഗ്രൂപ്പിൽ നമ്മൾ ഇട്ട യാത്രയുടെ പ്ലാനിന്റെ പോസ്റ്റ് കണ്ടാണ് അവർക്ക് ഹോളികിങ്‌സ് ബസിനെ പറ്റി അറിഞ്ഞതെന്നും അങ്ങനെയാണ് അവർ ഫാമിലി ആയി വന്നതെന്നും അറിഞ്ഞപ്പോൾ തെല്ലൊരഭിമാനം തോന്നാതിരുന്നില്ല. തിരിച്ചുള്ള യാത്രയിൽ ആവശ്യത്തിന് യാത്രക്കാർ ഉണ്ടായിരുന്നു. കൃത്യം 7.15 നു വണ്ടി വൈറ്റില ഹബ്ബിൽ എത്തി.. ഒരു സെൽഫി കൂടെ എടുത്തു അടുത്ത യാത്രക്ക് കാണാം എന്നും പറഞ്ഞു ഞങ്ങൾ കൈ കൊടുത്തു പിരിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.