കെഎസ്ആർടിസി ബസ് ജീവനക്കാർ യാത്രക്കാർക്ക് രക്ഷകരായി മാറിയ സംഭവങ്ങൾ നാം ധാരാളമായി കേട്ടിട്ടുണ്ട്. എന്നാൽ പ്രൈവറ്റ് ബസ്സുകാർ കാലന്മാർ ആണെന്ന ധാരണയാണ് മിക്കയാളുകൾക്കും ഉള്ളത്. എന്നാൽ പ്രൈവറ്റ് ബസ്സുകാരിലുമുണ്ട് നന്മ നിറഞ്ഞ മനസ്സുകൾ എന്നത് നാം മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. ബസ്സുകാർ ആളെക്കൊന്ന വാർത്തകൾക്കിടയിൽ ജീവൻ രക്ഷിച്ച സംഭവങ്ങൾ ആരും ഓർക്കാറില്ല. അത്തരത്തിൽ എറണാകുളത്തെ പ്രൈവറ്റ് ബസ്സുകാർ ഒരു യാത്രക്കാരന്റെ ജീവൻ രക്ഷിച്ച സംഭവമാണ് ഇനി പറയുവാൻ പോകുന്നത്. എറണാകുളം സ്വദേശിയായ ശ്രീജിത്ത് രാജനാണ് ഈ അനുഭവക്കുറിപ്പ് ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ കുറിപ്പ് ഇങ്ങനെ…

“നമ്മുടെ റോഡുകളുടെ അവസ്ഥ എല്ലാവർക്കും ഞാൻ പറയാതെ തന്നെ അറിയാം. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളാണ് എല്ലായിടത്തും. ഈ റോഡുകളിൽ കൂടി യാത്ര ചെയ്യുമ്പോൾ സുഖം ഇല്ലാത്തവർക്ക് ചിലപ്പോൾ ദേഹാസ്വാസ്ഥ്യം കൂടാനും സാഹചര്യമുണ്ട്. ഈയിടയ്ക്ക് ബസ്സിൽ വച്ച് ഒരാൾക്ക് അസ്വസ്ഥത തോന്നുകയും അയാളെ ബസിൽ നിന്ന് ഇറക്കി വിടുകയും പിന്നീട് അദ്ദേഹം മരണപ്പെടുകയും ചെയ്തു ഇത് ഒരു സംഭവം. എന്നാൽ ഇന്നലെ എൻറെ സ്നേഹിതന് ഉണ്ടായ ഒരു അനുഭവം ഞാൻ പറയാം.

അവൻ ഇന്നലെ കളമശ്ശേരിയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഒരു ബസ്സിൽ കയറി. യാത്രയ്ക്കിടയിൽ ബസ്സിൽ ഉണ്ടായ ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇതറിഞ്ഞ ബസ് ഡ്രൈവർ ബസ്സ് നേരെ പത്തടിപ്പാലത്തുള്ള കിൻഡർ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് ഓടിച്ചു കയറ്റുകയും പിന്നീട് ഹോസ്പിറ്റൽ ഉള്ള ജീവനക്കാരും യാത്രക്കാരും ചേർന്ന് സുഖമില്ലാത്ത ആളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സമയത്തിന് ചികിത്സ കിട്ടിയതുകൊണ്ട് അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു.

ബസ് ജീവനക്കാരെ പറ്റി നമ്മൾ മോശം പറയുമ്പോൾ ഇങ്ങനെയും നന്മയുടെ വന്മരങ്ങൾ ഉണ്ട് എന്നുള്ള കാര്യം നമ്മൾ ഓർക്കണം. Bus Number: KL 41 C 1299. ഈ ബസ്സിലെ ഡ്രൈവറുടെ ധീരതയും സമയോചിതം ആയിട്ടുള്ള പ്രവർത്തിയും കാരണം ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചു. ബസ് ഡ്രൈവറിനും മറ്റു ജീവനക്കാർക്കും കൂടെയുണ്ടായിരുന്ന യാത്രക്കാർക്കും ഈ സന്മനസ്സിന് എല്ലാവിധ നന്മകളും നേരുന്നു.”

കണ്ടില്ലേ… എല്ലാ വിഭാഗത്തിലുമുണ്ട് നല്ലവരും ചീത്തവരുമൊക്കെ. എന്നാൽ അവരിൽ ചിലർ ചെയ്യുന്ന മോശം പ്രവർത്തികൾക്ക് എല്ലാവരെയും കൂടി ആ ഒരു കണ്ണിൽ കാണുന്ന പ്രവണത നമ്മുടെ സമൂഹം മാറ്റിയെടുക്കേണ്ടതുണ്ട്. അതിപ്പോൾ പ്രൈവറ്റ് ബസ്സായാലും കെഎസ്ആർടിസിയായാലും കേരളപോലീസ് ആയാലും..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.