വിവരണം – കെ.എം. കുര്യാക്കോസ്.
1987 ൽ ഒരു 1977 മോഡൽ അമ്പാസിഡർ കാറുമായി ടോപ് സ്റ്റേഷനിൽ നിന്നും എസ്കേപ് റോഡുവഴി കൊടൈക്കനാലിലേക്കു നടത്തിയ സാഹസിക യാത്ര. ഞങ്ങൾ കോതമംഗലം M.A. കോളജിലെ അഞ്ച് അദ്ധ്യാപകർ, കൊമേഴ്സിലെ ഐസക് കുര്യൻ (ഷാജി), ഹിന്ദിയിലെ ജോൺ V.കുര്യൻ (ജോൺവി) ഇംഗ്ലീഷിൽ നിന്നും പോൾ മാത്യു (പോൾ), ജോൺ കുര്യാക്കോസ് (ജോണി), പിന്നെ തമ്പി എന്ന് വിളിയ്ക്കപ്പെടുന്ന ഞാനും.
ഒരു വ്യാഴാഴ്ച ഞങ്ങൾ ക്യാൻറീനിൽ ഇരിക്കുമ്പോൾ ഷാജിയാണ് പറയുന്നത് “നാളെ വെള്ളി അവധിയല്ലേ, വെറുതെ മൂന്നാർ വരെ പോയാലോ? ഞാൻ കാറെടുത്തു കൊള്ളാം” എന്ന്. ഷാജിയുടെ മാതാപിതാക്കൾ രണ്ടു പേരും കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ അദ്ധ്യാപകരാണ്, കാറും ഉണ്ട്. ഒരു KLO 5577 അംബാസ്സഡർ 77 മോഡൽ. എല്ലാവർക്കും സമ്മതം.
പിറ്റേ ദിവസം രാവിലെ കോളജ് ക്യാൻറീനടുത്തു നിന്നും യാത്ര തിരിക്കുന്നു, മൂന്നാറിന്. പ്രത്യേകിച്ച് ഒന്നും കരുതിയിട്ടില്ല. ഒറ്റ ദിവസത്തെ യാത്രയല്ലേയുള്ളു. വണ്ടി ഓടിക്കുന്നത് ഷാജി തന്നെ. മറ്റ് ആർക്കും തന്നെ ഡ്രൈവിംഗ് അറിയുമില്ല. ഡ്രൈവിംഗിലാണെങ്കിൽ ഷാജി ഉസ്താദാണ്.
പതിനൊന്നു മണിയോടെ ഞങ്ങൾ മൂന്നാറിൽ എത്തി. കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ടോപ് സ്റ്റേഷൻ വഴി കൊടൈക്കനാലിന് ഒരു എളുപ്പ വഴിയുണ്ട് എന്നറിയുന്നത്. ഏകദേശം 90 കിലോമീറ്ററേ ഉള്ളുവത്രേ. എല്ലാവർഷവും കോളത്തിൽ നിന്നും കുട്ടികളെ കൊടൈക്കനാലിന് കൊണ്ടു പോകുന്നത് ഒന്നെങ്കിൽ കമ്പം, വൈക, തേനി, പെരിയകുളം വഴിയോ അല്ലെങ്കിൽ മൂന്നാർ, മറയൂർ, ഉടുമൽപെട്ട, പഴനി വഴിയോ, അതുമല്ലെങ്കിൽ കോയമ്പത്തൂർ, പൊള്ളാച്ചി, ഉദുമൽപ്പെട്ട, പഴനി വഴിയോ ആയിരുന്നു.
പഴനി വഴിയാണ് യാത്ര എങ്കിൽ എപ്പോഴും ശ്വാസം അടക്കിപ്പിടിച്ച് സർവ്വ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചും കൊണ്ടായിരിക്കും യാത്ര. എങ്ങിനെ വന്നാലും ഏതു വഴിയിലും 280 കിലോമീറ്ററിൽ അധികം വരും. കോതമംഗലം – മൂന്നാർ 80 കിലോമീറ്ററും മൂന്നാർ – കൊടൈക്കനാൽ 90 കിലോമീറ്ററും കൂട്ടിയാൽ 170 കിലോമീറ്ററേ വരു. ആലോചിച്ചില്ല, പോകാൻ തീരുമാനിക്കുന്നു.
അടുത്ത ഒരു തുണിക്കടയിൽ നിന്നും ഒരു ലുങ്കിലും ഒരു ഷർട്ടും, അടുത്ത കടയിൽ നിന്നും ഒരു കന്നാസും ഒരു ഹോട്ടലിൽ നിന്നും കുറച്ചു വെള്ളവും വാങ്ങുന്നു. യാത്ര തിരിക്കുന്നു നേരെ കൊടൈക്കനാലിലേയ്ക്ക്. മാട്ടുപ്പെട്ടിയിൽ നിന്നും കുറച്ചു പേരയ്ക്ക, ആപ്പിൾ ,കാരറ്റ്, ഇത്രയും കൂടി വാങ്ങി വണ്ടിയിൽ ഇട്ടു.
ടോപ് സ്റ്റേഷൻ വരെ ഇതിനു മുമ്പും പോയിട്ടുണ്ട്, അവിടെ നിന്നും പാണ്ടി നാട്ടിലേയ്ക്ക് തേയിലയും മറ്റും കൊണ്ടു പോകുന്നതിനും, തിരിച്ച് അരിയും മറ്റുള്ള സാധനങ്ങൾ കൊണ്ടുവരുന്നതിനുള്ള റോപ് വേ കണ്ട മങ്ങിയ ഓർമ്മ മനസ്സിലുണ്ട്. മൂന്നു നാലു വർഷം മുമ്പ് അവിടെ പോയി ഒരു രാത്രി പെരിയാർ ഹോട്ടലിൽ താമസിച്ചതും അങ്ങ് ചെങ്കുത്തായ താഴ്ചയിൽ വ്യൂ പോയിൻ്റു കണ്ടതും ഇപ്പോൾ ഓർത്തു പോകുന്നു. തിരിച്ചു കയറാൻ വിഷമിച്ചപ്പോൾ ഇനി മേലിൽ ഇങ്ങോട്ടില്ല എന്നും തിരുമാനിച്ചു കോൽ ഒടിച്ചിട്ടതും. റോപ് വേയുടെ തുടക്കത്തിലെ നിർമ്മാണ അവശിഷ്ടങ്ങൾ ഇപ്പോഴുന്ന അവിടുണ്ട്.
രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനിക വാഹനങ്ങൾക്കു യാത്ര ചെയ്യാനും, ബിട്ടീഷുകാർക്കും ഉദ്യോഗസ്ഥർക്കും മദിരാശിയിൽ നിന്നും ആക്രമണ ഭീഷണി കൂടാതെ കൊടൈകനാൽ വഴി മൂന്നാർ വഴി കൊച്ചിയിലെത്തി ഇംഗ്ലണ്ടിനു രക്ഷപ്പെടാൻ ഉണ്ടാക്കിയ റോഡാണ് പിൽക്കാലത്ത് എസ്ക്കേപ്പ് റോഡ് എന്ന് പ്രശസ്തമായ ടോപ് സ്റ്റേഷൻ – കൊടൈക്കനാൽ റോഡ്. 1990 ൽ ഈ റോഡ് കേരള -തമിഴ്നാട് സർക്കാരുകൾ സംയുക്തമായി അടച്ചു സീൽ ചെയ്തു. പല കാരണങ്ങളാണ് പറഞ്ഞു കേൾക്കുന്നത്.
കഞ്ചാവ് കൃഷിക്കു കുപ്രസി നേടിയ കൊട്ടക്കമ്പല്ലൂരിലെ അനധികൃത കഞ്ചാവ് കൃഷി [ഇടുക്കി ഗോൾഡ് ]നിറുത്തൽ, കാട്ടുപോത്ത്, ആന, കേഴമാൻ, മാവ്, കാട്ടുപന്നി, കരിങ്കുരങ്ങ്, കടുവ, പുലി, സിംഹവാലൻ കുരങ്ങ്, കാട്ടുകോഴി മുതലായ കാട്ടു മൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങൾക്കു ഭീഷണി, കള്ളക്കടത്ത് മുതലായ പല കാരണങ്ങൾ. പിന്നെ ഒരു കാരണം പറഞ്ഞു കേൾക്കുന്നത്, കൊടൈക്കനാലിൽ എത്തുന്ന വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികൾ അവിടെ തങ്ങാതെ അതിനേക്കാൾ സുന്ദരിയായ മൂന്നാറിലേക്കൊഴുകും എന്ന പേടിയാണ് എന്നതാണ്, ശരിയായിരിക്കാം.
ഏതായാലും കൊടൈക്കനാൽ – മൂന്നാർ എന്ന Twin Hill Station Tourism എന്ന മനോഹര സങ്കൽപത്തിനേറ്റ അടിയായിരുന്നു ഈ തീരുമാനം. എന്നാലും കൊടൈക്കനാൽ മോയിർ ചെക് പോസ്റ്റിൽ നിന്നും രാവിലെ ക്യൂ നിന്ന് ടിക്കറ്റ് വാങ്ങിയാൽ ബെറി ജാം ലേക് വരെ യാത്രാനുമതി കിട്ടുമെന്ന് കേൾക്കുന്നു, അല്ലെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങിയിരിയ്ക്കണം. ഈ യാത്ര എങ്ങിനെയായിരിക്കും എന്ന് ഒരു ഊഹം പോലും ഞങ്ങൾക്കില്ല. സ്വയം വിശ്വസിക്കാതെ, പരസ്പരം ഞങ്ങൾ മറ്റുള്ള നാലു പേരെ വിശ്വസിച്ചു എന്നതാണ് സത്യം . ഒരാൾ വേണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ ആ അവിസ്മരണീയ യാത്ര ഉണ്ടാകുമായിരുന്നില്ല.
മൂന്നാറിലോ ടോപ് സ്റ്റേഷനിലോ എവിടെയോ ഒരു ഫോറസ്റ്റ് ചെക് പോസ്റ്റിൽ കോളജ് ജംഗ്ഷനിലെ കൊച്ചാപ്പയുടെ മകനും സുഹൃത്തുമായ ഹനീഫ ആയിരുന്നു എന്നു തോന്നുന്നു മുന്നോട്ടു പോകുവാനുള്ള പച്ചക്കൊടി തന്നു. അപ്പോഴും Destination Unknown ഞങ്ങൾ പറഞ്ഞില്ല. അങ്ങിനെ ടോപ് സ്റ്റേഷനു സമീപം പിൽക്കാലത്ത് നിലവിൽ വന്ന പാമ്പാടുംചോല ദേശീയോദ്യാനം (വനം) വഴി പഴനി ഹിൽ WildLife Sanctuary യിലൂടെ കൊടൈക്കനാലിലേയ്ക്കുള്ള ഞങ്ങൾ അഞ്ചു പേരെയും വഹിച്ചുള്ള KLO 5577 അംബാസ്സഡർ കാർ യാത്ര തുടർന്നു.
യാത്രയുടെ ആദ്യഭാഗം രസകരവും ആയാസരഹിതവുമായിരുന്നു. വർത്തമാനം പറയുക, കഥകൾ പറയുക, രസിപ്പിക്കുക എന്നത് എൻ്റെയും, നല്ല പാട്ടുകൾ പാടുക എന്നത് ജോണിയുടെയും, കോളജിലെ അദ്ധ്യാപകരുടെ കഥകൾ പറയുക എന്നത് ജോൺവിയുടേയും ഇടയ്ക്ക് ഇംഗ്ലീഷിൽ തമാശ പറയുക, ഞങ്ങൾ തമാശ പറയുമ്പോൾ ഇംഗ്ലീഷിൽ ചിരിക്കുക (ha ha ha എന്ന സ്റ്റൈലിൽ) എന്നത് പോളിൻ്റേയും, വണ്ടി ഓടിക്കുക, സിഗററ്റ് വലിക്കുക എന്നത് ഷാജിയുടെയും കർത്തവ്യം ആയിരുന്നു.
ഓരോ വളവു വരുമ്പോഴും ആനക്കുട്ടമോ കാട്ടുപോത്തിൻ കൂട്ടമോ വളവിനപ്പുറം ഉണ്ടോ എന്ന പേടി. ഓരോ വളവു കഴിയുമ്പോഴും പിന്നിൽ നിന്നും കടുവയോ പുലിയോ പാഞ്ഞു വരുന്നുണ്ടോ എന്ന പേടി. എട്ടു പത്തു കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ ഷാജിയൊഴികെ എല്ലാവരിലും പേടി അരിച്ചു കയറാൻ തുടങ്ങി. കാടിൻ്റെ ഒരു വക നിശബ്ദയും പിന്നീട് ചെവി തുളച്ചു കയറുന്ന ചീവീടിൻ്റെയും വേഴാമ്പലിൻ്റെയും ഒക്കെ പേടിപ്പെടുത്തുന്ന ശബ്ദവും.
റോഡ് എന്നു പറയാൻ ഇല്ലാ, മെറ്റൽ എല്ലാം ഇളകി പറഞ്ഞ് കുഴിയും കുന്നുമായി ഒരസ്ഥിപഞ്ജര വഴി. ഒന്നു മൂത്രം ഒഴിയ്ക്കാനായി കാർ നിർത്താൻ വരെ പേടി. ചിലപ്പോൾ വെറുതെ ആയിരിയ്ക്കാം. പെട്ടെന്ന്, ഇത്തിരി മുന്നിൽ ഉരുൾപൊട്ടുന്ന ശബ്ദത്തിൽ കാട് ഇളക്കി മറച്ചുകൊണ്ട് എന്തോ പാഞ്ഞ് വരുന്ന ശബ്ദം, അതേ ദൂരത്ത് റോഡിനരുകിൽ മനുഷ്യ കോലങ്ങൾ എന്നു പറയാവുന്ന മൂന്നു നാലു പേർ നിലത്തു ചേർന്നു കിടക്കുന്നു. വല്ലാത്ത ഒരു അലർച്ചയോടെ കാടിളക്കി ഒരു കൂട്ടം കാട്ടുപോത്തുകൾ റോഡു മുറിച്ചു കടന്നു പോകുന്നു. ജിവിതത്തിലെ ആദ്യ അനുഭവം. കാലിൽ സ്റ്റോക്കിംഗ്സ് ഇട്ട ധർമ്മഗിരി ആശുപത്രിയിലെ നേഴ്സുമാരെയാണ് എനിക്ക് ഓർമ്മ വന്നത്.
അവസാനത്തെ പോത്തും കടന്നു പോയി ഇത്തിരി കൂടി കഴിഞ്ഞാണ് നിലത്ത് കമിഴ്ന്നു കിടന്നവർ എഴുന്നേറ്റത്. ഞങ്ങളെ കണ്ട അവർ പേടിച്ചു തന്നെയാണ് നിന്നത്. ഞങ്ങൾ അവരെയും പേടിച്ച് അവിടെ തന്നെ നിന്നു. മന്നാൻമാരോ മുതുവാൻമാരോ ആയിരിക്കണം. വല്ല കഞ്ചാവ് കൃഷിക്കാരോ കള്ളക്കടത്തുകാരോ ആണ് ഞങ്ങൾ എന്നു അവർ വിചാരിച്ചു കാണണം, കയ്യിൽ തോക്കുണ്ടെന്നും.
വിചിത്ര ജീവികളെ കാണുന്നപോലെയാണവർ ഞങ്ങളെ നോക്കുന്നത്. ഞങ്ങൾ പറഞ്ഞത് അവർക്കും, അവർ പറഞ്ഞത് ഞങ്ങൾക്കും മനസ്സിലായില്ല. ഏതായാലും ജോൺവിയുടെ കയ്യിലിരുന്ന മാക്സ് ഡവൽസിൻ്റെ കാൽ ഭാഗം ഉള്ള കുപ്പി സന്തോഷത്തോടെ തന്നെ വാങ്ങി. സൂക്ഷിച്ചു പോവണം കറേ കഴിഞ്ഞാൽ ആന ഉണ്ടാവും എന്നാണ് അവർ പറഞ്ഞത് എന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട ആവശ്യം വന്നില്ല.
അവർ പോയി കഴിഞ്ഞപ്പോൾ എല്ലാവരും പാൻസും ഷർട്ടും ഊരി മാറ്റി ലുങ്കിയെടുത്ത് ഉടുത്തു. പിന്നീട് പ്രകൃതിയുടെ ഒന്നും രണ്ടും വിളികൾ അവിടെ തന്നെ എല്ലാവരും നടത്തി. ഇനി അതിനുള്ള അവസരം കിട്ടുമോ എന്നറിയില്ല. ടിഷ്യൂ പേപ്പറിനേക്കാളും മൃദുവായ, നമ്മുടെ നാട്ടിൽ കുട്ടികളെ വൃത്തിയാക്കാൻ ഉയോഗിക്കുന്ന ഒരു തരം ഇല കൊണ്ട് കാരും സാധിച്ച് ബാക്കി കാരും കയ്യിലുള്ള വെള്ളം കൊണ്ടും സാധിച്ച് വീണ്ടും യാത്ര തുടർന്നു.
പോളും ജോണിയും പതിയെ മയക്കത്തിലേയ്ക്കു വീണു തുടങ്ങി. ജോൺവിയും ഞാനും ഷാജിയ്ക്ക് കമ്പനി കൊടുത്തു കൊണ്ടിരുന്നു. ഷാജി അക്ഷോഭ്യനാണ്. ഞാൻ നാലുപാടും സൂക്ഷിച്ചു നോക്കി കൊണ്ട് മുമ്പിൽ തന്നെ ഷാജിയുടെ അടുത്താണ് ഇരിപ്പ്. പെട്ടെന്നാണ് ഒത്തിരി ദൂരം അല്ലാതെ പുല്ലുകൾക്കിടയിൽ മര കൂട്ടങ്ങൾക്കടുത്ത് കുറേ കാട്ടാനകൾ, പുറം മുഴുവൻ ചെളിവാരിയെറിഞ്ഞ് ഭീകരമായ ഭാവത്തോടെ നില്പ്.. ഒന്നും ചെയ്യാനില്ല. എത്ര നേരം അവിടെ നിന്നുവെന്നറിയില്ല, കൊടൈക്കനാലിൽ എത്തുമോ എന്നുമറിയില്ല, തിരികെ പോവാനും വയ്യ. വണ്ടി തിരിക്കാനും വയ്യ.. സർവ്വ ദൈവങ്ങളേയും വിളിച്ചുകൊണ്ടിരുന്നു. കുറേ കഴിഞ്ഞപ്പോൾ അവ ശല്യമൊന്നും ഉണ്ടാക്കാതെ റോഡിനിപ്പുറത്തേയ്ക്ക് നടന്നു പോയി.
വണ്ടിക്കകത്ത് തമാശയില്ല, വർത്തമാനമില്ല, ഇനി എത്ര ദൂരം ഉണ്ട് കൊടൈക്കനാലിന് ഉണ്ട് എന്നു പോലും അറിയില്ല. എത്രയോ ഹെയർ പിൻ വളവുകളും കുത്തനെയുള്ള കയറ്റങ്ങളും പിന്നിട്ടു. മനസ്സു കൈവിട്ടു. ഷാജി ക്ഷമയോടെ വണ്ടിയോടിച്ചു കൊണ്ടിരുന്നു. ഇത്തിരി കഴിഞ്ഞില്ല ” േO” എന്നൊരു ശബ്ദം കേട്ട് പിന്നിൽ പോളും ജോണിയും ചാടിയെഴുന്നേറ്റു .
“ചതിച്ചെന്നാ തോന്നുന്നെ…” ആദ്യമായിട്ടാണ് ഷാജിയുടെ മുഖത്ത് ഒരു പരിഭ്രമം കാണുന്നത്. “ടയർ വെടി തീർന്നു.” പക്ഷെ ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ട് അര മണിക്കൂറിനകം ഷാജി ഒറ്റയ്ക്കു തന്നെ പഞ്ചറായ ടയർ മാറ്റി പുതിയതിട്ടു. “ഇനി ഒരെണ്ണം കൂടി പൊട്ടിയാൽ നമ്മൾ പെട്ടു” വളരെ കൂളായിട്ടാണ് കക്ഷി പറഞ്ഞത്.
പിന്നീടുള്ള യാത്ര പതിയെ സാവധാനം സൂക്ഷിച്ചായിരുന്നു. കുറേ കഴിഞ്ഞപ്പോൾ പെട്ടെന്ന്, സാവധാനം ഞങ്ങളുടെ വണ്ടിയുടെ കുലുക്കവും പെടപ്പും നിന്നു. സുഖമായി നല്ല റോളറിട്ട് ഒതുക്കിയ മൺപാതയിലൂടെ വണ്ടി നീങ്ങുന്നു. ഇരുവശവും നല്ല ചൂളമരങ്ങൾ ചാഞ്ഞ് കുട പോലെ ഒരു മേൽക്കട്ടിപോലെ ഞങ്ങൾക്ക് മുമ്പിൽ, ബേറിജാം എന്നാണ് എന്നു തോന്നുന്നു ഒരു ബോർഡ്. അതോ മൈൽ കുറ്റിയോ? തലങ്ങും വിലങ്ങും കാട്ടുകോഴികൾ പറക്കുന്നു. ഒരു കാര്യം ഉറപ്പ് കേരളം ഞങ്ങൾ പിന്നിട്ടു. എത്ര മനോഹരമായ റോഡിലൂടെ പിന്നീട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും എസ്കേപ്പ് റോഡിലൂടെ കേരള അതിർത്തി കഴിഞ്ഞുള്ള ആ യാത്രയുടെ സുഖം ഒരു റോഡിലും കിട്ടിയിട്ടില്ല.
എത്രയും പെട്ടെന്ന് ബേറിജാം തടാകത്തിൽ എത്താൻ ആയിരുന്നു പ്രാർത്ഥന. വണ്ടി ഒരു വശത്തേക്കു വലിക്കുന്നതു പോലെ. ഞാൻ പതിയെ ഷാജിയോട് കാര്യം തിരക്കി. കക്ഷി വെറുതെ ഒന്നു കണ്ണിറുക്കി കാണിച്ചു. അത്ര മാത്രം. തടാകത്തിനരികെ എത്തുമ്പോൾ ഏകദേശം വൈകിട്ട് ആറുമണി കഴിഞ്ഞു. എന്നു വച്ചാൽ ടോപ് സ്റ്റേഷനിൽ നിന്നും ഞങ്ങൾ പോന്നിട്ട് ഏകദേശം അഞ്ചു മണിക്കൂർ കഴിഞ്ഞിരിക്കുന്നു.40 കിലോമീറ്ററിന് 5 മണിക്കൂർ. പിന്നീട് ആണ് അറിഞ്ഞത് ഞങ്ങൾ യാത്ര ചെയ്തത് 8000 അടി ഉയരം ഉള്ള ‘വാൻന്തരവ് പീക്ക്’ എന്നറിയപ്പെടുന്ന കൊടുമുടിയ്ക്കടുത്തുകൂടിയുള്ള ദുർഘടം പിടിച്ച റോഡിലൂടെയായിരുന്നു എന്നത്.
ബെറിജാമിൽ നിന്നുള്ള യാത്ര പ്രായേണ സുഖകരമായിരുന്നു. വണ്ടിയുടെ ഒരു വശത്തേക്കുള്ള വലി അപ്പോഴും ഉണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോൾ അതി മനോഹരമായ ആത്മഹത്യാമുനമ്പ്. ഇതിനു മുമ്പ് കോളജിൽ നിന്നും കുട്ടികളേയും കൊണ്ടു വരുമ്പോൾ കാണുന്നതല്ലാത്ത, വല്ലാത്ത ഒരു മുനമ്പ്. ഇത്തിരി നേരം അവിടെയിരുന്നു. വീണ്ടും യാത്ര തുടർന്നപ്പോൾ, പെട്ടെന്ന് വളരെ പരിചയമുള്ള മലനിരകൾ… “പില്ലർ റോക്ക്” ഞാൻ വിളിച്ചു കൂവി. “നമ്മൾ എത്തിയിരിക്കുന്നു കൊടൈക്കനാലിൽ, Destination Known.” ഞങ്ങൾ എത്തി ഞങ്ങളുടെ ലക്ഷ്യസ്ഥാനത്ത്. വീണ്ടും ഞങ്ങൾ അഹങ്കാരികളായി.
കൊടൈക്കനാൽ ടൗണിൽ ബസ് സ്റ്റാൻഡിനു സമീപത്ത് ഞങ്ങൾ മുറിയെടുത്ത ഹോട്ടലിൻ്റെ പേര് ‘ഭാഗ്യ ദീപം’ എന്നാണെന്നു തോന്നുന്നു. ഞങ്ങളുടെ യാത്രയുടെ കഥ കേട്ട അവർ അത്ഭുത ജീവികളെ കാണുന്ന പോലെയായിരുന്നു ഞങ്ങളെ പോക്കിയത്. സാധാരണ ഗതിയിൽ ആരും ഉപയോഗിയ്ക്കാത്ത വഴി, അപകടം കൂടാതെ എത്തിയത് ദൈവാനുഗ്രഹം.
ശനിയാഴ്ച കൊടൈക്കനാൽ മുഴുവൻ കറങ്ങി ഒരു വർക് ഷോപ് നോക്കി, കാറിൻ്റെ വലിച്ചിൽ ശരിയാക്കാൻ. കിട്ടിയില്ല. പിറ്റേ ദിവസം ചുരം ഇറങ്ങി പഴനിയിൽ എത്തിയത് വീണ്ടും പ്രാർത്ഥനയുടെയും ഷാജിയുടെ ഡ്രൈവിംഗിൻ്റെയും ശക്തിയിൽ. പൊള്ളാച്ചിയിൽ വരേണ്ടി വന്നു കാറിൻ്റെ വലിച്ചിൽ ശരിയാക്കാൻ. ഞായറാഴ്ച ഒരു വർക് ഷോപ്പുകാരൻ്റെ വീട്ടിൽ ചെന്ന് കാലു പിടിച്ച് വർക് ഷോപ്പിൽ കൊണ്ടു വന്നു. കാറിൻ്റെ ടയർ റാഡ് എന്നോ മറ്റോ ആണ് പ്രശ്നമായിരുന്നത്. അത് വെൽഡ് ചെയ്തോ മറ്റോ ഞങ്ങളുടെ യാത്ര തിരികെ കോതമംഗലത്തേയ്ക്ക്. ഇന്നും ഓർക്കുമ്പോൾ വല്ലാണ്ട് പേടിപ്പെടുത്തുന്ന ഓർമകൾ നല്കുന്ന ഒരു യാത്ര ശുഭപര്യവസായിയാക്കിയതിന് ദൈവത്തിന് നന്ദി, ഒപ്പം ഷാജിയ്ക്കും