© Marvin Mutz

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഒരു ഫ്ലാഗ് കാരിയർ എയർലൈനാണ്‌ ഇത്തിഹാദ് എയർവേയ്‌സ്. ഇത്തിഹാദിന്റെ ചരിത്രവും വിശേഷങ്ങളുമാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ ഫ്ലാഗ് കാരിയർ എയർലൈനായ ഇത്തിഹാദ് എയർവേയ്‌സ് 2003 ലാണ് പ്രവർത്തനമാരംഭിക്കുന്നത്. ദുബായ്ക്ക് സ്വന്തമായി എമിറേറ്റ്സ് എന്നതുപോലെ അബുദാബിയ്ക്ക് സ്വന്തമായി ഒരു വിമാന സർവ്വീസ് വേണമെന്ന ആഗ്രഹത്താൽ ഷെയ്ഖ് അഹമ്മദ് ബിൻ സയിഫ് അൽ നഹ്യാൻ ആണ് ഇത്തിഹാദ് എയർവേയ്‌സ് സ്ഥാപിച്ചത്. അതുവരെ അബുദാബി കേന്ദ്രീകരിച്ച് സർവീസുകൾ നടത്തിയിരുന്നത് ഒമാൻ, ബഹ്‌റൈൻ രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള ഗൾഫ് എയർ ആയിരുന്നു.

അങ്ങനെ 500 മില്യൺ UAE ദിർഹം മൂലധനവുമായി 2003 ജൂലൈയിൽ ഇത്തിഹാദ് എയർവേയ്‌സ് പ്രവർത്തനമാരംഭിച്ചു. 2003 നവംബർ 5 നു അബുദാബിയിൽ നിന്നും അൽ ഐനിലേക്ക് ആയിരുന്നു ഇത്തിഹാദിന്റെ ആദ്യത്തെ സർവ്വീസ്. ദിവസങ്ങൾക്കു ശേഷം നവംബർ 12 നു ഇത്തിഹാദ് തങ്ങളുടെ ആദ്യത്തെ ഇന്റർനാഷണൽ സർവ്വീസും തുടങ്ങി. ലബനനിലേക്ക് ആയിരുന്നു ആദ്യത്തെ അന്താരാഷ്ട്ര സർവ്വീസ്.

2004 ജൂൺ മാസത്തിൽ 8 ബില്യൺ US ഡോളർ ചെലവഴിച്ച് ഒരു വമ്പൻ വിമാന പർച്ചേസ് ഓർഡർ തന്നെ നടത്തി. അഞ്ച് ബോയിങ് B777, നാല് എയർബസ് A380 ഉൾപ്പെടെ 24 എയർബസ് വിമാനങ്ങൾ എന്നിവായിരുന്നു ഇത്തിഹാദിന്റെ ഓർഡറുകൾ. ഓർഡർ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് A380, 2014 ഡിസംബറിൽ ഇത്തിഹാദിനു ലഭിച്ചു. 2008 ൽ നടന്ന ഫാൺബോറോ എയർഷോയ്ക്കിടെ 205 എയർക്രാഫ്റ്റുകൾക്കായി ഇത്തിഹാദ് റെക്കോർഡ് ഓർഡർ തന്നെ നൽകുകയുണ്ടായി.

ഇത്തിഹാദ് എന്നാൽ അറബിയിൽ ‘ഐക്യം’, ‘ഫെഡറേഷൻ’ എന്നിങ്ങനെയാണ് അർഥം വരുന്നത്. 2003-ൽ സ്ഥാപിക്കപ്പെട്ടതിനു ശേഷം, അതിവേഗം വളരുന്ന വ്യാവസായിക വിമാനക്കമ്പനി എന്ന ഖ്യാതി നേടാൻ ഇത്തിഹാദിന് കഴിഞ്ഞു. ഇത്തിഹാദിൻറെ ആദ്യത്തെ പൂർണ്ണ വ്യവസായവർഷമായിരുന്ന 2004 ൽ 340,000 യാത്രക്കാർ മാത്രം സഞ്ചരിച്ചിരുന്ന സ്ഥാനത്ത് 2007ൽ അത് 4.6 മില്യൺ ആയി.

ഇത്തിഹാദ് എയർവേയ്‌സ്ന്റെ ആസ്ഥാനം അബുദാബിയിലെ ഖലീഫ സിറ്റിയിലാണ്. 2007 ൽ 50 മില്യൺ US ഡോളറുകൾ ചെലവഴിച്ചാണ് ഇത്തിഹാദ് തങ്ങളുടെ ഹെഡ് ഓഫീസ്, ട്രെയിനിംഗ് സെന്റർ എന്നിവ പണികഴിപ്പിച്ചത്.

ഇന്ന് ഇത്തിഹാദ് ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, നോർത്ത് അമേരിക്ക, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിവിധ ലക്ഷ്യകേന്ദ്രങ്ങളിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. പാസഞ്ചർ സർവ്വീസുകൾക്കു പുറമെ ഇത്തിഹാദ് കാർഗോ എന്ന പേരിൽ കാർഗോ സർവ്വീസുകളും ഇത്തിഹാദ് നടത്തുന്നുണ്ട്. അൻപതോളം എയർലൈനുകളുമായി ഇത്തിഹാദിനു കോഡ്‌ഷെയർ എഗ്രിമെന്റുകൾ നിലവിലുണ്ട്.

ഇന്ത്യയിലെ അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ജയ്‌പൂർ, കൊച്ചി, കൊൽക്കത്ത, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇത്തിഹാദ് എയർവേയ്‌സ് സർവ്വീസ് നടത്തുന്നുണ്ട്.

എയർബസ് A320, എയർബസ് A321, എയർബസ് A321 Neo, എയർബസ് A350, എയർബസ് A380, ബോയിങ് 777-300 ER, ബോയിങ് 777-9, ബോയിങ് 787-9, ബോയിങ് 787-10, ബോയിങ് 777F കാർഗോ എന്നീ വിമാന മോഡലുകളാണ് പ്രധാനമായും എത്തിഹാദ് തങ്ങളുടെ സർവീസുകൾക്ക് ഉപയോഗിക്കുന്നത്.

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ലോകത്തെ മുഴുവന്‍ വിമാനക്കമ്പനികളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ പട്ടികയിൽ ആദ്യ 50 സ്ഥാനങ്ങളിൽ ഇത്തിഹാദ് എയർവേയ്‌സ് ഇടംനേടിയിട്ടുണ്ട്.

എമിറേറ്റ്‌സുമായുള്ള മത്സരത്തിന്റെ ഭാഗമായി യൂറോപ്പിലെ വിമാന കമ്പനികളിൽ നിന്നും ഇത്തിഹാദ് ഓഹരികൾ സ്വന്തമാക്കിയിരുന്നു. ഇതിന്റെ ഫലമായി കനത്ത നഷ്ടമായിരുന്നു ഇത്തിഹാദിനു നേരിടേണ്ടി വന്നത്. നഷ്ടത്തെ തുടർന്ന് 2016 മുൽ ഇത്തിഹാദ് ചെലവ് ചുരുക്കൽ പ്രക്രിയയിലൂടെയാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി 38 ഓളം വിമാനങ്ങൾ ഇത്തിഹാദ് വിൽക്കുകയുണ്ടായി. നഷ്ടങ്ങൾ തളർത്താത്ത ഇന്നും ഇത്തിഹാദ് തങ്ങളുടെ സേവനം തുടർന്നുകൊണ്ടിരിക്കുന്നു.

Photo – Marvin Mutz.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.