വിവരണം – Siraj Bin Abdul Majeed.
നമ്മുടെ നാട്ടിൽ നിന്നും യൂറോപ്പിലേക്കു പോകുന്നവരുടെ എണ്ണം കൂടി വരുന്ന ഈ കാലത്ത് യൂറോപ്പ് ട്രിപ്പ് കുറച്ചു കൂടി ഉഷാറാക്കാനുള്ള പരിപാടിയാണ് കാർ റെന്റ് എടുത്തു ഒരു റോഡ് ട്രിപ്പ്. ഇത് കേൾക്കുമ്പോൾ കുറെ ചോദ്യങ്ങൾ വരും “ട്രാമും ബസും കാറുമൊക്കെ ഒരേ സമയം ഓടുന്ന യൂറോപ്പിലെ റോഡിൽ കൂടി വണ്ടിയോടിക്കാനോ? അതും നമുക്ക് ഒട്ടും പരിചിതമല്ലാത്ത വലതു വശം ചേർന്നുള്ള ഡ്രൈവിങ്ങും പിന്നെ കർക്കശമായ ട്രാഫിക് മര്യാദകളും നിയമങ്ങളും ഉള്ള നാട്ടിൽ. നടക്കണ കാര്യം പറയിഷ്ട” എന്ന്. എന്തിനു ഇതേ സാഹചര്യത്തിൽ ഗൾഫിൽ വണ്ടിയോടിക്കുന്ന പ്രവാസികൾ വരെ യൂറോപ്പിൽ പോയാൽ അധികവും വണ്ടിയെടുക്കാൻ ധൈര്യപെടാറില്ല. എന്നാൽ ചില മുൻവിധികളും ചിലകാര്യങ്ങളിൽ കുറച്ചു ശ്രദ്ധയും കൊടുത്താൽ നമ്മുടെ നാട്ടിൽ ഓടിക്കുന്നതിനേക്കാൾ സുഖമായി യൂറോപ്പിൽ വണ്ടിയോടിക്കാം.
ഇനി എന്റെ കാര്യത്തിലേക്കു വരാം. യൂറോപ്പിലേക്കു ആദ്യമായി പോകുന്നത് 2016 ലാണ്. അതും സോളോ ട്രിപ്പ്. ഡ്രൈവ് ചെയ്യുന്നതിനെ കുറിച്ച് വിദൂരത്തിൽ പോലും ചിന്തിക്കാത്ത ട്രിപ്പ്. നമ്മളെ പോലുള്ളവർക്ക് വിസ കിട്ടിയത് തന്നെ അൽഹംദുലില്ലാഹ് എന്ന് ചിന്തിച്ചു പോയ സമയം. നാഗവല്ലിയുടെ ആഭരണങ്ങൾ കാണിച്ചു കൊടുക്കുന്ന ഗംഗയെ പോലെ എല്ലാവർക്കും എന്റെ schengen വിസ കാണിച്ചു കൊടുക്കലായിരുന്നു അപ്പോൾ എന്റെ വിനോദം. വിസ കിട്ടുക എന്നാ സാഹസത്തോളം വലുതായിരുന്നില്ല ട്രിപ്പ് പ്ലാൻ ചെയ്യലും യാത്രയും അപ്പോൾ എനിക്ക്.. ഒരു 9 ദിവസത്തെ schengen വിസയും കൊണ്ട് 4 രാജ്യങ്ങളിൽ പോയി.
പിന്നീട് 2017 ലും 2018 ലുമായി രണ്ടു തവണ കൂടി യൂറോപ്പിൽ പോയി.. ഈ വർഷം 2019 ഏപ്രിലിൽ വേനൽ അവധിക്കു കുട്ടികളെയും യൂറോപ്പ് കാണിക്കണം എന്നൊരാഗ്രഹം തോന്നി. അധികം ചെലവ് വരാത്ത രാജ്യങ്ങൾ വെച്ചൊരു പ്ലാൻ ഉണ്ടാക്കി. പോളണ്ട് ഹംഗറി ക്രോയേഷ്യ ഓസ്ട്രിയ. ഇതിൽ ഓസ്ട്രിയ മാത്രമായിരുന്നു കുറച്ചു ചെലവ് കൂടിയ രാജ്യം. എല്ലാം കൂടി 15 ദിവസത്തെ ട്രിപ്പ് പ്ലാനുണ്ടാക്കി. അപ്പോഴും ഡ്രൈവ് ചെയ്യുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.
എനിക്ക് വേണ്ടി തയ്യാറാക്കിയ പോലെ യൂറോപ്പിലേക്ക് ഖത്തർ എയർവേയ്‌സിന്റെ ഒരു 50% ഓഫർ കൂടി കിട്ടി. അതായത് കൊച്ചിയിൽ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കും തിരിച്ചു പോളണ്ടിലെ വാർസോവിൽ നിന്നും കൊച്ചിയിലേക്കും 34000 രൂപയ്ക്കു up & down ടിക്കറ്റും കിട്ടി. അതാണ് നമ്മളൊരു കാര്യം ആഗ്രഹിച്ചാൽ ഈ ലോകം മുഴുവൻ നമ്മളോടൊപ്പം നിൽക്കുമെന്ന് പറയുന്നത്. 4 ദിവസം കൊണ്ട് എല്ലാവർക്കും ഫ്രാൻസുകാർ വിസയും തന്നു. ലോകം മുഴുവൻ കൂടെ നിൽകുവല്ലേ അവർക്കു മാത്രം മാറി നിൽക്കാൻ കഴിയോ.
കുടുംബവുമായി യാത്ര ചെയ്യുമ്പോൾ താമസത്തിനായി ഏറ്റവും ഉപകാര പ്രദമാണ് airbnb.. നമുക്ക് കുക്ക് ചെയ്യാം അങ്ങനെ കുറച്ചു ക്യാഷ് ലാഭിക്കാം പിന്നെ ഡ്രെസ്സുകൾ വാഷ് ചെയ്യാം. പിന്നെ അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉണ്ടാവും. Airbnb വഴി ബുക്ക് ചെയ്യുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ മതി എന്തൊക്കെ സൗകര്യങ്ങൾ ഉള്ള അപാർട്മെന്റ് ആണെന്നുള്ളത്. ഇതിൽ ഏറ്റവും ഉപകാരപ്രദം ഹോട്ടൽ റൂമിന്റെ കുടുസ്സ് ഇല്ലെന്നുള്ളതാണ് അത്യാവശ്യം ലിവിങ് റൂമും കിച്ചനുമൊക്കെ ആയി ഹോട്ടൽ റൂമിന്റെ കാശിനു ഒരു അപ്പാർട്മെന്റോ വില്ലയോ കിട്ടുമെന്നുള്ളതാണ്
ക്രോയേഷ്യ ഒഴിച്ച് ബാക്കി എല്ലാ സ്ഥലങ്ങളിലും ഞാൻ താമസം ബുക്ക് ചെയ്തു. ക്രോയേഷ്യ മാത്രം വിട്ടുകളഞ്ഞത് അവിടത്തെ കാഴ്ചകൾ zagreb എന്ന തലസ്ഥാനത്തു ഒതുങ്ങുന്നതല്ല എന്നത് കൊണ്ടാണ്. അതിനാൽ ക്രോയേഷ്യക് വേണ്ടി 4 ദിവസം മാറ്റി വെച്ചു. നാട്ടിൽ ഉപയോഗിക്കുന്ന നമ്പർ ഇന്റർനാഷണൽ റോമിംഗ് activate ചെയ്തു 4999 രൂപയ്ക്കു. Almost നാട്ടിൽ ഉപയോഗിക്കുന്ന പോലെ ഫോൺ ഉപയോഗിക്കാം. അപ്പോൾ ക്രോയേഷ്യയിലെ ബുക്കിങ്ങുകൾ അവിടെ ചെന്നാലും ചെയ്യാം.
ബുഡാപെസ്റ്റിലെയും ഓസ്ട്രിയയിലെയും പോളണ്ടിലെയും കാഴ്ചകളിലെ വിശേഷങ്ങളിലേക്ക് പോകുന്നില്ല നമ്മുടെ വിഷയം യൂറോപ്പിൽ ഡ്രൈവ് ചെയ്യുന്നതിനെ കുറിച്ചാണല്ലോ. ക്രോയേഷ്യയിലെ കാഴ്ചകൾ പ്രധാനമായും തലസ്ഥാന നഗരിയായ സാഗ്രെബിൽ നിന്നും ഏകദേശം 300 km ദൂരമുള്ളതാണ്. സാഗ്രെബിൽ കാഴ്ചകൾ ഇല്ലെന്നല്ല പക്ഷെ ഞാൻ കാണാൻ ആഗ്രഹിച്ചത് plitvice നാഷണൽ പാർക്കും ക്രോയേഷ്യയുടെ മനോഹരങ്ങളായ ഒരു കടൽ തീരവുമായിരുന്നു. അതിനു ഏകദേശം ഒരു സൈഡ് 300 km എങ്കിലും പോകണം. 4 ദിവസം കൊണ്ട് രണ്ടു കുട്ടികളും പിന്നെ വലിയ രണ്ടു ബാഗുകളും ചുമന്നു ഇവിടെ എത്തുക എന്നത് അത്ര എളുപ്പമല്ല എന്നനിക്കറിയാരുന്നു.
ബുഡാപെസ്റ്റിൽ നിന്നും ക്രോയേഷ്യയുടെ തലസ്ഥാനമായ സാഗ്രെബിൽ എത്തിയപ്പോൾ 4 ദിവസത്തിലെ ആദ്യ ദിവസത്തെ പകുതി തീർന്നു. ബസ്സിൽ ഇരുന്നു തന്നെ സിറ്റിക്കു അകത്തു ഒരു airbnb അപാർട്മെന്റ് ബുക്ക് ചെയ്തു. അടുത്ത ദിവസങ്ങളിൽ യാത്ര എങ്ങനെ ചെയ്യണമെന്ന് വ്യക്തമായ ഒരു പ്ലാനും ഇല്ലായിരുന്നു. നേരത്തെ പറഞ്ഞ സ്ഥലങ്ങളിലേക്കുള്ള പബ്ലിക് ട്രാൻസ്പോർട്ടുകളൊന്നും നമ്മുടെ സമയത്തിന്റെ വരുതിക്ക് വരുന്നില്ല. കാർ എടുക്കണോ വേണ്ടയോ എന്നുള്ളത് ഒരു ഉറപ്പ് മനസ്സിൽ വരുന്നില്ല. നാട്ടിൽ മാത്രം ഓടിച്ചു പരിചയം ഉള്ള എനിക്ക് ആദ്യം പറഞ്ഞ എല്ലാ മുൻവിധികളും ഉണ്ടായിരുന്നു.
ആദ്യമായി യൂറോപ്പിൽ കാർ ഓടിക്കുക അതും ചെറിയ കുട്ടികളെയും വെച്ച് സാഹസികമല്ലേ എന്ന് മനസ്സ് മന്ത്രിച്ചോണ്ടിരിന്നു. zagreb സിറ്റി കണ്ടതും പൂർത്തിയായി. ഒരു റോഡിൽ കൂടി രണ്ടു വശത്തേക്കും ട്രാമുകൾ ഓടുന്നു ഒപ്പം ബസ്സും കാറും ലോറിയും. സാഗ്രെബിൽ ബസ്സിറങ്ങി airbnb ലക്ഷ്യമാക്കി നടക്കുമ്പോൾ ഭാര്യയോട് കാർ എടുക്കുന്നതിനെ കുറിച്ച് ചോദിച്ചു. നേരിടാൻ പോകുന്ന പ്രശ്നങ്ങൾ എല്ലാം ഭാര്യയോട് പറഞ്ഞു. എന്നാൽ ഭാര്യയുടെ മറുപടി ആത്മവിശ്വാസം നൽകുന്നതായിരുന്നു. “കൊച്ചിയിലെ വൈറ്റിലയിലും കലൂരിലും കുണ്ടന്നൂരിലുമൊക്കെ ഓടിക്കുന്നതല്ലേ? അങ്ങട് എടുത്തു ഓടിക്കുക. അത്ര തന്നെ” എന്ന്.
വലതു വശം ചേർന്നുള്ള ഓടിക്കലിന്റെ പ്രായോഗിക ബുദ്ധിമുട്ടൊന്നും മനസിലാവാത്ത ഭാര്യയുടെ മറുപടിയിൽ പൂർണ തൃപ്തി നൽകിയില്ലെങ്കിലും പകുതി ആത്മവിശ്വാസത്തോടെ അപ്പാർട്മെന്റിൽ പെട്ടിയൊക്കെ വെച്ച് ഫ്രഷ് ആയി സിറ്റിയിലേക്കിറങ്ങി. കുടുംബവുമായി അന്നത്തെ സിറ്റി കറക്കത്തിൽ എന്തോ ഒരു സന്തോഷവും ഒരു ആത്മ വിശ്വാസവും കിട്ടി. ഭാര്യയുടെ ഇടയ്ക്കിടയ്ക്ക് ഉള്ള കോൺഫിഡൻസ് തരലും ആവാം. എന്തൊക്കെ വന്നാലും കാർ എടുക്കുന്നു എന്ന തീരുമാനത്തിൽ ഗൂഗിളിൽ നോക്കി സിറ്റിക്കകത്തുള്ള കാർ റെന്റൽ കമ്പനി തേടി പ്രശസ്തമായ sixt റെന്റൽ കമ്പനിയിൽ എത്തി.
അപ്പോഴാണ് അടുത്ത പ്രശ്നം ക്രെഡിറ്റ് കാർഡ് ഇല്ലാതെ കാർ തരില്ല എന്ന്. ഞാനാണേൽ ക്രെഡിറ്റ് കാർഡ് ഉപയോഗികതയാളാണ്. ഗൂഗിളിൽ തപ്പി ഒരു നാലഞ്ചു റെന്റൽ കമ്പനിയിൽ കയറിയിറങ്ങി ഒരാളും ക്രെഡിറ്റ് കാർഡില്ലാതെ കാർ തന്നില്ല. എന്തായാലും ഇറങ്ങി കാർ എടുത്തിട്ടേ തിരിച്ചുള്ളു എന്ന തീരുമാനത്തിൽ ഗൂഗിളിൽ car rental without credit card തപ്പി ഒരു ഫോൺ നമ്പർ കിട്ടി. ഞാൻ ആ നമ്പറിൽ വിളിച്ചു. ഞാനുദ്ദേശിച്ച റേറ്റിൽ തന്നെ ക്രെഡിറ്റ് കാർഡ് ഇല്ലാതെ തരാമെന്നു പറഞ്ഞു. പക്ഷെ ഒരു പ്രശ്നം ഇയാളുടെ കമ്പനി zagreb എയർപോർട്ടിലാണ്. അവിടെ പോയി എടുക്കണം. സിറ്റിയിൽ നിന്നും പബ്ലിക് ട്രാൻസ്‌പോർട് ആണേൽ ഒരു മണിക്കൂറിനടുത്തെടുക്കും എത്താൻ. ഇതിൽ ഒരു advantage ഉള്ളത് എയർപോർട്ടിൽ നിന്ന് കാർ എടുക്കുമ്പോൾ അധികം ട്രാഫിക് കാണില്ല എന്നുള്ളതാണ്. ലോകത്തുള്ള ഭൂരിഭാഗം എയര്പോര്ട് റോഡുകളും വിജനമായിരിക്കും. സമാധാനത്തിൽ വലതു വശം ചേർത്ത് ഓടിച്ചു വരുതിയിലാക്കാം.
കാർ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം ഞാൻ എയര്പോര്ട്ടിലേക്കുള്ള ബസ്സിൽ ഇരുന്നു പഠിച്ചു. ഫുൾ കവർ ഇൻഷുറൻസ് എടുക്കലാണ് റിസ്ക് കുറവ്. അപ്പോൾ ചെറിയ തട്ടലും മുട്ടലും പോലും പ്രശ്നമാവില്ല. കുറച്ചു പൈസ കൂടുതലാവും. അത്പോലെ gps നാവിഗേഷനും എടുക്കണം. ചില വണ്ടികളിൽ inbuilt ഉണ്ടാകും. അല്ലെങ്കിൽ per day ഇത്ര രൂപ കണക്കിൽ അതിനും ക്യാഷ് കൊടുക്കണം. എനിക്ക് എല്ലാം കൂടി Rs 3000 നിരക്കിൽ ഒരു പുതുപുത്തൻ സ്വിഫ്റ്റ് ആണ് കിട്ടിയത്. ക്രെഡിറ്റ് കാർഡ് ഇല്ലാത്തതിനാൽ ഒരു 200 യൂറോ deposit കൊടുക്കേണ്ടി വന്നു. വണ്ടി തിരിച്ചു കൊടുക്കുമ്പോൾ തിരിച്ചു കിട്ടും. അയാൾ തന്നെ gps ഇൽ എന്റെ അപാർട്മെന്റ് അഡ്രസ് ഇട്ടു തന്നു. ഞാൻ പതുക്കെ പാർക്കിങ്ങിൽ നിന്ന് വണ്ടിയെടുത്തു. 16 km ഉണ്ടായിരുന്നു അപ്പാർട്മെന്റിലേക്കു.
പടച്ചോനെ എന്നെ കത്തോലിന് എന്നും പറഞ്ഞു വിട്ടു. 10 km നല്ല എക്സ്പ്രസ്സ് വേ ആയിരുന്നു. അത്കൊണ്ട് വലിയ കുഴപ്പമുണ്ടായില്ല. സിറ്റിക്കകത്തു ഞാൻ ശരിക്കും വിയർത്തു.. പല one way കളിലും ഞാൻ വിളിക്കാത്ത അതിഥിയായി എത്തി. മുന്പിലെ കാറുകൾ light അടിക്കുമ്പോഴാണ് one way മനസിലാകുന്നത്. പതിയെ റിവേഴ്‌സ് എടുത്തു തിരിച്ചിറക്കും. സിറ്റിക്കകത് മിക്കപ്പോഴും 2 – 3 ലൈനുകൾ ഉണ്ടാകും. ഞാൻ track മനസിലാക്കതെ സ്പീഡ്‌ട്രാക്കിൽ പതിയെ ഓടിച്ചതിന് ക്രോയേഷ്യക്കാർ എന്തൊക്കെ തെറിയാണ് വിളിച്ചതെന്ന് ഗ്ലാസ് ഇട്ടതിനാൽ കേട്ടില്ല. പക്ഷെ കാണാൻ പറ്റുമായിരുന്നു.
പിന്നെയുള്ള പ്രശ്നം ഒരു പാർക്കിംഗ് കണ്ടെത്തലായിരുന്നു. അവസാനം ഞാൻ ഉരുട്ടി ഉരുട്ടി നമ്മുടെ അപാർട്മെന്റിന്റെ അടുത്തുള്ള പെട്രോൾ പമ്പിൽ കയറ്റി. വണ്ടി ഒതുക്കി ഒന്ന് മനസമാധാനത്തോടെ ആലോചിച്ചു. നേരെ പെട്രോൾ പമ്പിലെ സ്റ്റോറിൽ കയറി അടുത്ത് പാർക്കിംഗ് അന്വേഷിച്ചു. പെട്രോൾ പമ്പിന്റെ അടിയിൽ തന്നെ പാർക്കിംഗ് ഉണ്ടായിരുന്നു. P എന്നാ ലെറ്റർ കാണുന്നിടത് പാർക്കിംഗ് ചെയ്യാം. അതിനടുത്തു തന്നെ പാർക്കിംഗ് ടിക്കറ്റും കിട്ടും. ഇതൊക്കെ പറയുമ്പോൾ ഗൾഫിൽ നിന്നു ഇത് വായിക്കുന്നവർക് തമാശയാകാം. പക്ഷെ നമ്മുടെ നാട്ടിൽ മാത്രം വണ്ടിയോടിച്ച എനിക്കെല്ലാം പുതിയതായിരുന്നു.
ഒരു ആനയെ തളച്ച ആശ്വാസത്തോടെ അപ്പാർട്മെന്റിൽ കയറിയ എന്നെ കാത്തു അടുത്ത പ്രശ്നമുണ്ടായിരുന്നു. മൂത്തമകന് ഫുഡ് പോയ്‌സനായി ശർദിലും ബഹളവും. രാത്രി മുഴുവൻ ഇടയ്ക്കിടയ്ക്ക് ശർദ്ദിലും വയറിളക്കവും. നാട്ടിൽ നിന്നെടുത്ത മരുന്നുകളൊക്കെ കൊടുത്തു എങ്ങനെയോ നേരം വെളുപ്പിച്ചു. പിറ്റേ ദിവസം രാവിലേ എഴുനെല്കുമ്പോൾ ഞാൻ കാണുന്നത് അവൻ പിന്നെയും ശർദ്ദിക്കുന്നതാണ്. അസുഖത്തിന് ഒരു കുറവുമില്ല. കാർ എടുക്കാതെ അവനെയും കൂട്ടി അടുത്തുള്ള ഹോസ്പിറ്റലിൽ പോയി. പക്ഷെ അത് ആക്‌സിഡന്റ് കേസ് മാത്രം നോക്കുന്ന ഹോസ്പിറ്റൽ ആയിരുന്നു. അവർ തന്നെ കുട്ടികളുടെ ഹോസ്പിറ്റൽ പറഞ്ഞു തന്നു. അവനാണേൽ നടക്കാൻ വയ്യ ആകെ ക്ഷീണിച്ചു പ്രശ്നമായിരുന്നു. ഞാൻ എന്തേലും വരട്ടെ എന്നും കരുതി നേരെ നമ്മുടെ കാർ എടുത്തു.
ഒരു വലിയ പ്രതിസന്ധികൾ വരുമ്പോൾ ചെറിയ പ്രതിസന്ധികൾ നാം മറക്കും. ഹോസ്പിറ്റലിനടുത് എവിടെയോ പാർക്ക് ചെയ്തു. പാർക്കിംഗ് ടിക്കറ്റ് ഒന്നുമെടുത്തില്ല. മനസിലേക്കു തന്നെ അത് പോയില്ല. കുട്ടിയേയും എടുത്തോണ്ട് ഹോസ്പിറ്റലിലേക്ക് ഓടി. അവിടെ ചെന്നപ്പോൾ കുറെ ടെസ്റ്റ് ഒക്കെ ചെയ്തു. എന്നിട്ടവർ പറയുവാന് അവർക്കൊന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല വയറോളജി ഹോസ്പിറ്റലിൽ തന്നെ കൊണ്ട് പോകണമെന്ന്. എനിക്ക് അങ്ങോടു ദേഷ്യം വന്നു. ഞാനവരോട് കയർത്തു ഇത് കണ്ടാലറിയില്ലേ ഫുഡ് പോയ്സൺ ആണെന്ന്. എന്തെങ്കിലും മരുന്ന് കൊടുക്കാൻ പറഞ്ഞു. അവർ തരില്ല വയറോളജി ഹോസ്പിറ്റലിലെ ഇത് ചികിൽസിക്കാൻ കഴിയു എന്ന്.
പോകുന്നതിനു മുൻപായി ടെസ്റ്റുകൾക്കു ഒരു ബില്ലും കിട്ടി 12000 ഇന്ത്യൻ രൂപ. ഡെബിറ്റ് കാർഡ് കൊടുത്തു അത് വർക്ക് ആയില്ല. അപ്പോളവർ പുറത്തു atm പോയി കാശെടുത് തരാൻ പറഞ്ഞു. ഞാൻ ദേഷ്യത്തിൽ പറഞ്ഞു എനിക്ക് അതിനു ഒന്നും സമയമില്ല കുട്ടിക്ക് ചികിത്സ കൊടുക്കണം എന്ന്. അവർ പൈസ വേണ്ട പൊക്കോളാൻ പറഞ്ഞു. തിരിച്ചു കാറിൽ കുട്ടിയെ ഇരുത്തി കാർ വയറൊളിജി ഹോസ്പിറ്റലിലേക്കു പോകുമ്പോഴാണ് പാർക്കിംഗ് ടിക്കറ്റ് എടുത്തില്ലലോ എന്നോർത്തത്. എന്തെങ്കിലും ആകട്ടെ എന്ന് വെച്ച് നേരെ വിട്ടു. വയറോളജി ഹോസ്പിറ്റലിലും തദൈവ മരുന്നൊന്നും കൊടുക്കുന്നില്ല. മരുന്ന് വേണ്ട ഹൈഡ്രേറ്റ് ചെയ്താൽ മാറിക്കൊള്ളുമെന്നു പറഞ്ഞു അഡ്മിറ്റ് ചെയ്തു. ട്രിപ്പ് ഇട്ടു കൊടുത്തു. അപ്പോഴാണ് ഒന്ന് relax ആയത്.
അപ്പോഴാണ് ഞാൻ ചിന്തിച്ചത് ഒരു പ്രശ്നവുമില്ലാതെ സിറ്റിയുടെ തലങ്ങും വിലങ്ങും ഞാൻ വണ്ടിയോടിച്ചിരിക്കുന്നു. ഇത്രേയുള്ളൂ കാര്യം. പിന്നെ അലട്ടിയത് പാർക്കിംഗ് ടിക്കറ്റ് ഇല്ലാതെ പാർക്ക് ചെയ്തതിനു ഫൈൻ എന്തെങ്കിലും ഉണ്ടാകുമോ എന്നാണ്. അപ്പോൾ തന്നെ ഞാൻ താമസിക്കുന്ന അപാർട്മെന്റിന്റെ ആളെ വിളിച്ചു പാർക്കിംഗ് ടിക്കറ്റ് ഇല്ലാതെ പാർക്ക് ചെയ്താലുള്ള ഭവിഷ്യത്തുകൾ ചോദിച്ചു. വലിയ ഫൈനും വണ്ടിയെടുത്തോണ്ടു പോകലുമൊക്കെയാണ് ഇവിടത്തെ നാട്ടു നടപ്പു എന്ന് പറഞ്ഞു നിർത്തിയിട്ട് പുള്ളി പറഞ്ഞു, ഇന്നാണെങ്കിൽ കുഴപ്പമില്ല ഞാറാഴച എല്ലാ പബ്ലിക് പാർക്കിങ്ങും സാഗ്രെബിൽ ഫ്രീയാണെന്ന്. ഓഹ് അപ്പോൾ എനിക്കുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല.
നേരെ ഹോസ്പിറ്റലിൽ ഉള്ള വെന്റിങ് മെഷീനിൽ ക്യാഷ് ഇട്ടു ഒരു കോഫി സമാധാനത്തിൽ കുടിച്ചു. ശേഷം hospital വിശേഷങ്ങൾ ഭാര്യയുമായി പങ്കു വെച്ച് വൈകിട്ടോടു കൂടി മകൻ ഒക്കെയായി. ഈ ശർദ്ദിലിനും വയറ്റിളക്കത്തിനും നമ്മുടെ നാട്ടിലാണേൽ ഒരു ലോഡ് മരുന്നും antibiotic ഇഞ്ചക്ഷനുമൊക്കെയായി ജഗപോകെയാക്കിയേനെ. just രണ്ടു ട്രിപ്പ് കയറ്റിയപ്പോൾ ആൾ റെഡിയായി.
സാഗ്രെബിലെ രണ്ടു ദിവസം അങ്ങനെ പോയി. മൂന്നാം ദിവസം ആത്മവിശ്വാസം നന്നായി കൂടി നേരെ 130 km അകലെയുള്ള plitwice നാഷണൽ പാർക്ക് എന്ന പറുദീസയിലേക്കു പോയി. അതെന്താണെന്നു പറഞ്ഞറിയിക്കാൻ പറ്റില്ല. അത്ര മനോഹരമായിരുന്നു. മഞ്ഞും മലയും വെള്ളച്ചാട്ടവും അരുവികളും എല്ലാം ചേർന്ന ഒരു പറുദീസാ അതാണ് plitvice നാഷണൽ പാർക്ക്. അടുത്ത ദിവസം ക്രോയേഷ്യയുടെ പശ്ചിമ തീരത്തുള്ള ഒരു കടലോര ഗ്രാമമായ brsec എന്നാ സ്ഥലത്താണ് പോയത്. നീല കളറിൽ ഉള്ള കടൽ തീരം. കംപ്യൂട്ടർ വോൾപേപ്പറിൽ ഒക്കെ കാണുന്നത് പോലെയുള്ള സ്ഥലം. ഏകദേശം സാഗ്രെബിൽ നിന്നും 300 km ദൂരെ.
അങ്ങനെ നന്നായി ഓടിക്കാത്തതിന് ക്രോയേഷ്യക്കാരുടെ തെറി കേട്ട ഞാൻ അവസാന ദിവസമായപ്പോളേക്കും നന്നായി ഓടിക്കാത്തതിന് അവരെ ചീത്ത വിളിക്കുന്ന ഒരു കണിമംഗലംകാരനായി മാറി. കാറിനു ഒരു പോറൽ പോലും പറ്റാതെ ഒരു ട്രാഫിക് ഫൈനും വരാതെ എയർപോർട്ടിൽ കൊണ്ട് കാർ കൊടുത്തു 200 യൂറോ ഡെപ്പോസിറ് അത്പോലെ തിരിച്ചു വാങ്ങി പോരുമ്പോൾ എന്തോ സാധിച്ചത് പോലെയുള്ള ഒരു തോന്നലായിരുന്നു മനസ്സ് നിറയെ.
Nb: ക്രോയേഷ്യ ഒരു Schengen രാജ്യമല്ലാത്തതിനാൽ അവിടെ പോകണമെങ്കിൽ multiple entry Schengen വിസ വേണം. ഇന്ത്യൻ ലൈസൻസ് ഉണ്ടേൽ യൂറോപ്പിൽ പലയിടത്തും കാർ ഓടിക്കാം. പെട്രോളടിക്കാൻ പമ്പിൽ ആരും കാണത്തില്ല. നമ്മള് തന്നെ അടിക്കണം. Schengen വിസയെടുക്കുമ്പോൾ ട്രാവൽ ഇൻഷുറൻസ് നിര്ബന്ധമാണ്. അതുണ്ടായത് കൊണ്ട് നാട്ടിൽ ചെന്നപ്പോൾ ഹോസ്പിറ്റൽ ചിലവുകളെല്ലാം claim ചെയ്തു തിരിച്ചു കിട്ടി.