ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന റേഡിയോ അവതാരകനും, സാമൂഹിക പ്രവർത്തകനുമൊക്കെയാണ് കിടിലം ഫിറോസ് എന്നറിയപ്പെടുന്ന ഫിറോസ് എ അസീസ്. ഒരു റേഡിയോ അവതാരകൻ എന്നതിൽക്കവിഞ്ഞു മോട്ടിവേഷണൽ ട്രെയ്‌നർ, എഴുത്തുകാരൻ, നടൻ തുടങ്ങിയ മേഖലകളിലൊക്കെ അദ്ദേഹം കഴിവ് തെളിയിച്ചു കഴിഞ്ഞു. തന്നെ ഇതിനൊക്കെ പ്രാപ്തനാക്കിയത് വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു വലിയ വീഴ്ചയാണെന്ന് ഫിറോസ് പറയുന്നു. ആ വിവരങ്ങൾ അദ്ദേഹം തൻ്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്നു. അദ്ദേഹത്തിൻ്റെ ആ കുറിപ്പ് താഴെ കൊടുക്കുന്നു. ഒന്നു വായിക്കാം.

നാല് വർഷം മുൻപ് ഒരിക്കൽ കരിയറിലെ ഒരു വൻ വീഴ്ചയുടെ കാലം. കേരളത്തിലെ ആദ്യ എഫ് എം തലമുറയുടെ ആദ്യ കാല അവതാരകരിൽ ഒരാളായി, പിന്നീട് പരിപാടികളുടെ ചുമതലക്കാരനായി, അവിടുന്ന് പറന്ന് ദുബായിൽ റേഡിയോക്കാരനായി ഒക്കെ റോക്കറ്റ് പോലെ കുതിച്ചു പൊയ്ക്കൊണ്ടിരിക്കുവായിരുന്നു കാലവും, കരിയറും, ശമ്പളവും. ഇഷ്ടം പോലെ പണം. ഒരുപാട് സുഹൃത്തുക്കൾ..

അപ്പോളാണ് ഖത്തർ വിളിച്ചത്. അവിടെ റേഡിയോ ഇല്ലാതിരുന്ന കാലം. ഒരെണ്ണം തുടങ്ങിയാൽ കോടികൾ കൊയ്യാം. അതിനേക്കാളുപരി ഖത്തറിലെ ആദ്യ മലയാളം റേഡിയോ പ്രക്ഷേപകനാകാം എന്ന ഉൾവിളിയിലാണ് ദുബായിൽ നിന്നു 25 സുഹൃത്തുക്കളുമായി വിമാനം കയറിയത്. അന്നോളമുണ്ടായ സമ്പാദ്യം, സുഹൃത്തുക്കൾ, പേര്, ആരോഗ്യം ഒക്കെ പോകാൻ ഒരൊറ്റ വര്ഷം.

അനുഭവത്തിന്റെ തീച്ചൂളയിൽ വെന്തുപഴുത്തുപോയി എന്റെ അന്നുവരെയുള്ള സർവവും. ഒടുവിൽ പണവും ആരോഗ്യവും സമയവും നഷ്ടപ്പെട്ടു തിരികെ നാട്ടിലെത്തി 92.7 BIG FM Malayalam പ്രോഗ്രാമിങ് ഹെഡ് ആയി ചാർജ് എടുക്കുമ്പോൾ മനസ്സിൽ എല്ലാം ഒന്നേന്നു തുടങ്ങണം എന്ന ചിന്തയായിരുന്നു. പക്ഷേ പാഠങ്ങളും, പഠനങ്ങളും, ജീവിതവും എന്നെ ഞാനറിയാതെ മാറ്റിക്കളഞ്ഞിരുന്നു.

പണമുണ്ടാക്കാൻ മാത്രം ശ്രമിച്ചിരുന്ന ഞാൻ പണമുണ്ടാക്കി പകുത്തു നല്കാൻ പഠിച്ചു. ഭക്ഷണം ആസ്വദിച്ചു കഴിച്ചിരുന്ന ഞാൻ ഭക്ഷണം ആസ്വദിച്ചു വിളമ്പാൻ പഠിച്ചു. ആരാധകർ ഭ്രമിപ്പിച്ചിരുന്ന എന്നിലെ കലാകാരൻ, മനുഷ്യരെ ആരാധിക്കാൻ പഠിച്ചു. മൂന്നു മാസങ്ങളിലെ ഖത്തർ നൽകിയ കൊടും പട്ടിണി, പാവങ്ങൾക്ക് വയറു നിറയ്ക്കാൻ പഠിപ്പിച്ചിരുന്നു.

വീടുവയ്ക്കുമ്പോൾ അതൊരു വലിയ മാളികയാകണം എന്നാഗ്രഹിച്ച ഞാൻ , വാടക വീട്ടിലെ താൽക്കാലികതയെ പ്രണയിച്ചു. ആളും ആരവങ്ങളും ഇഷ്ടമായിരുന്ന ഞാൻ, ആളൊഴിഞ്ഞിടത്ത് നന്മയുടെ ആരവങ്ങളെങ്ങിനെ ഉണ്ടാക്കാം എന്ന് ചിന്തിച്ചു. ആരെയും മാറ്റി മറിച്ചുകളയാൻ അനുഭവങ്ങൾക്കാകും എന്ന അനുഭവ സത്യം.

നഷ്ടങ്ങളാണ് യഥാർത്ഥ ജീവിത ലാഭങ്ങൾ എന്ന തിരിച്ചറിവിന്റെ കൊടുമുടി തുമ്പിൽ വെറുതെയിരുന്ന് കുത്തിക്കുറിച്ചതിന് ഒരു കാരണമുണ്ട്. ഇന്ന് ഈയുള്ളവൻ ഒരു റേഡിയോക്കാരനായിട്ട് 12 വര്ഷങ്ങളാവുകയാണ്. അനുഭവ വെളിച്ചങ്ങളുടെ ഒരു നീലക്കുറിഞ്ഞിക്കാലം. നാളിതുവരെ ഒപ്പം കേട്ടിരുന്നവർക്ക് മനസ്സിൽ തൊടുന്ന നന്ദി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.