ഓൺലൈൻ തൊഴിൽത്തട്ടിപ്പുകൾ പലതരത്തിലും പലരൂപത്തിലും വ്യാപകമാവുകയാണ്. വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കിൽ ഇത്തരം കെണിയിൽപ്പെടാതെ രക്ഷനേടാം.
ഈ മെയിൽ വഴിയുള്ള ഓഫർ ലെറ്റർ: പ്രമുഖ കമ്പനികളിൽ വലിയതുക ശമ്പളം വാഗ്ദാനം ചെയ്ത് ഇന്റർവ്യൂവിനു ക്ഷണിക്കുകയും, യാത്രച്ചെലവ് കമ്പനി വഹിക്കുമെന്നും, എങ്കിലും ഉറപ്പിനു വേണ്ടി കോഷൻ ഡിപ്പോസിറ്റ് ആയി നിശ്ചിത തുക താഴെപ്പറയുന്ന ബാങ്ക് അക്കൗണ്ടിൽ അടയ്ക്കണമെന്നും, ഇത് ഇന്റർവ്യൂവിനു ശേഷം തിരികെ തരുന്നതായിരിക്കും എന്നൊക്കെ പറഞ്ഞു പലർക്കും ഇമെയിലിൽ ഇത്തരം ഓഫർ ലെറ്ററുകൾ വരാറുണ്ട്. ഇത്തരത്തിൽ വരുന്ന ഇമെയിലുകൾ വിശദമായി പരിശോധിച്ചാൽ തന്നെ തട്ടിപ്പു വ്യക്തമാകും. പലതിലും നിലവാരമില്ലാത്ത ഇംഗ്ലിഷും മോശം ലേഔട്ടുമായിരിക്കും. ഒരു കമ്പനിയും വെറുതെ വിവരങ്ങൾ ശേഖരിച്ച് ഓഫർ ലെറ്റർ അയയ്ക്കില്ല. കൃത്യമായ അപേക്ഷയുടെയും എച്ച്ആർ പ്രോസസിങ്ങിന്റെയും അടിസ്ഥാനത്തിലേ നടപടികളുണ്ടാകൂ.
വ്യാജൻമാരെ പേടിച്ചു ക്യൂആർ കോഡ് പോലെയുള്ള സുരക്ഷാ മുൻകരുതലുകൾ ഓഫർ ലെറ്ററിൽ ഉൾപ്പെടുത്തിയ കമ്പനികളുമുണ്ട്. പ്രമുഖ കമ്പനികൾ സാധാരണ ഉദ്യോഗാർത്ഥികളിൽ നിന്നും കോഷൻ ഡിപ്പോസിറ്റ് ആവശ്യപ്പെടാറില്ല. ഓഫർ ലെറ്ററിൽ എന്തെങ്കിലും സംശയം തോന്നിയാൽ കമ്പനി അധികൃതരുമായി സംസാരിക്കുക. സൈന്യത്തിലും റെയിൽവേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ ഇടനിലക്കാർ പണ്ടേ രംഗത്തുണ്ട്.സൈന്യത്തിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമെല്ലാം കൃത്യവും വ്യക്തവുമായ റിക്രൂട്ടിങ് രീതികളുണ്ട്. ഇടനിലക്കാർ വഴി ജോലി കിട്ടാൻ സാധ്യതയില്ലെന്ന കാര്യം ഓർക്കുക.
ഓൺലൈൻ തൊഴിൽ രംഗം: വീട്ടിലിരുന്നും ജോലി ചെയ്തു പണം നേടാമെന്ന പരസ്യത്തിലൂടെ തട്ടിപ്പു നടത്തുന്നവരുമുണ്ട് . ജോലി ചെയ്യിപ്പിച്ചു ശമ്പളം നൽകാതിരിക്കുന്നതും ശമ്പളം നൽകാനെന്ന വ്യാജേന ബാങ്ക് വിവരങ്ങൾ ചോർത്തുന്നതുമെല്ലാം ഇവരുടെ രീതിയാണ്. ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടിയിൽ പേരും അംഗീകാരവുമുള്ള സൈറ്റുകളെ മാത്രം ഓൺലൈൻ ജോലികൾക്ക് ആശ്രയിക്കാൻ ശ്രദ്ധിക്കണം. എന്താണു ജോലി എന്ന കൃത്യമായ ബോധ്യവും വേണം.
വ്യാജ സൈറ്റുകൾ തിരിച്ചറിയണം: പ്രശസ്ത പൊതുമേഖലാ -സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളുടെ വ്യാജപ്പതിപ്പ് തയാറാക്കിയുള്ള തട്ടിപ്പും പ്രചാരത്തിലുണ്ട്. ഇവയിൽ തൊഴിൽ വിജ്ഞാപനങ്ങൾ പോസ്റ്റ് ചെയ്യും. വാട്‌സാപ്പും മറ്റു സമൂഹമാധ്യമങ്ങളും വഴി പ്രചാരണം കൂടിയാകുമ്പോൾ ധാരാളം ഉദ്യോഗാർഥികൾ വലയിൽ വീഴും. വ്യക്തിവിവരങ്ങൾ, സർട്ടിഫിക്കറ്റ് പകർപ്പുകൾ, സാമ്പത്തിക വിവരങ്ങൾ തുടങ്ങിയവ തെറ്റായ വ്യക്തികളുടെ കയ്യിലെത്തുമെന്നതാണ് അപകടം. ഈ സൈറ്റുകൾ ഉപയോഗിച്ചു തന്നെ വ്യാജ റിക്രൂട്മെന്റ് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു പണം തട്ടുന്ന വിരുതന്മാരും ഏറെ.
ഓൺലൈൻ തൊഴിൽത്തട്ടിപ്പ് പരസ്യം കണ്ടാൽ ആദ്യം വെബ്‌സൈറ്റ് പരിശോധിക്കണം. വെബ്‌സൈറ്റ് വിലാസത്തിന്റെ തുടക്കത്തിൽ http എന്നാണോ അതോ https എന്നാണോ എന്നു നോക്കണം. https ആണെങ്കിൽ കൂടുതൽ സുരക്ഷിതമെന്നർഥം. സംശയം ഉണ്ടാകുന്ന പക്ഷം വെബ്‌സൈറ്റിലെ മറ്റു വിവരങ്ങളുടെ ആധികാരികത നോക്കുക. പലപ്പോഴും ഗൂഗിൾ സെർച്ചിലൂടെ തന്നെ വ്യാജന്മാരെ തിരിച്ചറിയാനാകും.
കടപ്പാട് – കേരള പോലീസ് FB പേജ്.