ഇറ്റലിയിൽ നിന്നുള്ളവർ വിവരം മറച്ചുവച്ചതായി തെളിഞ്ഞതായി കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് സ്ഥിരീകരിച്ചു. കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്ന് മാർച്ച് മൂന്ന് മുതൽക്കാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ യൂണിവേഴ്‌സൽ സ്‌ക്രീനിങ് (എല്ലാ രാജ്യാന്തര ആഗമന യാത്രക്കാർക്കും) ഏർപ്പെടുത്തിയത്. അതിന് മുമ്പ് ചൈന,ഹോങ്കോങ്, സിംഗപ്പൂർ, തായ്‌ലൻഡ്, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമായിരുന്നു സമ്പൂർണ സ്‌ക്രീനിങ്.

ഇറാൻ, ഇറ്റലി തുടങ്ങിയ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർ സ്വമേധയാ ഇക്കാര്യം ഹെൽത്ത് കൗണ്ടറിൽ അറിയിക്കണം എന്നായിരുന്നു നിർദേശം. ഈ രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ഇല്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ യാത്രക്കാർ തന്നെ മുൻകൈയെടുക്കണം. ഇതുസംബന്ധിച്ച് ആവർത്തിച്ചുള്ള അറിയിപ്പുകൾ വിമാനത്തിൽ നൽകിയിട്ടുണ്ട്. കൂടാതെ, ആഗമന മേഖലയിൽ നിരവധി സ്‌ക്രീനുകളിലും ബോർഡുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കോവിഡ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാരെ പരിശോധിക്കാൻ പരമാവധി സജ്ജീകരണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കി. രാജ്യാന്തര, ആഭ്യന്തര അറൈവൽ ഭാഗത്താണ് നിലവിൽ രോഗലക്ഷണ പരിശോധനയുള്ളത്. 30 ഡോക്ടർമാർ ഉൾപ്പെടെ 60 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് ഈ പരിശോധന നടത്തുന്നത്. രോഗലക്ഷണമുള്ളവരെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റാൻ അണുവിമുക്തമാക്കിയ 10 ആംബുലൻസുകൾ 24 മണിക്കൂറും സജ്ജമാക്കി.

29-ാം തീയതി ഇറ്റലിയിൽ നിന്ന് ദോഹ വഴി കൊച്ചിയിൽ എത്തിയ പത്തനംതിട്ട ജില്ലക്കാരായ മൂന്ന് യാത്രക്കാർ പരിശോധന ഒഴിവാക്കുകയും ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെടാതെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തി തങ്ങൾ യാത്ര തുടങ്ങിയത് ഇറ്റലിയിൽ നിന്നാണെന്ന കാര്യം മറച്ചുവച്ച് പുറത്തിറങ്ങുകയും ചെയ്തു. ഇതേ റൂട്ടിൽ വന്ന മറ്റുള്ളവർ അതേസമയം, ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെട്ടിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഹെൽത്ത് കൗണ്ടർ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ അവഹേളിച്ചുകൊണ്ട് ഈ യാത്രക്കാർ നടത്തിയ പ്രസ്താവനകളിൻമേൽ സർക്കാർ അന്വേഷണം നടത്തുകയും നിജസ്ഥിതി ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മാർച്ച് മൂന്നിന് രാജ്യാന്തര യാത്രക്കാർക്ക് യൂണിവേഴ്‌സൽ സ്‌ക്രീനിങ് ഏർപ്പെടുത്തിയതോടെ എല്ലാവരും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാകണമെന്ന സ്ഥിതിയാണ്. ചില രാജ്യാന്തരയാത്രക്കാർ കേരളത്തിന് പുറത്തുള്ള വിമാനത്താളങ്ങളിൽ ഇറങ്ങി ആഭ്യന്തര റൂട്ടിൽ കൊച്ചി ഡൊമസ്റ്റിക് ടെർമിനലിൽ എത്തുന്ന സാഹചര്യമുണ്ട്. ഇത് പരിഗണിച്ചാണ് രാജ്യത്ത് ആദ്യമായി ആഭ്യന്തര യാത്രക്കാർക്കും കേരള സർക്കാർ പരിശോധന ഏർപ്പെടുത്തിയത്.

ബുധനാഴ്ച പുലർച്ചെ ഇറ്റലിയിൽ നിന്ന് എത്തിയ 52 യാത്രക്കാർക്ക് മതിയായ സൗകര്യമൊരുക്കിയില്ലെന്ന പരാതി അവാസ്തവമാണ്. ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ വരുന്നവർ കോവിഡ് രോഗബാധിതർ അല്ല എന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് കേന്ദ്രസർക്കാർ മാർച്ച് അഞ്ചിന് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഈ സർക്കുലർ മാർച്ച് 10 ന് പ്രാബല്യത്തിൽ വന്നു. ഈ സർട്ടിഫിക്കറ്റ് ഇല്ലാതെ ഇന്ത്യയിൽ എത്തിയതിനാൽ ഈ 52 പേരേയും സാധാരണ പരിശോധന നടത്തി പുറത്തുവിടുന്നത് സർക്കാർ നയത്തിന് വിരുദ്ധമാകും.

ഇത്രയധികം പേരെ ഒറ്റയടിക്ക് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിക്കുന്നത് നിലവിലെ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കുകയും ചെയ്യും. കേന്ദ്രസർക്കാരിന്റെ തന്നെ എയർപോർട്ട് ഹെൽത്ത് ഓഫീസിലെ ഉദ്യോഗസ്ഥരുടേയും സംസ്ഥാന ആരോഗ്യ വകുപ്പിന്റേയും തീവ്രശ്രമത്തിന്റെ ഫലമായി പുലർച്ചെ നാലരയോടെ ആലുവ താലൂക്ക് ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ വാർഡ് സജ്ജമാക്കാൻ കഴിഞ്ഞു. അഞ്ചുമണിയോടെ എല്ലാവരേയും ആംബുലൻസിൽ എത്തിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ അതീവജാഗ്രത പുലർത്തിക്കൊണ്ട് മെഡിക്കൽ സംഘം രണ്ടരമണിക്കൂറോളം ഇവരെ ശുശ്രൂഷിക്കുകയും ലഘു ഭക്ഷണം നൽകുകയും ചെയ്തു.

ദിവസവും മുപ്പതിനായിരത്തോളം പേർ യാത്രചെയ്യുന്ന കൊച്ചി വിമാനത്താവളത്തിൽ രോഗ പ്രതിരോധ സംവിധാനം കുറ്റമറ്റ രീതിയിൽ നടത്താൻ കേന്ദ്ര, സംസ്ഥാന ആരോഗ്യ സംഘങ്ങൾ രാപ്പകൽ അശ്രാന്ത പരിശ്രമം നടത്തുകയാണ്. ദിവസവും നിരവധി ജീവനക്കാരെ ക്വാറന്റൈൻ ചെയ്യേണ്ടിവരുന്നുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ ആത്മവീര്യം ചോരാതെ നോക്കാൻ സഹകരിക്കണമെന്ന് സിയാൽ അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.