ചുരുങ്ങിയ ചിലവിൽ 14 സ്ഥലങ്ങളിലേക്ക് ഒരു ഫാമിലി ട്രിപ്പ്

Total
1K
Shares

വിവരണം – Karrim Choori.

2019 ഓഗസ്റ്റ് 24 നല്ല ഇടിയും മഴയുള്ള രാത്രി ആയിരുന്നു അത്. 9 മണിക്ക് ഞാനും എന്റെ രണ്ട് മക്കളും, പെങ്ങളെ രണ്ടു കുട്ടികളും, ടോട്ടൽ ആറുപേർ Ritz കാറിൽ
നാളെ ഉച്ചവരെയുള്ള ഫുഡ് ഒക്കെ റെഡിയാക്കി കാസർഗോഡ് നിന്നും അതിരപ്പിള്ളി ലക്ഷ്യമാക്കി പുറപ്പെട്ടു. കാശ്മീർ പോകാനായിരുന്നു ആദ്യം ഞാൻ പദ്ധതിയിട്ടത്. കാശ്മീരിൽ ആ സമയത്ത് പ്രശ്നം നടക്കുന്നത് കാരണം ആ യാത്ര ക്യാൻസൽ ചെയ്തു.

കാശ്മീരിൽ പോകാം പറ്റാത്തതിൽ എനിക്കും എന്റെ മക്കൾക്കും ഭാര്യക്കും നല്ല വിഷമം ഉണ്ടായിരുന്നു. അതുകൊണ്ടാണ് കാശ്മീരിന്റെ അനിയന്മാർ എന്ന് വിശേഷിപ്പിക്കുന്ന മൂന്നാറും, വാൽപ്പാറയും, കോടയ്ക്കാനാലും, ഊട്ടിയും ഒക്കെ ഈ ട്രിപ്പിൽ ഞാൻ തെരഞ്ഞെടുക്കാൻ കാരണം. ഒരു ഏഴ് ദിവസത്തെ ട്രിപ്പ്. പോകുന്ന വഴികൾ ഒക്കെ കാണാൻ നല്ല ഭംഗിയുള്ള വ്യൂസ് തന്നെ വേണമെന്ന് എനിക്കും ഭാര്യക്കും മക്കൾക്കും നിർബന്ധമുണ്ടായിരുന്നു. നമ്മൾ യാത്ര ചെയ്യുന്ന റോഡിന് ഇരു സൈഡിലും ഉള്ള സുന്ദരമായ കാഴ്ചയാണ് എനിക്കും ഫാമിലിക്കും ഭയങ്കര ഇഷ്ടം. അത്തരത്തിലുള്ള റോഡുകൾ തന്നെ സഞ്ചാരി ട്രാവൽ ഫോറം ഗ്രൂപ്പുവഴി ചോദിച്ചു മനസ്സിലാക്കി അത്തരത്തിലുള്ള റോഡുകൾ തന്നെ മുൻകൂട്ടി പ്ലാൻ ചെയ്തു.

നല്ല മഴയുള്ള കാരണം മഴ ആസ്വദിച്ചുകൊണ്ട് പതുക്കെയാണ് വണ്ടി മുമ്പോട്ടു പോയത്. റോഡുകളുടെ അവസ്ഥ പറയാതിരിക്കുന്നതാണ് നല്ലത്. മുഴുവനും കുണ്ടുംകുഴിയും നിറഞ്ഞ റോഡുകൾ. രാവിലെ 6 മണി ആയപ്പോൾ തൃശൂർ എത്താറായി. ഇവിടെയാണ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത സംഭവമുണ്ടായത്.

ഭാര്യയും മക്കളും ഒക്കെ നല്ല ഉറക്കത്തിലായിരുന്നു. രാവിലെ ആയതുകൊണ്ട് വാഹനങ്ങൾ വളരെ കുറവായിരുന്നു. എന്റെ മുമ്പിൽ ഒരു ലോറി ഉണ്ടായിരുന്നു. ഞാനതിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. പെട്ടെന്ന് മുമ്പിൽ നിന്നും ഒരു പിക്കപ്പ് നല്ല സ്പീഡിൽ ആയിരുന്നു. ഞാനെന്റെ കഴിയുന്നത്ര ശക്തിയിൽ ബ്രേക്ക് ചവിട്ടി. ഞാൻപോലുമറിയാതെ “യാ അള്ളാഹ്” എന്ന് ഉറക്കെ നിലവിളിച്ചു. ബ്രേക്കിന്റെ ശബ്ദം അതിലും ഉച്ചത്തിലായിരുന്നു.

ഉറങ്ങി കിടക്കുകയായിരുന്ന ഭാര്യയും മക്കളും ഉറക്കെ നിലവിളിച്ചു കൊണ്ട് ചാടി എഴുന്നേറ്റു. അവർക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. മുമ്പിൽ നിന്നും വന്ന പിക്കപ്പ്ന്റെ ഡ്രൈവർ റോഡിന് താഴെക്ക് പെട്ടെന്ന് ഇറക്കിയത് കൊണ്ട് വലിയൊരു അപകടത്തിൽ നിന്നും ഞാനും ഫാമിലിയും രക്ഷപ്പെട്ടു. ഭാഗ്യം കൊണ്ട് മാത്രം, ഇല്ലെങ്കിൽ ഇപ്പോൾ ഇത് എഴുതാൻ ഞാൻ ഉണ്ടാവുമായിരുന്നില്ല. പിക്കപ്പിന്റെ ടെഡ്രൈവർ എന്തെല്ലാം പിറുപിറുക്കുന്നുണ്ടായിരുന്നു.

ഞാൻ വണ്ടി സൈഡിൽ ആക്കി. എന്റെ കയ്യും കാലുമൊക്കെ വിറക്കുന്നുണ്ടായിരുന്നു. ഒരു 10 മിനിറ്റ് ഒന്ന് റിലാക്സ് ആയ ശേഷം മെല്ലെ മുമ്പോട്ടുപോയി. ആ ഒരു വിറയൽ ഇതുവരെ മനസ്സിൽ നിന്നും മാറിയിട്ടില്ല. അതിനുശേഷം ഓവർടേക്ക് ആക്കാൻ തന്നെ ഭയങ്കര പേടിയായിരുന്നു.

അങ്ങിനെ ആദ്യം Thumboormuzhy Dam ൽ രാവിലെ 9:00 ആയപ്പോൾ എത്തി. രാവിലെ ആയതുകൊണ്ട് ആരും ഉണ്ടായിട്ടില്ല. വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന breakfast പുട്ടും കോഴിക്കറിയും അവിടെ ഇരുന്നു സമാധാനത്തിൽ കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നു. ഇടക്ക് കുരങ്ങന്റെ ശല്യവും ഉണ്ടായിരുന്നു. കുട്ടികൾക്ക് കുരങ്ങമാർ ഒരു ഹരമാണ്. പിന്നെ ഡാം ഒക്കെ ചുറ്റിക്കറങ്ങി. ഡാമിൽ മഴക്കാലമായതുകൊണ്ട് നല്ല വെള്ളം ഉണ്ടായിരുന്നു. കാണാൻ അതിസുന്ദരമാണ്. ചുറ്റുപാടു നിന്നും വെള്ളം വട്ടത്തിൽ ഡാമിലേക്ക് വീഴുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. ഇവിടെ പോകാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ നല്ല മഴക്കാലത്ത് തന്നെ പോകണം. ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും പോകേണ്ട സ്ഥലമാണിത്.

ഞങ്ങളെല്ലാവരും ഡാമിൽ ഇറങ്ങി നന്നായി കുളിച്ചു നല്ല ഫ്രഷ് ആയി ക്ഷീണമൊക്കെ മാറി ഒന്ന് ഉഷാറായി.പിന്നെ തൂക്കുപാലത്തിൽ കയറി. തൂക്കുപാലത്തിൽ നിന്നുള്ള വ്യൂ അതിസുന്ദരമാണ്. കുറെ ഫോട്ടോസ് ഒക്കെ എടുത്തു, 12 മണി ആയപ്പോൾ അവിടെനിന്നും അതിരപ്പിള്ളിയിലേക്ക് പോയി.

മഴക്കാലമായതുകൊണ്ട് അതിരപ്പിള്ളിയിലും നല്ല വെള്ളം ഉണ്ടായിരുന്നു. കുറേദൂരെ നിന്നും വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കാമായിരുന്നു. പോകുന്ന വഴിയിൽ ഒക്കെ രണ്ടു സൈഡിലും ഞങ്ങളെ സ്വീകരിക്കാനായി കുറെ കുരങ്ങന്മാർ ഉണ്ടായിരുന്നു. ഇവിടെയെത്തിയപ്പോൾ ഉള്ള കാഴ്ചയും അതി സുന്ദരമാണ്, പറയാൻ വാക്കുകൾ ഇല്ല. പേടിപ്പിക്കുന്ന ശബ്ദത്തോടെ വെള്ളം താഴേക്ക് ചാടുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. താഴെ ഇറങ്ങിയപ്പോൾ ഉള്ള കാഴ്ച അതി മനോഹരമായിരുന്നു. ശരിക്കും ഒരു ബാഹുബലി കണ്ടിറങ്ങിയ ഒരു ഫീൽ.

വൈകുന്നേരം നാലു മണിയായപ്പോൾ ഞങ്ങൾ അവിടുന്ന് മലക്കപ്പാറ ലക്ഷ്യമാക്കി നീങ്ങി. മലക്കപ്പാറയെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്.ഭയങ്കര അപകടകരമായ ഭീതി ജനിപ്പിക്കുന്ന ഫോറസ്റ്റ് ആണെന്ന്. ഈ വനമേഖലയിൽ ആന ഒരുപാട് പേരെ ആക്രമിച്ചിട്ടുണ്ട് എന്നും കേട്ടു. ഇതൊക്കെ എന്റെ ഭാര്യയോടും മക്കളോടും പെങ്ങളെ മക്കളോടും ഞാൻ കാട് കയറാൻ പോകുന്നതിന് മുമ്പ് ഇടയ്ക്കു ഇടയ്ക്കു ഓർമ്മപെടുത്തി കൊണ്ടിരുന്നു. ഇതൊക്കെ കേട്ട് അവർ ശരിക്കും പേടിച്ചിട്ടുണ്ടായിരുന്നു. ശ്വാസമടക്കിപിടിച്ചാണ് പിന്നീട് അങ്ങോട്ട് യാത്ര ചെയ്തത്.

ഇതിലെ കൂടി പോയ എല്ലാവർക്കും ഒരു ആനയെ എങ്കിലും കണ്ടിരിക്കും എന്ന് ഞാൻ ഒരുപാട് വായിച്ചിട്ടുണ്ട്. കാറിന്റെ നാല് ഗ്ലാസുകളും മുഴുവനായി അടച്ചു, ഞങ്ങൾ കാട്ടിനുള്ളിലേക്ക് പ്രവേശിച്ചു. എങ്ങും നിശബ്ദത, ഭീതിപ്പെടുത്തുന്ന ഭീകരമായ കാട്. സമയം അഞ്ചു മണി, വൈകുന്നേരങ്ങളിലാണ് ആന കൂടുതലും ഇറങ്ങാറ് എന്നും കേട്ടിട്ടുണ്ട്. മഴക്കാർ ഉള്ളത് കാരണം ഒരു 7 മണി ആയ ഫീലാണ്. വീതികുറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡും കൂടി ആകുമ്പോൾ പൊതുവേ നല്ല ധൈര്യശാലിയായ ഞാനും കുറച്ചൊന്ന് പേടിച്ചു.

എന്റെ കുട്ടികളും, പെങ്ങളുടെ കുട്ടികളും പറയുന്നുണ്ടായിരുന്നു “ഇപ്പോൾ എങ്ങാനും ഒരു ആന വന്നാൽ എന്ത് ചെയ്യും?” അതും കൂടി കേട്ടപ്പോൾ എന്റെ പേടിയും കൂടിക്കൂടിവന്നു. ഇപ്പോൾ ഒരു ആന വരുകയാണെങ്കിൽ വീതി കുറഞ്ഞ പൊട്ടിപൊളിഞ്ഞ റോഡിൽ എന്തു ചെയ്യും? അതോർക്കുമ്പോൾ എന്റെ മനസ്സിലും നല്ല ഒരു പേടി. പുറത്തുകാണിച്ചില്ല എന്ന് മാത്രം.
വാഹനങ്ങൾ വളരെ കുറവായിരുന്നു. പക്ഷേ പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. ഒരു ആനയെ പോയിട്ട് ഒരു കുരങ്ങനെ പോലും കണ്ടില്ല. മനസ്സിൽ പേടി ഉണ്ടായിരുന്നെങ്കിലും ഒരു ആനയെ പോലും കാണാത്തതുകൊണ്ട് എല്ലാവർക്കും നല്ല വിഷമമായി. എനിക്കും അതിലേറെ വിഷമമായി. ഇതുപോലെത്തെ പേടിപ്പെടുത്തുന്ന റോഡുകൾ എന്റെ ഒരു ഹരമാണ്. കുറേ ഫ്രഷ് ആനപിണ്ഡം മാത്രമാണ് കണ്ടത്.

അങ്ങിനെ മലക്കപ്പാറ എന്ന സ്വർഗ്ഗഭൂമിയിലേക്ക് എത്തി. അപ്പോൾ സമയം 6 മണി കഴിഞ്ഞിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡ് കാരണം വളരെ പതുക്കെയാണ് കാടിന് പുറത്തേക്ക് എത്തിയത്. രണ്ടു മണിക്കൂറിനു മുകളിൽ എടുത്തു കാണും. വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന ഉച്ചഭക്ഷണം ആറുമണിക്കാണ് മലക്കപ്പാറയിലെ തേയിലത്തോട്ടത്തിന്റെ നല്ല സുന്ദരമായ സ്ഥലത്ത് വണ്ടി പാർക്ക് ചെയ്തു കഴിക്കാൻ ആരംഭിച്ചത്. ബിരിയാണി ആയിരുന്നു. പക്ഷേ ബിരിയാണി കുറച്ചു കേട് വന്നിരുന്നു. നല്ല വിശപ്പ് ഉണ്ടായ കാരണം അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല.

ചുറ്റും തേയിലത്തോട്ടങ്ങൾ, തേയിലത്തോട്ടത്തിന്റെ ഇടയ്ക്കിടയ്ക്ക് ഓരോ മരങ്ങൾ, പിന്നെ നല്ല തണുത്ത കാറ്റും കൂടിയാകുമ്പോൾ പിന്നെ പറയാനുണ്ടോ? ബിരിയാണി ഒക്കെ കഴിച്ചു കുറച്ചു മുമ്പോട്ടു നീങ്ങിയപ്പോൾ റോഡ് സൈഡിൽ തന്നെ ഹോംസ്റ്റേ എന്ന് എഴുതിയ ബോർഡ് കണ്ടു. ജോസപ്പേട്ടന്റെ ഹോംസ്റ്റേ ആയിരുന്നു അത്. ചെറിയ പൈസക്ക് ഡബിൾ റൂം കിട്ടി.
സീസൺ അല്ലാത്ത കാരണം ആയിരിക്കും ചെറിയ പൈസക്ക് കിട്ടിയത്. 800 രൂപ മാത്രം. എല്ലാ സമയത്തും ചൂടുവെള്ളം ഉണ്ട്. നല്ല പ്രകൃതിരമണീയമായ സ്ഥലത്താണ് ജോസഫ് ഏട്ടന്റെ ഹോംസ്റ്റേ. രാത്രി 9:00 മണി ആയപ്പോൾ എല്ലാവരും കിടന്നുറങ്ങി. ഒന്നാം ദിവസം ഇവിടെ അവസാനിച്ചു.

രണ്ടാം ദിവസം രാവിലെ അഞ്ചു മണിക്ക് പക്ഷികളുടെ സംഗീതം കേട്ടാണ് ഞാൻ ഉണർന്നത്. ഒരു പ്രത്യേകതരം ട്യൂണിൽ ആണ് കൂവുന്നത്. ഒരു വിസിൽ അടിച്ചു പാടുന്നത് പോലെയുള്ള നല്ല ഒരു ട്യൂൺ. ഞാനും ഭാര്യയും കുറച്ച് സമയം അത് ശ്രവിച്ചു. അഞ്ചരമണിയായപ്പോൾ പ്രഭാതം പൊട്ടി വെളിച്ചം വരാൻ തുടങ്ങി. പുറത്തേക്കിറങ്ങി നോക്കി. അതിമനോഹരമായ കാഴ്ച.
പലതര കിളികളുടെ സുന്ദരമായ കരച്ചിൽ, പോത്തിന്റെ കരച്ചൽ, നല്ല കോടമഞ്ഞും നല്ല തണുപ്പും കൂടിയായപ്പോൾ ഒന്നും പറയാനില്ല.

ഭാര്യ രാവിലെ എഴുന്നേറ്റു ഇന്നലെ ധരിച്ച വസ്ത്രങ്ങൾ ഒക്കെ അലക്കി പുറത്ത് ഉണക്കാൻ ഇട്ടു. ശരിക്കും നമ്മളെ ഒരു വീട് പോലെയാണ് ഈ ഹോംസ്റ്റേ. രാവിലെ 8 മണി ആയപ്പോൾ
അടുത്തുള്ള ഒരു ചായക്കടയിൽ നിന്നും പൊറോട്ടയും മീൻകറിയും അടിച്ചു. നല്ല ടേസ്റ്റ് ആയിരുന്നു. ചായകുടിച്ച് കഴിഞ്ഞതിനുശേഷം ചായക്കടക്കാരൻ പറഞ്ഞു തന്ന വാക്കുകളാണ് ഇനി എഴുതാൻ പോകുന്നത്. ഇനി എഴുതുന്നത് ശരിക്കും ശ്രദ്ധിക്കുക.

വാല്പാറയിലെ തേയിലത്തോട്ടം മേഖലയിൽ 2010-12ൽ എസ്റ്റേറ്റുകളിൽ നിന്നായി ആറു കുട്ടികൾ പുലിക്കിരയായി എന്നും, മുതിർന്നവരുടെ അസാന്നിധ്യത്തിൽ കളിസ്ഥലങ്ങളിലും തനിയെ കാൽനട യാത്രകൾക്കിടെയുമാണു കൂടുതൽ കുട്ടികൾ ആക്രമിക്കപ്പെടുന്നത് എന്നും, എന്നും പുലിപ്പേടി നിറഞ്ഞ മലയോര ഗ്രാമങ്ങൾ ആണ് വാൽപ്പാറയും മലക്കപ്പാറയും എന്നും, മുറ്റത്തു കളിചോണ്ടിരിക്കവേ എന്തോ സാധനം എടുക്കാൻ അകത്തു കയറി തിരിച്ചിറങ്ങുമ്പോൾ കാണുന്നത് തന്റെ കുഞ്ഞുമായി പായുന്ന പുലിയെ ആണ് എന്നും ആ അമ്മയുടെ കരച്ചിൽ ഇന്നും മായാതെ നില്കുന്ന ഓർമയാണ് മലക്കപ്പാറക്കുള്ളത് എന്നും, അവിടെ കുഞ്ഞു തനിച്ചായിരുനെങ്കിൽ വാല്പാറയിലെ ഗജമുടിയിൽ 2017 ഫെബ്രുവരി മാസം മാതാപിതാക്കളടക്കം ആറുപേർക്കൊപ്പം ബസ് ഇറങ്ങിയ മൂന്നര വയസുകാരിയെ ആൾക്കൂട്ടത്തിനിടയിൽ നിന്നാണ് പുലി പിടി കൂടി കാട്ടിലേക്ക് മറഞ്ഞത് എന്നും.

നാം രാവിലെ കുടിക്കുന്ന ഓരോ കപ്പു ചായയും ഇവരുടെ ഒക്കെ കണ്ണുനീരിന്റെ വില ആണെന്നോർക്കുമ്പോൾ… ചായ കടക്കാരൻ വിഷമത്തോടെ വീണ്ടും തുടർന്നു, “ഓർക്കുക – വനയാത്രകളിലോ വനഅതിർത്തി പ്രദേശങ്ങളിലോ ഉള്ള യാത്രകളിൽ കഴിവതും കുട്ടികളെ വാഹനങ്ങളിൽ നിന്നും പുറത്തു ഇറക്കാതിരിക്കുക. താമസിക്കുന്നത് വനാതിർത്തിയിൽ ആണെങ്കിൽ കുട്ടികളെ തനിച്ചു പുറത്തു ഇറങ്ങാൻ അനുവദിയ്ക്കരുത്. പല വനങ്ങളിലും വനാതിർത്തികളിലും ട്രെക്കിങ്ങിനു പോകുമ്പോൾ വനപാലകർ കുട്ടികൾ ഉണ്ടെങ്കിൽ ട്രെക്കിങ്ങ് അനുവദിക്കാറില്ല. അവരെ ധിക്കരിക്കാതെ കൈ മടക്കു കൊടുത്തു സ്വാധീനിക്കാൻ ശ്രമിക്കാതെ അനുസരിക്കുക. കാരണം അവർ നിങളുടെ കുട്ടിയുടെ ജീവന് വേണ്ടിയാണു ആ പറയുന്നത് എന്ന് ഓർക്കുക.

സ്ഥലം പരിചയമില്ലാത്ത ആളുകളൊടൊക്കെ ഈ ചായക്കടക്കാരൻ മുമ്പ് നടന്ന സംഭവങ്ങൾ വിവരിച്ചു കൊടുക്കും. നമ്മുടെ സേഫ്റ്റിക്ക് വേണ്ടി കുട്ടികളെ നന്നായി സൂക്ഷിക്കണം എന്നും ഒറ്റയ്ക്ക് വിടരുതെന്നും പറഞ്ഞു. ഈ സംഭവങ്ങൾ കേട്ടപ്പോൾ ശരിക്കും പേടി തോന്നി. എന്നോട് മാത്രമായിട്ടാണ് ചായക്കടക്കാരൻ പറഞ്ഞത്. എന്റെ ഭാര്യക്കും കുട്ടികൾക്കും ഒന്നും ഇത് അറിയില്ല. ഞാനവരോട് പറഞ്ഞതുമില്ല. അവരോട് പറഞ്ഞാൽ പിന്നെ കാറിന് പുറത്തിറങ്ങില്ല. യാത്രയൊക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയതിനു ശേഷം പറയാം എന്ന് കരുതി.

അങ്ങനെ ഞങ്ങൾ വാൽപ്പാറൈ ലക്ഷ്യമാക്കി നീങ്ങി. രാവിലെ ആയതുകൊണ്ട് നല്ല കോടമഞ്ഞ് ഉണ്ടായിരുന്നു. പിന്നീട് ഏകദേശം ഒരു രണ്ടു മണിക്കൂർ ഞങ്ങളെല്ലാവരും ഒരു സ്വപ്നലോകത്ത് ആയിരുന്നു. വല്പാറൈ to പൊള്ളാച്ചി റോഡ് അടിപൊളി റൂട്ട്, ഒന്നും പറയാനില്ല. വാല്പാറയുടെ സുന്ദരമായ മുഖം കണ്ടപ്പോൾ ചായക്കടക്കാരൻ പറഞ്ഞ സംഭവങ്ങളൊക്കെ ഞാൻ അറിയാതെ മറന്നുപോയി. ഒരോ 10 മിനിറ്റ് മുൻപോട്ടു പോകും, പിന്നെ നിർത്തും, കുറെ ഫോട്ടോസ് എടുക്കും, വീണ്ടും 10 മിനിറ്റ് മുമ്പോട്ട് പോകും വീണ്ടും ഫോട്ടോ എടുക്കും.

കിടിലൻ റൂട്ട് അതൊന്നും പറഞ്ഞറിയിക്കാൻ പറ്റില്ല, അനുഭവിച്ചുതന്നെ അറിയണം. കാപ്പി തോട്ടങ്ങളും, തേയിലത്തോട്ടങ്ങളും, കുഞ്ഞുകുഞ്ഞു വെള്ളച്ചാട്ടങ്ങളും, ഇടക്കിടക്കുള്ള വലിയ വലിയ മരങ്ങളും, ചുറ്റും തലയുയർത്തി കോടമഞ്ഞിൽ പൊതിഞ്ഞിരിക്കുന്ന പർവ്വതങ്ങളും കൂടിയാകുമ്പോൾ ദൈവത്തിനെ അറിയാത്ത നമ്മൾ സ്തുതിച്ചു പോകും. വാൽപ്പാറ എന്ന സ്വർഗ്ഗ തുല്യമായ ഹരിത ഭൂമി എത്ര പുകഴ്ത്തിയാലും പുകഴ്ത്തിയാലും മതി വരൂല.

വല്പാറൈ ബാലാജി ടെംമ്പിൾ റോഡ്ലൂടെ പോവാൻ മറക്കല്ലേ. ഏറ്റവും മുകളിൽ നിന്നുള്ള വ്യൂ സൂപ്പറാണ്. ഞങ്ങൾ റോഡ് തീരുന്നത് വരെ അങ്ങേ അറ്റം വരെ പോയി. പിന്നെ ഓഫ്‌റോഡ്.
വല്പാറൈ പോകാൻ ഉദ്ദേശിക്കുന്നവർ ഈ റൂട്ടിലൂടെ ഒന്ന് പോവണം. പ്രകൃതിയെ അടുത്ത് അറിയാൻ പറ്റും. ആ കാടിന്റെ മണവും, ചുറ്റും തേയില തോട്ടങ്ങളും, നല്ല ശുദ്ധമായ തണുത്ത കാറ്റും, പിന്നെ അടിപൊളി വീതി കുറഞ്ഞ ഒട്ടും തിരക്കില്ലാത്ത റോഡും ആകുമ്പോൾ ഒന്നും പറയാനില്ല. ഇത് എഴുതുമ്പോൾ തന്നെ വീണ്ടും അവിടെ ഉള്ളതുപോലെ. മനസ്സിന് വല്ലാത്ത സന്തോഷം. ഫാമിലി ഒന്നിച്ചാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല.

40 കൊടും വളവുകൾ നിറഞ്ഞ ചുരം ഇറങ്ങാൻ തുടങ്ങി. വാൽപാറയോട് മെല്ലെ വിടപറയാൻ തുടങ്ങി. വരയാടിനെ കാണാത്ത വിഷമം മനസ്സിൽ ഉണ്ടായിരുന്നു. ചുരം ഇറങ്ങുന്നതിനിടയിൽ വരയാടിനെ കണ്ടു. വണ്ടി സൈഡിൽ ഒതുക്കി ഇട്ടു. കുട്ടികൾക്കൊക്കെ സന്തോഷമായി. എനിക്കും ഭാര്യക്കും അതിൽ കൂടുതൽ സന്തോഷമായി. ആദ്യമായിട്ടാണ് ഞങ്ങളൊക്കെ വരയാടിനെ കാണുന്നത്. ഫോട്ടോസ് ഒക്കെ എടുത്തു, വീണ്ടും ചുരം ഇറങ്ങാൻ തുടങ്ങി. തണുപ്പിന് ശക്തി മെല്ലെമെല്ലെ കുറഞ്ഞു കുറഞ്ഞു വന്നു.

അടുത്ത ലക്ഷ്യം കൊടയ്ക്കനാൽ ആണ്. നീലഗിരി മരങ്ങളുടെയും, പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമാണ് കൊടൈക്കനാൽ. ഇന്ന് കൊടൈക്കനാൽ പോകൽ നടക്കില്ല. പഴനിയിൽ സ്റ്റേ ചെയ്തു അവിടെനിന്ന് പിറ്റേ ദിവസം പോകാനാണ് പരിപാടി. അങ്ങനെ പഴനി ലക്ഷ്യമാക്കി മുമ്പോട്ട് നീങ്ങി. Udumalpet, Madathukulam വഴിയിലൂടെയാണ് യാത്ര. വിശാലമായി പരന്നുകിടക്കുന്ന സ്ഥലങ്ങളാണ് പിന്നീട് കാണാനായത്.

ഒരു മൂന്നുമണിയായപ്പോൾ ഉച്ച ഭക്ഷണം കഴിച്ചു. അവിടെയുള്ള ഒരു തട്ടുകടയിൽ നിന്നും കൊത്തു പൊറോട്ടയാണ് കഴിച്ചത്. തമിഴ്നാട്ടിലെ കൊത്തു പൊറോട്ടക്ക് നല്ല രുചിയാണ്. നല്ല വിശപ്പുള്ളപ്പോൾ കഴിച്ചാൽ പിന്നെ പറയേണ്ടതില്ലല്ലോ. പളനി ലക്ഷ്യമാക്കി പോകുമ്പോൾ നല്ല സുന്ദര കാഴ്ചകൾ തന്നെ സമ്മാനിച്ചു. ഒരുപാട് സ്ഥലങ്ങളിൽ കാറ്റാടിയന്ത്രങ്ങൾ കാണാമായിരുന്നു. അങ് ദൂരെ നിന്നും കാറ്റാടിയന്ത്രങ്ങളെ കാണാൻ നല്ല ഭംഗിയായിരുന്നു. മലമുകളിൽ തല ഉയർത്തി നിൽക്കുന്ന പളനി അമ്പലവും ദൂരെനിന്നും കാണാമായിരുന്നു.

വൈകുന്നേരം അഞ്ചു മണിയായപ്പോൾ പളനി ടൗണിലെത്തി. അമ്പലത്തിന്റെ സൈഡിൽ വണ്ടി പാർക്ക് ചെയ്തു. അമ്പലത്തിന്റെ പുറത്തു നടന്നു കണ്ടു. ഇവിടെ ഒരു തമാശ ഉണ്ടായി.
ട്രാന്‍സ്ജന്‍ഡറുകള്‍ അഞ്ച് പേർ ഉണ്ടായിരുന്നു. അതിൽനിന്നും ഒരാൾ എന്റെ അടുത്ത് വന്നു പൈസ ചോദിച്ചു. ഞാൻ പത്തു രൂപ കൊടുത്തു. 10 രൂപ വാങ്ങിച്ച് പോക്കറ്റിൽ ഇട്ടു. അതിനുശേഷം എന്നോട് പറഞ്ഞു “ചേട്ടാ ഒരു 100 രൂപ എനിക്ക് തരണം. 100 രൂപ അതിലേക്ക് മന്ത്രിച്ച് ഊതി ചേട്ടന്ന് തിരിച്ചുതരാം. മന്ത്രിച്ചു തന്ന നൂറ് രൂപ ചേട്ടൻ ചിലവ് ചെയ്യരുത്. എന്നും ചേട്ടന്റെ പോക്കറ്റിൽ തന്നെ സൂക്ഷിക്കണം. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും.”

അങ്ങിനെ പറഞ്ഞപ്പോൾ എന്റെ ഭാര്യ പറഞ്ഞു “കൊടുക്കൂ, അവർ മന്ത്രിച്ച് തിരിച്ചു തരുമല്ലോ.” ഞാൻ 100 രൂപ കൊടുത്തു. ആ പൈസ വാങ്ങി അതിലേക്ക് കുറേ മന്ത്രിച്ചു ഊതി, എന്നിട്ട് എന്നോട് പറഞ്ഞു “ഞാൻ മാത്രമല്ല എന്റെ കൂടെ അവിടെ വേറെ നാലു പേരുണ്ട്. ഈ 100 രൂപ ഞങ്ങൾ എടുക്കുന്നു ചേട്ടാ..” സോറി പറഞ്ഞുകൊണ്ട് അവർ ചിരിച്ചു കൊണ്ട് പോയി. എനിക്ക് അത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. പിന്നീട് ഞങ്ങൾ ആ സംഭവം ഓർത്തു ഓർത്തു ചിരിച്ചു. പഴനിയിൽ 700 രൂപയ്ക്ക് തിരകേടില്ലാത്ത ഒരു റൂം കിട്ടി. രാത്രി 9 മണിക്ക് തന്നെ എല്ലാവരും ഉറങ്ങി. ഇന്നത്തെ യാത്ര ഇവിടെ അവസാനിക്കുന്നു.

മൂന്നാം ദിവസം രാവിലെ 7 മണിക്ക് എഴുന്നേറ്റു. ചായ കുടിച്ച ശേഷം കൊടൈക്കനാൽ ലക്ഷ്യമാക്കി നീങ്ങി. പളനിയുടെ മനോഹരമായ റോഡിലൂടെ ആയിരുന്നു പിന്നീടുള്ള കൊടൈക്കനാലെക്കുഉള്ള യാത്ര. രണ്ട് സൈഡിലും പുളിമരങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. അതിന്റെ ഇടയിൽലൂടെയുള്ള യാത്ര ഒരു അനുഭവം തന്നെയാണ്. വല്പാറൈയിൽ നിന്നും കൊടയ്ക്കനാൽ ലക്ഷ്യമാക്കി നീങ്ങുമ്പോൾ തേയിലത്തോട്ടങ്ങളിൽ നിന്നും ഡിഫറെൻറ് ആയി മരങ്ങളുടെയും പലതരത്തിലുള്ള സുന്ദരമായ പൂക്കളുടെയും നാട്ടിലേക്ക്.

Welcome To Kodaikanal… പോകുന്ന വഴിയിൽ ഒക്കെ ഡിഫറെന്റ് ആയിട്ടുള്ള പലതരത്തിലുള്ള പൂക്കളുടെ മരങ്ങൾ കാണാമായിരുന്നു. വളരെ സാവധാനത്തിലാണ് ഞങ്ങൾ പോയത്. നല്ല സ്ഥലങ്ങൾ കാണുമ്പോൾ ഇടയ്ക്കിടയ്ക്ക് നിർത്തിയും, കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തും, പ്രകൃതി ആസ്വദിച്ചുകൊണ്ട് മുമ്പോട്ടു നീങ്ങി. റോഡ് സൈഡിൽ പലതരത്തിലുള്ള പഴങ്ങൾ വിൽക്കുന്നുണ്ടായിരുന്നു. റോഡ് അരികിൽ വിൽക്കുന്ന ഇത്തരം പഴവർഗങ്ങൾ ഒരിക്കലും മിസ്സ് ചെയ്യരുത്. നമ്മൾ ജീവിതത്തിൽ ഇതുവരെ കാണാത്ത പഴങ്ങൾ ഒക്കെ അവിടെ കിട്ടും.
ഇതിൽ ഏറ്റവും ഇഷ്ടമായത് ഗൂഡല്ലൂർ ചക്കപ്പഴമായിരുന്നു. ഗൂഡല്ലൂരിൽ നിന്നാണ് ഈ ചക്കപ്പഴം വരുന്നത്. നല്ല ടേസ്റ്റാണ്. വീണ്ടും വീണ്ടും കഴിക്കാൻ തോന്നും. അത്രയ്ക്കും ടേസ്റ്റി ആയ സാധനമാണ്.

കൊടൈക്കനാലിലേക്ക് ഞങ്ങൾ എത്തുമ്പോൾ ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞിരുന്നു. അവിടെയുള്ള ചെറിയ ഒരു ഹോട്ടലിൽ നിന്നും നല്ല സാമ്പാറും ചോറും, അച്ചാറും പപ്പടവും, അടിപൊളി വയറു നിറച്ചും കഴിച്ചു. കൊടൈക്കനാലിലെ ഞങ്ങളുടെ യാത്ര ആരംഭിച്ചു. Pine Forest, Guna Cave, Pillar Rocks, ഇതിന്റെ ഇടയിൽ കിട്ടുന്ന കുറെ സ്ഥലങ്ങൾ കവർ ചെയ്തു. Pillar Rocks കാണാൻ നല്ല ഭംഗിയായിരുന്നു. നമ്മൾ flight യാത്രയിലൊക്കെ മുകളിൽ നിന്നും കാണുന്നതുപോലെ മഞ്ഞു മൂടി കെട്ടി.. എന്താ പറയുക, അടിപൊളി വ്യൂ. മനസ്സിന് ഒരുപാട് സന്തോഷം നൽകുന്ന നിമിഷങ്ങളായിരുന്നു അത്.

ഇവിടെ റൂം കിട്ടാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു. എന്തോ പ്രശ്നം കാരണം കുറേ ഹോട്ടലുകൾ അടച്ചിട്ടിരിക്കുന്നു. ഒരു മണിക്കൂറിൽ കൂടുതൽ റൂമിന് വേണ്ടി തിരഞ്ഞു നടന്നു. അവസാനം ഒരു ഹോംസ്റ്റേ കിട്ടി. ആദ്യം 2500 രൂപ പറഞ്ഞു. കുറെ സംസാരിച്ചശേഷം 1500 രൂപയ്ക്ക് കിട്ടി. അപ്പോൾ സമയം രാത്രി എട്ടു മണി കഴിഞ്ഞിരുന്നു. ഇത് ഒരു ഹോംസ്റ്റേയാണ്. അവർ സീസൺ സമയത്ത് 3000, 3500 ആ ലേബലിൽ കൊടുക്കുന്ന ഹോംസ്റ്റേ. എനിക്ക് സീസൺ അല്ലാത്തത് കൊണ്ട് (ഡബിൾ)റൂം 1500 നു കിട്ടി. ഞാൻ താമസിച്ചതിൽ വെച്ച് ഒരു വിഐപി ലുക്ക് ഉള്ള റൂം ആണ് ഇത്. നല്ല ഗാർഡൻ ഒക്കെ ആയിട്ടുള്ള മനസ്സിന് നല്ല സന്തോഷം നൽകുന്ന അടിപൊളി റൂം.

നാലാം ദിവസം, നന്നായി ഉറങ്ങിയതിനു ശേഷം രാവിലെ എട്ടുമണിക്ക് എഴുന്നേറ്റു. കുളിച്ചു ഫ്രഷ് ആയി, അടുത്തുള്ള ഹോട്ടലിൽ നിന്നും നല്ല അടിപൊളി മസാലദോശയും സാമ്പാറും കഴിച്ചുകൊണ്ട് ഡോൾഫിൻ നോസ് ലേക്കുള്ള യാത്ര ആരംഭിച്ചു. പോകുന്ന വഴിയിൽ ഉടനീളം സബർജെല്ലി മരങ്ങളിൽ നിറച്ചും നല്ല പഴു പഴുത്ത നല്ല വലിപ്പമുള്ള സബർജെല്ലി. കണ്ടിട്ട് കൊതിയാവാൻ തുടങ്ങി.

അങ്ങിനെ ഞങ്ങൾ കാർ പാർക്ക്‌ ചെയ്തു ഡോൾഫിൻ നോസിലേക്കു നടക്കാൻ തുടങ്ങുമ്പോൾ തന്നെ അടുത്ത ഒരു വീട്ടിലെ മരത്തിൽ നിറച്ചും നല്ല വലിപ്പമുള്ള പഴുത്ത സബർജെല്ലി കയ്യെത്താ ദൂരത്ത് തന്നെ ഉണ്ടായിരുന്നു. ഇത് കണ്ടപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും കൊതി മൂത്തു. അത് ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി. രണ്ടും കൽപ്പിച്ച് ആ വീട്ടുകാരോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഞാനും കുട്ടികളും കൂടി വീട്ടിലെത്തി ഉടമസ്ഥനോട് ചോദിച്ചു “സബർജെല്ലി ഒന്നു ഞങ്ങൾ പഠിച്ചോട്ടെ?” അവർ സ്നേഹത്തോടെ തമിഴ്ൽ പറിച്ചോളൂ എന്ന് പറഞ്ഞു അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം ഉണ്ടായ നിമിഷമായിരുന്നു അത്.

ആദ്യമായിട്ടാണ് ഞങ്ങൾ സബർജെല്ലി മരങ്ങളിൽ പിടിച്ചു കാണുന്നത്. അങ്ങനെ ഞങ്ങൾ 10, 12 എണ്ണം പറിച്ചെടുത്തു. ഒരെണ്ണം അരക്കിലോ തൂക്കം വരും അത്രയ്ക്ക് നല്ല വലിപ്പമുണ്ട്. കഴിച്ചു നോക്കിയപ്പോൾ നല്ല ടേസ്റ്റ് ആണ്. നല്ല മധുരമുള്ള സബർജല്ലി എഴുതുമ്പോൾ അത് ഓർക്കുമ്പോൾ ഇപ്പോഴും എന്റെ വായിൽ നിന്നും വെള്ളം വരുന്നുണ്ട്. ഒരെണ്ണം തിന്നാൽ തന്നെ വയർ നിറയും. അങ്ങിനെ ഞങ്ങൾ സബർജെല്ലി കഴിച്ച സന്തോഷത്തോടെ ഡോൾഫിൻ നോസിലേക്കുള്ള പ്രകൃതി ഒരുക്കിയ സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങി.

അവസാനം ഡോൾഫിൻ നോസ് എന്ന മഞ്ഞിൽ അണിഞ്ഞൊരുങ്ങിയ ആ സുന്ദരിയുടെ അടുത്തെത്തി. ആ മനോഹര കാഴ്ച കണ്ടപ്പോൾ അതുവരെ പിറുപിറുത്തിരുന്ന മക്കൾ അവരുടെ ദേഷ്യമൊക്കെ പമ്പകടന്നു. പിന്നെ ഭാര്യയും മക്കളും ഒന്നിച്ചു പറയാൻ തുടങ്ങി, “ഇവിടെ വന്നില്ലെങ്കിൽ ശരിക്കും മിസ്സ്‌ ആയിപ്പോയേനെ.” അതിമനോഹരമാണ് ഈ സ്ഥലം. പറയാൻ വാക്കുകൾ ഇല്ല. എത്ര വർണ്ണിച്ചാലും മതിയാവില്ല, ശരിക്കും മഞ്ഞുമൂടി കിടക്കുന്നു. മഞ്ഞിന്റെ ഇടയിലൂടെ നീളത്തിലുള്ള യൂക്കാലി മരങ്ങൾ കാണാനുള്ള ഭംഗി എന്റെ സാറേ ഒരു രക്ഷയുമില്ല.

തിരിച്ചുവരുമ്പോൾ Vattakanal Water Falls ൽ ഇറങ്ങി കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു. പിന്നെ ഞങ്ങൾ റോസ് ഗാർഡൻ, Coaker’s Walk, Bryant Park, ഇത്രയും സ്ഥലങ്ങളിൽ കറങ്ങി.
പിന്നെ ഇത്രയും നല്ല സുന്ദരമായ നിമിഷങ്ങൾ സമ്മാനിച്ചതിന് കൊടൈക്കനാലിനോട് നന്ദി പറഞ്ഞുകൊണ്ട് വളരെ വിഷമത്തോടെ വിടപറയാൻ തുടങ്ങി. ബൈ ബൈ കൊടൈക്കനാൽ എന്ന് കുട്ടികൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അടുത്ത ഞങ്ങളുടെ ലക്ഷ്യം മുന്തിരി തോട്ടങ്ങളുടെ നാടായ കമ്പം – തേനിലേക്കാണ്.

എന്റെ ഭാര്യയുടെ പണ്ടേയുള്ള ഒരു ആഗ്രഹം ആയിരുന്നു മുന്തിരിതോട്ടങ്ങളിൽ പോയി തോട്ടത്തിൽ നിന്ന് തന്നെ ഫ്രഷ് മുന്തിരി പറിച്ചു കഴിക്കണം എന്നത്. അവളുടെ ആഗ്രഹം സഫലമാക്കാൻ വേണ്ടിയാണ് കമ്പം തേനി ലക്ഷ്യമാക്കി നീങ്ങുന്നത്. വൈകുന്നേരം ഒരു 5 മണി ആയപ്പോൾ കമ്പം എത്തി. അങ്ങനെ മുന്തിരി തോട്ടത്തിൽ എത്തി നിറച്ചും മുന്തിരി പിടിച്ചു കണ്ടപ്പോൾ എന്റെ ഭാര്യയുടെ കണ്ണിലെ ആ സന്തോഷത്തിന്റെ തിളക്കം ഞാൻ ശ്രദ്ധിച്ചു. അവൾ സന്തോഷത്തോടെ ഫ്രഷ് മുന്തിരി പറിച്ചു തിന്നുമ്പോൾ അവളുടെ ആഗ്രഹം പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ.

മരത്തിന്മേൽ പറിച്ചെടുത്ത നല്ല ഫ്രഷ് മുന്തിരി ഒരു കിലോ വാങ്ങി കാറിനകത്ത് വെച്ചു. അടുത്ത എന്റെ ലക്ഷ്യം തേക്കടി ആണ്. തേക്കടി സ്റ്റേ ചെയ്തു നാളെ രാവിലെ മൂന്നാറിലേക്ക് തിരിക്കണം. കമ്പത്തു നിന്നും തേക്കടി ലക്ഷ്യമാക്കി പോകുമ്പോൾ വൈകുന്നേരം ഒരു 6 മണി കഴിഞ്ഞിരുന്നു. പോകുന്ന വഴിയിൽ നല്ല മഴയുണ്ടായിരുന്നു. ഹെയർപിൻ വളവുകൾ കയറുമ്പോൾ നല്ല മഴയും ഇരുട്ടും ഉണ്ടായിരുന്നു. ശരിക്കും ബുദ്ധിമുട്ടിയാണ് ഡ്രൈവ് ചെയ്തത്.

തീരെ പരിചയമില്ലാത്ത റോഡുകൾ, മുമ്പിൽ നിന്നും വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റുകൾ കണ്ണ് അടിച്ചുപോകുന്നത് പോലെ, മുൻവശം ഒട്ടും കാണാൻ പറ്റുന്നില്ല, അതിശക്തമായ മഴയും. ഹെയർപിൻ വളവ് ആയതുകൊണ്ട് വണ്ടി സൈഡിലേക്ക് ഒതുക്കി ഇടാനും പറ്റുന്നില്ല. ദൈവത്തിന്റെ സഹായത്തോടുകൂടി ഒന്നും സംഭവിച്ചില്ല. അങ്ങിനെ രാത്രി 8 മണിയോടുകൂടി ആനകളുടെ നാടായ തേക്കടി എത്തി. 600 രൂപയ്ക്ക് റൂം കിട്ടി അത്യാവശ്യം കുഴപ്പമില്ലാത്ത റൂം ആയിരുന്നു. 9 മണിക്ക് തന്നെ എല്ലാവരും ഉറങ്ങി. ഇന്നത്തെ യാത്ര ഇവിടെ അവസാനിക്കുന്നു.

അഞ്ചാം ദിവസം രാവിലെ 7 മണിക്ക് തന്നെ മൂന്നാർ എന്ന കേരളത്തിലെ സ്വർഗ്ഗത്തിലേക്ക് നീങ്ങിത്തുടങ്ങി. ഒരു പതിനൊന്നു മണി ആയപ്പോൾ മൂന്നാറിന്റെ അതിർത്തി എത്തിതുടങ്ങി. മൂന്നാറിനെ പറ്റി അധികം ഞാൻ പറയേണ്ട ആവശ്യമില്ല നിങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. ഒരു പതിനൊന്നു മണി ആയപ്പോൾ മൂന്നാർ എത്തി. അങ്ങിനെ മൂന്നാറിൽ റൂമെടുത്തു.
800 രൂപക്ക് ആറുപേർക്ക് കിടക്കാവുന്ന വലിയ ഒരു റൂം തന്നെ കിട്ടി. ആദ്യമായിട്ടാണ് ഈ ട്രിപ്പിൽ പകൽ 11 മണിക്ക് ഞാൻ റൂം എടുക്കുന്നത്. സാധനങ്ങൾ ഒക്കെ റൂമിൽ ഒതുക്കി വെച്ചു
ഒന്ന് ഫ്രഷ് ആയി, ഉച്ചഭക്ഷണം കഴിച്ച ശേഷം മൂന്നാർ Top സ്റ്റേഷൻ ലക്ഷ്യമാക്കി വിട്ടു.

Top സ്റ്റേഷൻ പോകുന്ന വഴികൾ അടിപൊളി, പോകുന്ന വഴിയിൽ എല്ലാവരും ആനയെ കാണുന്ന സ്ഥലം ഇല്ലേ അവിടെ വച്ച് ഞാനും ആനയെ കണ്ടു. അമ്മയും കുഞ്ഞും. സ്ഥലത്തിന്റെ പേര് ഞാൻ ഓർക്കുന്നില്ല. കുട്ടികൾക്കൊക്കെ നല്ല സന്തോഷമായി. ഇലകൾ ഇല്ലാത്ത പൂക്കൾ മാത്രമുള്ള മരങ്ങൾ ഇടയ്ക്കു ഇടയ്ക്കു കാണാമായിരുന്നു. ഞാൻ ഭാര്യയോടും കുട്ടികളോടും പറഞ്ഞു ഞാൻ എങ്ങാനും മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ടോപ് സ്റ്റേഷൻ പോകുന്ന വഴിയിൽ ഒരു രണ്ടു മൂന്നു കിലോമീറ്റർവരെ എങ്കിലും റോഡിന്റെ ഇരു സൈഡുകളിലും ഇലകളില്ലാത്ത പൂക്കളുള്ള ഈ മരങ്ങൾ വെച്ചുപിടിപ്പിക്കുമായിരുന്നു. തമിഴ്നാട് സർക്കാർ പഴനി to കൊടൈക്കനാൽ പോകുന്ന വഴികളിലൊക്കെ പുളിമരങ്ങൾ വെച്ചുപിടിപ്പിച്ചതു പോലെ. അങ്ങിനെയെങ്കിൽ ഒന്നോർത്തു നോക്കിക്കേ സൂപ്പർ ആയിരിക്കും.

ഇടയ്ക്ക് വെച്ച് കാറിന്റെ ടയർ പഞ്ചറായി. കാർ ഓടിക്കാൻ അല്ലാതെ വേറെ ഒന്നും എനിക്കറിയില്ല. നിർത്തിയിട്ട ജീപ്പിൽ തമിഴ് സംസാരിക്കുന്ന രണ്ടു പേർ അവിടെ ഉണ്ടായിരുന്നു. അവർ സഹായിച്ചു. ടയർ മാറ്റി തന്നു. പൈസ കൊടുത്തപ്പോൾ വാങ്ങിച്ചില്ല. ഇതുപോലുള്ള സഹായങ്ങൾ ഒരുപാട് യാത്രയിൽ കിട്ടാറുണ്ട്. നല്ല മനസ്സുള്ളവർ ഒരുപാടുണ്ട്. അവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ വീണ്ടും മുന്നോട്ടു ടോപ് സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി.

മുന്നാറിന്റെ ഭംഗി ആസ്വതിക്കണമെങ്കിൽ ടോപ് സ്റ്റേഷൻ വരെ പോവണം. നല്ല തണുത്ത കാറ്റും, നിശബ്ദതയിൽ നിന്നും പലതരം കിളികളുടെ ശബ്ദങ്ങൾ മാത്രം, ഇവിടെ പോയാൽ തിരിച്ചു വരാനെ തോന്നില്ല. ഒരു മൂന്നു മണിക്കൂർ എങ്കിലും ഞാനും ഫാമിലിയും ഇവിടെ ചിലവഴിച്ചുകാണും, അത്രയ്ക്കും മനോഹരമാണ് ഈ സ്ഥലം. ടോപ് സ്റ്റേഷന്റെ അങ്ങേ അറ്റം വരെ ഞങ്ങൾ പോയി. അങേ അറ്റത്ത് ഒരു കല്ലുണ്ട്. അവിടെ പോയി ഇരുന്ന് മുമ്പോട്ട് നോക്കിയാൽ ഒരു നിമിഷത്തേക്ക് എല്ലാം മറന്നുപോകും. ദൈവത്തിനെ അറിയാതെ സ്തുതിച്ചു പോകും. ഒരു 360 ഡിഗ്രി വ്യൂ.

അവിടെ ഇരുന്ന് ശ്വാസം കഴിയുന്നത്ര മുകളിലേക്കു വലിച്ചു പുറത്തേക്ക് വിടണം. മൂന്നു നാലു തവണ ഇങ്ങിനെ ചെയ്യണം. അപ്പോൾ ഒരു സ്പെഷ്യൽ എനർജി കിട്ടും. കാരണം പലതര ഔഷധ മരങ്ങൾക്ക് ഇടയിലൂടെ വരുന്ന നല്ല ശുദ്ധമായ ഓക്സിജൻ തന്നെയാണ്. ഞാനും എന്റെ ഭാര്യ, മക്കൾ എല്ലാം ഇത് പോലെ ചെയ്തു. ഈ സ്ഥലത്തിന് ഒരു ചരിത്രം കൂടിയുണ്ട്. ബ്രീട്ടീഷ് രാജ്യം ഭരിക്കുന്ന കാലത്ത് ഇവിടെ നിന്നും മലമുകളിലൂടെ പഴയ മൂന്നാറിലേക്ക് ഒരു റെയിൽ പാലം ഉണ്ടായിരുന്നു. പിന്നീട് വലിയ ഒരു വെള്ളപൊക്കത്തിൽ ആ പാലം ഒലിച്ചുപോയി.
പഴയ മൂന്നാർ മുഴുവനും വെള്ളത്തിന് അടിയിലായി. ടിക്കറ്റ് കൗണ്ടറിൽ നിന്നും അവിടെയുള്ള ഒരു സ്റ്റാഫ് പറഞ്ഞു തന്ന പുതിയ ഒരു അറിവാണ്. ടിക്കറ്റ് കൗണ്ടറിൽ ആ പഴയ റെയിൽ പാലത്തിന്റെ ചിത്രം ഒട്ടിച്ചു വെച്ചിട്ടുണ്ട്.

മൂന്നാർ ടൗണിനകത്ത് മ്യൂസിയത്തിൽ പോയി ഇതിന്റെ ചരിത്രം മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. സമയം കുറവായതുകൊണ്ട് മ്യൂസിയം കാണാൻ പറ്റിയില്ല. അതിൽ എനിക്ക് നല്ല വിഷമം ഉണ്ട്. മൂന്നാർ പോകുന്നവർ ടോപ് സ്റ്റേഷൻ ഒരിക്കലും മിസ്സ്‌ ചെയ്യരുത്. ഒരു രണ്ടു കിലോമീറ്റർ നടക്കാൻ ഉണ്ട്. പോകാൻ എളുപ്പം. തിരിച്ചു കയറുമ്പോൾ കുറച്ചു കഷ്ടപെടേണ്ടി വരും. അപ്പോൾ നമ്മൾ താഴെ കണ്ട ആ മനോഹരമായ കാഴ്ച മനസ്സിൽ ഓർക്കുക അപ്പോൾ വീണ്ടും എനർജി കിട്ടും. അങ്ങനെ റൂമിലെത്തി രാത്രി 9 മണി ആയപ്പോൾ ഞങ്ങൾ കിടന്നുറങ്ങി.

ആറാം ദിവസം രാവിലെ 5 മണിക്ക് തന്നെ എഴുന്നേറ്റു. രാവിലെ മൂന്നാറിലെ കാണാൻ ഒരു ഭംഗി വേറെതന്നെയാണ്. മൂന്നാറിലേക്ക് എന്റെ മൂന്നാമത്തെ യാത്രയാണ് ഇത്. ഇത്രയും സുന്ദരിയായി മൂന്നാറിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. കാരണം നല്ല മഴക്കാറും കോടയും ഒന്നിച്ചു കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ചേല്. ആരായാലും ഒന്ന് പ്രണയിച്ചു പോകും ഈ സുന്ദരിയെ.

സൂര്യൻ ഉദിച്ചതേ ഉള്ളൂ. ഇടയ്ക്കിടെ കാർമേഘത്തിന്റെ ഇടയിൽനിന്നും സൂര്യൻ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു. മലകളുടെയും മൂടിക്കെട്ടിയ കോടമഞ്ഞിന്റെയും തേയിലത്തോട്ടങ്ങളുടെയും ഇടയിലൂടെയുള്ള സുന്ദരമായ റോഡിലൂടെ ബസ്സിന്റെയും ലോറിയുടെയും വരവും കൂടി ആയപ്പോൾ പിന്നെ ഒന്നും പറയാനില്ല. ഞാൻ പ്രിയ സഖിയോടും മക്കളോടും പറഞ്ഞു “എന്തൊരു മനോഹരമായ കാഴ്ചയാണ് ഇത്. ഇതുപോലെ ഞാൻ മൂന്നാറിനെ ഇതുവരെ കണ്ടിട്ടില്ല, ഒരു സ്വപ്നലോകത്ത് ഉള്ളതുപോലെ.. കാർമേഘവും കോടയും ഒന്നിച്ചു വരുന്ന അപൂർവ കാഴ്ച.”

അങ്ങിനെ ഞങ്ങൾ മൂന്നാർ എന്ന കേരളത്തിന്റെ സ്വർഗ്ഗത്തോട് വിട പറയാൻ തുടങ്ങി. മൂന്നാർ നിന്നും രാജമല, മറയൂർ, Udumalpet, മേട്ടുപ്പാളയം വഴി ഊട്ടിയിലേക്കാണ് അടുത്ത യാത്ര. ഈ റൂട്ടിനെ പറ്റി പറയുകയാണെങ്കിൽ, കിടു.. ഒരു രക്ഷയും ഇല്ലാത്ത റൂട്ടാണിത്. തേയിലത്തോട്ടങ്ങളും, കാപ്പിത്തോട്ടങ്ങളും, മഞ്ഞുമൂടി കിടക്കുന്ന പർവ്വതങ്ങളും കൊണ്ട് കണ്ണിനെയും മനസ്സിനെയും ഒരുപോലെ കുളിർമ നൽകുന്ന ഒരു കിടിലം റൂട്ട്.

തിരക്കുകള്‍ക്കിടയില്‍ നിന്ന് ആളൊഴിഞ്ഞ ഗ്രാമത്തിന്റെ വശ്യതയും മലഞ്ചെരുവുകളിലെ പോക്കുവെയിലും ചന്ദനം മണക്കുന്ന സന്ധ്യകളും ആസ്വദിക്കോ? അതിന് പറ്റിയ ഇടമാണ് മറയൂര്‍. പരന്നു കിടക്കുന്ന കരിമ്പിന്‍ പാടങ്ങളും അരികിലൂടെ ഒഴുകുന്ന പാമ്പാറുമാണ് ഇവിടം സ്വര്‍ഗ്ഗമാക്കുന്നത്. ഗ്രാമത്തിന്റെ വിശുദ്ധിയുടെ വെണ്‍മ ഇവിടെ കരിമ്പു പൂക്കളായി ഇതള്‍ പൊഴിക്കുന്നു. പച്ചക്കറിത്തോട്ടങ്ങള്‍, കാന്തല്ലൂരിലെ ആപ്പിള്‍ മരങ്ങള്‍, ചരിത്രമുറങ്ങുന്ന മുനിയറകള്‍ ഇവയെല്ലാം മറയൂരിലെ നിറക്കാഴ്ചകളാണ്.

മൂന്നാറില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് മറയൂര്‍. ചിന്നാര്‍ വന്യമൃഗസംരക്ഷണകേന്ദ്രവും കണ്ണന്‍ദേവന്‍ തേയിലത്തോട്ടങ്ങളും എല്ലാം കണ്ണുമിഴിയ്ക്കുന്ന കാഴ്ചയാണ്. നാലുവശവും മലകളാല്‍ ചുറ്റപ്പെട്ടതാണ് മറയൂര്‍ ഗ്രാമം. കേരളത്തിലെ മറ്റു പ്രദേശങ്ങളുമായി ഒരു സാമ്യവുമില്ലാത്തതാണ് ഈ മലനിര താഴ്വര. വര്‍ഷത്തില്‍ അധികവും ഇവിടെ മഞ്ഞാണ്. അതിനാല്‍, ശീതകാല പച്ചക്കറികളായ കാരറ്റ്, ബീറ്റ് റൂട്ട്, കാബേജ്, കോളിഫ്‌ളവര്‍, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയവ പ്രധാന കൃഷികളാണ്. കേരളത്തില്‍ ആപ്പിള്‍ വിളയുന്ന ഏക സഥലമാണ് കാന്തല്ലൂര്‍. റോഡുമാര്‍ഗ്ഗം മാത്രമേ മറയൂരിലേയ്ക്ക് യാത്ര പറ്റൂ. താമസിക്കാന്‍ ധാരാളം ഹോട്ടലുകള്‍ ലഭ്യമാണ്. തൂവാനം വെള്ളച്ചാട്ടവും, രാജീവ്ഗാന്ധി ദേശീയപാര്‍ക്കും മറയൂരില്‍ നിന്ന് അധികം ദൂരത്തല്ല. സുഖകരമായ കാലാവസ്ഥ കൊണ്ടും ഗ്രാമത്തിന്റെ ഏറ്റവും ഗംഭീരമായ അനുഭവങ്ങള്‍ കൊണ്ടും ഐതിഹ്യങ്ങളും വിശ്വാസങ്ങളും കൊണ്ടും ഇവിടം ഒരു പറുദീസയാണ്.
ഞങ്ങൾ ശരിക്കും enjoy ചെയ്തു.

ഇത്രയും സ്ഥലങ്ങളിൽ പോയിട്ട് ഞങ്ങൾക്ക് കുറച്ചു ബോറടിച്ച റൂട്ട്, കൊടൈക്കനാലിൽ നിന്നും വരുന്ന വഴിയിൽ കമ്പം – തേനി പോകുന്ന റൂട്ട് മാത്രമാണ്. കാരണം അവിടെ നല്ല ചൂടായിരുന്നു. വണ്ടിയിൽ എസി ഓൺ ചെയ്തത് ആ സ്ഥലത്തിന് മാത്രമാണ്. ബാക്കിയെല്ലാ റൂട്ടും ഒന്നിനൊന്നു മെച്ചപ്പെട്ട റൂട്ടുകൾ ആയിരുന്നു.

മറയൂരിലെ ചന്ദന മരങ്ങൾ ഞാനും ഫാമിലിയും ആദ്യമായിട്ടാണ് കാണുന്നത്. ചന്ദനക്കാട് എത്തിയപ്പോൾ ഞാൻ വണ്ടി സൈഡിൽ ഒതുക്കി പുറത്തിറങ്ങി. കുട്ടികൾ ചോദിക്കുകയാണ്
“ഇവിടെ ചന്ദനത്തിന്റെ മണം വരുന്നില്ലല്ലോ.” മറയൂർ എത്തിയത് വെള്ളിയാഴ്ച ദിവസം ആയതുകൊണ്ട് മറയൂരിൽ നിന്നും ജുമുഅ നിസ്ക്കരിച്ചു. ശർക്കര ഉണ്ടാക്കുന്ന സ്ഥലവും കണ്ടു,
മറയൂരിൽ നിന്ന് തന്നെ ഉച്ചഭക്ഷണം കഴിച്ചു. ഇവിടെയൊക്കെ നല്ല അടിപൊളി റോഡുകളാണ് കിട്ടിയത്. Udumalpet ഉള്ളി കൃഷിയുടെ നാടാണ്. പരന്നുകിടക്കുന്ന കൃഷിയിടം.

മേട്ടുപ്പാളയം വഴി രാത്രി ഒരു പത്ത് മണിക്കാണ് ഊട്ടി എത്തിയത്. ഊട്ടിയിൽ 800 രൂപക്ക് നല്ല അടിപൊളി ഡബിൾ ബെഡ് റൂമുള്ള റൂം കിട്ടി. കിട്ടാനുള്ള കാരണം രാത്രി 10 മണി ആയതു കൊണ്ടും , ഞങ്ങൾ രാവിലെ എട്ടുമണിക്ക് പോകും എന്ന് പറഞ്ഞതുകൊണ്ടുമാണ്. നല്ല ക്ഷീണം ഉള്ളത് കാരണം പെട്ടെന്ന് തന്നെ എല്ലാവരും ഉറങ്ങി.

ഏഴാം ദിവസം രാവിലെ എട്ടുമണിക്ക് ഊട്ടിയിൽ നിന്നും വിട്ടു. മുമ്പ് ആറുതവണ പോയ സ്ഥലം ആയതുകൊണ്ട് ഊട്ടിയിൽ അധികം കറങ്ങാൻ നിന്നില്ല. എട്ട് ദിവസത്തെ യാത്രയിലും ഞങ്ങളുടെ വഴികാട്ടിയായി കൂടെ ഉണ്ടായിരുന്നത് ഗൂഗിൾ മുത്തപ്പൻ ആണ്. ഇതുവരെ ഞങ്ങളെ വഴി തെറ്റിക്കാതെ ഇവിടെ വരെ എത്തിച്ചു. ഞാൻ മകളോട് പറഞ്ഞു “മോളേ ഗൂഡല്ലൂരിലേക്കുള്ള വഴി ഗൂഗിൾ മുത്തപ്പനോട്‌ ചോദിക്കൂ.” ഗൂഗിൾ മുത്തപ്പൻ പറഞ്ഞതുപോലെ ഞങ്ങൾ യാത്ര തുടർന്നു.

കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് എന്തോ ഒരു പന്തികേട് തോന്നി ഈ റോഡിൽ എന്റെ വാഹനം അല്ലാതെ വേറെ ഒരു വാഹനം പോലും ഇല്ല. ഞാൻ വണ്ടി സൈഡിൽ ഒതുക്കി. ഒരു കടയുടെ മുമ്പിൽ രണ്ടു മൂന്ന് പേർ ഇരിക്കുന്നുണ്ടായിരുന്നു. അവരോട് ചോദിച്ചു ഗൂഡല്ലൂർലേക്കുള്ള വഴി ഇതിലെയാണോ എന്ന്. അവർ പറഞ്ഞു ഇതു ഹോസ്പിറ്റലിലേക്കുള്ള വഴിയാണ്. ഗൂഗിൾ മുത്തപ്പൻ ചിലപ്പോൾ ഇങ്ങനെയും പറ്റിക്കാറുണ്ട്. നിങ്ങൾക്കും ഉണ്ടാവുമല്ലോ ഇതുപോലെയുള്ള അനുഭവങ്ങൾ. എന്നാലും ഗൂഗിൾ മുത്തപ്പൻ കൂടെ ഉള്ളതുകൊണ്ട് ഏതു പാതിരാത്രിയിലും നമുക്ക് നല്ലൊരു കൂട്ടാണ് ധൈര്യവുമാണ്.

ഊട്ടിയിൽ നിന്നും ഗൂഡല്ലൂർ, മുതുമലൈ, ബന്ദിപ്പൂർ, ഗുണ്ടൽപേട്ട്, മൈസൂർ, മടിക്കേരി റൂട്ടായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്. ഒരിക്കലും ബോറടിക്കാത്ത റൂട്ടാണ് ഇത്. ഗൂഡല്ലൂരിലെ മുളങ്കാടുകൾക്കിടയിലൂടെയും യൂക്കാലി മരങ്ങൾക്കിടയിലൂടെയുമുള്ള യാത്ര കിടിലനാണ്. പിന്നെ മുതുമലൈ ടൈഗർ റിസർവ്, ബന്ദിപ്പൂർ ടൈഗർ റിസർവ്, അടുത്തടുത്ത് രണ്ട് കാടുകളിൽ കൂടിയുമുള്ള യാത്ര, ഒരു അനുഭവം തന്നെയായിരുന്നു. ആന, കാട്ടുപോത്ത്, പന്നി, മാൻകൂട്ടങ്ങൾ, കുറേ കുരങ്ങൻമാർ എന്നിവയെയാത്രയ്ക്കിടയിൽ ഞങ്ങൾ കാടിനകത്ത് കണ്ടു. കൂടാതെ പുലി, കരടി എന്നിവയേയും കണ്ടു. പക്ഷെ റോഡരികിൽ വെച്ചിരിക്കുന്ന ബോർഡിൽ പുലിയുടെയും, കരടിയുടെയും ഫോട്ടോ മാത്രമാണ് കണ്ടത്.

നല്ല വൃത്തിയുള്ള സുന്ദരമായ കാട്. മഴക്കാലമായതുകൊണ്ട് മരങ്ങൾക്ക് ഒക്കെ നല്ല പച്ചപ്പ് ഉണ്ടായിരുന്നു. ശരിക്കും എന്റെ ചെറുപ്പകാലത്ത് കഥപുസ്തകത്തിൽ കാണുന്ന അതായത് പൂമ്പാറ്റ, ബാലരമ, ബാലമംഗളം.. അതിലെ കപീഷ്, മായാവി, ഡിങ്കൻ, ശിക്കാരി ശംഭു അതിലൊക്കെ വായിച്ചു പരിചയമുള്ള സുന്ദരമായ കാടില്ലേ, അതുപോലെയുള്ള ഒരു ഫീൽ ആണ് ഈ കാട് കാണുമ്പോൾ എനിക്കുണ്ടായത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മാത്രമേ ഇതുപോലെ കാണുകയുള്ളൂ, ഫെബ്രുവരി മാർച്ച്, ഏപ്രിൽ, മെയ് എന്നീ മാസങ്ങളിൽ പോയാൽ ഈകാട് കാണാൻ ഒരു സുഖവും ഉണ്ടാവില്ല. ഉണങ്ങി വരണ്ടിരിക്കും.

അങ്ങിനെ സുന്ദരമായ കാടും കഴിഞ്ഞു മുമ്പോട്ട് പോയി. പിന്നെ ഗുണ്ടൽപേട്ടിലെ അതിസുന്ദരമായ കൃഷിയിടമാണ് കാണാനായത്. ഓരോ സീസൺ അനുസരിച്ചാണ് ഇവിടുത്തെ കൃഷികൾ.
ഞങ്ങൾ പോകുമ്പോൾ സൂര്യകാന്തി പൂവിന്റെ കൃഷി കഴിഞ്ഞിരുന്നു. ഇപ്പോൾ ചെണ്ടുമല്ലി പൂവിന്റെ കൃഷി ആണ് നടക്കുന്നത്. റോഡിന്റെ ഇരുസൈറ്റുകളിലും ആയിട്ട് കണ്ണെത്താ ദൂരത്തോളം വിശാലമായി പരന്നുകിടക്കുന്ന ഭൂമിയിൽ കുറെ ചെണ്ടുമല്ലി പൂക്കളുടെ കൃഷിയിടം, ഇതെല്ലാം കണ്ണിന് കുളിർമയേകുന്ന കാഴ്ച തന്നെയാണ് സമ്മാനിച്ചത്.

നിങ്ങൾ ഒന്ന് ഓർത്തു നോക്കിക്കേ നല്ല സുന്ദരമായ റോഡിൽ ഇരു സൈഡിലുമായി വിശാലമായി പരന്നുകിടക്കുന്ന ചെണ്ടുമല്ലി പൂക്കൾ കൃഷിയിടത്തിലൂടെയുള്ള യാത്ര. കാറിനകത്തെ സ്പീക്കറിൽ നിന്നും “സ്വർഗ്ഗം താണിറങ്ങി വന്നതോ, സ്വപ്നം പീലി നീർത്തി നിന്നതോ, ഈശ്വരന്റെ സൃഷ്ടിയിൽ ഇവിടെയൊന്നു ചേർന്നലിഞ്ഞതോ” എന്ന യേശുദാസിന്റെ മനോഹരമായ ഗാനവും കൂടി ആയാലോ? അതുപോലെയുള്ള റോഡ് വ്യൂവാണ് ഇവിടെ കണ്ടത്.

ചെണ്ടുമല്ലി പൂക്കളുടെ അടുത്തുനിന്നും കുറെ ഫോട്ടോസ് ഒക്കെ എടുത്തു. ഇതല്ലാതെ റോഡിന്റെ ഇരു സൈഡുകളിലുമായി അടുത്തടുത്ത് ഇവിടെ കൃഷി ചെയ്തു ഉണ്ടാക്കിയ ഫ്രഷ് പച്ചക്കറി ഉൽപ്പന്നങ്ങൾ ഉള്ളി, തക്കാളി, കേബേജ്, ക്യാരറ്റ് തുടങ്ങി അനേകം ഉൽപ്പന്നങ്ങൾ വിൽക്കുന്ന ചെറുകടകൾ ഉണ്ട്. അതും കൂടാതെ ഇടയ്ക്കിടയ്ക്ക് കിട്ടുന്ന വലിയ വലിയ ആൽമരം. അതിന്റെ അടിയിൽ ചെറിയൊരു തട്ടുകട പോലെയുള്ള സ്ഥലത്ത് നല്ല മധുരമുള്ള ചുവന്ന തണ്ണിമത്തൻ വിൽക്കുന്നതും കാണാം.

ആൽമരത്തിനടിയിൽ കാർ പാർക്ക് ചെയ്തു. നല്ല ചുവന്ന മധുരമുള്ള തണ്ണിമത്തൻ ഉപ്പും കുരുമുളക് പൊടിയും ഇട്ട് പീസ് പീസാക്കി നമുക്ക് തരും. ഇവിടുത്തെ ഈ തണ്ണിമത്തൻ കഴിക്കാനുള്ള സുഖം ഒന്ന് വേറെ തന്നെയാണ്. കാരണം എല്ലാവരും നല്ല യാത്ര ക്ഷീണത്തിൽ ആണല്ലോ, അപ്പോൾ കഴിക്കാൻ ഇരട്ട സ്വാദ് ആയിരിക്കും. അതും കൂടാതെ ഗുണ്ടൽപേട്ടിലെ ഗോപാലസ്വാമി ഹിൽസ് ഒന്ന് പോകാൻ മറക്കരുത്. ഇവിടെ നല്ല ഒരു ഗ്രാമീണ കാഴ്ചയാണ് കാണാൻ സാധിച്ചത്. കുറെ പശുവിൻ കൂട്ടങ്ങളും ആട്ടിൻ കൂട്ടങ്ങളും റോഡിലൂടെ നടത്തിച്ചു കൊണ്ടുവരുന്നത്
ധാരാളമായി കാണാൻ പറ്റും.

ഗുണ്ടൽപേട്ടിലെ സ്ഥലത്തിനു മാത്രമായിരുന്നു സൗന്ദര്യം. അവിടെയുള്ള ആൾക്കാരുടെ സ്വഭാവം അത്ര നന്നല്ല എന്ന് എനിക്ക് തോന്നി. കാരണം കുട്ടികൾക്ക് മൂത്രമൊഴിക്കാൻ മുട്ടിയപ്പോൾ
അവിടെ റോഡ് സൈഡിലുള്ള ഒരു വീട്ടിൽ കയറി മൂത്രമൊഴിച്ചോട്ടെ എന്ന് ചോദിച്ചു. ആ വീടിന് അകത്തുള്ള ചേച്ചി പറഞ്ഞു ഈ വീടിനകത്ത് ടോയ്ലറ്റ് ഇല്ല. പാവം കുട്ടികൾ അവർ അത് വിശ്വസിച്ചു. രണ്ടു നിലയിലുള്ള വീടാണത് ടോയ്ലറ്റ് ഇല്ല എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?

അതല്ലാതെ ഈ റൂട്ടിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ ശരിക്കും സൂക്ഷിക്കണം. നമ്മുടെ വണ്ടിയുടെ ഇടതു സൈഡിൽ കൂടിയൊക്കെ ഓവർടേക്ക് ചെയ്തു പോകുന്നത് കാണാം. ശരിക്കും പേടിച്ചാണ് ഇവിടുന്ന് ഞാൻ ഡ്രൈവ് ചെയ്തത്. സ്കൂട്ടർകളുടെയും ബൈക്കുകളുടെയും ശല്യം ഭയങ്കരമാണ്. നമ്മൾ വിചാരിക്കാത്ത സൈഡിൽ കൂടെ ഒക്കെ ഓവർടേക്ക് ചെയ്യും. നല്ല ക്ഷമയോടെയും സൂക്ഷിച്ചും വണ്ടി ഓടിക്കണം. ചെറുതായൊന്ന് ഉരസിയാൽ മതി, എല്ലാവരും കൂടി അടിക്കും. കേരള രജിസ്ട്രേഷൻ വണ്ടി ആയതു കൊണ്ട് മാത്രം. കേരള രജിസ്ട്രേഷൻ വണ്ടി കാണുമ്പോൾ തന്നെ അവർക്ക് ഒരു ഇളക്കം കൂടുതലാണ് അത് ഞാൻ ശരിക്കും അനുഭവിച്ചറിഞ്ഞു.

അങ്ങനെ മൈസൂർ എത്തുമ്പോൾ രാത്രി ആയിക്കഴിഞ്ഞിരുന്നു. അവിടെ നിന്നും നേരെ മടിക്കേരി. മടിക്കേരിയിൽ നിന്നും രാത്രി ഭക്ഷണം കഴിച്ചു വീണ്ടും യാത്ര തുടർന്നു. ജൽസൂർ കഴിഞ്ഞു ഞങ്ങൾ എന്റെ നാടായ കാസർകോട്ടേക്ക് പോവുകയാണ്. സമയം രാത്രി 12 മണി കഴിഞ്ഞിരുന്നു. നല്ല മഴയാണ്, വാഹനങ്ങൾ വളരെ കുറവാണ്. മടിക്കേരി കഴിഞ്ഞപ്പോൾ തന്നെ എന്റെ കാറിന്റെ ബ്രേക്കിന് എന്തോ ഒരു പ്രോബ്ലം പോലെ. ചിലപ്പോൾ ബ്രേക്ക് കിട്ടാത്തത് പോലെ… ഞാൻ അത് വലിയ കാര്യമാക്കിയില്ല. ജൽസൂർ കഴിഞ്ഞപ്പോൾ പെട്ടെന്ന് ബ്രേക്ക് തീരെ കുറഞ്ഞു കുറഞ്ഞു വന്നു. ബ്രേക്ക് പിടിക്കുമ്പോൾ എന്തോ ഒരു ശബ്ദം കേൾക്കുന്നുണ്ട്.

രാത്രി ഒന്നുമല്ലാത്ത സമയം ആയതുകൊണ്ടും ഫാമിലി കൂടെ ഉള്ളതുകൊണ്ടും ഞാൻ ശരിക്കും പേടിച്ചു. ഞാൻ വണ്ടി ഒരു സൈഡിൽ ഒതുക്കി ഇട്ടു. പുറത്താണെങ്കിൽ ശക്തമായ മഴയാണ്.
കാസർകോട്ടേക്ക് ഇനിയും 35 കിലോമീറ്ററോളം ദൂരം ഉണ്ട്. കുറച്ചുസമയം വെയിറ്റ് ചെയ്തപ്പോൾ പുറകെ നിന്നും ഒരു വാഹനം വരുന്നത് കണ്ടു. ഞാൻ കൈ കാണിച്ചു വാഹനത്തെ നിർത്തി. ആ കാറിനകത്ത് രണ്ടു ചെറുപ്പക്കാരായിരുന്നു. അവരും കാസർകോട്ടേക്ക് ആണ് പോകുന്നത്. ഞാൻ പറഞ്ഞു “എന്റെ കാറിന്റെ ബ്രേക്ക് കിട്ടുന്നില്ല. കാറിനകത്ത് ഫാമിലി ആണ് ഇനി എന്ത് ചെയ്യും എന്ന് അറിയില്ല.

അവരും വണ്ടി ഓടിച്ചു നോക്കി. എന്നിട്ട് പറഞ്ഞു “ഇതിന്റെ ബ്രേക്ക് പാഡ് പോയിന്. പേടിക്കേണ്ട, ഫസ്റ്റ് ഗിയറിലും സെക്കൻഡ് ഗിയറിലും ഇട്ട് മെല്ലെ മെല്ലെ മുമ്പോട്ടു പൊയ്ക്കോളൂ. ഞങ്ങൾ നിങ്ങളുടെ പിന്നിലുണ്ടാകും അവിടെ എത്തുന്നതു വരെ. ഒന്നു പേടിക്കേണ്ട ധൈര്യമായി പൊയ്ക്കോളൂ.” ആ രണ്ട് ചെറുപ്പക്കാരേ ഒരിക്കലും മറക്കാൻ പറ്റൂല. ഏകദേശം 35 കിലോമീറ്ററോളം അവർ എന്റെ പിന്നിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ 20 – 30 സ്പീഡിലാണ് വണ്ടിയോടിച്ചു പോയത്. ഒരു മണിക്കൂർ കൊണ്ട് എത്തേണ്ട സ്ഥലം നാലു മണിക്കൂറിലധികം പിടിച്ചു. അതുവരെ ആ പാവം രണ്ടു ചെറുപ്പക്കാർ കൂടെ തന്നെ ഉണ്ടായിരുന്നു. കാസർഗോഡ് ടൗണിൽ എത്തിയതിനു ശേഷമാണ് അവർ പോയത്. ഈ ടെൻഷനിൽ അവരുടെ പേര് പോലും ചോദിക്കാൻ ഞാൻ മറന്നുപോയി. കാസർഗോഡ് നായന്മാർമൂല സ്വദേശികളാണ് അവർ. ആ രണ്ടുപേർക്കും എന്റെ ബിഗ് സല്യൂട്ട്.

അവസാനം എന്റെ വീട്ടിലേക്കുള്ള വഴിയിൽ എത്തിയപ്പോൾ പള്ളിയിൽ നിന്ന് സുബഹി ബാങ്ക് കേൾക്കാമായിരുന്നു. 21 മണിക്കൂർ ഡ്രൈവിംഗ് ചെയ്താണ് എത്തിയത്. ഡ്രൈവിംഗ് എനിക്ക് ഒരു ഹരം ആയതുകൊണ്ട് വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല. യാത്രയുടെ തുടക്കത്തിലും അവസാനത്തിലും 21 മണിക്കൂർ, 21 മണിക്കൂർ വീതം ഡ്രൈവിംഗ് ചെയ്തു. അങ്ങിനെ ഈ സ്വപ്നയാത്ര ഇവിടെ അവസാനിക്കുകയാണ്. ഇവിടെ എഴുതി അവസാനിക്കുമ്പോൾ ഒരു വർഷം മുമ്പ് യാത്ര പോയ അതെ ഫീൽ തന്നെ എന്റെ മനസ്സിൽ ഇപ്പോൾ ഉണ്ടായി. എന്തൊരു സന്തോഷം ഉള്ള യാത്രയായിരുന്നു അത്. ഒരിക്കലും മറക്കാൻ പറ്റാത്ത യാത്രകളിൽ ഒന്ന്. ടോട്ടൽ ചിലവായത് 19,360 രൂപയാണ്.

ഇനി എന്റെ ഒരേ ഒരു ആഗ്രഹം കാശ്മീർ ആണ്. കാശ്മീർ ലഡാക്ക് വഴി പോയി കുളു – മണാലി വഴി തിരിച്ചു വരണം. വണ്ടി ഓടിച്ചു തന്നെ പോകണം. അത് ഇനി എന്ന്? ഒരിക്കലും പ്രതീക്ഷ കൈവിടില്ല. ആ യാത്രയ്ക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post