എഴുത്ത് – Chandran Satheesan Sivanandan.

ദേശീയ, അന്തർദേശീയ പ്രസിദ്ധമായ പഴയകാലകേരളത്തിന്റെ തനതായ ഈ ഉത്പ്പന്നങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? വ്യവസായവത്ക്കരണത്തിലൂടെയും യന്ത്രവത്ക്കരണത്തിലൂടെയും യൂറോപ്യന്മാർ മുന്നിലെത്തും മുൻപ് ഇന്ത്യയുടെയും ചൈനയുടെയും ഉത്പ്പന്നങ്ങൾക്കായിരുന്നു ലോകമാർക്കറ്റിൽ വലിയ ഡിമാന്റുണ്ടായിരുന്നത്.അവയിൽ തന്നെ നമ്മുടെ കൊച്ചുകെരളത്തിന്റെ കൈത്തറി, കരകൗശല ഉത്പ്പന്നങ്ങൾ ഗുണനിലവാരത്തിലും മേന്മയിലും കേളികേട്ടവയായിരുന്നു.അവയിൽ ചിലതിനെക്കുറിച്ചാണ് ഈ കുറിപ്പ്.

പേരുകേട്ട പൂട്ടുകൾ : അതിവിദഗ്ദന്മാരായിരുന്ന നമ്മുടെ നാട്ടുകരുവാന്മാർ നിർമ്മിച്ചിരിക്കുന്ന പൂട്ടുകൾ വളരെ പ്രശസ്തമായിരുന്നു. അലാറംപൂട്ട്, മണിപ്പൂട്ട് , വിലങ്ങുപൂട്ട് തുടങ്ങിയവയ്ക്ക് സ്വദേശത്തും വിദേശത്തും ആവശ്യക്കാരുണ്ടായിരുന്നു. കള്ളത്താക്കോലിട്ടുപോലും തുറക്കാനാകാത്ത പൂട്ടായിരുന്നു ഇരിഞ്ചയംപൂട്ട്. മണിപ്പൂട്ട് എന്നറിയപ്പെടുന്ന പൂട്ടിൽ താക്കോലിട്ടു തിരിക്കുമ്പോൾ സൈക്കിളിന്റെ ബെല്ലുപോലെ ശബ്ദം കേൾപ്പിക്കും. പൂട്ടിൽ താക്കോൽ തിരിക്കുമ്പോൾ അലാറംപൊലെ ശബ്ദമുണ്ടാക്കുന്നവയാണ് അലാറംപൂട്ട്. കള്ളതാക്കോലിട്ടാൽ വിലങ്ങുവീഴുന്നതരത്തിലെ നിർമ്മാണമായിരുന്നത്രേ വിലങ്ങുപൂട്ട്.

കത്തികൾ : പാലക്കാട് ശ്രീകൃഷ്ണപുരത്തിനടുത്തുള്ള ഗ്രാമത്തിൽ നിർമ്മിക്കപ്പെട്ടിരുന്ന മാൻകൊമ്പ് പിടിയും പിച്ചളക്കെട്ടുമുള്ള കത്തികളാണ് ‘തോട്ടരക്കത്തി’കളെന്നു പുകഴ്പ്പെറ്റത്. ഈർച്ചവാളിനിന്നുമുണ്ടാക്കിയിരുന്നതും റഷ്യയിലേക്കുവരെ കയറ്റിയയച്ചിരുന്നതുമായ തിളക്കമുള്ളകത്തികളാണ് ‘പാലക്കാടൻ കത്തി’കളെന്നറിയപ്പെട്ടിരുന്നത്. എടത്തറ, പെരുവെമ്പ, പല്ലശ്ശന, പുതുശ്ശേരി എന്നിടങ്ങളിലെ ചില പാരമ്പര്യകുടുംബങ്ങളായിരുന്നു ഇത് നിർമ്മിച്ചിരുന്നത്.

പേനാക്കത്തി, കറിക്കത്തി, ചില്ലാങ്കത്തി, അടയ്ക്കാകത്തി, വലിയകത്തി, പയ്യന്നൂർകത്തി, മലപ്പുറംകത്തി, പാപ്പിനിശ്ശേരികത്തി, തുളുനാടൻ കത്തി.. ഇങ്ങനെ കത്തികളുടെ ബ്രാൻഡുകൾ നിരവധിയുണ്ടായിരുന്നു. ദീർഘകാലം ഈടു നിൽക്കുന്ന ‘എലവഞ്ചേരി കൊടുവാൾ’ കേരളത്തിനകത്തും പുറത്തും പ്രശസ്തമായിരുന്നത്രേ.

കണ്ണാടികൾ : ആറന്മുള കണ്ണാടിയുടെ പ്രസിദ്ധിയെക്കുറിച്ച് മലയാളിയോട് പറയേണ്ട കാര്യമില്ലല്ലോ. പരമ്പരാഗതമായി ഏഴു കുടുംബങ്ങളാണത്രേ ചെമ്പും ഈയവും പ്രത്യേക അനുപാതത്തിൽ ചേർത്ത് മണലില്ലാത്ത പുഞ്ചമണ്ണ്, ഓട് ,ചാക്ക് എന്നിവ അരച്ചുണ്ടാക്കിയ കരുവിൽ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത്. അതുപോലെ പ്രശസ്തമായ മറ്റൊരു കണ്ണാടിയാണ് ചെമ്പും വെളുത്തീയവും ചേർന്ന ലോഹക്കൂട്ടുകൊണ്ടുണ്ടാക്കിയിരുന്ന അടയ്ക്കാപുത്തൂർ കണ്ണാടി. തേൻമെഴുക്, കുന്തിരിക്കം, കൊട്ടെണ്ണ എന്നിവ കൊണ്ടുള്ള കരുവിലാണത്രേ ഇതുണ്ടാക്കുക.

തൊപ്പികൾ : തുളുനാടൻ സാംസ്കാരികപ്പഴമയുടെ പ്രതീകമായിരുന്നു കാസർകോട് പാളത്തൊപ്പി. കവുങ്ങിൻപാളയിലാണ് ചിത്രപ്പണികളോടുകൂടിയുള്ള ഈ തൊപ്പി കോപ്പാളന്മാർ നിർമ്മിച്ചിരുന്നത്. ആഫ്രിക്കയിലും അറേബ്യയിലും വലിയതോതിൽ ആവശ്യക്കാരുണ്ടായിരുന്ന തൊപ്പിയാണ് ‘താളങ്കരത്തൊപ്പി’. തുണിയിലാണ് ഈ തൊപ്പി നിർമ്മിക്കുന്നത്.

പന്തലായനി ഹൂക്ക :  അറബികൾ ഹൂക്കവലിപ്പ്രിയന്മാരാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ചിത്രപ്പണികളോടുകൂടി ആ മനോഹരമായ ഹൂക്കകൾ നിർമ്മിച്ചു നൽകിയിരുന്നത് പന്തലായനിയിലെ കുനിയിൽ കുടുംബക്കാരായിരുന്നു. ചെമ്പും നാകവും പ്രത്യേക അനുപാതത്തിൽ ഉരുക്കി, തിളക്കമാർന്ന പിച്ചളയിൽ വാർത്തെടുത്തശേഷം അതിൽ ജർമ്മൻ സിൽവർ കൊണ്ട് ചിത്രപ്പണികളോടുകൂടിയാണ് ഈ കലാസൃഷ്ടി രൂപപ്പെടുത്തുന്നത്.

പയ്യന്നൂർ പട്ട് : കൃത്രിമമല്ലാത്ത പട്ടുനൂലിൽ പാരമ്പര്യ രീതിയിൽ പയ്യന്നൂർ കണ്ടോത്തുള്ള നെയ്ത്തുശാലകളിൽ നിർമ്മിച്ചിരുന്ന പയ്യന്നൂർപട്ട് വളരെ പ്രശസ്തരായിരുന്നു. ലോഹക്കൂട്ട് നിർമ്മാണത്തിൽ പയ്യന്നൂരിന്റെ പ്രാഗത്ഭ്യത്തിന് മറ്റൊരു ഉദാഹരണമാണ് പയ്യന്നൂർ ലക്ഷ്മിവിളക്ക്(ചീവോതി വിളക്ക്). കൊവ്വൽ പടോളി കൃഷ്ണന്റെ കുടുംബവും കുഞ്ഞിമംഗലത്തെ മൂശാരിമാരുമാണ് ഈ വിളക്കുകൾ നിർമ്മിക്കുന്നത്.കൊല്ലന്മാരുടെ കഴിവുകൊണ്ടും ഇരുമ്പിന്റെ മേന്മകൊണ്ടും പേരുകേട്ടതാണ് തുരുമ്പുപിടിക്കാത്ത പയ്യന്നൂർ കത്തികൾ.

കേരളത്തിലെ ഹിന്ദുക്കളുടെ അനുഷ്ഠാനങ്ങൾക്ക് ഉപയോഗിക്കുന്ന പായകൾ കൊല്ലം ജില്ലയിലെ തഴവ എന്ന ഗ്രാമത്തിൽ കൈതോലകളിൽ കൊണ്ട് നിർമ്മിക്കുന്നവയാണ്. തഴവയിലെ തഴപ്പായയും, മെത്തപ്പായും, തടുക്കുകളും വളരെ പ്രശസ്തമാണ്.

ശില്പികളോടെ ഗ്രാമമായ മാന്നാറിൽ പോയാൽ പരമ്പരാഗതരീതിയിൽ നിർമ്മിക്കുന്ന ചെമ്പുകൾ, പറകൾ, വാൽക്കിണ്ടികൾ, ഓട്ടുമണികൾ, ഉരുളികൾ തുടങ്ങിയവ വാങ്ങാം. കൃഷ്ണശിലയിൽ നിർമ്മിക്കുന്ന ശില്പങ്ങൾക്ക് പേരുകേട്ടനാടാണ് ചെങ്ങന്നൂർ.

പുളിമ്പൂവിന്റെ നിറമുള്ള മനോഹരമായ കലങ്ങൾ തിരുവനന്തപുരം വെമ്പായത്ത് നിർമ്മിക്കുന്നു ഇവയെ വെമ്പായം കലങ്ങളെന്നാണ് അറിയപ്പെടുന്നത്. കാശുകുടുക്ക, വട്ടച്ചട്ടി, മരവി, മീൻച്ചട്ടി, പൂച്ചട്ടി, കൂജ, അടപ്പുചട്ടി, കള്ളുകുടം തുടങ്ങിയവ വെമ്പായത്ത് നിർമ്മിക്കുന്നു.

കൈത്തറികൾ : വേഷ്ടി, സാരി, സെറ്റുമുണ്ട്, കുണ്ടഞ്ചിക്കര മുണ്ട്, പുളിയിലക്കര മുണ്ട്, ചുട്ടിക്കര മുണ്ട് എന്നിവയ്ക്ക് പേരുകേട്ട ഇടമാണ് ചേന്ദമംഗലം. പറവൂർ, പാലിയം, ചേന്ദമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ ചില കുടുംബക്കാരാണ് ചേന്ദമംഗലം കൈത്തറി ഉത്പാദിപ്പിക്കുന്നത്.

കണ്ണൂരിലെ മാങ്ങാടൻ തോർത്തുകൾ വളരെ പെരുമയുള്ളതാണ്. പറവൂരിലെ ഞാറയ്ക്കൽ തവിട്ടുനിറമുള്ള മുണ്ടുകൾക്ക് (ഞാറയ്ക്കൽ പൊതമുണ്ട് ) പ്രശസ്തമാണ്. ഇതുപോലെ പ്രശസ്തമാണ് കൂത്താമ്പുള്ളി കസവും ബാലരാമപുരം കൈത്തറി ഉത്പന്നങ്ങളും.

വിവരശേഖരണം – ഡോ. സി.ആർ. രാജഗോപാലൻ രചിച്ച ‘കേരള സാംസ്കാരപ്പൊലിമകൾ എന്ന പുസ്തകം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.