പാലിയേക്കര ടോൾ പ്ലാസയിൽ കുറെ അനിഷ്ട സംഭവങ്ങൾ നടന്നിട്ടുള്ളതിനാൽ ഫാസ്റ്റാഗ് എന്നത് എന്താണെന്ന് മിക്കയാളുകൾക്കും അറിയുവാൻ സാധിക്കും. ടോൾ പ്ലാസകളിൽ കാത്തുകിടക്കാതെ ഡിജിറ്റൽ രൂപത്തിൽ ടോൾ അടച്ച് പോകുവാൻ സാധിക്കുന്ന ഒരു മാർഗ്ഗമാണ് ഫാസ്റ്റാഗ്.

ഫാസ്ടാഗ് സംവിധാനം അഖിലേന്ത്യാ തലത്തിലുള്ളതാണ്. അത് എല്ലാ ടോൾ ബൂത്തുകൾക്കും ബാധകവുമാണ്. വാഹനത്തിന്റെ മുൻപിലെ ചില്ലിൽ ഫാസ്‌ടാഗ് പതിപ്പിക്കും. ഫാസ്ടാഗ് വാഹനങ്ങൾ ടോൾ നൽകാൻ നിർത്തേണ്ടതില്ല. ഇത്തരം വാഹനങ്ങൾക്കു കടന്നുപോകാൻ പ്രത്യേക പാത എല്ലാ ടോള്‍ ബൂത്തുകളിലും സജ്ജമാക്കിയിട്ടുണ്ട്. കടന്നുപോകുമ്പോൾ ഇലക്ട്രോണിക് റീഡർ വഴി തുക ഈടാക്കും.

ഫാസ്ടാഗ് സംവിധാനം സ്വീകരിക്കുന്ന വാഹനം ടോൾ ബൂത്ത് വഴി കടന്നു പോകുമ്പോൾ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ടോൾ ചാർജ് ടോൾ കമ്പനിക്ക് ലഭ്യമാകും. ടോൾ നിരക്കിൽ ചെറിയൊരു ശതമാനം ഇളവും ലഭിക്കുമെന്നതാണ് ഫാസ്ടാഗിന്റെ മറ്റൊരു സവിശേഷത. കാര്‍ഡിലെ തുക തീരുമ്പോൾ റീചാർജ് ചെയ്യണം.

ഇതുവരെ ഈ സമ്പ്രദായം ടോൾ പ്ലാസകളിലെ ഒന്നോ രണ്ടോ ലെയ്‌നുകളിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 2019 ഡിസംബർ 1 മുതൽ എല്ലാ ടോൾ ബൂത്തുകളിലും ടോൾ തുക പണമായി അടക്കുവാൻ ഒരു കൗണ്ടർ മാത്രമേ ഉണ്ടാകുകയുള്ളൂ. ബാക്കി എല്ലാം ഫാസ്റ്റാഗ് ലെയ്ൻ ആക്കുവാനാണ് തീരുമാനം. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങളുമായി ഫാസ്റ്റാഗ് ലൈനിൽ വന്നാൽ ഇരട്ടി തുക ടോൾ ആയി കൊടുക്കേണ്ടി വരും. ഒരു കൗണ്ടർ മാത്രമുള്ളതിനാൽ ടോൾ തുക പണമായി നൽകി പോകുവാനുള്ളവരുടെ നിര നീളും എന്നുറപ്പാണ്. തൽഫലമായി ധാരാളം സമയം കാത്തുകിടക്കേണ്ടി വരികയും ചെയ്യും.

ഇതിനായി എല്ലാ വാഹനങ്ങളും ഫാസ്റ്റാഗ് സൗകര്യം എടുക്കേണ്ടതായുണ്ട്. ഇപ്പോൾ പുതുതായി ഇറങ്ങുന്ന വാഹനങ്ങളിൽ ഫാസ്റ്റാഗ് സംവിധാനം ഉണ്ടായിരിക്കും. അല്ലാത്തവർ 500 രൂപ മുടക്കി ഓൺലൈനായോ, ടോൾബൂത്തുകൾക്ക് സമീപം ആരംഭിച്ച ഫാസ്റ്റാഗ് വിൽപ്പന കേന്ദ്രങ്ങൾ വഴിയോ ഇത് വാങ്ങി ഉപയോഗ സജ്ജമാക്കണം.

ഇലക്ട്രോണിക് ടോള്‍ കലക്‌ഷന്‍ സംവിധാനമായ ഫാസ്ടാഗിലൂടെ ടോള്‍ബൂത്തുകളിലെ തിരക്ക് ഒഴിവാക്കി നിലവിലെ സാഹചര്യത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ വാഹനങ്ങള്‍ക്ക് ടോള്‍പ്ലാസ മറികടക്കാം. ഇപ്പോള്‍ ഒരു വാഹനത്തിന് ടോള്‍ബൂത്ത് മറികടക്കാന്‍ 15 സെക്കന്‍ഡാണ് ദേശീയപാത അതോറിറ്റി നിര്‍ദേശിക്കുന്ന സമയം. പലപ്പോഴും ഇത് ദീര്‍ഘിക്കാറുമുണ്ട്. ഫാസ്ടാഗിൽ ഇത് മൂന്ന് സെക്കന്‍ഡ്ഡായി ചുരുങ്ങും. നിലവില്‍ ഒരു ടോള്‍ ബൂത്തിലൂടെ മണിക്കൂറില്‍ 240 വാഹനങ്ങള്‍ക്കു വരെ കടന്നുപോകാം. ഫാസ്ടാഗ് വരുന്നതോടെ 1200 വാഹനങ്ങള്‍ക്കുവരെ കടന്നുപോകാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.