കുറഞ്ഞ ശമ്പളവുമായി, ബുദ്ധിമുട്ടേറിയ ജോലി ചെയ്യുന്നവരാണ് കെഎസ്ആർടിസി ജീവനക്കാർ. പ്രത്യേകിച്ച് ഡ്രൈവറും കണ്ടക്ടറും. ഇപ്പോഴിതാ അവർക്ക് കുറച്ചെങ്കിലും ആശ്വാസമായിരുന്ന ശമ്പളവും മര്യാദയ്ക്ക് ലഭിക്കുന്നില്ല. നിലവിൽ കെഎസ്ആർടിസി ജീവനക്കാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് വിവരിക്കുകയാണ് കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിലെ വനിതാ കണ്ടക്ടറായ ഷൈനി സുജിത്ത്. ഷൈനിയുടെ കുറിപ്പ് താഴെ കൊടുക്കുന്നു.

“ഒരു ക്യാഷ് ബാഗ് വാങ്ങുക എന്ന ഉദ്ദേശ്യവും ആയി കടയിൽ കയറിയത് ആയിരുന്നു ഞാൻ. ഈ കണ്ടക്ടർമാർ കൊണ്ട് നടക്കുന്ന ബാഗ് ഇല്ലെ അത്. 450 രൂപ വില. കടക്കാരൻ പറഞ്ഞത് കേട്ട് ഒന്ന് ഞെട്ടി. കുറച്ച് കൂടുതൽ ആണ്. പക്ഷേ ആവശ്യമുണ്ട്. ഇനി യൂണിഫോം വാങ്ങണം. ഉള്ളത് കീറാൻ തുടങ്ങി. കോട്ട്‌ തുണി മീറ്ററിന് 250 രൂപ. 2 മീറ്റർ വേണം ഒരു കോട്ട്‌ തയ്ക്കണം എങ്കിൽ. തയ്യൽ കൂലിയോ അതിലും കഷ്ടം. എല്ലാം വാങ്ങിച്ചു കേട്ടോ. വാങ്ങാതെ ഇരിക്കാൻ കഴിയില്ല.

2012 ൽ ക്യാഷ് ബാഗ് 100 രൂപ കാണും. യൂണിഫോം കാക്കിക്ക് 50 രൂപ ഉണ്ടാവും. ഇപ്പൊൾ മാറിയ ജീവിതസാഹചര്യം, എല്ലാത്തിനും വില കൂടി. ഒരു ഗ്ലാസ് ചായക് 5 രൂപ ഉണ്ടായിരുന്നത് 10 ആയി. എന്നിട്ടും ksrtc ജീവനക്കാരുടെ ശമ്പളം 2012 ലെതാണ്.

Appointment order കൈയിൽ കിട്ടിയപ്പോൾ മുതൽ കേൾക്കുന്നത് ആണ് “ഓ, എന്നാപ്പ.. മാസം 15 ദിവസം പണി എടുത്താൽ പോരെ” എന്ന്. വെളുപ്പിന് 3.15 നാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്. രാവിലെ വരാൻ കഴിയില്ല. ഡിപ്പോയിൽ കിടക്കണം. വൈകുന്നേരം ബ്ലോക്കിൽ കുടുങ്ങാതെ എത്തിയാൽ ചിലപ്പോ വീട്ടിലേക്ക് പോകാം. അല്ലെങ്കിൽ അന്നും അവിടെ തന്നെ കിടക്കണം. അപ്പോളേക്കും എത്ര മണിക്കൂർ ആയി?

ഇനി നമ്മൾ തലേന്ന് എത്തി പിറ്റേന്ന് റെഡി ആയി വന്നാൽ ചിലപ്പോൾ ബസ് കാണില്ല.അല്ലെങ്കിൽ ഡ്രൈവർക്ക് എന്തെങ്കിലും തരത്തിലുള്ള ലീവ് വന്ന് അന്ന് പോകാൻ കഴിയില്ല എന്ന് കരുതുക. അപ്പോ ഒപ്പിട്ട് ശമ്പളം വാങ്ങിക്കാൻ സാധാരണ govt ജീവനക്കാരെ പോലെ ഞങ്ങൾക് കഴിയില്ല. അന്നത്തെ ദിവസം loss of pay, അതായത് ശമ്പളം ഇല്ലാത്ത ഡ്യൂട്ടി ആയി കണക്ക് കൂട്ടും.

ചിലർ ചോദിക്കും “ഒരു വണ്ടിക്ക് ആറ് ജീവനക്കാർ ഇല്ലെ, പിന്നെ എവിടെ ഗതി പിടിക്കും” എന്ന്. ഈ പറയുന്ന പോലെ ശമ്പളം വാങ്ങിയാൽ പിന്നെ എത്ര ജീവനക്കാർ ഉണ്ടായിട്ടും എന്താണ് കാര്യം. ജോലി ചെയ്തവനെ ഉള്ളൂ കൂലി. എല്ലാം പഴഞ്ചൻ ആണ്. ടിക്കറ്റ് മെഷീൻ കേടായാൽ കൊടുക്കുന്ന റാക് ടിക്കറ്റ് കണ്ടിട്ടുണ്ടോ? പൊടിഞ്ഞ് ദ്രവിച്ച് തീരാറായ കുറെ ടിക്കറ്റുകൾ.

പറഞ്ഞാലും തീരാത്ത ഒരു പാട് കാര്യങ്ങള് ഉണ്ട്. ശമ്പള പരഷ്ക്കരണത്തിന് വേണ്ടി സമരം ചെയ്യനിരുന്നവർ ഇപ്പൊ ശമ്പളം, അതായത് ചെയ്ത ജോലിക്ക് കൂലി കിട്ടാനും സമരം ചെയ്യേണ്ട അവസ്ഥ ആണ്. സർക്കാർ ഒട്ടനവധി സഹായങ്ങൾ ചെയ്യുന്നുണ്ട് എങ്കിലും മാനേജ്മെന്റ് പിടിപ്പുകേട് കൊണ്ട് പിന്നെയും അടച്ചു പൂട്ടുക എന്ന ആശയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Ksrtc നിലനിന്നു കാണണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. രാവിലെ ഡ്യൂട്ടിക്ക് പോകുന്ന പ്രൈവറ്റ് ബസ് ജീവനക്കാർ മുതൽ ട്രെയിനിന് കണക്ട് ചെയ്യുന്നത്, ഉൾനാടൻ പ്രദേശങ്ങളിലേക്ക്, രാത്രി എന്നോ പകൽ എന്നോ ഭേദമില്ലാതെ ഞങ്ങൾ ഓടി വരുന്നത് നിങ്ങളിലേക്ക്..നിങ്ങൾക്ക് വേണ്ടി..

ഒരിത്തിരി സമയം കാത്തു നിൽക്കുമ്പോൾ കടന്നു വരുന്ന ഒരു ksrtc ബസ് നമ്മളെ എത്രയോ ആശ്വസിപ്പിക്കുന്നുണ്ട്. ഇതിൽ നിന്ന് പോയാലും ksrtc നിലനിന്നു കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. എൻ്റെ മോനും ksrtc യിൽ യാത്ര ചെയ്യാൻ ആണ് കൂടുതൽ ഇഷ്ടം. നമുക്ക് ചേർത്ത് പിടിക്കണ്ടെ..തകരാതെ ഇരിക്കാൻ..അടച്ചു പൂട്ടാതെ ഇരിക്കാൻ…

NB: ജീവനക്കാരെ അധിക്ഷേപിക്കാൻ മാത്രം വരുന്നവർക്ക് മറുപടി ഇല്ല. ആശയ പരമായ സംവാദത്തിന് എപ്പോഴും തയ്യാറാണ്. അവിടെ നിർത്തിയില്ല, ഇവിടെ നിർത്തിയില്ല തുടങ്ങിയ കമന്റുകൾ ഒഴിവാക്കാൻ സൗഹൃദങ്ങൾ ശ്രദ്ധിക്കുമല്ലോ.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.