എഴുത്ത് – ജോമോൻ വാലുപുരയിടത്തിൽ.
കെട്ടുവാണെ ഒരു നേഴ്സ് പെണ്ണിനെ അങ്ങ് കെട്ടണം. അതും പ്രണയിച്ച് അല്ലെങ്കില്‍ കെട്ടിയിട്ടങ്ങ് പ്രണയിക്കണം. ഡ്യൂട്ടി കഴിഞ്ഞ് വരുംമ്പോള്‍ നമ്മളെത്ര തിരക്കാണെങ്കിലും അവളുടെ പരാതിം പരിഭവോം കേള്‍ക്കണം. ശ്രദ്ധിച്ചില്ല എങ്കിലും കേള്‍ക്കുന്നു എന്നഭിനയിച്ച് മൂളി എങ്കിലും.
പലപ്പോഴും ഉറങ്ങാന്‍ കിടക്കുംമ്പോള്‍ നെഞ്ചില്‍ തല വെച്ച് നമ്മുടെ ചെവിയിലായിരിക്കും പരാതികളേറേ. അവളുടെ കുറുങ്ങലില്‍ എല്ലാം മൂളി കേള്‍ക്കുന്നതിനൊപ്പം സാരമില്ലഡി പോട്ടെ നീ ഉറങ്ങ് എന്ന ആശ്വാസ വാക്കു പറഞ്ഞ് നെറ്റിയിലൊരു ചെറു ചുമ്പനം കൊടുത്ത് മാറോടണച്ച് കെട്ടി പിടിച്ച് ഉറക്കണം.
അതിരാവിലെ ഫസ്റ്റ് ഷിഫ്റ്റ് ആണേല്‍ അലാറം അടിച്ച് അവള്‍ ചാടി എഴുന്നേറ്റ് അടുക്കളയിലേക്ക് പായുംമ്പോള്‍ പയ്യെ കണ്ണ് തുറന്ന് എഡിയേ ഒരു കട്ടനിട് ഞാനെത്തി എന്ന് പറയണം. ഒരു പക്ഷെ നമ്മളുറങ്ങുവാണേല്‍ അവള്‍ വിളിക്കില്ല ശല്യം ചെയ്യണ്ട ഉറങ്ങിക്കോട്ടെ എന്നാവും അവളുടെ മനസില്‍. അങ്ങനെ ആണ് മിക്ക ഭാര്യമാരും.
ഇനി കട്ടന്‍ ചായ റെഡി ആയി ബെഡ് റൂമില്‍ ബെഡ്ഡിന്‍റെ തലക്ക് കൊണ്ട് വച്ച് കാപ്പി കുടി എന്ന് പറഞ്ഞ് വിളിക്കുമ്പോള്‍ കെെക്ക് പിടിച്ച് വലിച്ച് കെട്ടി പിടിച്ചൊരുമ്മ കൊടുക്കണം. അപ്പോളൊരു മറുപടി വരും പോയി പല്ലു തേക്കടാ കള്ള കെട്യോനേന്ന്.
അപ്പോളവളോട് അത്യാവശം കൊച്ചു വര്‍ത്തമാനവും തമാശയും പറഞ്ഞ് കൂടെ കൂടണം. ജോലിക്ക് പോകാന്‍ ഇറങ്ങാന്‍ സമയമായി അവള്‍ റെഡി ആവണ സമയം ടിഫിന്‍ ബോക്സ് പായ്ക് ചെയ്തും, ബാഗ് റെഡി ആക്കിയും, യൂണീഫോം തേച്ച് കൊടുത്തും അങ്ങ് കൂടെ കൂടണം. അത്യാവിശം കാലത്തെ കാപ്പിയും വാരി കൊടുക്കാം അതവൾക്കേറെ ഇരട്ടി സന്തോഷം ആവും.
സമയമായി വേഗം പോകാം എന്ന് പറഞ്ഞ് യാത്ര പുറപ്പെടുമ്പോള്‍, ബെെക്കിന്‍റെ ആക്സിലരേറ്ററില്‍ കെെ അമര്‍ത്തി സ്പീട് കൂടുമ്പോള്‍, അവളുടെ കെെകള്‍ നമ്മളെ ഇറുക്കി പിടിക്കൂന്നുണ്ടാവും. അപ്പോളോരാശ്വാസ വാക്കായി മുറുക്കെ പിടിയടി പൊട്ടികാളി എന്ന് പറയണം.
ഇടക്കൊന്ന് വിളിച്ചന്വേഷിക്കണം എവിടെ എത്തി എന്ന്. അപ്പോള്‍ നെടുവീര്‍പ്പിട്ട് പറയും ഭാഗ്യം വേഗം എത്തിയത് കൊണ്ട് എട്ടരയുടെ മെട്രൊ കിട്ടിയന്ന്. ഓഫിസെത്തി വാട്സാപ്പ് തുറന്ന് നോക്കുംമ്പോള്‍ എത്തി എന്ന മറുപടിക്കൊപ്പം ഒരു സെല്‍ഫിയും ഉണ്ടാവും തീര്‍ച്ച. പിന്നെ വെെകും നേരം ഡ്യൂട്ടി കഴിയണ വരെ നമ്മുടെ മെസേജുകള്‍ക്ക് മറുപടി കുറവായിരിക്കും. തിരക്കൊഴിഞ്ഞുള്ളപ്പോള്‍ മറുപടി ഇങ്ങനാവും സോറി ഇപ്പോഴാ കണ്ടതെന്ന്. ആ പോട്ടെ സാരമില്ലാ നി വേഗം വാ എന്നു റിപ്ലെ കൊടുക്കുംമ്പോള്‍ ഒരു കിടു സമെെലി മറുപടി ആയി എത്തിയിട്ടുണ്ടാവും.
വീട്ടില്‍ എത്തി അടുക്കളയില്‍ അവളോട് കിന്നെരിക്കാന്‍ ചെല്ലുംമ്പോള്‍ വിയര്‍പ്പ് നാറീട്ട് വയ്യ പോയി കുളിച്ചിട്ട് വാ മനുഷ്യാ എന്നും പറഞ്ഞ് കയര്‍ത്തുകൊണ്ട് അന്നുണ്ടായ ദേഷ്യങ്ങള്‍ മുഴുവനടുക്കള പാത്രങ്ങളോട് തീര്‍ക്കുന്നുണ്ടൊവും പാവം. എങ്ങനും നമുക്കൊരു പനി പിടിച്ച് തളന്നുറങ്ങിയാലോ, തലമുടിയില്‍ തഴുകി ചുക്കു കാപ്പീം വിക്സുമായ് അരികിലുണ്ടാവും. രണ്ട് ഗുളികയോ മരുന്നോ ചോദിച്ചാല്‍ ആവശ്യം ഇല്ലാണ്ടെ മെഡിസിനെടുക്കണ്ട രണ്ട് ദിവസം കഴിയട്ടെ എന്ന് പറയും.
എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് പനി മാറിയില്ലേല്‍ കുണ്ടിക്കൊരിഞ്ചേഷനൊ അത്യാവിശം നമ്മള്‍ താഴേ പോയാല്‍ കെയ്യിലൊരു ക്യാനുലേയും ഗ്ലൂകോസ് ട്രിപ്പും അടിക്കാം.
ഇനിയെങ്ങാനും അവള്‍ക്ക് മാസത്തിലൊരാഴ്ച മാത്രം നീണ്ടു നിക്കുന്ന വയറു വേദന എന്ന വില്ലന്‍ വന്നാലൊ, സാരമില്ല നീ കിടന്നൊ എന്ന് പറഞ്ഞ് റെസ്റ്റ് എടുത്തോ എന്ന് പറയണം. ആദ്യ രണ്ടു മൂന്ന് ദിവസം നമ്മളടുക്കളയില്‍ കഴിവ് തെളിയിക്കണം. അടുക്കള ആകെ അലങ്കോലം ആയാലും നമ്മള്‍ വാരി കൊടുക്കുന്ന ഭക്ഷണത്തിനേറെ രുചി എന്നവള്‍ പറയും. നിങ്ങളിനി അടുക്കളയില്‍ കയറിയാല്‍ മതി എന്ന മോഹന വാഗ്ദാനത്തില്‍ ആരും വീണു പോകരുത്.
രാത്രിയില്‍ വയറു വേദന എടുത്ത് വില്ല് പോലെ പുളയുമ്പോള്‍ വയറ്റത്തല്‍പം ചൂട് വച്ച് കൊടുത്തും വയറൊന്ന് തടവി കൊടുത്തും ഇറുക്കി കെട്ടി പിടിച്ച് നെഞ്ചിലെ ചൂട് കൊടുത്തങ്ങുറക്കണം. എങ്ങാനും ജോലിക്ക് പോകാന്‍ തീരെ വയ്യാ എന്ന് തോന്നിയാല്‍ ലീവെടുത്ത് റെസ്റ്റ് ചെയ്യാന്‍ പറയുംമ്പോള്‍, ഹെഡ് നേഴ്സ് വഴക്കു പറയും പോയേ പറ്റു എന്ന് മൊഴിഞ്ഞാല്‍ ഓളോട് പോയി പണി നോക്കാന്‍ എന്ന് പറഞ് കെട്ടി പിടിച്ച് തോളില്‍ രണ്ട് തട്ട് കൊടുത്ത് റെസ്റ്റെടുക്കാന്‍ പറയണം.
ഇനി നെെറ്റ് ഡ്യൂട്ടി ആണേല്‍ എത്ര പാതിരാത്രി ആയി ഉറങ്ങി പോയാലും ഓള് വിളിക്കുമ്പോള്‍ ഫോണെടുത്ത് സംസാരിച്ചിരുന്ന് “രാവിലെ നേരത്തെ 7മണിക്ക് വിളിക്കണം. അലാറം വച്ചില്ല ഞാനുറങ്ങി പോകും” എന്ന് പറഞ്ഞ് ഫോണിലൂടൊരു ചക്കര ഉമ്മയങ്ങ് പാസാക്കണം. തീര്‍ച്ചയായും രാത്രി ഒരു പോള കണ്ണുറങ്ങാതേ പേഷ്യന്‍റിനെ നോക്കുന്നവള്‍ കാലത്ത് ഒരു ഉറക്ക ചടവും കൂടാതെ ആറ് മണിക്ക് വിളിച്ചുണര്‍ത്തി ഏഴ് മണി ആയി എണിക്കു എന്ന് പറയും.
വേണേല്‍ ക്ഷീണം തീര്‍ക്കാന്‍ അല്പം കൂടീ കിടക്കാം എന്ന് കരുതുംമ്പോള്‍ വാട്സാപ്പില്‍ ഒരു സെല്‍ഫി ഫോട്ടോയോടൊപ്പം ഗുഡ്മോര്‍ണിങ്ങ് വിഷസ് എത്തിയിട്ടുണ്ടാവും. അപ്പോള്‍ തന്നെ ചാടി എണീറ്റൊരു റിപ്ലെ കൊടുത്ത്, ഒരു കട്ടനിട്ട് കുടിച്ച്, രണ്ട് മുട്ടയും രണ്ടേത്തക്കയും പുഴുങ്ങി, പാലും കാച്ചി വച്ച്, ഓള് തലേന്ന് അരച്ച് വച്ച മാവ് ദോശക്കൊ ഇഡലിക്കോ സെറ്റാക്കി, കറിക്കും ചമ്മന്തിക്കും ഉള്ളത് റെഡി ആക്കി, ഓള് വരമ്പോഴെക്കും കുളിച്ച് ഡ്രസ് ധരിച്ച് റെഡി ആവണം.
വന്ന് കതകില്‍ മുട്ടി ഡോറ് തുറന്ന് അകത്ത് കേറുംമ്പോള്‍ ആദ്യ പരിശോധന അടുക്കള ആവും. ഒപ്പം എല്ലാം വലിച്ച് വാരി അല്ലെ മനുഷ്യാ എന്ന ചോദ്യവും. പിന്നീട് ആഹാ കാപ്പി ഒക്കെ റെഡി ആക്കിയല്ലൊ എന്ന് പറഞ്ഞ് ഓടി വന്നു കെട്ടി പിടിച്ചൊരുമ്മ തരുമുറപ്പ്.
വേഗം സമയം കളയാതെ കുളിച് ഫ്രഷ് ആയി കഴിച്ചിട്ടുറങ്ങ് പെണ്ണെ എന്ന് പറഞ്ഞ് ഓഫീസിലേക്ക് പുറപ്പെടുമ്പോള്‍ ഉച്ചക്ക് വല്ലോം കഴിക്കണം എന്ന് പറഞ്ഞാലും, വെെകിട്ട് നാല് മണിക്ക് വിളിക്കുമ്പോഴാവും എഴുന്നേല്‍ക്കുന്നതും കഴിക്കുന്നതും. അതെ എന്‍റെ ഭാര്യ ഒരു നേഴ്സ് ആണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു…