കേരളത്തിൽ ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് തൃശ്ശൂരിലെ പാലിയേക്കര ടോൾ ബൂത്ത് ആണെങ്കിലും യാത്രക്കാരോടുള്ള മോശം പെരുമാറ്റത്തിൽ കുമ്പളം ടോൾ ബൂത്തും ഒട്ടും മോശമല്ല. പലതവണ ഇക്കാര്യം എനിക്ക് നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം (28-09-2019) എനിക്ക് കുമ്പളം ടോൾ പ്ലാസയിൽ നിന്നും നേരിടേണ്ടി വന്നത് വളരെ മോശം അനുഭവം തന്നെയായിരുന്നു. ആ സംഭവമാണ് ഇനി പറയുവാൻ പോകുന്നത്.
ആലപ്പുഴ ജില്ലയിലെ തുറവൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു ഞാനും ഭാര്യ ശ്വേതയും. ഏതാണ്ട് സമയം രാവിലെ 11.30 ആയിക്കാണും ഞങ്ങൾ കുമ്പളത്തെ ടോൾബൂത്തിൽ എത്തിയപ്പോൾ. ഒട്ടുമിക്ക ടോൾ ബൂത്തുകളിലും ഫാസ്റ്റാഗ് സൗകര്യമുള്ളവർക്കായി പ്രത്യേകം ലെയ്ൻ ഉണ്ടെങ്കിലും കുമ്പളം പോലുള്ള തിരക്കേറിയ ടോൾ ബൂത്തിൽ അതില്ല. എല്ലാ ലെയ്‌നിലും ഫാസ്റ്റാഗ് സൗകര്യമുണ്ടെങ്കിലും ക്യൂവിൽ കിടന്നു വേണം ടോൾ അടച്ച് അപ്പുറം എത്തുവാൻ.
അങ്ങനെ ഞങ്ങളും ലൈനിൽ വരിയായി കിടന്നു അവസാനം ബൂത്തിൽ എത്തിച്ചേർന്നു. സാധാരണ ഫാസ്റ്റാഗ് ഉള്ളവർക്ക് അതിൻ്റെ സ്റ്റിക്കർ റീഡ് ആയി ടോൾ ഓൺലൈനായി അടച്ച് കടന്നു പോകാവുന്നതാണ്. പക്ഷെ ഞങ്ങൾ ചെന്നപ്പോൾ ഫാസ്റ്റാഗ് പ്രവർത്തിക്കുന്നില്ല. ഫാസ്റ്റാഗ് പ്രവർത്തിച്ചില്ലെങ്കിൽ ടോൾബൂത്ത് ജീവനക്കാർ അതിനുള്ള റീഡർ ഉപകരണവുമായി വാഹനത്തിനടുത്തു വന്നു റീഡ് ചെയ്ത് വിടേണ്ടതാണ്. പക്ഷെ ഇവിടെ അതുണ്ടായില്ല.
ടോൾ ബൂത്ത് ജീവനക്കാരൻ ഞങ്ങളോട് പണം കൊടുത്ത് ടോൾ അടക്കുവാൻ നിർദ്ദേശിക്കുകയുണ്ടായി. എന്നാൽ ഞങ്ങൾ അത് നിരസിച്ചു. “പണം കൊടുത്തുകൊണ്ട് പോകാൻ ആണെങ്കിൽ പിന്നെ പൈസ മുടക്കി ഫാസ്റ്റാഗ് എന്തിനാണ് വെച്ചിരിക്കുന്നത്? NHAI വരെ എന്തിനാണ് ഫാസ്റ്റാഗ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത്?” ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകുവാൻ ടോൾബൂത്ത് ജീവനക്കാർക്ക് കഴിഞ്ഞില്ല. എൻ്റെ ചോദ്യങ്ങളെ അവർ ധിക്കാരപൂർവ്വമുള്ള വാക്കുകൾ കൊണ്ടാണ് തടുക്കുവാൻ ശ്രമിച്ചത്. തെരുവ് ഗുണ്ടകളെക്കാൾ മോശമായ രീതിയിലായിരുന്നു അവരുടെ പെരുമാറ്റം.
പലതവണ ഇവരുടെ ധിക്കാരപൂർവ്വമുള്ള പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അന്നൊക്കെ എല്ലാം സഹിച്ചും ക്ഷമിച്ചും പോകുകയായിരുന്നു. എന്നാൽ ഇത്തവണ ഞങ്ങളും ഒട്ടും വിട്ടുകൊടുക്കുവാൻ തയ്യാറായില്ല. ഒന്നുകിൽ ഫാസ്റ്റാഗ് വഴി പണം ഈടാക്കി ഞങ്ങളെ കടത്തി വിടണം, അല്ലെങ്കിൽ ബാരിയർ തുറന്നു വിടണം. ഇതിലേതെങ്കിലും ഒന്നിനു മാത്രമേ ഞങ്ങൾ തയ്യാറായുള്ളൂ. അല്ലെങ്കിൽ പോലീസിനെ വിളിക്കുവാൻ പറഞ്ഞു.
ഈ സമയം ഞങ്ങളുടെ ലെയ്‌നിൽ വാഹനങ്ങളുടെ നിര നന്നായി നീണ്ടു തുടങ്ങിയിരുന്നു. പിന്നിലെ വാഹനങ്ങളിൽ നിന്നും ആളുകൾ കാര്യമറിയുവാൻ ടോൾ ബൂത്തിന് സമീപത്തേക്ക് എത്തിത്തുടങ്ങി. കാര്യമറിഞ്ഞപ്പോൾ ന്യായം ഞങ്ങളുടെ ഭാഗത്താണെന്നു മനസ്സിലാക്കി മറ്റു യാത്രക്കാരെല്ലാം ടോൾബൂത്ത് ജീവനക്കാർക്കെതിരെ തിരിഞ്ഞു. ഈ സമയമത്രയും ടോൾബൂത്ത് ജീവനക്കാരൻ (വാടക ഗുണ്ട എന്നു വിളിക്കുന്നതായിരിക്കും കുറച്ചു കൂടി നല്ലത്) എല്ലാവരോടും കയർത്തു തന്നെയായിരുന്നു സംസാരിച്ചിരുന്നത്.
ആളുകൾ കൂടിയതോടെ എൻ്റെ ഫാസ്റ്റാഗ് വാലറ്റിൽ (Paytm) വേണ്ടത്ര ബാലൻസ് ഇല്ലാത്തതിനാലാണ് ടാഗ് റീഡ് ചെയ്യാത്തതെന്നായി ടോൾബൂത്തുകാർ. എന്നാൽ എൻ്റെ വാലറ്റിൽ 500 രൂപ ബാലൻസ് ഉണ്ടായിരുന്നു. അത് ഞാൻ തെളിവ് സഹിതം എല്ലാവരെയും കാണിക്കുകയും ചെയ്തു. ഇതോടെ അത്രയും നേരം ‘ഷോ ഓഫ്’ കാണിച്ചിരുന്ന ടോൾബൂത്ത് ജീവനക്കാർ ആകെ പരുങ്ങലിലായി. മറ്റു യാത്രക്കാരെല്ലാം എനിക്ക് സപ്പോർട്ടുമായി വരിക കൂടി ചെയ്തതോടെ അവർ ടോൾ ബൂത്ത് തുറന്നു വിടുവാൻ നിർബന്ധിതരായി. ഒപ്പം ഞങ്ങളുടെ വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്ന ഭീഷണിയും. അതൊന്നും വകവെയ്ക്കാതെ ഞങ്ങൾ അവിടെ നിന്നും എറണാകുളത്തേക്ക് യാത്ര തുടർന്നു.
പാലം നിർമ്മാണം കാരണം പൊട്ടി പൊളിഞ്ഞു കിടക്കുന്ന കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം ജംഗ്‌ഷനുകളിലൂടെ കടന്നു പോകുന്ന റോഡിന് നാഷണൽ ഹൈവേ ടോൾ പിരിക്കുന്ന അരൂർ കുമ്പളം ടോൾ പ്ലാസയിൽ ഇപ്പോൾ എനിക്കുണ്ടായ അനുഭവം ആണിത്. ഫാസ്റ്റാഗിൽ പൈസ ഉണ്ടായിട്ടും പല സമയത്തും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഇവിടെയും പാലിയേക്കരയിലും ഉണ്ടായിട്ടുണ്ട്. ഫാസ്റ്റാഗ് ഉള്ളവർക്കുള്ള ഡെഡിക്കേറ്റഡ് ലെയിൻ പോലും അരൂരിൽ ഇല്ല. വണ്ടികളുടെ നിര നീണ്ടാലും ടോൾ പ്ലാസ അധികൃതർക്ക് യാതൊരു കുഴപ്പവുമില്ല. കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡിലൂടെ ടോൾ കൊടുത്ത് യാത്ര ചെയ്യുന്ന നമ്മൾ പൊതുജനങ്ങളാണ് മണ്ടന്മാർ.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ദിനംപ്രതി ധാരാളമാളുകൾ ടോൾബൂത്ത് ഗുണ്ടകളുടെ ഇത്തരത്തിലുള്ള, അല്ലെങ്കിൽ ഇതിലും മോശപ്പെട്ട രീതിയിലുള്ള പെരുമാറ്റങ്ങൾക്ക് ഇരയാകാറുണ്ട്. പൊലീസോ വേണ്ടപ്പെട്ട അധികാരികളോ ഒന്നും ഇതൊന്നും ശ്രദ്ധിക്കുന്നു പോലുമില്ല. അനുഭവിക്കുന്നതോ പാവം യാത്രക്കാരും. എന്തു ചെയ്യാൻ? ആരോട് പറയാൻ? ഈ ചോദ്യം മാത്രം നെടുവീർപ്പോടെ സ്വയം ചോദിക്കാം.