അനുഭവക്കുറിപ്പ് – അജിത്ത്.

11/03/2020 നു ഞാൻ നേരിട്ട ഒരു അനുഭവവും അതോടൊപ്പം എനിക്ക് ഉണ്ടായ ആശങ്കയും ആണ് ഞാൻ ഇവിടെ നിങ്ങളോട് പങ്കു വക്കുന്നത്. ഒരു സ്ഥിരം ആനവണ്ടി യാത്രക്കാരനാണ് ഞാൻ. ജോലി സംബന്ധമായി ഒരുപാട് യാത്ര ചെയ്യേണ്ടി വരുമ്പോഴും പരമാവധി ആനവണ്ടി പിടിക്കാൻ ഞാൻ ശ്രമിക്കും.

പാലക്കാട്‌ നിന്ന് പട്ടാമ്പിയിലേക്കുള്ള കെഎസ്ആർടിസി യാത്രയിൽ വാണിയംകുളം കഴിഞ്ഞു കുറച്ചു മുന്നോട്ട് വന്നതും ബസ്സിന്റെ മുൻവശത്തു നിന്ന് അതായത് ഡ്രൈവർ സീറ്റിനു പിറകിൽ നിന്നായി വലിയ രീതിയിൽ വെളുത്ത പൊടിയോടു കൂടിയ പുക ഒരു സ്ഫോടനം നടന്ന പോലെ പടർന്നു പൊങ്ങി. സാമാന്യം വേഗത്തിൽ ഇറക്കം ഇറങ്ങി ഓടികൊണ്ടിരിക്കുന്ന ബസ്സിന്റെ പുറകു വശം വരെ ആ പുക വളരെ വേഗം ചിതറി എത്തി..

മൊത്തത്തിൽ ഒരു പക്ഷെ ഭയന്നിട്ടോ അല്ലെങ്കിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവാഞ്ഞിട്ടോ ആയിരിക്കാം ഡ്രൈവർ ചേട്ടൻ വണ്ടി നടുറോഡിൽ നിർത്തി. പുള്ളി ഒരു 50 വയസ്സിനു അടുത്ത് പ്രായം ഉള്ള ആളാണ്. അത് കൊണ്ട് തന്നെ എക്സ്പീരിയൻസ് വച്ചു വാഹനം നിയന്ത്രിച്ചു നിർത്താൻ പുള്ളിക്കാരന് അറിയാം. കണ്ടക്ടർ ആവട്ടെ ഒരു ലേഡി ആണ്. അവർക്കു ബാക്കി കൊടുക്കാൻ ചില്ലറ ഇല്ലാതെ വിയർത്തു നിന്നപ്പോ ഇതേ ഡ്രൈവർ ചേട്ടൻ തന്നാണ് എവിടെ നിന്നോ ചില്ലറ തപ്പി കൊണ്ട് വന്നു കൊടുത്തത് പാലക്കാട്‌ നിന്ന് പുറപ്പെടുന്നതിന് മുൻപ്.

റോഡിലെ മറു വശത്തു നിന്ന ചില ലോറി ഡ്രൈവർ ചേട്ടന്മാരും കൂടി വന്നു പറയുന്നത് ബ്രേക്ക്‌ ജാം ആയതാണ് ഓടില്ല എന്നൊക്കെ ആണ്. പക്ഷെ നമ്മടെ ഡ്രൈവർ പാവം ഇതെവിടുന്നാ ഈ വെളുത്ത സാധനം വന്നത് എന്ന് തിരഞ്ഞു ടെൻഷൻ അടിക്കുന്നു. ഇതിനിടെ മറ്റൊരു യാത്രക്കാരൻ ചേട്ടൻ കാര്യം കണ്ടു പിടിച്ചു. സംഗതി ബസിൽ ഉണ്ടായിരുന്ന ഫയർ extinguisher അബദ്ധത്തിൽ തുറന്നു പോയതാണ്. ഡ്രൈവർ സീറ്റിനു പിറകിൽ ഇരുന്ന ചെറുപ്പക്കാരൻ അറിഞ്ഞോ അറിയാതെയോ അതിന്റെ പമ്പിൽ കാല് വച്ചു അത് ഫോം പുറത്തു വിട്ടു.

ഓടികൊണ്ടിരുന്ന വണ്ടി ആയതു കൊണ്ട് വളരെ വേഗം പുക പടർന്നു പോയി. മിക്ക യാത്രക്കാരുടെയും കണ്ണ് എരിഞ്ഞു പോയെന്ന് പറയുന്നതും കേട്ടു. ഇത്തിരി വെള്ളം കൊണ്ട് കഴുകിയാൽ മാറും അപകടം ഇല്ല. പക്ഷെ ഇവിടെ സംഭവിച്ചത് അല്ലെങ്കിൽ ഞാൻ ചിന്തിച്ചത് ചില കാര്യങ്ങൾ ആണ്.

1. ഇത്ര വലിയ വാഹനത്തിൽ ‘fire fighting equipment’ ഇരിക്കുന്നത് യാത്രക്കാരൻ ഇരിക്കുന്ന സീറ്റ്‌ഇന് നേരെ മുൻവശം കാലുഉയർത്തിയാൽ തട്ടുന്ന അത്ര അടുത്താണ്- എന്തു കൊണ്ട്?

2. സാധാരണ ഇത്തരം ഫയർ extinguishers ഒരു pin ലോക്ക് സിസ്റ്റം വച്ചാണ് ലോക്ക് ചെയ്യാറ്. അതായത് ആ pin വലിചൂരിയാൽ മാത്രമേ പമ്പ് അമർത്തി ഫോം അടിക്കാൻ സാധിക്കൂ – ആ pin എവിടെ?

3. ബസ്സിൽ ജോലി ചെയുന്ന രണ്ടു ജീവനക്കാർക്കും ഇതിനെ പറ്റി വലിയ അറിവ് ഇല്ല.. അതായത് ഒരു അപകട സമയത്ത് ഈ സാധനം എങ്ങനെ പ്രവർത്തിപ്പിക്കണം എന്നോ എങ്ങനെ പ്രവർത്തിക്കുമെന്നോ ഉള്ളതിനെ പറ്റി ധാരണ ഇല്ല. എന്തു കൊണ്ട്?

3. വാഹനത്തിന്റെ സ്ഥിരം maintenance പോലെ തന്നെ ഇത്തരം സാധനങ്ങളുടെ അവസ്ഥ കൂടി വിലയിരുത്തണം. നമ്മുടെ കെഎസ്ആർടിസിയിൽ അത് നടത്തുന്നില്ല, എന്തു കൊണ്ട്?

ചിലപ്പോൾ ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയിരിക്കും. എങ്കിലും ഒരു പക്ഷെ ഇതൊരു അപകടത്തിൽ ആണ് കലാശിച്ചതു എങ്കിൽ അടുത്തു നമ്മൾ സാക്ഷ്യം വഹിച്ച വലിയ ദുരന്തം പോലെ ഒരു അന്വേഷണം പ്രഖ്യാപിച്ചു ഒരു ആദരാഞ്ജലി അർപ്പിച്ചു മറന്നു കളയും. പക്ഷെ ഓരോ ജീവനും വിലപ്പെട്ടതാണ്.

ഇവിടെ മതിയായ പരിശോധനകൾ നടത്തി ഫിറ്റ്നസ് ചട്ടങ്ങൾ ഉറപ്പു വരുത്താത്ത ഓഫീസർമാരെയോ രാവും പകലും കഷ്ടപെടുന്ന ബസ് ജീവനക്കാരെയോ ഞാൻ കുറ്റപ്പെടുത്തുന്നില്ല. അധികാരപ്പെട്ട ആളുകൾ വേണ്ട രീതിയിൽ ഇടപെടണം. അവശ്യമായ ബോധവൽക്കരണം അല്ലെങ്കിൽ അവബോധം കൊണ്ടു വരണം. ഒരു ശ്രദ്ധക്കുറവ് കൊണ്ട് അപകടം സംഭവിച്ചാൽ നഷ്ടപ്പെട്ട ജീവൻ ഒന്നാണെങ്കിലും 20 ആണെങ്കിലും നഷ്ടം നഷ്ടം തന്നെയാണ്. തകർന്നു പോവുന്നത് ഈ പ്രസ്ഥാനം തന്നെ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.