വയനാട് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ മുതുമല വനമേഖലയിൽ കാട്ടുതീ പടർന്നു. ബന്ദിപൂർ വനത്തിലെ ഗോപാൽസാമി ബേട്ട ഭാഗത്താണ് ആദ്യം തീ കണ്ടത്. പിന്നീട് വാച്ചിനഹള്ളി ഭാഗത്തേക്കും മേൽക്കമ്മനഹള്ളി ഭാഗത്തേക്കും തീ പടർന്നു. ബന്ദിപ്പൂര്‍ വനമേഖലയിലുള്ള ലൊക്കെരെയിലെയും കെബ്ബാപുരയിലെയും നാല് ചെറുകുന്നുകൾ കാട്ടുതീയില്‍ കത്തിനശിച്ചു.
ജീവജാലങ്ങളും വന്‍ മരങ്ങളുമടക്കം നൂറുകണക്കിന് ഏക്കര്‍ വനം അഗ്നിക്കിരയായി. കറുത്ത പുക ഉയര്‍ന്നതോടെ മണിക്കൂറുകളോളം ബന്ദിപ്പൂര്‍ – വയനാട്, ബന്ദിപ്പൂർ – മുതുമല – ഊട്ടി എന്നീ റൂട്ടിലുള്ള ഗതാഗതവും തടസ്സപ്പെട്ടു. കാട്ടുതീയെത്തുടര്‍ന്ന് മാനുകളടക്കമുള്ള മൃഗങ്ങൾ ഓടിപ്പോയതായും ഇഴജന്തുക്കള്‍ രക്ഷപ്പെടാൻ കഴിയാതെ ചത്തൊടുങ്ങിയതായും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു. തീ ഉള്‍വനത്തിലേക്ക് കടന്നത് മൃഗങ്ങളുടെ ആവസവ്യവസ്ഥയെ ബാധിച്ചേക്കും.
തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് മൈസൂര്‍-ഊട്ടി ദേശീയപാതയില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തതിനാല്‍ മേല്‍ക്കമ്മനഹള്ളി ചെക്ക് പോസ്റ്റ് പലവട്ടം അടയ്‌ക്കേണ്ട സാഹചര്യവുമുണ്ടായി.
തീ നിയന്ത്രിക്കാന്‍ രണ്ട് ദിവസം എടുക്കുമെന്നും വനത്തിന് പുറത്തേക്ക് തീ പടരുന്നത് തടയാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് വനംവകുപ്പ്-അഗ്നി ശമന സേനാ ഉദ്യോഗസ്ഥരും ആദിവാസികളടക്കമുള്ള പ്രദേശവാസികളും തീ അണക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്. അഗ്നി ശമന സേനാ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍ക്കാട്ടിലേക്കും ടൈഗര്‍ റിസര്‍വ്വിന്റെ കോര്‍മേഖലയിലേക്കും എത്തിപ്പെടാന്‍ സാധിക്കാത്തത് തീ അണക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമായി.
ഇതിനു മുൻപും ഇത്തരത്തിൽ ഈ ഭാഗങ്ങളിൽ കാട്ടുതീ ഉണ്ടായിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ ഒരേസമയം പലയിടങ്ങളിൽ തീയുണ്ടായതിനു പിന്നിൽ മനുഷ്യരുടെ ഇടപെടലുണ്ടായിട്ടുണ്ട്. കാടിന് തീയിടുന്നവരെ കണ്ടെത്താനായി ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്.
ഇരു സംസ്ഥാനത്തും (തമിഴ്‌നാട്, കർണാടക) ഹെക്ടർ കണക്കിന് വനം നശിച്ചു എന്നാണ് കരുതുന്നത് ഇതോടെ വയനാട് വന്യജീവി സങ്കേതവും ജാഗ്രതയിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനപാലകർ നൽകുന്ന വിവരം. എങ്കിലും ഇതുവഴിയുള്ള യാത്രകൾ കുറച്ചു ദിവസത്തേക്ക് മാറ്റി വെക്കുന്നതായിരിക്കും നല്ലത് എന്നോർമ്മപ്പെടുത്തുകയാണ്.
കേരള അതിര്‍ത്തി പ്രദേശങ്ങളിൽ വനംവകുപ്പ് കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കാട്ടുതീ പടരുന്നതായി വിവരം ലഭിച്ചാൽ ഉടൻ തന്നെ അറിയിക്കണമെന്നും വനം വകുപ്പ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഉള്‍ക്കാട്ടിൽ കാട്ടുതീ പടരാനുള്ള സാധ്യതയെ മുന്നിൽ കണ്ട് വാച്ചര്‍മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.വയനാട് വന്യ ജീവി സങ്കേതത്തേയ്ക്ക് തീ പടരുമോയെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയെന്ന് ഇരു സര്‍ക്കാരുകളും കേരളത്തെ അറിയിച്ചത്.
നമ്മുടെ ഒരു ചെറിയ അശ്രദ്ധ. അത് വഴി ഇല്ലാതായിക്കൊണ്ടിരിക്കുന്നതു ഒരു വലിയ ആവാസവ വ്യവസ്ഥയും. ബന്ദിപ്പൂർ കാടുകൾ നിന്ന് കത്തുകയാണ്.. ഇന്നിപ്പോൾ എല്ലാ വേനൽ കാലത്തും ഇതിപ്പോൾ ഒരു സ്ഥിരം പതിവാണ്. ജൂണായാൽ മഴ വരും, ഡിസംബറിൽ തൗപ്പവും അതുപോലെ ഒരു പതിവുപോലെ ആയി മാർച്ചിലേക്കെത്തുമ്പോൾ കാട്ടുതീ പിടിക്കുക എന്നുള്ളത്. പക്ഷെ പല കാട്ടുതീയുടെയും ഉറവിടം അന്വേഷിച്ചു പോയാൽ അതിൽ ബഹുഭൂരിപക്ഷവും മനുഷ്യന്റെ അശ്രദ്ധയാൽ ഉണ്ടായത് തന്നെ ആണ്. യാത്ര പോകുന്ന വഴി സിഗരറ്റോ ബീഡിയോ വലിച്ചു കഴിഞ്ഞു വഴിയോരങ്ങളിലേക്കു വലിച്ചെറിയുന്ന ബാക്കി കുറ്റിയിൽ തീപ്പൊരി ഉണ്ടോ എന്ന് നോക്കുന്നവർ എത്ര പേരുണ്ടാകും? ഉണങ്ങിക്കരിഞ്ഞു നിൽക്കുന്ന പുൽനാമ്പിനെ ചുട്ടു ചാരമാക്കാനും അത് വഴി കാടിനേയും കാട്ടിലെ സകല ജീവജാലങ്ങളെയും വെന്തു വെണ്ണീറാകാനും ആ ഒരു കുറ്റിക്കുകഴിയും.
‘കാട് സംരക്ഷിക്കണം’ എന്ന മുദ്രാവാക്യം മുഴക്കി റോഡു നീളെ നടക്കുകയും, മരം നടുകയും മാത്രം അല്ല ഒരു ആവശ്യം. വേനൽ കാലത്തെ യാത്രകളിലെ ഈ ഉത്തരവാദിത്തം ഉണ്ടായാൽ തീർച്ചയായും രക്ഷപ്പെടുന്നത് ഒരു വലിയ ആവാസവ്യവസ്ഥ തന്നെ ആയിരിക്കും. ഇപ്പൊ ഫെബ്രുവരി അവസാനം ആയിട്ടുള്ളു. ഇനി ചുട്ടുപൊള്ളുന്ന വേനൽ മാസങ്ങൾ തുടങ്ങാൻ പോകുന്നേയുള്ളു. ഈ വേനൽക്കാലത്തെ യാത്രകൾ ഉത്തരവാദിത്തത്തോടെ ആക്കാം. ഒരു തീപ്പൊരി പോലും ഒരു യാത്രക്കാരന്റെ കയ്യിൽനിന്നും ഒരു പുൽനാമ്പിലേക്കു എത്തുന്നില്ല എന്ന് ഉറപ്പു വരുത്തുകയും വേണം.
ബന്ദിപ്പൂർ ദേശീയോദ്യാനം : കർണാടാകയിലെ ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്ദിപ്പൂർ ദേശീയോദ്യാനം. നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട ഇതിനെ 1974-ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ഒരു കടുവാ സംരക്ഷണകേന്ദ്രം കൂടിയായ ഇതിന്റെ വിസ്തൃതി 880 ചതുരശ്ര കിലോമീറ്ററാണ്. വയനാട് വന്യജീവി സംരക്ഷണകേന്ദ്രം,മുതുമല വന്യജീവി സംരക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്. ലംഗൂർ, ബോണെറ്റ് മക്കാക്ക് എന്നീ കുരങ്ങുകൾ, കടുവ, പുലി, ആന, വരയൻ കഴുതപ്പുലി, കുറുക്കൻ, പുള്ളിമാൻ, നാലുകൊമ്പൻ മാൻ, കാട്ടുപന്നി, ഇന്ത്യൻ മുയൽ, മഗ്ഗർ മുതല എന്നീ ജീവികളെ ഇവിടെ കാണാം. 180 പക്ഷിയിനങ്ങളും ഇവിടെ കാണപ്പെടുന്നു.
കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ, ഗീതു മോഹൻദാസ്.