വർഷങ്ങൾക്ക് മുൻപുള്ള എൻ്റെ ആദ്യത്തെ ഗൾഫ് യാത്ര…

Total
1
Shares

വിവരണം – ബഷീർ കെ.എം.

മദ്രാസിൽ വെച്ചാണ് ഒമാനിലെ സലാലയിലേക്ക് വിസ ലഭിച്ച വിവരം അറിയുന്നത്. പെട്ടന്ന് നാട്ടിലെത്തണമെന്ന് വീട്ടിൽ നിന്നും ഉത്തരവ്. പിന്നെ ഒന്നും ആലോചിച്ചില്ല. തൊട്ടടുത്ത ദിവസം നാട്ടിലേക്ക് വണ്ടി കയറി. യാത്രയിലുടനീളം ഗൾഫിനെപ്പറ്റിയുള്ള ചിന്തയായിരുന്നു. ദുബായ് അബുക്കയും, ഹസ്സൻക്കയും നാട്ടിലെ ആദ്യത്തെ ഗൾഫുകാർ. ഉയരം കൂടിയ ചെരിപ്പ്, മടക്കുന്ന കുട, ടേപ്പ് റെക്കോർഡർ, ഹീറോ പേന, 555 സിഗരറ്റ്, പിന്നെ നല്ല അത്തറിന്റെ മണവും. ചെറുപ്പത്തിൽ ഞാൻ കണ്ട ഗൾഫിന്റെ പത്രാസ് ഇതൊക്കെയായിരുന്നു.

തീവണ്ടി ഓടിക്കൊണ്ടിരുന്നു. പലരും പല നേരമ്പോക്കുകളിൽ ഏർപ്പെട്ടിരിക്കുന്നു. വായനക്കാർ, ചീട്ടു കളിക്കാർ, പുറത്തെ കാഴ്ചകൾ കാണുന്നവർ. പൊതിച്ചോറ് വാങ്ങി വിശപ്പടക്കി. ബർത്തിൽ കയറിക്കിടന്നു. തീവണ്ടിയുടെ കുലുക്കവും കട കട ശബ്‌ദവും തെല്ല് അലോസരപ്പെടുത്തിയെങ്കിലും എപ്പോഴോ നിദ്രയിലേക്ക് വഴുതി വീണു. വണ്ടി പാലത്തിൽ കയറുമ്പോൾ നെട്ടി യുണരും. വീണ്ടും മയക്കം.

അമ്പലത്തിൽ നിന്ന് മലയാളത്തിൽ പ്രഭാത ഗീതം കേൾക്കാം. പാലക്കാട് സ്റ്റേഷനിൽ എത്തിയിരിക്കുന്നു. കച്ചവടക്കാരുടെ ചായ്, കാപ്പി വിളി മഴക്കാലത്തെ തവളകളുടെ കൂട്ടക്കരച്ചിൽ പോലെ അനുഭവപ്പെട്ടു. പുറത്തേക്കു നോക്കിയിരുന്നു. നാട്ടിലെ പുലർക്കാഴ്ചക്ക് നല്ല ഭംഗി. കോഴിക്കോട് സ്റ്റേഷനിൽ എത്താൻ നിമിഷങ്ങളെ ബാക്കിയുള്ളൂ. ബാഗ് എടുത്തു ഇറങ്ങാൻ തയ്യാറെടുത്തു.

വീട്ടിലെത്തി. ഉമ്മയും കുട്ടികളും ചുറ്റും കൂടി. വിശേഷങ്ങൾ പങ്കിട്ടു. കുട്ടികളുടെ ലക്ഷ്യം ഞാൻ കൊണ്ട് വന്ന ബട്ടർ ബിസ്കറ്റും കേക്കുമാണ്. അത് കിട്ടിയപ്പോൾ അവർ അവരുടെ പാട്ടിന് പോയി. എനിക്ക് വിസ കാണാനുള്ള തിടുക്കമായിരുന്നു. ഉമ്മ മേശയിൽ ഭദ്രമായി സൂക്ഷിച്ച വിസ എന്റെ നേരെ നീട്ടി. മുകൾ ഭാഗത്തു പിങ്ക് നിറമുള്ള തുണ്ട് പേപ്പറിൽ എന്റെ പേരും അഡ്രസ്സും അച്ചടിച്ചിരിക്കുന്നു. അതിന് താഴെ ഞാൻ ജോലി ചെയ്യേണ്ട കമ്പനിയുടെ പേര്.

ദിവസങ്ങൾ കടന്നു പോയി. ആരെങ്കിലും സലാലയിലേക്ക് പോവുന്നുണ്ടോ എന്ന അന്വേഷണം തുടർന്നു. ഉമ്മക്ക് ഒറ്റക്ക് വിടാൻ ധൈര്യമില്ല. കാരണം ബോംബെ വഴിയുള്ള യാത്രയെക്കുറിച്ച് പലതും പറഞ്ഞു കേട്ടിട്ടുണ്ട്. അവസാനം കണ്ടെത്തി. അടുത്ത പ്രദേശത്തുള്ള ഖാദർക്ക സലാലയിലേക്ക് പോകുന്നു. അദ്ദേഹം രണ്ട് പ്രാവിശ്യം പോയി വന്ന ആളാണ്. ഉമ്മക്ക് സമാധാനമായി.

അദ്ദേഹം ടിക്കറ്റ് ബുക്ക്‌ ചെയ്ത അതേ വിമാനത്തിന് ടിക്കറ്റ് എടുത്തു. ഞാൻ സ്വപ്നം കണ്ട പൊന്നു വിളയുന്ന നാട്ടിലെത്താൻ ഇനി ദിവസങ്ങളെ ബാക്കിയുള്ളു. വീട്ടിൽ എനിക്ക് ഒരു താര പരിവേഷം. എല്ലാ ദിവസവും എനിക്ക് വേണ്ടി ഉമ്മ പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടാക്കും. പോവുമ്പോൾ കൊണ്ട് പോവാൻ കായ വറുത്തതും, ശർക്കര ഉപ്പേരിയും, കറുത്ത അലുവയും,നാടൻ അവിലും പിന്നെ ഉമ്മ പ്രത്യേകം തയ്യാറാക്കിയ അച്ചാറും തയ്യാർ.

കാത്തിരുന്ന ദിവസം ആഗതമായി. വീട്ടിൽ കുടുംബക്കാരും അയൽവാസികളും ഒത്തു കൂടി. മൗലിദ് പാരായണത്തിന് ശേഷം ഭക്ഷണം വിളമ്പി. പിന്നെ ദുആ. എന്റെ കയ്യിൽ പാസ്സ്പോർട്ടും വിസയുമുള്ള ചെറിയ ഹാൻഡ്ബാഗ്. ഉമ്മ അടുത്തോട്ടു വിളിച്ചു താക്കീത് പോലെ പറഞ്ഞു. ഈ ബാഗ് നന്നായി സൂക്ഷിക്കണം.. ഞാൻ തലയാട്ടി.

അകത്തു സങ്കടം അമർത്തിപ്പിടിച്ചു നിൽക്കുന്ന ഉമ്മയോടും പെങ്ങന്മാരോടും മറ്റും ആദ്യം യാത്ര പറഞ്ഞു. പിന്നെ പുറത്തിരിക്കുന്ന കരണവന്മാരുടെ കൈ പിടിച്ചു അനുഗ്രഹം വാങ്ങി സലാം പറഞ്ഞിറങ്ങി. എന്റെ ബാഗ് പിടിച്ച് അനിയനും മറ്റു ബന്ധുക്കളും അനുഗമിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഖാദർക്കയും എന്റെ അറബിയുടെ വിസയിലുള്ള കരീമും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അവനും പുതിയ ആളാണ്.

മംഗലാപുരത്തേക്കു ടിക്കറ്റ്‌ എടുത്തു. അവിടുന്ന് ബസ്സിലാണ് ബോംബെക്ക് പോവുന്നത്. നമുക്ക് പോവേണ്ട തീവണ്ടി പാളത്തിൽ നിർത്തി. അനുഗമിക്കാൻ വന്നവരോട് യാത്ര പറഞ്ഞു വണ്ടിയിൽ കയറിപ്പറ്റി. വണ്ടി നീങ്ങുമ്പോൾ കൈ വീശിക്കാണിച്ചു. കുറെ സ്വപ്നങ്ങൾ മനസ്സിൽ പേറി ഞാനും ഒരു പ്രവാസിയാകാൻ പോകുന്നു. യാത്രയിലുടനീളം ഹാൻഡ്ബാഗിനെക്കുറിച്ചു ഞാൻ ബോധവാനായിരുന്നു. ഉമ്മയുടെ വാക്കുകൾ. എന്റെ സ്വപ്നങ്ങൾ കുടി കൊള്ളുന്നത് അതിനകത്താണ്. അത് നഷ്ടപ്പെട്ടാൽ എല്ലാം തകർന്നടിയും.

ഒരു ഓഗസ്റ്റ് പതിനഞ്ചിന് ബോംബയിലെത്തി. രണ്ടു ദിവസം ബോംബയിൽ. എന്റെ നാട്ടുകാരൻ റഹ്മാനെ യാദൃച്ഛികമായി കണ്ടു മുട്ടി. ഞാനും കരീമും അവന്റെ കൂടെ കുറെ സ്ഥലങ്ങൾ കറങ്ങി കണ്ടു. റഹ്മാൻ നല്ല വേഗത്തിലാണ് നടക്കുന്നത്. ഞങ്ങൾ ശരിക്കും അവന്റെ പിന്നാലെ ഓടുകയായിരുന്നു. ഇന്ത്യ ഗേറ്റ് കണ്ടു. രണ്ടു തട്ടുള്ള ബസ്സിൽ കയറി. എല്ലാം ആദ്യത്തെ അനുഭവം. ഏതോ ഒരു ട്രാവെൽസിന്റെ ഇടുങ്ങിയ റൂമിൽ അന്തിയുറക്കം.

ബോംബയിൽ പല തരം ആളുകളെ കണ്ടു മുട്ടി. എല്ലാം വിറ്റു പെറുക്കി വിസക്ക് പൈസ കൊടുത്തു ഏജന്റിന്റെ ചതിയിൽ പെട്ട് റൂമിൽ കഴിയുന്നവർ. വലിയ കള്ളി പെട്ടിയുമായി ഗൾഫിൽ നിന്ന് മടങ്ങി എത്തിയവർ. ചവിട്ടി കേറ്റുക എന്ന ഒരു പദ പ്രയോഗം ആദ്യമായി കേട്ടു. ആ സാഹസത്തിന് തയ്യാറായി നിൽക്കുന്ന ആളുകളുകളെയും കണ്ടു. എമിഗ്രേഷൻ പൈസ അടക്കാതെ കൈക്കൂലി കൊടുത്തു വിമാനത്തിൽ കയറിപ്പറ്റുന്നതിനാണ് അങ്ങിനെ പറയുന്നത് എന്ന് പിന്നീട് മനസ്സിലായി.

പുലർച്ചെ അഞ്ചു മണിക്കാണ് വിമാനം. ഞങ്ങൾ ഒരു മണിക്ക് തന്നെ റൂമിൽ നിന്നിറങ്ങി. ടാക്സി പിടിച്ചു എയർപോർട്ടിലേക്ക്. മനസ്സിൽ ആദ്യമായി വിമാനത്തിൽ കയറാൻ പോകുന്ന ആകാംക്ഷ. ഞാനും കരീമും അനുസരണയുള്ള കുട്ടികളെപ്പോലെ ഖാദർക്കയുടെ ഓരോ നിർദേശങ്ങളും പാലിച്ചു. അദ്ദേഹത്തിന് പഴയ ആളാണെന്നുള്ള ഒരു ഗമയൊക്കെയുണ്ട്. ഞാൻ ഹാൻഡ്ബാഗ് ഇടക്ക് തലോടിക്കൊണ്ടിരുന്നു. അത് ഭദ്രമായി എന്റെ കയ്യിൽ തന്നെയുണ്ട്.

എയർപോർട്ടിലെത്തി. യാത്രക്കാരുടെ നല്ല തിരക്ക്. ഞങ്ങളുടെ മുമ്പിലൂടെ പൈലറ്റും എയർ ഹോസ്റ്റസുമാരും ബാഗും വലിച്ചു കടന്നു പോയി. സായിപ്പന്മാരും മദാമ്മമാരും കൂട്ടത്തോടെ നടന്നു നീങ്ങുന്നു. പല വേഷക്കാർ, പല ഭാഷക്കാർ, ഞാൻ എല്ലാം ആശ്ചര്യത്തോടെ നോക്കി നിന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും ഞങ്ങളുടെ വിമാനത്തിന്റെ പേരും നമ്പറും എയർപോർട്ടിന്റെ മുക്കിലും മൂലയിലും മുഴങ്ങി. ഞങ്ങൾ ബാഗുമെടുത്തു വരിയിൽ നിലയുറപ്പിച്ചു.

എന്റെ ഊഴമെത്തി. വിസയും പാസ്പോർട്ടും ടിക്കറ്റും ഉദ്യോഗസ്ഥനെ കാണിച്ചു. അദ്ദേഹം എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ട് ഒരു ചോദ്യവും. കിതർ ജാതാ ഹേ, “മസ്കറ്റ് ” എന്ന് പറഞ്ഞൊപ്പിച്ചു. അദ്ദേഹത്തിന്റെ കയ്യിലുള്ള സീൽ ശക്തിയായി എന്റെ പാസ്സ്പോർട്ടിൽ പതിഞ്ഞു. വിമാനത്തിൽ കയറാനുള്ള കാത്തിരിപ്പ്. വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും ഇപ്പോൾ നന്നായി കാണാം. ആകാശത്തു ഒരു മൊട്ട് പോലെയേ വിമാനം കണ്ടിട്ടുള്ളൂ. ഇത്രയും അടുത്ത് നിന്ന് ആദ്യമായാണ് കാണുന്നത്. മുന്നറിയിപ്പ് കിട്ടി. ഞങ്ങൾ വിമാനത്തിനകത്തേക്ക്.

കൂപ്പു കയ്യോടെ എയർ ഹോസ്റ്റസ്. സീറ്റ്‌ കണ്ടു പിടിക്കാൻ മറ്റൊരു ജീവനക്കാരി സഹായിച്ചു. ബാഗ് സീറ്റിന് നേരെ മുകളിൽ വെച്ചു. എന്റെ സീറ്റിന് തൊട്ടടുത്ത് കരീം. സുരക്ഷാ മുന്നറിയിപ്പിനോടൊപ്പം ജീവനക്കാരിയുടെ ആംഗ്യ ഭാഷ. സീറ്റ്‌ ബെൽറ്റ്‌ കുറച്ചു പണിപ്പെട്ട് ധരിച്ചു. പിന്നീട് കരീമിനെ സഹായിച്ചു.

വിമാനം റൺവേയിലൂടെ കുതിച്ചു പറന്നുയർന്നു. നെഞ്ചിൽ ഒരു മിന്നായം പായുന്ന പോലെ. ക്യാബിനിൽ ചുവപ്പ് സിഗ്നൽ മാഞ്ഞു പച്ച തെളിഞ്ഞു. സീറ്റ്‌ ബെൽറ്റ്‌ അഴിക്കപ്പെട്ടു. ഷട്ടർ പൊക്കി പുറത്തേക്കു നോക്കി. ആകാശം മുകളിലാണോ താഴെയാണോ എന്ന് മനസ്സിലാകുന്നില്ല. വലിയ പഞ്ഞിക്കെട്ട് പോലെ മേഘങ്ങൾ കുതിച്ചു പായുന്നു. കുടുംബമായി യാത്ര ചെയ്യുന്നവർ വിരളം. പിറന്ന നാടും വീടും വിട്ടു പോകുന്ന നൊമ്പരം എല്ലാവരുടെയും മുഖത്ത് വായിച്ചെടുക്കാം.

ഭക്ഷണം വിളമ്പാൻ തുടങ്ങി. എന്റെ തൊട്ടടുത്തിരിക്കുന്ന ആൾ നല്ല ഉറക്കിലാണ്. അയാളെ തട്ടി വിളിച്ചു. ജീവനക്കാരി ഭക്ഷണം നിറച്ച പെട്ടി ഞങ്ങളുടെ നേരെ ഭവ്യതയോടെ നീട്ടി. അതിന്റെ കൂടെ ചെറിയ ഒരു കുപ്പി വെള്ളവും. എങ്ങനെ കഴിക്കും എന്ന അങ്കലാപ്പിൽ കരീം എന്നെയും ഞാൻ അവനെയും ഒളി കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ചായ എത്തി. ഉപ്പും പഞ്ചസാരയും ചെറിയ പേക്കറ്റുകളിൽ. കരീം ഉപ്പ് എടുത്തു ചായയിൽ ഇടുന്നത് ഞാൻ കണ്ടു. പറ്റിയ അമളി ഞാൻ അറിയാതിരിക്കാൻ അവൻ ചായ മുഴുവൻ കുടിച്ചു തീർത്തു.

മസ്കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്താറായി എന്ന് പൈലറ്റിന്റെ സന്ദേശം. കൂടെ സീറ്റ്‌ ബെൽറ്റ്‌ ധരിക്കാനുള്ള നിർദേശവും. വിമാനം താഴുന്നതോടപ്പം കുട്ടികളുടെ കൂട്ടക്കരച്ചിൽ. ഞാൻ ചെവി പൊത്തിപ്പിടിച്ചു. അസഹ്യമായ വേദന. വിമാനം സുരക്ഷിതമായി താഴെയിറങ്ങി. പൈലറ്റ് പ്രാദേശിക സമയവും, പുറത്തെ താപ നിലയും, വിമാനത്തിൽ യാത്ര ചെയ്തതിനു നന്ദിയും രേഖപ്പെടുത്തി.

പുറത്തിറങ്ങി. കഠിനമായ ചൂട്. ജീവിതത്തിൽ ഇത്രയും ചൂട് മുമ്പ് അനുഭവിച്ചിട്ടില്ല. എയർപോർട്ട്‌ ബസ്സിൽ കയറിയപ്പോൾ ആശ്വാസമായി. വിസ നടപടികൾ പൂർത്തിയായി. പുറത്തിറങ്ങി. ഹാൻഡ് ബാഗിൽ ഇപ്പോൾ പാസ്പോർട്ട്‌ മാത്രമേയുള്ളു. ഞാൻ പൊന്നു പോലെ സൂക്ഷിച്ച തുണ്ട് വിസ പാസ്സ്പോർട്ടിൽ ഒരു ചുവന്ന സീലായി മാറിയിരിക്കുന്നു.

പുറത്തിറങ്ങി. ഞാൻ സ്വപ്നം കണ്ട നാട്ടിൽ കാല് കുത്തിയിരിക്കുന്നു. റോട്ടിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ. വട്ടത്തൊപ്പിയും തൂവെള്ള വസ്ത്രവും ധരിച്ച അറബികൾ. പുറത്ത് ഓറഞ്ചും വെള്ളയും നിറമുള്ള കുറെ കാറുകൾ. അതിനടുത്തേക്ക് നടന്നു.അത് ടാക്സി ആണെന്ന് മനസ്സിലായി. അതിൽ കയറി സലാലയിലേക്കുള്ള ബസ് സ്റ്റേഷനിലെത്തി. അവിടെ വിശ്രമിക്കാൻ സൗകര്യമൊക്കെ ഉണ്ട്. ആളു തികയാൻ കുറെ സമയം കാത്തിരിക്കേണ്ടി വന്നു. സലാലയിലെത്താൻ പന്ത്രണ്ട് മണിക്കൂർ വേണമെന്നറിഞ്ഞു. എല്ലാവരോടും ബസ്സിൽ കയറാൻ ഡ്രൈവറുടെ നിർദേശം. ഒരു നീണ്ട യാത്രക്ക് തുടക്കം കുറിച്ചിരിക്കുന്നു.

വിശാലമായ റോഡുകളും, അംബര ചുംബികളായ കെട്ടിടങ്ങളും, ഈത്തപ്പഴത്തോട്ടങ്ങളും പിന്നിട്ടു മരുഭൂമിയിലൂടെയുള്ള യാത്ര. അനന്തമായ മരുഭൂമി. അങ്ങിങ്ങായി മണൽ തിട്ടകളും കള്ളിച്ചെടികളും കാണാം. കാറ്റ് വലിയ മണൽ തിട്ടകളെ തലോടി പുതിയ രൂപവും ഭാവവും തീർക്കുന്നു. എവിടെയും മനുഷ്യ വാസമില്ല. വല്ലപ്പോഴും കടന്നു പോകുന്ന വാഹനങ്ങൾ മാത്രം.

മണിക്കൂറുകൾ പിന്നിട്ട യാത്രക്ക് ശേഷം ഒരു മനുഷ്യ വാസ സ്ഥലം. കുറെ കടകൾ, ഹോട്ടലുകൾ. ഡ്രൈവർ വണ്ടി നിർത്തി. എല്ലാവരും ഇറങ്ങി. ലഘു ഭക്ഷണം കഴിച്ചു വീണ്ടും മരുഭൂമിയിലൂടെയുള്ള യാത്ര. ക്ഷീണത്താൽ പലരും ഉറക്കിലാണ്. എപ്പോഴോ ഞാനും നിദ്രയിലാണ്ടു.

ഡ്രൈവർ വണ്ടി നിർത്തിയപ്പോഴാണ് ഉണർന്നത്. വീണ്ടും മറ്റൊരു ജനവാസ കേന്ദ്രം. പേര് ചോദിച്ചറിഞ്ഞു. “ഹൈമ”. മസ്കറ്റ് സലാല പാതയിലെ മദ്യ ഭാഗം ഒരു വിശ്രമ സ്ഥലം കൂടിയാണ്. എല്ലാവരും ഇറങ്ങി. സൂര്യൻ ഉഗ്ര പ്രതാപിയായി കത്തിജ്ജ്വലിക്കുന്നു. ചുട്ട് പൊള്ളുന്ന ചൂട്. ജനങ്ങൾ എങ്ങിനെയാണ് ഇവിടെ വസിക്കുന്നതെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി.

ഹോട്ടലിൽ കയറി. പച്ചയുടെ ഹോട്ടലാണെന് ഖാദർക്ക പറഞ്ഞു. പച്ച എന്താണെന്നു അറിയാൻ ആകാംക്ഷ. സൽവാർ കമീസും തൊപ്പിയുമിട്ട ആളുകൾ. അവർ പാകിസ്താനികളാണെന്നും അവരെ പച്ച എന്ന് വിളിക്കണമെന്നുമുള്ള പുതിയ അറിവ്. തന്തൂർ റൊട്ടിയും മട്ടൺ കറിയും ഓർഡർ ചെയ്തു. ആദ്യമായാണ് തന്തൂർ റൊട്ടി കഴിക്കുന്നത്. നിറയെ എണ്ണയുള്ള കറി “കറൂഫ് ” ആണെന്ന് വിളമ്പുകാരൻ അറിയിച്ചു. ഞാൻ കറൂഫിന്റെ അർത്ഥം ചോദിച്ചു മനസ്സിലാക്കി. “ചെമ്മരിയാട് ” ഞാൻ ഒരു പുതിയ അറബി വാക്ക് പഠിച്ചിരിക്കുന്നു. അത് വീണ്ടും ആവർത്തിച്ച് മനഃപാഠമാക്കി. “കറൂഫ് “.

തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽ കയറി. ബാക്കിയുള്ള ഇന്ത്യൻ രൂപ എയർപോർട്ടിൽ നിന്ന് ഒമാനി റിയാൽ ആക്കിയിട്ടുണ്ട്. പല തരം സിഗരറ്റുകൾ അടുക്കി വെച്ചിരിക്കുന്നു. ചെറിയ തോതിൽ പുകവലി ശീലമുണ്ട്. ഞാൻ സ്വർണ്ണ നിറമുള്ള ഒരു 555 പാക്കറ്റ് വാങ്ങി പോക്കറ്റിലിട്ടു. ഡ്രൈവർ ഹോൺ അടി തുടങ്ങിയിരിക്കുന്നു. എല്ലാവരും ബസ്സിൽ കയറി. വീണ്ടും മരുഭൂമിയിലൂടെ യാത്ര. പുറം കാഴ്ചകൾക്ക് വലിയ മാറ്റമൊന്നുമില്ല. എല്ലാം പഴയ പടി. സൂര്യൻ ബസ്സിന് മുമ്പെ ഓടുകയാണ്. രശ്മികൾക്ക് കുറച്ച് കാഠിന്യം കുറഞ്ഞിട്ടുണ്ട്.

മണിക്കൂറുകൾ പോയതറിഞ്ഞില്ല. പടിഞ്ഞാറെ ചക്രവാളത്തിൽ പ്രതാപം നഷ്ടപ്പെട്ട് സൂര്യൻ ഒരു കനൽ കട്ട പോലെ എരിഞ്ഞമരാൻ പോകുന്നു. പെടുന്നനെ കാലാവസ്ഥക്ക് വലിയ മാറ്റം. എങ്ങും ഹരിത മയം. ബസ്സിന്റെ ഗ്ലാസ്സ് തുറക്കപ്പെട്ടു. തണുത്ത മന്ദ മാരുതൻ എന്നെ തലോടി കടന്നു പോയി. പുറത്ത് വെള്ളപ്പുതപ്പ് പോലെ കോട മഞ്ഞ്. പക്ഷികളുടെ കല പില ശബ്ദം. ഒട്ടകങ്ങൾ കൂട്ടമായി നടന്നു പോകുന്നു. മറ്റൊരിടത്ത് തടിമാടന്മാരായ പശുക്കൾ. തൊട്ടടുത്ത് ചെമ്മരിയാടിൻ കൂട്ടവും അവയെ മേയ്ക്കുന്ന ഇടയന്മാരും. ഉച്ചക്ക് ഞാൻ പഠിച്ച അറബി വാക്ക്, ‘കറൂഫ് ‘. അത് എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ചെങ്കുത്തായ ഇറക്കം. ചെറിയ ചാറ്റൽ മഴയുണ്ട്. നിറയെ സാധനവുമായി പതുക്കെ ഇറക്കം ഇറങ്ങുന്ന വലിയ ലോറികൾ. ദൂരെ പട്ടണത്തിലെ വൈദുതി വിളക്കുകൾ നന്നായി കാണാം. വലിയ വളവും തിരിവുമുള്ള ഇറക്കം ഇറങ്ങാൻ ഡ്രൈവർക്ക് കുറച്ച് പാട് പെടേണ്ടി വന്നു. ശേഷം തെരുവ് വിളക്കുള്ള റോഡിലൂടെ അതി വേഗത്തിൽ യാത്ര. ചാറ്റൽ മഴയിൽ കേര വൃക്ഷങ്ങൾക്ക് നല്ല തിളക്കം. ഒരേ ആകൃതിയിൽ നിര നിരയായ വീടുകൾ. ഒരു ബഹു നിലക്കെട്ടിടവും ക്ലോക്ക് ടവറും പിന്നിട്ടു. ആളുകൾ ഇറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഞങ്ങൾ ലക്ഷ്യ സ്ഥാത്ത് എത്തിയിരിക്കുന്നു. എന്റെ ഭാഗ്യ നിർഭാഗ്യങ്ങൾ പരീക്ഷിക്കാൻ ദൈവം നിശ്ചയിച്ച ഗൾഫിലെ മരുപ്പച്ച. സലാല !!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post