കാത്തിരിപ്പുകള്‍ക്ക് വിരാമം കുറിച്ച് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ വലിയ വിമാനം പറന്നിറങ്ങി. ഇതോടെ വിമാനത്താവളത്തിലെ അവസാനപരീക്ഷണ പറക്കലും വിജയം കണ്ടു. 190 സീറ്റുകളുള്ള എയർ ഇന്ത്യ എക്സ്പ്രസ് 737 -800 ബോയിങ്ങ് വിമാനമാണ് 20-09-2018 രാവിലെ മട്ടന്നൂരിലെ കണ്ണൂർ വിമാന താവളത്തിലിറങ്ങിയത്. രാവിലെ 9.45 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട വിമാനം 11.38 ഓടെ കണ്ണൂർ എയർപോർട്ടിലെ റൺവേയിൽ ഇറങ്ങി. ഇതോടെ വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാനാവശ്യമായ അവസാന കടമ്പയും മറികടന്നു. റൺവേയിൽ നിന്ന് ‘ടാക്സി വേ’യിലേക്ക് പ്രവേശിച്ച വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്.

ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം (ഐഎൽഎസ്) സജ്ജമാക്കിയ 25, 07 എന്നീ രണ്ടു റൺവേകളിലും മൂന്നു തവണ വീതം ലാൻഡിങ് നടത്തി പരിശോധന പൂർത്തിയാക്കുകയാണുണ്ടായത്. എയർപോർട്ട് അതോറിറ്റി കാലിബ്രേഷൻ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയെത്തുടർന്നു തയാറാക്കിയ ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യർ അനുസരിച്ചാണ് ഈ ലാൻഡിങ്ങുകൾ. എയർ ട്രാഫിക് കൺട്രോളിൽ നിന്ന് റൂട്ടുകളുടെ നിർണയം, എയർപോർട്ടുകൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്ന റേഡിയോ നാവിഗേഷൻ തുടങ്ങിയവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. കർണാടക സ്വദേശിയായ കമാൻഡർ ക്യാപ്റ്റൻ എ.എസ്.റാവുവായിരുന്നു വിമാനം പറത്തിയിരുന്നത്. ഫസ്റ്റ് ഒാഫീസർ അരവിന്ദ് കുമാർ, സീനിയർ കാബിൻ ക്രൂ സൈന മോഹൻ, മറ്റ് ഏഴ് സാങ്കേതിക വിദഗ്ധരും വിമാനത്തിൽ ഉണ്ടായിരുന്നു. ഒരാഴ്ചക്കകം വിമാനത്തിന് പ്രവർത്തനത്തിനുള്ള ലൈസൻസ് ലഭിക്കുമെന്ന് കരുതുന്നതായി എ.എസ് റാവു മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു മുൻപ് ചെറുവിമാനങ്ങള്‍ ഏകദേശം പത്ത് തവണ ഇവിടെ ഇറക്കിയിട്ടുണ്ട്.

വിമാനത്താവളത്തിന്​ ലൈസൻസ്​ നൽകുന്നതിന്​ മുന്നോടിയായി എത്തിയ ഡി.ജി.സി.എയുടെ രണ്ടംഗസംഘം ബുധനാഴ്​ച വൈകീട്ട്​ പരിശോധന പൂർത്തിയാക്കി മടങ്ങിയിരുന്നു. റൺവേ, ടാക്സി ട്രാക്ക്, പ്രിസീഷൻ അപ്രോച്ച് പാത്ത് ഇൻഡിക്കേറ്റർ, ഗ്രൗണ്ട് ലൈറ്റിങ്​, പാസഞ്ചർ ബോർഡിങ്​ ബ്രിഡ്ജസ് തുടങ്ങിയവ സംഘം പരിശോധിച്ചു. ഇന്ന്​ നടന്ന എയർട്രാഫിക്​ പരിശോധനയുടെ റിപ്പോർട്ട്​ എയർ ഇന്ത്യ ഡി.ജി.സി.എക്ക്​ നൽകുന്ന മുറക്ക്​ ലൈസൻസ്​ അനുവദിക്കുമെന്നാണ്​ പ്രതീക്ഷ. വ്യോമയാന മന്ത്രാലയത്തിൽ നിന്ന്​ അന്തിമ അനുമതി ഉടനെ ലഭിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ കിയാൽ മാനേജിങ്​ ഡയറക്​ടർ തുളസീദാസ്​ പറഞ്ഞു. ഉദ്​ഘാടന തീയതി നിശ്ചയിക്കേണ്ടത്​ സർക്കാറാണ്​. വിമാന കമ്പനികളുമായുള്ള കരാറനുസരിച്ച്​ സമയപട്ടിക തയാറാക്കിയിട്ടുണ്ട്​. ഉദ്​ഘാടനം കഴിഞ്ഞാൽ ബുക്കിങ്​ തുടങ്ങാവുന്ന നിലയിൽ വിമാന കമ്പനികൾ സോഫ്​റ്റ്​വെയർ പരിഷ്​കരിച്ചിട്ടുണ്ട്​.

ഇരുപത് വിമാനങ്ങൾക്ക് ഒരേ സമയം നിർത്താവുന്ന ഗ്രീൻ ഫീൽഡ് എയർപോർട്ടായ കണ്ണൂരിൽ നിലവിൽ മൂന്നു കിലോമീറ്ററിലധികം റൺവേയുണ്ട്. ഉടനെ തന്നെ ഇത് നാല് കിലോമീറ്ററാക്കുകയും ചെയ്യും. ഈ വർഷം നവംബറോട് കൂടി വിമാനത്താവളം പൂർണസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പിലെ 2300 ഏക്കറിലായി നിറഞ്ഞ് നില്‍ക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്താമെന്ന് രാജ്യത്തെ എല്ലാ പ്രമുഖ വിമാനക്കമ്പനികളും ഒരേ സ്വരത്തില്‍ സമ്മതിച്ചതോടെ ആദ്യ വിമാനം ഒക്‌ടോബറിലോ നവംബറിലോ പറന്നുയരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമാകും ഇത്. റൺവേ നാലായിരം മീറ്റർ ആകുന്നതോടെ ജംബോ വിമാനങ്ങൾ കണ്ണൂരിലിറങ്ങും. എയർപോർട്ട് പ്രവർത്തനം തുടങ്ങിയാൽ 55 ശതമാനം യാത്രക്കാരെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 40 ശതമാനം മംഗലാപുരം വിമാനത്താവളത്തിൽ നിന്നും കുറയും. കണ്ണൂർ, തലശ്ശേരി പട്ടണത്തിൽനിന്ന് 25 കിലോമീറ്റർ കിഴക്കായും ഇരിട്ടി, പേരാവൂർ പട്ടണത്തിൽ നിന്ന് 17KM പടിഞ്ഞാറായും ഈ വിമാനത്താവളം നിലകൊള്ളുന്നു. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ കണ്ണൂരും തലശ്ശേരിയും ആണ്.സംസ്ഥാന പാതകളായ SH 30(കണ്ണൂർ-മട്ടന്നൂർ), SH 36(തലശ്ശേരി-സംസ്ഥാന അതിര്ത്തിയിലെ വളവുപാറ) എന്നിവ വിമാനത്താവളത്തിന് സമീപമായി കടന്നു പോകുന്നു.

മറ്റു വിമാനത്താവളങ്ങളിൽ നിന്നു വ്യത്യസ്തമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളം പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുണ്ട്. പദ്ധതി പ്രദേശത്തിന്റെ പരിസ്ഥിതി ഗുണനിലവാരം തിട്ടപ്പെടുത്തുന്നതിനു നേരത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ന്യൂഡൽഹിയിലെ എൻവയൺമെന്റൽ എൻജിനീയേഴ്സ് ആൻഡ് കൺസൽറ്റന്റ്സും തിരുവനന്തപുരത്തെ സെൻട്രൽ എൻവയൺമെന്റൽ സയൻസ് സ്റ്റഡീസും ചേർന്നാണ് പരിസ്ഥിതി സർവേ നടത്തിയത്. പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാത്ത വിധത്തിൽ ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന നിലയിലാണ് കണ്ണൂർ വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.