നമ്മുടെ നാട്ടിലെ സാധാരണ സ്‌കൂളുകളിൽ നിന്നും കുട്ടികളെ പഠനയാത്രകൾക്കായി എവിടെയായിരിക്കും കൊണ്ടുപോകുന്നത് എന്നു നമുക്ക് ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. അത് ഒരു സർക്കാർ സ്‌കൂൾ ആണെങ്കിൽ പറയുകയേ വേണ്ട. എന്നാൽ ഈ ചിന്താഗതിയെ ആകെ മാറ്റിമറിക്കുന്നതായിരുന്നു ആലപ്പുഴ ജില്ലയിലെ നീർക്കുന്നം എസ്.ഡി.വി.ഗവ.യു.പി.സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞ ദിവസം ലഭിച്ച പഠനയാത്ര. മറ്റു പഠന യാത്രകളേക്കാൾ ഏറെ വ്യത്യസ്തവും കുട്ടികൾക്ക് ആഹ്ലാദവും ആത്മവിശ്വാസവും ഉണ്ടാക്കുന്ന തരത്തിലുള്ളതായിരുന്നു സ്‌കൂളിൽ നിന്നുള്ള ഈ പഠനയാത്ര.

നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളും അധ്യാപകരും ഉൾപ്പെട്ട 32 അംഗ സംഘം 2019 മാർച്ച് 17 നു നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാന മാർഗ്ഗമാണ് പഠനയാത്രയ്ക്കായി തിരുവനന്തപുരത്തെത്തിയത്. ഇത്തരമൊരു യാത്ര സാക്ഷാത്കരിക്കുവാൻ കാരണമായ സംഭവങ്ങൾ ഇങ്ങനെ : മുൻപ് നടന്ന പഠനോത്സവത്തിൽ ഒരു വിമാന യാത്രയുടെ സ്കിറ്റ് കുട്ടികൾ സ്കൂളിൽ അവതരിപ്പിച്ചു. അതിൽ കൊച്ചിയിൽ നിന്നും പറന്നുയരുന്ന Jumbo Jet വിമാനം അമേരിക്കയിൽ സാൻഫ്രാൻസിസ്കോയിൽ Land ചെയ്യുന്ന രംഗമാണ് കുട്ടികൾ ആവിഷ്ക്കരിച്ചത്. വിമാനത്താവളത്തിലും വിമാനത്തിനത്തും നടക്കുന്ന വിവിധ രംഗങ്ങൾ കുട്ടികൾ മനോഹരമായി അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.

സ്കിറ്റ് അവതരണത്തിനു ശേഷം കുട്ടികൾ ഒരു വിമാന യാത്രയുടെ ആവശ്യവുമായി സ്കൂൾ ഹെഡ്മാസ്റ്റർ മധുകുമാറിനെ സമീപിക്കുകയായിരുന്നു. കുട്ടികളുടെ ആവശ്യം മനസ്സിലാക്കിയ ഹെഡ്മാസ്റ്റർ രക്ഷാകർത്താക്കളും അധ്യാപകരുമായി ആലോചിച്ച് യാത്ര സജ്ജീകരിക്കുകയായിരുന്നു. യാത്രയിൽ ഉടനീളം ഇംഗ്ലീഷ് ഭാഷയാണ് യാത്രികരായ വിദ്യാർഥികൾ ഉപയോഗിച്ചത് എന്നും ശ്രദ്ധേയമാണ്. വിമാന മാർഗ്ഗം തിരുവനന്തപുരത്ത് എത്തിയ സംഘം SCERT സന്ദർശിച്ച് ഡയറക്ടർ ഡോ.ജെ പ്രസാദും പൊത വിദ്യാഭ്യാസ സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.സി.രാമകൃഷ്ണൻ എന്നിവരുമായി അഭിമുഖം നടത്തുകയും SCERT യുടെ വിവിധ പദ്ധതികൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു.

കുട്ടികൾ ഇംഗ്ലീഷ് സ്കിറ്റ് അവതരിപ്പിക്കുകയും വിക്ടേഴ്സ് ചാനലിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുകയും ഉണ്ടായി. തുടർന്ന് നാനോ ശില്പി ഡോ.ഗണേഷ് സുബ്രഹ്മണ്യൻ ക്ലാസെടുത്തു. തന്റെ പ്രസിദ്ധമായ നാനോ ശില്പങ്ങൾ പ്രദർശിപ്പിക്കുകയും ഉണ്ടായി. തിരുവനന്തപുരത്തെ ചരിത്ര മ്യൂസിയങ്ങൾ സന്ദർശിച്ച ശേഷം സംഘം വൈകിട്ട് ട്രെയിൻ മാർഗം അമ്പലപ്പുഴയിൽ എത്തി. വിമാനയാത്രയ്ക്കൊപ്പം ഇംഗ്ലീഷ് ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കാൻ സഹായിച്ച ഈ യാത്ര കുട്ടികൾക്ക് ഏറെ ആഹ്ളാദകരമായി. ഹെഡ്മാസ്റ്റർ എസ്.മധു കുമാർ, ജയാ ജെയിംസ്, ശാന്തി.ആർ, അനിത.എം.എസ്,ദൃശ്യ സൂരജ്, സുരേഷ് കുമാർ സകൂൾ ലീഡർ തേജാ ലക്ഷ്മി.ആർ എന്നിവർ നേതൃത്വം നൽകി.

കടപ്പാട് – സുരേഷ് കുമാർ തോട്ടപ്പള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.