ബസ് ഉടമകളുടെയും ജീവനക്കാരുടെയും ശ്രദ്ധക്ക്. മഴക്കാലം കഴിഞ്ഞിട്ടും നമ്മുടെ നാട്ടിൽ മഴ വരുന്ന സമയമാണിത്. ചിലപ്പോൾ ഇനിയും മഴ കനക്കാം. റോഡുകളിൽ വെള്ളക്കെട്ടുകളും പ്രതീക്ഷിക്കാം. ബസ് എന്നത് മറ്റേതു വാഹനവും പോലെ ഒരു യന്ത്രം ആണ്, അത്ഭുത ശക്തി ഒന്നും അതിനില്ല. അതിനാൽ വെള്ളത്തിലൂടെ വണ്ടി ഓടിക്കുമ്പോൾ അല്പം ശ്രദ്ധിച്ചാൽ വളരെ നന്നായിരിക്കും. അതായിരിക്കും ഉടമയുടെ പോക്കറ്റിനും നല്ലത്.

എന്തൊക്കെ കാര്യങ്ങളാണ് മഴ കണക്കുമ്പോളും റോഡുകളിൽ വെള്ളം ഉയരുമ്പോഴും ബസ്സുകാർ ശ്രദ്ധിക്കേണ്ടവ എന്ന് താഴെ പറയുന്നു. എല്ലാവരും ശ്രദ്ധിച്ചു വായിക്കുക, മനസിലാക്കുക.

എപ്പോളും എയർ ഫിൽട്ടറിന് താഴെ മാത്രമാണ് ജലനിരപ്പ് എങ്കിൽ മാത്രം വണ്ടി ഇറക്കുക. Silencer അല്പം മുങ്ങിയാലും കുഴപ്പം ഇല്ല. കാരണം അതിലൂടെ ശക്തി ആയി കാറ്റ് പുറത്തേക്ക് വരുന്നത് കൊണ്ടും നിരപ്പിൽ നിന്ന് എൻജിൻ മുകളിൽ ഇരിക്കുന്നത് കൊണ്ടും വെള്ളം പെട്ടന്ന് അകത്തേക്ക് പോകില്ല.

വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ് എയർ ഫിൽട്ടർ.  കാരണം നമ്മുടെ നാട്ടിലെ ബസുകളുടെ എയർ ഫിൽറ്റർ ബോഡി കെട്ടുന്ന സമയത്ത്‌ വളരെ താഴ്ത്തി വെയ്ക്കുന്ന പതിവാണ് ഉള്ളത്. ഫിൽറ്ററിന്റെ പരിസരത്ത് എങ്ങാനും വെള്ളം വന്നാൽ അകത്തേക്ക് പിടിക്കുന്ന എയറിന്റെ കൂടെ വെള്ളവും സിലിൻഡറിലേക്ക് വലിച്ചെടുക്കുകയും ഫയറിംഗ് കൃത്യമായി നടക്കാതെ വെള്ള പുക വരികയും ചെയ്യും.

അല്പം വെള്ളം മാത്രമേ കയറിയിട്ടുള്ളെങ്കിൽ വണ്ടി വെള്ളപ്പുക തള്ളി ഓഫായി പോകും. അത് ശരിയാക്കണമെങ്കിൽ നോസ്റ്റിലുകൾ (injectors) എല്ലാം ഊരി എടുത്തിട്ട് അതുവഴി അല്പം എൻജിൻ ഓയിൽ ഒഴിച്ച് 4-5 തവണ സ്റ്റാർട്ടർ അടിച്ചാൽ മതിയാകും. ഈ നോസിൽ ഹോൾ വഴി വെള്ളവും ഓയിലും തെറിച്ചു പൊയ്ക്കൊള്ളും.പിന്നീട് നോസിൽ തിരിച്ചു വെച്ച് സ്റ്റാർട്ട് ആക്കിയാൽ എൻജിൻ റെഡി.

ഇനി അഥവാ കൂടുതൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ അത് എൻജിന്റെ നാശത്തിലേക്കും വഴിവെക്കും .ഇതിനെ ‘ഹൈഡ്രോലോക്ക്’ എന്ന് പറയും. കാരണം വെള്ളം വായുവിനെ പോലെ സങ്കോചിപ്പിക്കാൻ പറ്റാത്ത ഒരു പദാർത്ഥം ആണ്. എൻജിൻ ‘കണക്ടിംഗ് റോഡ്’ വളയാനും, ഒടിഞ്ഞു ബ്ലോക്ക് സഹിതം പൊട്ടിച്ചു വെളിയിൽ പോകാനും സാധ്യത ഉണ്ട്..

ഇപ്പോൾ എയർ ഫിൽറ്റർ മുകളിൽ ആണെങ്കിലും ഫിൽറ്ററിൽ നിന്ന് എന്ജിനിലേക്ക് വായു ചെല്ലുന്ന ഹോസ് ലീക്ക് ഇല്ലെന്നു ഉറപ്പ് വരുത്തണം. വിള്ളൽ ഉണ്ടെങ്കിൽ അതുവഴിയും എന്ജിനിലേക്ക് വെള്ളം കടക്കും.

വെള്ളത്തിലൂടെ പോകുമ്പോൾ കുറഞ്ഞ ഗിയറിൽ (ഫസ്റ്റ് ഗിയറോ സെക്കൻഡ് ഗിയറോ ആണ് ഉത്തമം) ഏതെങ്കിലും ഒന്ന് ഉപയോഗിക്കുക. വെള്ളത്തിന്റെ നടുക്ക് വെച്ച് കാൽ കുറച്ച് ഗീയർ മാറ്റരുത്. ഒരു 2000 rpm നിലനിർത്തി വെള്ളക്കെട്ടുള്ള ഭാഗങ്ങൾ കഴിയുന്നത് വരെ പോകുക.

ചൂടായി നിൽക്കുന്ന വണ്ടി വളരെ സാവധാനം മാത്രം വെള്ളത്തിൽ ഇറക്കുക. ചൂടായ ലോഹം സാധനം പെട്ടന്ന് ഭാഗികമായി തണുക്കുകയാണെങ്കിൽ പൊട്ടൽ വീഴാൻ സാധ്യത ഉണ്ട്. ഹെഡ്, സിലിണ്ടർ ബ്ലോക്ക് എന്നിവയ്‌ക്ക് തകരാർ സംഭവിക്കും. അതുപോലെ തന്നെ കൂടുതൽ Splash ആകാതെ മാത്രം വെള്ളത്തിലൂടെ വണ്ടി കൊണ്ടുപോവുക.

പുതിയ മോഡൽ വണ്ടികൾ (BS IV) കൂടുതൽ വെള്ളമുള്ള സ്ഥലങ്ങളിൽ ഇറക്കാതെ ഇരിക്കുന്നതാണ് നല്ലത്. എയർ ഫിൽറ്റർ മാത്രമല്ല അതിന് ഒരു Engine Control Module (ECM) കൂടി ഉണ്ട്. അത് വളരെ സങ്കീർണമായ ഇലക്ട്രോണിക് ഉപകരണം ആണ്. കൂടുതൽ വെള്ളം കയറിയാൽ ഷോർട്ട് ആയി ECM തകരാറിലാകുവാൻ സാധ്യതയുണ്ട്. ECM കൂടാതെ വളരെയധികം സെന്സറുകളും പുതിയ വണ്ടികളിൽ ഉണ്ട്. ഇവയെല്ലാം വെള്ളത്തെ പേടിയുള്ളവയാണ് എന്നുകൂടി ഓർമ്മിപ്പിക്കട്ടെ. ഈ

പറഞ്ഞ കാര്യങ്ങൾ എല്ലാ വാഹനങ്ങൾക്കും ബാധകമാണ്. ഇനി റോഡിൽ വെള്ളക്കെട്ട്ടോ വെള്ളപ്പൊക്കമോ ഉണ്ടാകുന്ന അവസരങ്ങളിൽ ഇവയെല്ലാം ഒന്നോർക്കുക. വെറുമൊരു യന്ത്രം മാത്രമാണെങ്കിലും വാഹനങ്ങൾക്കു കൂടി പരിഗണന നൽകുക.

കടപ്പാട് പോസ്റ്റ്. എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാക്കുന്നതിനു വേണ്ടി പ്രസിദ്ധീകരിക്കുന്നു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.