വിവരണം – അരുൺ പുനലൂർ.
പ്രതീക്ഷയുടെ അമിത ഭാരമില്ലാതെ ഒരു ദിവസം അൽപ്പം കാട് കാണാനൊന്നു പോകണമെന്ന് തോന്നുന്ന യാത്രാ പ്രിയർക്കു പുനലൂരിൽ നിന്നും ചാലിയക്കര വഴി മാമ്പഴത്തറയിലേക്കും അവിടെ നിന്ന് കുറവൻതാവളം വഴി കറങ്ങിയിറങ്ങി കഴുതുരുട്ടിയിലെത്തിയിട്ട് ഇടത്തോട്ടു തിരിഞ്ഞു തമിഴ്‌നാട്ടിൽ കേറി പമ്പ്ലിയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞു തിരുമല കോവിലിലേക്കോ അച്ചന്കോവിലിലേക്കോ അല്ലെങ്കിൽ നേരെ പോയി സുന്ദരപാണ്ട്യപുരത്തേക്കോ കുറ്റാലത്തേക്കോ തെങ്കാശി ഗോപുരത്തിന് മുന്നിലേക്കോ പോവുകയോ പോണ വഴിക്കു റഹ്മത്ത് ഹോട്ടലിൽ കയറി ‘ബോർഡർ കൊത്തുപൊറോട്ട’ തിന്നിട്ടു വൈകിട്ട് തിരിച്ചു പോരുകയോ ചെയ്യാം.
അൽപ്പം ഓഫ്‌റോഡ് ഡ്രൈവിങ്ങിനു പറ്റിയ വണ്ടിയും ഡ്രൈവറും അങ്ങിനെയുള്ള റോഡിൽ കാട്ടിലും മേട്ടിലുമൊക്കെ പോകാനുള്ള റിസ്ക് എടുക്കാൻ താൽപ്പര്യം ഉള്ളവരും വേണം ഇറങ്ങിത്തിരിക്കാൻ. കാരണം കുറച്ചു റോഡ് നല്ലതാണ് കുറെ മോശവുമാണ്. അതുമാത്രമല്ല ആന കാട്ടുപോത്തു പോലുള്ള വല്യ കുഴപ്പക്കാരല്ലാത്ത ചിലർ സന്ധ്യക്കും രാത്രിയിലും ചിലപ്പോഴൊക്കെ പകലും സഞ്ചരിക്കുന്ന കാട്ടു വഴിയിലൂടെയാണ് നമ്മൾ പോകേണ്ടത്. അവരെ കണ്ടുമുട്ടുന്നതും കാണാൻ പറ്റാതെ പോകുന്നതും അവരവരുടെ തലവര പോലിരിക്കും. വഴിയിൽ ഉണ്ട് എന്നു സൂചന കിട്ടിയാൽ സൂക്ഷിക്കണം. കാട്ടിലൂടെയുള്ള യാത്രയിലെമ്പാടും ചുറ്റുപാടും നല്ല ശ്രദ്ധ വേണം…ഇടക്ക് മനോഹരമായിടങ്ങളിൽ ഇറങ്ങിനിന്നു കാഴ്ച കാണുമ്പോളും ഫോട്ടോയെടുക്കുമ്പോളും പരിസരം കൂടുതൽ ശ്രദ്ധിച്ചോണം.
ഇനി വഴി. പുനലൂർ നിന്ന് നേരെ ചാലിയക്കര എത്തുക ഉപ്പുകുഴിയിൽ നിന്ന് ഇടത്തോട്ട് കനാൽ പാലം കേറി മുകളിലേക്കു നേരെ പോകുന്ന റോഡ് മെറ്റിലിളകി അൽപ്പം പ്രശ്നമാണ്. അൽപ്പം കഴിഞ്ഞാൽ മാമ്പഴത്തറ വരെ നല്ല റോഡാണ്. പോകുന്ന വഴിയിൽ കാടിന്റെ കാഴ്ചകളും ശബ്ദങ്ങളും അതിമനോഹരമാണ്. മാമ്പഴത്തറയിൽ പുരാതനമായൊരു ക്ഷേത്രമുണ്ട്.. അവിടെ നിന്ന് അൽപ്പം മുന്നോട്ടു പോയാൽ ഇടതു വശത്തു കണ്ണീരു പോലെ തെളിഞ്ഞ വെള്ളവും കുഞ്ഞു മീനുകളുമുള്ള ഒരു അരുവിയുണ്ട്. അവിടുന്നങ്ങോട്ട് റബ്ബർ തോട്ടമാണ്.
ഇപ്പൊ മെറ്റൽ ഇളകി കിടക്കുന്ന റോഡാണ് ഉള്ളത്. രണ്ടു കിലോമീറ്റർ പോയാൽ കുറവൻതാവളം ജംഗ്‌ഷനിൽ എത്താം. ഒരു കൊച്ചു ജംഗ്‌ഷൻ. എസ്റ്റേറ്റ് വകയായുള്ള ബാലവാടിയും ചെറിയൊരു കാന്റീനും, രാവിലെയും വൈകിട്ടും മാത്രം തുറക്കുന്ന ചായക്കടയും, റേഷൻകടയും വെയിറ്റിങ് ഷെഡും ഇഷ്ടം പോലെ പാർട്ടി കൊടികളും ദൈവങ്ങളുടെ സ്തൂപങ്ങളുമൊക്കെ ഉണ്ട്. അവിടുന്ന് വലത്തേക്കുള്ള വഴിയേ നേരെ വിട്ടാൽ വീണ്ടും രണ്ടു സൈഡും നിബിഢവനമാണ്. ഉയരത്തിലേക്ക് ചെല്ലുംതോറും വശങ്ങളിലേക്ക് നോക്കിയാൽ അസാധ്യമായ ആമ്പിയൻസിൽ ചില നീളൻ കാഴ്ചകൾ കാണാം.
വലിയ മരങ്ങളും ഇടതു വശത്തെ മലയുടെ മുകളിലെ നാഗമല മൊട്ടയും കാണാൻ ഇറങ്ങി നിന്നു അൽപ്പം നേരം കഴിഞ്ഞപ്പോ വലത്തു വശത്തെ കാട്ടിനു മുകളിൽ നിന്ന് ആനയുടെ ചിന്ന അമറൽ ശബ്ദം കേട്ടതും വണ്ടി സ്റ്റാർട്ട് ചെയ്ത് പറപ്പിച്ചു വിട്ടു. ഇടയിൽ ഒരു മലയണ്ണാന്റെ ലീലാവിലാസങ്ങൾ കാണാൻ പറ്റി. മുകളിൽ എത്തിയാൽ പിന്നെ നെടുമ്പാറയിലേക്കുള്ള ഇറക്കമാണ്. ഇടക്കിടക്ക് റോഡിന്റെ പണികൾ നടത്തുന്ന ബംഗാളികളെ കാണാം. മെറ്റലും മെഷനറീസും കൊണ്ടിറക്കിയിട്ടിരിക്കുന്നു. ടാറിങ് ഉടനുണ്ടെന്നു തോന്നുന്നു. അതു കൂടിയായാൽ റോഡ് സൂപ്പർ ആകും.
ഇറക്കം ഇറങ്ങി വരുമ്പോ നാഗമല എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഒരു പള്ളി കാണാം 1945 ൽ സ്ഥാപിതമായത് എന്ന് എഴുതി വച്ചിട്ടുണ്ട്. പണ്ട് സായിപ്പന്മാരുടെ കാലത്ത് എസ്റ്റേറ്റിൽ ഉണ്ടാക്കിയതാണെന്ന് അനുമാനിക്കാം. ആ പോക്ക് നേരെ നെടുമ്പാറ ജംഗ്‌ഷനിലും അവിടുന്ന് കഴുത്തുരുട്ടിയിലെത്തി. അണ്ടർ പാസേജ് ഇറങ്ങി വലത്തോട്ടു തിരിഞ്ഞു തെന്മല വഴി തിരുവനന്തപുരത്തേക്കോ പുനലൂർക്കോ ഇടത്തോട്ടു തിരിഞ്ഞു തെങ്കാശിക്കോ പോകാം.
ഒറ്റ ദിവസത്തെ ഒരു ചിന്ന യാത്ര എന്നുള്ള നിലയിൽ നിരാശപ്പെടാതെ കുറച്ചു കാഴ്ചകൾ കണ്ടു കണ്ണു നിറച്ചു കാടിന്റെ കുളിരും ഈണങ്ങളും മുരൾച്ചകളും കേട്ടു അനുഭവിച്ചറിഞ്ഞു മടങ്ങിയെത്താം.