എഴുത്ത് – പ്രകാശ് നായർ മേലില.

“Sat Sri Akaal” (ദൈവം നിത്യസത്യമാണ്) “Waheguru Ji Ka Khalsa, Waheguru Ji Ke Fateh” (ദൈവം പരിശുദ്ധനാണ്, വിജയം ദൈവത്തിന്റേതാണ്.) സിഖുകാർ തമ്മിൽതമ്മിൽ പരസ്പ്പരം അഭിവാദ്യം ചെയ്യുന്നതിങ്ങനെയാണ്.

സിഖുകാർ അദ്ധ്വാനികളും ദയാലുക്കളുമാണ്. ലോകത്തെവിടെയും അവർ അങ്ങനെയാണ്.അന്നദാനം മഹാപുണ്യമെന്നത് അവരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. പഞ്ചാബിലെ സ്വർണ്ണക്ഷേത്രത്തിൽ നിത്യേന നടക്കുന്ന ലോകത്തെ ഏറ്റവും ബുഹത്തായ ലംഗർ (അന്നദാനം) വിശദമായി ഞാൻ മുൻപ് വിവരിച്ചിരുന്നതാണ്. ഒരൊറ്റ വ്യക്തിപോലും വിശന്നിരിക്കാൻ പാടില്ല എന്ന് വിശ്വസിക്കുന്നവരാണ് സിഖുമതസ്ഥർ.അതുകൊണ്ടുതന്നെ സിഖുകാരിൽ ഭിക്ഷാടകരില്ല എന്നതും വാസ്തവമാണ്.

സിഖ് ദമ്പതികളായ കവൽജിത്‌സിംഗും ഭാര്യ കമൽജിത് കൗറും കഴിഞ്ഞ ആറു വർഷമായി ആസ്‌ത്രേലിയയിലെ കിഴക്കൻ വിക്ടോറിയയിൽ ‘ബെൻസ്ടീൽ’ എന്ന സ്ഥലത്ത് ‘ദേശി ഗ്രിൽ റെസ്റ്റോറന്റ്’ നടത്തി വരുകയാണ്. കഴിഞ്ഞ നാലുമാസമായി ആസ്‌ത്രേലിയയിൽ പടർന്നു പിടിച്ചിരിക്കുന്ന കാട്ടുതീ മൂലം ആയിരക്കണക്കിനു ആളുകൾ അഭയാർത്ഥി ക്യാംപുകളിൽ കഴിയുന്നുണ്ട്. അവർക്കു വേണ്ടിയാണ് കവൽജിത്തും ഭാര്യയും ദിവസവും ഈ ഭക്ഷണപ്പൊതികൾ തയ്യറാക്കി ചാരിറ്റി സിഖ് വാളന്റിയേഴ്‌സ് എന്ന സംഘടനവഴി ക്യാംപുകളിലെത്തിക്കുന്നത്.

“ഞങ്ങൾ സിഖുകാരാണ്. സിഖ് പാരമ്പര്യമനുസരിച്ചുമാത്രമേ ഞങ്ങൾക്ക് ജീവിക്കാനാകുകയുള്ളു. അശരണരായ ആളുകളെ സഹായിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ കർത്തവ്യമാണ്.” കവൽജിത്തിന്റെ വാക്കുകളാണിത്.

ആസ്‌ത്രേലിയയിൽ കഴിഞ്ഞ നാലുമാസമായി പടർന്നുപിടിച്ചിരിക്കുന്ന രൂക്ഷമായ കാട്ടുതീ ഇതുവരെ മനുഷ്യരും മൃഗങ്ങളുമടക്കം ധാരാളം ജീവനും ഏക്കറുകളോളം ഭൂമിയും അപഹരിച്ചു കഴിഞ്ഞു. ന്യൂ സൗത്ത് വെയ്ൽസിലും വിക്ടോറിയയിലും ഒക്കെ സ്ഥിതി വളരെ രൂക്ഷമാണ്. അനേകം ആളുകളെ കാണാതായിട്ടുണ്ട്. മൂന്നുതവണ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. 1400 ലധികം വീടുകൾ ഇതുവരെ കത്തിനശിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.