ലേ – മണാലി ഹൈവേയിലെ ‘ഗാട്ടാ ലൂപ്‌സ്’ എന്ന മരണമുനമ്പ്

Total
147
Shares

വിവരണം – അരുൺ കളപ്പില.

“ഗാട്ടാ ലൂപ്‌സിനെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ…?” അവിചാരിതമായിട്ടാണ് ജിഗ്‌മിത്തിന്റെ ആ ചോദ്യം വന്നത്. അതിശൈത്യത്തിന്റെ ഇരുട്ടിൽ കാറ്റുപിടിച്ചുലച്ച പായ്‌വഞ്ചിപോലെ കടലിൽ ചുറ്റിത്തിരിയുന്ന ജലസഞ്ചാരിയുടെ ഭീതിയും കൗതുകവുമായിരുന്നു അപ്പോൾ മുന്നിൽ. ഇരുട്ടിനെ കാറ്റ്, ചുറ്റിപ്പിഴിയുമ്പോൾ ഡൈനിങ് ഹാളായി പരിണമിച്ച വലിയ ടെന്റിന്റെ വാതിൽപ്പഴുതിലൂടെ തണുപ്പിന്റെ ചില നുഴഞ്ഞുകേറ്റങ്ങൾ. ആവിപൊന്തുന്ന വെജിറ്റബിൾ സൂപ്പിലേക്ക് ചെറിയ പെപ്പർക്യാനിൽ നിന്നും പൊടി തട്ടിയിടാനുള്ള
ശ്രമത്തിലായിരുന്നു ഞാനപ്പോൾ.

“Do you know about Gata loops…?” ജിഗ്‌മിത് സെഫൽ ചോദ്യമാവർത്തിച്ചു.. “ഗാട്ടാ ലൂപ്‌സോ… എന്താണത്..?” സത്യത്തിൽ ഞാനപ്പോൾ കണ്ണുമിഴിച്ചു. ലഡാക്ക് യാത്ര എന്ന സ്വപ്നം ഉള്ളിൽ തീപോലെ പടർന്നുകയറിയിട്ട് ഇതിപ്പോൾ വർഷം പലതായി. ഇതിനകം എത്രയെത്ര പുസ്തകങ്ങൾ..!! എത്രയെത്ര വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞിരുന്നു. അതിലൊന്നും ഇങ്ങനെയൊരു പേര് കേട്ടിരുന്നില്ല. പ്രവചനാതീതം എന്നൊക്കെ പറയാവുന്ന ഹിമാലയൻ കാലാവസ്ഥ തന്നെയായിരുന്നു അതിൽ എപ്പോഴും വില്ലൻ..

വെയിൽ ചുട്ടെടുക്കുന്ന മലമുടികളിൽ നിന്നും ഉരുകിയൊലിക്കുന്ന മഞ്ഞുപാളികൾ തകർത്തുകളയുന്ന സഞ്ചാരപഥങ്ങൾ, മഞ്ഞുകാറ്റിന്റെ മലയിറക്കങ്ങൾ, അടർന്നുവീഴുന്ന മണൽകൂനകൾ, കണ്ണുമൂടുന്ന പൊടിക്കാറ്റ്, അപകടങ്ങളെ ഒളിപ്പിച്ചുവച്ച ചുരങ്ങളുടെ ചതിക്കുഴികൾ.. അങ്ങനെ ഓരോന്നും.. എല്ലാം കാലാവസ്ഥയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

യാത്രയ്ക്കായി ഏറ്റവും സുരക്ഷിതമായ സമയം തിരഞ്ഞെടുക്കുക എന്നത് ലഡാക്കിലേക്ക് യാത്രചെയ്യുന്ന ഓരോ സഞ്ചാരിയെ സംബന്ധിച്ചെടുത്തോളം അല്പം വെല്ലുവിളി തന്നെയാണ്. യാത്ര ചെയ്യാൻ കഴിയുന്ന ആറുമാസങ്ങളിൽ എപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. മഞ്ഞുപാളികളെ കീറിമുറിച്ച് തുറന്നെടുക്കുന്ന പാതയിലേക്ക് ഉരുകിയൊലിച്ചെത്തുന്ന ജലം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളാണ് മെയ് – ജൂൺ മാസങ്ങളിൽ ഉണ്ടാകുന്നതെങ്കിൽ, ജൂലായ് – ആഗസ്റ്റ് മാസങ്ങളിലെ മൺസൂണിൽ ഉണ്ടാകാവുന്ന മണ്ണിടിച്ചിലാണ് മറ്റൊന്ന്..

അപ്രതീക്ഷിതമായ കാലവസ്ഥാ വ്യതിയാനങ്ങൾകൊണ്ട് ഹിമഗിരികൾ നമ്മെ അമ്പരപ്പിച്ചുകളയും. പലപ്പോഴും പാതകളിൽ കുടുങ്ങിക്കിടക്കേണ്ടി വന്നേക്കാം. ഇരുട്ടുംമുമ്പ് സുരക്ഷിതമായ ഇടങ്ങളിലേക്ക് ഓടിയെത്തുക എന്നത് തന്നെയാണ് ഒരു
യാത്രികൻ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്. അതിനായി മുന്നൊരുക്കങ്ങൾ നടത്തുന്നതും നന്നായിരിക്കും.

കാലിയായ സൂപ്പിന്റെ കോപ്പ കമിഴ്ത്തി ജിഗ്‌മിത്ത് ടെന്റിൽ നിന്നും പുറത്തേക്കിറങ്ങിനടന്നു. പിന്നാലെ ഞാനും. ഇരുട്ടിൽ കിതയ്ക്കുന്ന ശ്വാസവേഗങ്ങളിലേക്ക് പ്രാണവായുവിനെ വലിച്ചെടുത്ത് അൽപനേരം നിശ്ചലനായി നിന്നു. തികച്ചും അപരിചിതമായ മലനിരകൾക്കിടയിലെ ആ വലിയ താഴ്‌വരയിൽ നിറഞ്ഞുനിൽക്കുന്ന കൂടാരങ്ങളിൽ ചിലതിൽ വെളിച്ചം കെട്ടുപോയിരുന്നില്ല.
അനന്തമായ കടൽരാത്രികളിൽ ഉലഞ്ഞുപോകുന്ന പായ്‌വഞ്ചിപോലെയത് കാറ്റിനൊപ്പം എങ്ങോട്ടോ സഞ്ചരിക്കുന്നതുപോലെ.

ചുറ്റിലും പടർന്നുകയറിയ ഇരുട്ട് ആകാശത്തേക്ക് വളർന്ന വടവൃക്ഷംപോലെ ശാഖകൾ നീട്ടി നിശബ്ദനായി. അതിനുമുകളിൽ ചിതറിനിൽക്കുന്ന നക്ഷത്രങ്ങൾ ശിഖരങ്ങളിലേക്ക് ഇറങ്ങിവരുന്നതുപോലെ ഇരുട്ട് പൂത്തുലയുന്നു..

ജിഗ്‌മിത്ത്.. നിങ്ങൾ ഗാട്ടാ ലൂപ്‌സിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ..? ഞാൻ ഇടയിലുള്ള മൗനത്തെ ഉടച്ചുകളഞ്ഞു. കത്തിച്ചുപിടിച്ചിരുന്ന പുകയിലക്കഷ്ണം വലിച്ചെറിഞ്ഞ് ജിഗ്‌മിത്ത് അടുത്തേക്ക് വന്നു. അയാൾ പറഞ്ഞു തുടങ്ങി. “ഗാട്ടാ ലൂപ്സ്” 21 ഹെയർപിൻ ബെന്റുകളുള്ള കഠിനമായൊരു പാതയാണത്.. ചന്ദ്രാനദിയുടെ കരയിൽ മനോഹരമായ കാഴ്ചകൾ നൽകുന്ന പാത..

ഇതിനകം തെക്കേ ഇന്ത്യയിലെ മനോഹരമായ ഹെയർപിൻ പാതകളിലൂടെ യാത്ര ചെയ്തിട്ടുള്ളതിനാൽ എനിക്കതിൽ വലിയ കൗതുകം തോന്നിയിരുന്നില്ല. എങ്കിലും വിവരണങ്ങൾ കേട്ടിരുന്നു. പക്ഷേ ജിഗ്‌മിത്ത് പിന്നീട് പറഞ്ഞകാര്യങ്ങൾ എന്നെ അക്ഷരാർത്ഥത്തിൽ നടുക്കിക്കളഞ്ഞു. “ആ വഴിയിൽ ഒരു പ്രേതമുണ്ട്…” “ജിഗ്‌മിത്ത് നിങ്ങൾ എന്താണ് പറയുന്നത്?” “സാബ്… നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം. വിശ്വസിക്കാതെയുമിരിക്കാം. വിജനമായ ഹിമാലയൻ പാതകളിൽ അമാനുഷികതയുടെ ഇത്തരം കഥകൾ നിറഞ്ഞിരിക്കുന്നുണ്ട്.”

“ജിഗ്‌മിത്ത്, എന്താണിതിന്റെ കഥ?” ജിഗ്‌മിത്ത് കഥപറഞ്ഞുതുടങ്ങി. “വർഷങ്ങൾക്ക് മുമ്പൊരിക്കൽ ഒക്ടോബറിന്റെ അവസാന ആഴ്ചയിൽ ഒരു ദിവസം മണാലിയിൽ നിന്നും ലേയിലേക്കുള്ള ഒരു ട്രക്ക് റോത്തങ്ങിലെത്തി. നിരത്തിലപ്പോൾ മഞ്ഞു പെയ്തു തുടങ്ങിയിരുന്നു. ഇരുവശങ്ങളിലേക്കും മറ്റു വാഹനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ലേ – മണാലി പാതയിലേക്കുള്ള മറ്റുവഴികൾ എന്നോ
അടയ്ക്കപ്പെട്ടിരുന്നു.

നിമിഷംതോറും മഞ്ഞു വീണുനിറയുന്ന പാതയിലൂടെ പോകരുതെന്ന് മറ്റുള്ളവർ നിർബന്ധിച്ചിട്ടും ഡ്രൈവർ വഴങ്ങിയില്ല. അയാൾക്ക് അടിയന്തിരമായി ലേയിൽ എത്തേണ്ടതുണ്ടായിരുന്നു. ഒടുവിൽ അയാളുടെ നിർബന്ധത്തിനു വഴങ്ങി അവസാനത്തെ ആ വണ്ടിയേയും കടത്തിവിട്ട് ചുരമടച്ചു.

വണ്ടിക്കുള്ളിൽ ഡ്രൈവറും ക്ളീനറും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. വഴികൾ പിന്നിട്ട്‌ അവരുടെ വണ്ടി ലേയിലേക്ക് കുതിച്ചുപാഞ്ഞു. വളഞ്ഞുപുളഞ്ഞൊഴുകുന്ന സഞ്ചാരപഥങ്ങൾ അവരുടെ ആത്മധൈര്യത്തിനു മുന്നിൽ തലകുനിച്ചു. മഞ്ഞിനെ കീറിമുറിച്ച് ബാരലച്ചയും, ജിസ്പയും, സർച്ചുവുമൊക്കെ പിന്നിട്ട്‌ ഗാട്ടാ ലൂപ്‌സിലേക്ക് കടന്നു.

മുനമ്പുകൾ ഓരോന്നും പിന്നിട്ടുപോകുമ്പോൾ പെട്ടെന്ന് വണ്ടി നിശ്ചലമായി. മഞ്ഞുപാളികൾക്കിടയിൽ ഉറച്ചുപോയതുപോലെ. എത്രയൊക്കെ ശ്രമിച്ചിട്ടും വണ്ടി മുന്നോട്ടെടുക്കാൻ ഡ്രൈവർക്ക് കഴിഞ്ഞില്ല. നിരന്തരമായ യാത്ര അയാളുടെ സഹായിയെ വല്ലാതെ അവശനാക്കിയിരുന്നു. സഹായത്തിനായി ഏറെനേരം കാത്തിരുന്നു.ഒരു വണ്ടിപോലും അതുവഴി കടന്നുവന്നില്ല.

കനത്ത മഞ്ഞുവീഴ്ചക്കിടയിൽ ആ മലഞ്ചെരുവിൽ അവരുടെ നിലവിളി കൊരുത്തുകിടന്നു. ഒടുവിൽ സഹായം തേടിയിറങ്ങാൻ ഡ്രൈവർ തീരുമാനിച്ചു. രോഗാതുരനായ സഹായിയെ വണ്ടിയിലിരുത്തി ആ മനുഷ്യൻ മഞ്ഞിലൂടെ നടന്നുതുടങ്ങി. ദിവസങ്ങൾ നീണ്ട നടത്തമായിരുന്നു അത്. ഒടുവിൽ മൈലുകൾക്കകലെ ഒരു ഗ്രാമത്തിന്റെ വെളിച്ചം അയാൾക്കായി കണ്ണുകൾ തുറന്നു. അതിന്റെ ചൂടിലേക്കയാൾ നടന്നുകയറി..

സമയം തീരെ പാഴാക്കാനുണ്ടായിരുന്നില്ല. അവശനായ ക്ളീനറുടെ അടുത്തേക്കയാൾക്ക് മടങ്ങിപോകേണ്ടിയിരുന്നു. ഗ്രാമീണരെ കൂട്ടി വണ്ടി ലക്ഷ്യമാക്കി തിരിച്ചുനടന്നു. ഇതിനകം ദിവസങ്ങൾ എത്രയോ കടന്നുപോയിരുന്നു. ഒടുവിൽ മഞ്ഞുപാളികളിൽ പുതഞ്ഞുപോയ ആ വണ്ടിയെ അവർ കണ്ടെത്തി. ക്ളീനറെ പുറത്തേക്കെടുത്തു. അതിനകം അയാൾ മരണപ്പെട്ടിരുന്നു.

ആ മുനമ്പിൽത്തന്നെ അയാളുടെ ശവശരീരത്തെ അവർ അടക്കം ചെയ്തു. മഞ്ഞുപെയ്തുനിറഞ്ഞ ആ മലഞ്ചെരുവിൽ ആരുമില്ലാതെ,
തൊണ്ടനനയ്ക്കാതെ, മഞ്ഞിലുറഞ്ഞ് മരിച്ചുപോയ ആ മനുഷ്യനെ ഓർത്ത് അവർ സങ്കടപ്പെട്ടു..

ആറുമാസങ്ങൾക്ക് ശേഷം വീണ്ടും പാത തുറന്നു. വെയിൽച്ചൂടിൽ വീണ്ടും മഞ്ഞുരുകിത്തുടങ്ങി. പാതയിൽ വാഹനങ്ങളുടെ നിര..
എന്നാൽ ഒറ്റപ്പെട്ടുപോയ ചില വാഹനങ്ങൾ ഗാട്ടാ ലൂപ്‌സിലൂടെ കടന്നുപോയപ്പോഴാണ് കണ്ടത്. മുഷിഞ്ഞ വേഷം ധരിച്ച് പ്രാകൃതനായ ഒരു മനുഷ്യൻ പൊരിവെയിലിൽ ജലത്തിനായി കൈ നീട്ടുന്നു. ചിലർ വണ്ടി നിർത്തി വെള്ളം കൈക്കുമ്പിളിലേക്ക് ഒഴിച്ചുകൊടുത്തു.

പക്ഷെ അത് കൈകളിലേക്കല്ല, നിലത്തേക്കാണ് പതിയ്ക്കുന്നത്. അവിടെ അപ്പോൾ കൈകൾ തന്നെ ഉണ്ടായിരുന്നില്ല. ആ മനുഷ്യനും. അലറിവിളിച്ചുകൊണ്ടവർ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി. അങ്ങനെ നിരവധിപേർ. അതേ… ആ മുനമ്പിൽ ഒരു പ്രേതമുണ്ട്. വികൃതരൂപിയായ ഒരു മനുഷ്യ രൂപം.” ജിഗ്‌മിത്ത് കഥ പറഞ്ഞുനിർത്തി.

“ജിഗ്‌മിത്ത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?” കഥയുടെ കൊളുത്ത് പൊട്ടിച്ച് ഞാൻ പെട്ടന്ന് പുറത്തേക്ക് ചാടി. “ഇല്ല.” സമാധാനമായി. ഉണ്ടെന്നായിരുന്നു ഉത്തരമെങ്കിൽ പാടെ തള്ളിക്കളയാൻ കഴിയാത്ത കെട്ടുകഥകളുടെ നിഗൂഢതയിലേക്ക്, ചിന്തകളുമായി ഞാൻ വീണ്ടും കാടുകേറിപ്പോയേനെ.

മനസിനെ നോവിച്ച ആ കഥയുമായി ഉറങ്ങിയുണർന്നു. വണ്ടിയിപ്പോൾ ഗാട്ടാ ലൂപ്‌സിലൂടെ കടന്നുപോകുന്നു. വെയിൽച്ചൂടിൽ അവിടം ജ്വലിച്ച് നിൽക്കുന്നു. എത്ര മനോഹരമാണ് ഇവിടം. സങ്കീർണ്ണമായ വളവുകൾ, കയറ്റങ്ങൾ.. ഒക്കെ യാത്രയെ ഭീതിയിലാഴ്ത്തുന്നു.
താഴെ മൺകൂനകളെ വിഴുങ്ങി ചന്ദ്രാനദി കലങ്ങിയൊഴുകുന്നുണ്ട്.

മുനമ്പുകൾ ഓരോന്നായി പിന്നിടുമ്പോൾ പെട്ടെന്ന് ഒരു കാഴ്ച.. മുന്നിൽ ഒരു മൺകൂന. അവിടം മുഴുവൻ മൂടിപൊട്ടിക്കാത്ത വെള്ളത്തിന്റെ കുപ്പികൾ. “ഇവിടെ തന്നെയാണത്. ആ മനുഷ്യനെ അടക്കം ചെയ്ത……..” ജിഗ്‌മിത്ത് വണ്ടി നിർത്തി.
കുപ്പിയുടെ മൂടിതുറന്ന്‌ ജലം മണ്ണിലേക്കൊഴിച്ച് തിരിച്ചുകയറി. വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് പിന്നിലേക്കൊന്ന് തിരിഞ്ഞുനോക്കിയത്. അവിടെ എന്തോ ഒന്ന്.. മലയുടെ നിഴലാവാം അത്. മനുഷ്യന് കീഴടക്കാൻ കഴിയാത്ത മലമുടിയുടെ മറവുകൾ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post