വിവരണം – Sabu M.J.
കന്യാവനങ്ങളുടെ അനുപമ സൗന്ദര്യം അളവില്ലാതെ വിളമ്പി വച്ച് ഗവി ക്ഷണിച്ചുകൊണ്ടേയിരുന്നു . വരിക. ഇതു വഴി വരിക .മതി വരുവോളം ഈ സൗന്ദര്യം നുകരുക . പല കുറി മാറ്റിവച്ച യാത്ര ഒരു ദിനം ഗവിയുടേത് മാത്രമായെത്തി . വന്യ ജീവികൾ നിറഞ്ഞ കേരളത്തിലെ അപൂർവം വനങ്ങളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിൽ തേക്കടി വനങ്ങളോട് ചേർന്ന് കിടക്കുന്ന ഗവി വനമേഖല . പുൽമേടുകളുടെ സുന്ദരമായ നിന്മോന്നതകളും താഴുവാരകളിലെ കരിമ്പച്ചവനങ്ങളും ഗവിയുടെ സൗന്ദര്യം വ്യത്യസ്തമാക്കുന്നു.
ക്രോസിംഗുകളിൽ കുടുങ്ങി കിതച്ചുകിതച്ചു തിരുവന്തപുരത്തേക്കുള്ള ഇന്റെർസിറ്റി എക്സ്പ്രസ്സ് ആലപ്പുഴ സ്റ്റേഷനിൽ എത്തുമ്പോൾ സമയം രാവിലെ 10.30 . പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേക്കുള്ള അവസാന ബസ്സ് നഷ്ട്ടപെട്ടു എന്ന് തന്നെ കരുതി . ഒരു പരീക്ഷണമെന്നോണമാണ് ടാക്സി പിടിച്ചു പത്തനംതിട്ട KSRTC സ്റ്റാൻഡിൽ എത്തിയത്. ഗവിയിലേക്കുള്ള അവസാന വണ്ടി അതാ ഞങ്ങളെയും കത്ത് കിടക്കുന്നു . നീളം കുറഞ്ഞ ഒരു വെളുത്ത ബസ്സ് . അതിൻറെ നെറ്റിയിൽ കറുത്ത വലിയ അക്ഷരത്തിൽ കുമളി എന്നും ചെറിയ അക്ഷരത്തിൽ ചിറ്റാർ സീതത്തോട് ഗവി എന്നും എഴുതിയ ബോർഡ് ഞങ്ങൾ രണ്ടുമൂന്നു വട്ടം വായിച്ചു തൃപ്തിയടഞ്ഞു . അയ്യപ്പസ്വാമിയുടെ പുങ്കാവനമായ ഗവിയിലേക്കുള്ള യാത്ര തുടങ്ങുകയായി .
വളവുകളും തിരിവുകളും കയറ്റിറക്കങ്ങളുമായി ജനവാസമേഖലകളിലൂടെയാണ് തുടക്കത്തിലെ യാത്ര . ചിറ്റാറിൽ നിന്നും ളാഹയിലെ പൈനാപ്പിൾകുന്നുകൾ ചുറ്റി പതുക്കെ പതുക്കെ കാടിൻറെ ചാരുതയിലേക്ക് . കൊച്ചാണ്ടി ചെക്ക് പോസ്റ്റിൽ എത്തുപ്പോഴയേക്കും ചുറ്റുപാടും വനദൃശ്യങ്ങൾ നിറഞ്ഞു . കൂട്ടം തെറ്റി മലഞ്ചെരിവിലൂടെ അലഞ്ഞു നടക്കുന്ന മേഘശകലങ്ങൾ . നിബിഢവനത്തിൻറെ മാദകഗന്ധവും ചെറുജീവികളുടെ മൂളിപ്പാട്ടും .
മൂഴിയാർ ഡാമിലേക്കാണ് ആദ്യം എത്തിയത് . വൈദ്യുതോൽപ്പാദനത്തിനു ശേഷം പവർ ഹൗസിൽ നിന്നും പുറത്തു വരുന്ന വെള്ളം മൂഴിയാർ അണക്കെട്ടിൽ സംഭരിച്ചു നിറുത്തിയിരിക്കുന്നു. ഈ ജലം ഉപയോഗിച്ചാണ് കക്കാട് ജലവൈദ്യുതി നിലയത്തിൽ അമ്പതു മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. യാത്ര ദുർഘട പാതയിലൂടെയായി . തള്ളി നിൽക്കുന്ന മരച്ചില്ലകൾ ബസ്സിൻറെ പാർശ്വങ്ങളിൽ തട്ടി ഒച്ച വച്ചു . തല നീട്ടി നിൽക്കുന്ന ഈറ്റച്ചെടികളും കൊങ്ങിണി പൂക്കളും സ്നേഹസ്പർശം നടത്തി . ചൂടാറാത്ത ആനപിണ്ഡം പാതയിലുടനീളമുണ്ട്.
കക്കി ഡാമിൻറെ മുകളിലൂടെയായി യാത്ര . അംബരചുംബികളായ രണ്ടു പർവതങ്ങൾ ഹസ്തദാനം ചെയ്യുന്ന ഒരു എഞ്ചിനീയറിംഗ് വിസ്മയമായി കക്കി ഡാം . ഒരുവശത്ത് വെയിലും നിഴലുമായി ജലസംഭരണിയിലെ ജലസമൃദ്ധി . മറുവശത്തു ചെങ്കുത്തായ മലയിടുക്കുകളുടെ വന്യമായ വശ്യത . ഗതകാല സ്മരണകൾ ഉണർത്തി ഭയാനകമായ ആഴത്തിൽ വെള്ളിരേഖ പോലെ ഒരു നീർച്ചാൽ കാണാം . 1968-ൽ അമേരിക്കൻ സഹായത്തോടെയാണ് ശബരിഗിരി പദ്ധതി പൂർത്തീകരിച്ചത് . ഇടുക്കി കഴിഞ്ഞാൽ വൈദ്യുതി ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനം. ഡാം പരിസരത്തു നിന്നും തൊഴിലാളികളായ തമിഴു സ്ത്രീകൾ കൂട്ടത്തോടെ ബസ്സിൽ കയറി .
കയറിയപാടെ അടുക്കി വച്ച വെറ്റിലകളിൽ ചുണ്ണാമ്പ് തേച്ചു അടക്ക ചവച്ചു വിശേഷങ്ങളുടെ കെട്ടുകൾ അഴിക്കുകയാണവർ . പച്ചപ്പിൻറെ പുൽമേടുകളും പൂക്കൾ നിറഞ്ഞ പൂഞ്ചോലകളും മാറി മാറി വന്നു . പലയിടത്തും നിരങ്ങിയിറങ്ങിയ പാറക്കല്ലുകൾ പാതയിൽ തടസ്സം നിന്നു . കുത്തനെയുള്ള ഒരു ഇറക്കത്തിൽ വളവു തിരിഞ്ഞതും തൊട്ടുമുന്നിൽ ഒരു വമ്പൻ കാട്ടുപോത്ത്. കൊമ്പുകളിൽ ചെമ്മൺ അണിഞ്ഞു ഈറ്റച്ചെടികളിൽ മറഞ്ഞു പ്രൗഢിയോടെ നിൽക്കുകയാണവൻ . ബസ്സ് അടുത്തെത്തിയതും അവനൊന്നു മുരണ്ടു . പിന്നെ പതുക്കെ പാത മുറിച്ചുകടന്ന് കാട്ടിലേക്ക് കയറി .
വഴിയരികിൽ ഉയർന്നു നിൽക്കുന്ന പെൻസ്റ്റോക് സർജ് ടാങ്ക് കഴിഞ്ഞാൽ ആനത്തോട് അണകെട്ടായി. മുറുക്കി ചുവപ്പിച്ച ചുണ്ടുകളോടെ സ്ത്രീകളിൽ കുറെ പേർ ചർച്ചകൾ അവസാനിപ്പിച്ചു യാത്ര പറഞ്ഞിറങ്ങി . വഴിയോരത്തു കത്ത് നിൽക്കുകയായിരുന്ന കൊച്ചുമക്കൾ ഓടി വന്നു അവരെ ആശ്ലേഷിച്ചു സ്വീകരിക്കുന്നുണ്ട് . ശബരിഗിരി പദ്ധതിയിലെ അവസാന ഡാമായ കൊച്ചുപമ്പയിലേക്കാണ് ഇനി യാത്ര .
തെളിനീരൊഴുകുന്ന ഒരു അരുവിക്കരയിൽ ഒരു കൂട്ടം പുള്ളിമാനുകൾ അലസം മേഞ്ഞു നടക്കുന്നു . ഒച്ച കേട്ട് അവർ ഒരുമിച്ച് തല ഉയർത്തി . കൊച്ചുപമ്പ KSEB കോളനിയിൽ ചായക്കടക്കരികിൽ കുറച്ചുനേരം ബസ്സ് നിറുത്തിയിട്ടു. പുല്മേടുകളിലും മലഞ്ചെരുവുകളിലും അസ്തമയത്തിൻറെ ശോണിമ പടർന്നിറങ്ങുവാൻ തുടങ്ങി . ദൂരെ മലമടക്കുകൾക്കു നടുവിൽ സൂര്യൻ ചെഞ്ചായം പൂശി നിന്നു. വഴിയരികിൽ നിന്ന് നെയ്മണമുള്ള ചുടു ചായ ഊതി കുടിക്കുമ്പോൾ പ്രകൃതി അതിൻറെ സകലവിധ വശ്യഭാവത്തോടെയും ഇഷ്ട്ടം കൂടുന്ന പോലെ.
അർക്കന്റെ അവസാന തുണ്ടും മലകൾക്കിടയിലേക്കു മറഞ്ഞു കഴിഞ്ഞിരുന്നു .
വനത്തിൽ പെട്ടന്ന് ഇരുട്ട് പരന്നു. ഗവിയിലെത്തണം. ഗവിയിലാണ് രാത്രിതാമസം . ഗിരീഷണ്ണനോട് യാത്ര പറഞ്ഞിറങ്ങി .കൊച്ചു പാമ്പയാറിന്റെ ഓരം പറ്റിയായി യാത്ര. പുണ്ണ്യനദിയായ പമ്പയുടെ കൈവഴിയാണ് കൊച്ചുപമ്പ . ഗവിയിൽ പണിതിരിക്കുന്ന ആർച്ചു ഡാമിലാണ് വെള്ളമത്രയും സംഭരിക്കുന്നത്. ഈ ജലാശയത്തിൽ നിന്നാണ് ശബരിമല അയ്യപ്പ ക്ഷേത്രത്തിലേക്കുള്ള ശുദ്ധജലവിതരണം.
ഗവിയിലെ KFDC റിസോർട്ടിന് മുന്നിൽ ബസ്സിറങ്ങുബോൾ നേരം നന്നേ ഇരുട്ടി . മിന്നലിൽ തെളിഞ്ഞു മറയുന്ന കടും പരിസരവും ഗവിയുടെ നിമിഷ ചിത്രങ്ങൾ പകർന്നു .ജലാശയത്തിനുമപ്പുറത്തു നിന്നും കുടണഞ്ഞ പക്ഷികളുടെ കൊഞ്ചലുകൾ സംഗീതം പോലെ കേൾക്കാം . 200-ൽ പരം പക്ഷി ജാതികളുണ്ട് ഗവിയിലെ കാടുകളിൽ .
ചൂടുവെള്ളത്തിൽ ഒരു കുളിയും കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ ഗൈഡ് ബാലചന്ദ്രൻ തയ്യാറായി എത്തി . ചിണുങ്ങി ചിണുങ്ങി പെയ്യുന്ന മഴയെ കൂസാതെ റിസോർട്ടിൻറെ വശങ്ങളിലൂടെ മുകളിലേക്ക് കയറി . നറുനിലാവ് പതിഞ്ഞ വനാന്തരത്തിലെ പുല്മേടുകളുടെ സൗന്ദര്യം കണ്ടു മതിമറന്നു പോയി. നൂറുകണക്കിന് അടികൾ അടിയിൽ വനഹൃദയത്തിൽ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ശബരിമല ക്ഷേത്രം . കുത്തനെയുള്ളൊരു മലക്കുമുകളിൽ പൊന്നമ്പലമേട് . ഡിന്നറിനു സമയമായപ്പോഴാണ് തിരിച്ചിറങ്ങിയത് . വിഭവസമൃദ്ധമായിരുന്നു ഡിന്നർ. പുറത്തെ തണുപ്പ് താടിയെല്ലുകൾ വിറപ്പിച്ചു . നിശബ്ധദയിലാണ്ട കാനനം.
ബാലചന്ദ്രൻ വിറകുകമ്പുകൾ കൂട്ടിയിട്ടു ക്യാമ്പ് ഫയറിട്ടു . തീയാളി കനലുകൾ ചുകന്നു തുടുത്തു . കനലുകളിൽ ചുട്ടു ബാലചന്ദ്രൻ ആനകഥകൾ പറഞ്ഞു . ആനകൾ മാത്രമല്ല എല്ലാ വന്യ ജീവികളുമുണ്ട് പെരിയാർ കടുവ സങ്കേതത്തോടു ചേർന്ന് കിടക്കുന്ന ഈ വനമേഖലയിൽ. നിശബ്ദതയെ ഭഞ്ജിക്കുന്ന നേർത്ത ഒച്ചകൾ ഉൾക്കാടുകളിൽ നിന്നും അലയടിച്ചെത്തുന്നുണ്ട് . .
പുലർച്ചെ 5.30 നാണു പാക്കേജിൻറെ ഭാഗമായുള്ള ജംഗിൾ സഫാരി .വനം വകുപ്പിൻറെ ജീപ്പ് തയാറായി എത്തി . പ്രഭാതത്തിൻ്റെ കുളിരിൽ നിശ്ചലമായി നിൽക്കുന്ന കാടും ജലാശയവും. ഉറക്കമുണർന്ന കിളികളുടെ കിളിപേച്ചുകൾ . ആകാശസീമകളിൽ പ്രകാശത്തിൻറെ പ്രസരണം കണ്ടു തുടങ്ങി . ചുടുചായ മൊത്തി ഞങ്ങൾ സഫാരിക്കിറങ്ങി. മരം കോച്ചുന്ന മഞ്ഞിൽ ആകാംക്ഷയും ഉൽക്കണ്ഠയും നിറയുന്ന കാട്ടുവഴികൾ . വന്യ ജീവിദർശനം ഓരോ വളവുകളിലും പ്രതീക്ഷകളായി നിന്നു.
പുഴയിലേക്കിറങ്ങുന്ന ഒരു നടവഴിയിൽ ബാലചന്ദ്രൻ ഗജഗന്ധം മണത്തു .ചളിയിൽ പതിഞ്ഞ വൃത്താകൃതിയിലുള്ള കാല്പാദം പിന്തുടർന്നായി നടത്തം . കുറച്ചു ദൂരം കഴിഞ്ഞതും വാരകൾക്കപ്പുറം പുഴയിൽ വെള്ളം ചീറ്റി നിൽക്കുന്ന ഒരു ഒറ്റയാൻ. പെട്ടന്നവൻ നിശ്ചലനായി. അതൊരു സൂചനയാണത്രെ .ശബ്ദമുണ്ടാക്കാതെ തിരിച്ചുനടക്കുമ്പോൾ ഗവിയിലെ ആനകൾ അപകടകാരികളല്ലെന്നു ബാലചന്ദ്രൻ. ചെക്ക്പോസ്റ് കഴിഞ്ഞു പാലത്തിനടുത്തുള്ള തടാകത്തിൽ വലിയൊരു മാനും കുഞ്ഞും നീരാടുന്നതു കണ്ടു.
പക്ഷെ ജീപ്പ് നിറുത്തി പുറത്തേക്കു ഇറങ്ങുപ്പോഴയേക്കും അവ കട്ടിൽ മറഞ്ഞു . എതിരെ വന്നൊരു വാഹനം ഞങ്ങൾക്കരികിൽ സഡൻ ബ്രേക്കിട്ടു നിറുത്തി . ” ടവറിനടുത്ത വളവിൽ ആനക്കൂട്ടമുണ്ട് ഉടനെ പോയാൽ കാണാം “കൊച്ചുപമ്പ ഡാമും കഴിഞ്ഞു റോഡരികിൽ വലതുവശത്തെ പാറയിൽ കയറിയപ്പോൾ മുന്നിലെ കുന്നിൽ വെയിൽ കാഞ്ഞു നടക്കുന്നൊരു ആനക്കൂട്ടം .അതിനടുത്ത കുന്നിൽ കാട്ടുപോത്തുകളുടെ കൂട്ടവും .
ഗവിയിലെ അണക്കെട്ടും, ഏലത്തോട്ടങ്ങളും, മ്യൂസിയവും സന്ദർശിച്ചു തിരിച്ചെത്തിയപ്പോഴയേക്കും സമയം ഉച്ചയായി. ഉച്ചഭക്ഷണത്തിനു ശേഷമായിരുന്നു ഗവി ജലാശയത്തിലൂടെയുള്ള ബോട്ടിംഗ്. പാക്കേജിലെ പ്രധാന ആകർഷണമാണ് ഗവി തടാകത്തിലൂടെ വനാന്തർഭാഗത്തെ വെള്ളച്ചാട്ടം വരെയുള്ള ബോട്ടിംഗ്. കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നുണ്ടയിരുന്നു. തടാകക്കരയിലെ മരച്ചില്ലയിലിരുന്ന ഒരു കരിംകുരങ്ങു ഞങ്ങളെ കണ്ടു ഉറക്കെ ഒച്ച വച്ചു.
ഇളംകാറ്റിനൊപ്പം പരിസരമാകെ മുടൽമഞ്ഞു നിറയുകയാണ്. മഴ തുള്ളിയിട്ടു തുടങ്ങി. നിമിഷനേരംകൊണ്ട് അണക്കെട്ടും പരിസരവും പുകമറയിലമർന്നു. വെള്ളച്ചാട്ടത്തിൻറെ കിലുകിലാരവം ശ്രവിച്ചു മൂടൽ മഞ്ഞിലൂടെ ബാലചന്ദ്രൻ കൊച്ചുവള്ളം തുഴഞ്ഞു. അതൊരു പ്രത്യേക അവസ്ഥയായിരുന്നു. വെള്ളച്ചാട്ടത്തിൻറെ മനോഹാരിത അരികിലെത്തിയപ്പോഴാണ് ശരിക്കും മനസ്സിലായത്. അറുപതടി മുകളിൽ നിന്നും പാറകളിൽ തട്ടി ചിന്നിച്ചിതറി വീഴുന്ന ജാലകണികകൾ. വന്മരങ്ങൾ ചുറ്റിലും കുട ചൂടി നിൽക്കുന്നു. മണിക്കൂറുകളോളം നീരാടുവാൻ തക്ക സ്വകാര്യതയിലാണ് വെള്ളച്ചാട്ടത്തിൻറെ സ്ഥാനം.
മടക്കയാത്രക്കുള്ള സമയമായി. ഗവിയിൽ നിന്നും വണ്ടിപെരിയാറിലേക്കുള്ള ഒന്നര മണിക്കൂർ യാത്ര വള്ളക്കടവ് ചെക്ക് പോസ്റ്റ് വരെ കാനന സൗന്ദര്യം തുളുമ്പുന്ന ഇടതിങ്ങിയ കടും മേടും താണ്ടിയാണ്. പാതക്ക് സമാന്തരമായി ഇടുക്കിയിലേക്കു ഒഴുകുന്ന പെരിയാർ നദി കാണാം. ശബരിമല ക്ഷേത്രസന്നിധിയിലേക്കുള്ള പുല്ലുംമ്പുറം റോഡും ഈ വഴിയിലാണ്. വണ്ടിപ്പെരിയാറിൽ നിന്നും കോട്ടയത്തേക്ക് കയറിയ KSRTC ബസ്സ് പീരുമേട് ചുരമിറങ്ങുവാൻ തുടങ്ങിയിരുന്നു. മൂടൽമഞ്ഞു മൂടിയ പീരുമേട്ടെ തേയിലത്തോട്ടങ്ങളിൽ മനസ്സ് അറിയാതെ ഭ്രമിച്ചു കൊണ്ടിരുന്നു.