വിവരണം – ദീപ ഗംഗേഷ്
പാലക്കാടിന്റെ ഗ്രാമീണത നെഞ്ചിലേറ്റിയ സുകുഡ്രൈവറും കണ്ടക്ടർ ഇരവികുട്ടൻ പിള്ളയും കൂടി ഓർഡിനറി ആനവണ്ടി ഓടിച്ചത് ഗവിയിലേയ്ക്ക് മാത്രമല്ല മറിച്ച് മലയാളിയുടെ ഹൃദയത്തിലേയ്ക്ക് കൂടിയായിരുന്നു ഇത്രയും മനോഹരമായ ഒരു സ്ഥലം കേരളത്തിൽ ഉണ്ടെന്ന് അറിയുന്നത് തന്നെ അന്നായിരുന്നു. സിനിമ ഹിറ്റായതോടെ ഗവിയിലേക്ക് സഞ്ചാരികളുടെ പ്രവാഹമായി. ഒഴുക്ക് തടയാൻ വനം വകുപ്പ് വാഹനങ്ങൾക്കും സഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. അങ്ങനെ ഗവി എന്ന ആഗ്രഹം വർഷങ്ങൾ നീണ്ടു. “ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ..” വിജയന്റെ ഹിറ്റ് ഡയലോഗ് പോലെ അവസാനം അൽപ്പം വൈകിയാണെങ്കിലും ആ സമയം അങ്ങ് വന്നെത്തി. പതിവ് പോലെ സുഹൃത്തുക്കളും കുടുംബാഗങ്ങളുമായി ആയിരുന്നു യാത്ര.
ആദ്യം ഗവിയെ പറ്റി രണ്ടുവാക്ക്. പത്തനംതിട്ട ജില്ലയിലെ സുന്ദരിയായ വില്ലേജ് ആണ് ഗവി. വണ്ടിപ്പെരിയാറിൽ നിന്ന് 28 കി.മി. തെക്കുകിഴക്കായാണ് ഗവി സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 3400 അടി ഉയരത്തിൽ ആയതിനാൽ തന്നെ എപ്പോഴും തണുത്ത് മഞ്ഞ്പുതച്ചാണ് അവളുടെ ഇരിപ്പ്. പച്ചപ്പ് നിറഞ്ഞ കാടുകളും പുൽമേടുകളും മൊട്ടകുന്നുകളും അവളെ അതിസുന്ദരിയാക്കുന്നു. കാടുമായി ഇത്രയും അടുത്ത് ഇടപഴകുന്ന മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങൾ കേരളത്തിൽ കുറവാണ്. അതു തന്നെയാണ് ഗവിയിലേക്കുള്ള സന്ദർശന പ്രവാഹത്തിന്റെ കാര്യവും. പരിസ്ഥിതി ലോലപ്രദേശവും വന്യമൃഗങ്ങളുടെ ആവാസസ്ഥലവും ആയതിനാലാണ് വനം വകുപ്പ് ഇവിടെ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
തൃശൂർ നിന്ന് രാവിലെ തന്നെ തിരിച്ചെങ്കിലും ട്രാഫിക് ബ്ലോക്കും മറ്റു പ്രശ്നങ്ങളും കാരണം വൈകീട്ട് നാലുമണിയോടെയാണ് ഗവിയിൽ എത്തിയത്. വനംവകുപ്പിന്റെ സൈറ്റിൽ ഓൺലൈനായി പാക്കേജ് എടുത്തതിനാൽ വാഹനത്തിന് ഉള്ളിലേക്ക് പ്രവേശിക്കാൻ തടസ്സങ്ങൾ ഒന്നും തന്നെയുണ്ടായില്ല. താമസം ഭക്ഷണം എന്നതിനു പുറമെ സഫാരി, ട്രക്കിംഗ്, ബോട്ടിംഗ് എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു. സാധാരണ ദിവസങ്ങളിൽ പത്ത് സ്വകാര്യ വാഹനങ്ങൾക്ക് മാത്രമേ ഗവിയിലേക്ക് പ്രവേശനം ഉള്ളൂ എന്നാണ് അറിവ്. അവധി ദിവസങ്ങളിൽ മുപ്പതും .ചെക്ക് പോസ്റ്റിൽ നിന്നും ലഭിക്കുന്ന പാസ്മൂലം പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു. ഗവി കാണണമെങ്കിൽ രാവിലെ പോയി വാഹനങ്ങൾ ക്യൂവിൽ കിടക്കണം എന്ന് കേൾക്കുന്നതിന്റെ കാരണം ഇതാണെന്ന് മനസ്സിലായി. പ്ലാസ്റ്റിക്കുകൾക്ക് കർശന നിയന്ത്രണം ഇവിടെയുണ്ട്.
വള്ളക്കടവ് ചെക്പോസ്റ്റ് കഴിഞ്ഞാൽ മനോഹരമായ കാട്ടിലൂടെയാണ് യാത്ര. വീതി കുറഞ്ഞ റോഡ് വളരെമോശം അവസ്ഥയിലാണ്. വാഹനങ്ങൾ വേഗത്തിൽ സഞ്ചരിച്ച് വന്യമൃഗങ്ങൾക്ക് അപകടം വരുത്തരുതെന്ന ഉദ്ദേശത്തോടെയാവാം റോഡ് നന്നാക്കി സംരക്ഷിക്കാത്തതെന്ന് തോന്നുന്നു. സഞ്ചരിക്കുന്ന വഴി വിജനമായിരുന്നു. എതിരെ വാഹനങ്ങൾ അപൂർവ്വമായി മാത്രം.എന്നാൽ മലയണ്ണാൻ, കുരങ്ങൻമാർ, മാനുകൾ ഒഴിച്ച് മറ്റു മൃഗങ്ങളെയൊന്നും കാണാൻ കഴിഞ്ഞില്ല. ഗവി അടുക്കും തോറും മൂടൽമഞ്ഞും തണുപ്പും വണ്ടിയിലേയ്ക്ക് അരിച്ചുകയറി തുടങ്ങി.സിനിമയിൽ കണ്ട ഗവിയാർ ഡാമിനു മുകളിലൂടെ നിറയെ പൂക്കളുള്ള ഒരു ഉദ്യാന മുറ്റത്ത് വണ്ടി നിന്നു.അവിടെയായിരുന്നു ഫോറസ്റ്റ് ഓഫീസും മറ്റ് താമസ സ്ഥലങ്ങളും.
ടൂറിസം ഓഫീസിൽ നിന്ന് ഒരു ഗൈഡിനെ ഞങ്ങൾക്കൊപ്പം വിട്ടു തന്നു. സമയം സന്ധ്യയോട് അടുത്തതു കൊണ്ട് അന്ന് മറ്റ് പ്രോഗ്രാമുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ചായ കഴിക്കാനാണ് ആദ്യം പോയത്. ഉദ്യാനത്തിനുള്ളിൽ ആയിരുന്നു ഭക്ഷണം കഴിക്കുന്ന സ്ഥലം. അതിന്റെ താഴെയായി ഗവിയാർ ഡാം റിസർവോയർ ‘ ഡൈനിംഗ് ഹാളിലേക്ക് പോകുന്ന വഴിയിൽ പന്തലിട്ട് അതിലേയ്ക്ക് നല്ല കരുത്തുള്ള ഒരു പ്രത്യേകതരം പൂച്ചെടി പടർത്തിയിരിക്കുന്നു. മുകളിൽ ഇലകൾ മൂടിയതിനാൽ താഴേക്ക് വെയിലേൽക്കില്ല എന്നു മാത്രമല്ല അതിന്റെ മഞ്ഞയും ചുവപ്പും കലർന്ന പൂങ്കലകൾ വള്ളി തോരണങ്ങൾ പോലെ താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നത് അതിമനോഹരമായ ഒരു കാഴ്ചയായിരുന്നു. അതിലെ തേൻ കുടിക്കാൻ ചെറിയ കുരുവികളും. പൂവിന്റെ ഭംഗി കണ്ട് ഗൈഡിനെ മണിയടിച്ച്ചാക്കിലാക്കി പോരുന്ന സമയത്ത് ഞാനതിന്റെ രണ്ട് കമ്പുകൾ വാങ്ങി വീട്ടിൽ കൊണ്ടുവന്ന് നട്ടിരുന്നു. ചെടി ആരോഗ്യത്തോടെ വളർന്ന് വളളിയായി പൂങ്കുലകൾ താഴേക്ക് വീണെങ്കിലും അതിൽ പൂ വിടർന്നില്ല. കാലാവസ്ഥയുടെ മാറ്റം തന്നെ.
ചായകുടി കഴിഞ്ഞ് താമസം അറേഞ്ച് ചെയ്തിട്ടുള്ള സ്ഥലത്തേയ്ക്ക് ഗൈഡ് കൂട്ടികൊണ്ടു പോയി. ഡാമിന് സമീപം റിസർവോയറിലേയ്ക്ക് അഭിമുഖമായി മലഞ്ചെരുവിൽ നിർമ്മിച്ചിട്ടുള്ള ചെറിയ വീടുകൾ പോലുള്ള ടെൻറുകൾ കാഴ്ചയിൽ അതി മനോഹരമായിരുന്നു. സ്വിസ് കോട്ടേജ് കൂടാരങ്ങൾ എന്നു വിളിക്കുന്ന ഇവ നിലത്ത് തറകെട്ടി അറ്റാച്ച്ഡ് ബാത്ത് റൂം അടക്കം ഷീറ്റുകൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള സ്ഥിരമായ ടെൻറുകളാണ്. റൂമിൽ ഒരു ഫാമലികോട്ട് ബെഡും അത്യാവശ്യ സൗകര്യവും പുറമെ സിറ്റ് ഔട്ടിൽ കാഴ്ചകൾ ആസ്വദിച്ച് ഇരിക്കാൻ ചൂരൽകസേരകളും ഉണ്ടായിരുന്നു. ചുറ്റും ഇലട്രിക് ഫെൻസിംഗ് സ്ഥാപിച്ച് വനംവകുപ്പ് വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം ഒരുക്കിയിട്ടുണ്ട്.
നിർഭാഗ്യവശാൽ എല്ലാവർക്കും താമസിക്കാനുള്ള ടെൻറുകൾ ഒഴിവുണ്ടായിരുന്നില്ല. ചെറിയ ഫാമലികൾ ടെന്റിലേയ്ക്ക് ഓടിയപ്പോൾ അച്ഛനും അമ്മയും അടക്കം ഫുൾ ഫാമിയായി വന്ന ഞങ്ങൾ അല്പം നിരാശയോടെയാണ് ഗ്രീൻ മാൻഷൻ ജംഗിൾ ലോഡ്ജ് എന്ന താമസസ്ഥലത്തേയ്ക്ക് മാറിയത്. വൃത്തിയുടെ കാര്യത്തിൽ ശരാശരി ആയിരുന്നു മാൻഷൻ ഹൗസ്. മാൻഷൻ ഹൗസിനോട് ചേർന്ന് ചെറിയൊരു മ്യൂസിയം അവിടെയുണ്ട്. ആനയുടെ അസ്ഥികൂടമടക്കമുള്ള ശേഖരങ്ങൾ അവിടെ കാഴ്ചക്കായി ഒരുക്കിയിട്ടുണ്ട്.
വൈകീട്ട് ഭക്ഷണത്തിനായി ഡൈനിംഗ് ഹോളിൽ ഒത്തുകൂടിയപ്പോഴാണ് രസകരമായ എന്നാൽ ചെറുതായി പേടിപ്പിക്കുന്ന വാർത്ത കേട്ടത്. താമസം മനോഹരം ആണെങ്കിലും ടെൻറിലേയ്ക്ക് അട്ടകൾ കയറുമെത്രെ. ബെഡിൽ കിടന്ന എന്റെ ബ്രദറിനെ കടിക്കുകയും ചെയ്തിരിക്കുന്നു. അട്ടയെ നേരിടാൻ ഉപ്പുമായി എല്ലാ ടെൻറുകാരും പോയാൽ മതിയെന്ന് ഗൈഡുകളുടെ തമാശ. പേടിച്ചരണ്ട മുഖവുമായി ടെൻറുകാർ. മാൻഷൻ ഹൗസിലെ താമസക്കാരായ ഞങ്ങൾ സെയ്ഫ് സോണിലാണ്. മനസ്സിൽ ചിരിച്ചു കൊണ്ട് ഈശ്വരനോട് നന്ദി പറഞ്ഞു. രാത്രി ക്യാമ്പ്ഫയറും ഫോറസ്റ്റ് ഒരുക്കിയിരുന്നു. അപരിചിതർ കൂടുതൽ ഉള്ളതിനാൽ പതിവ് കലാപരിപാടികളായ പാട്ടിനും നൃത്തച്ചുവടുകൾക്കും നിൽക്കാതെ ഡീസന്റായി ഭാവിച്ച് തീയും കാഞ്ഞിരുന്നു.
പിറ്റേന്ന് രാവിലെ 7 മണിയ്ക്കു തന്നെ സഫാരി ആരംഭിച്ചു. വനം വകുപ്പിന്റെ വാഹനത്തിൽ കാടിനെ അറിഞ്ഞ് കാടിന്റെ ഗന്ധം ശ്വസിച്ചുള്ള യാത്ര.. സരസനും നല്ലൊരു ഫോട്ടോഗ്രാഫറുമായ ഗൈഡ് ആണ് അന്ന് കൂടെ ഉണ്ടായിരുന്നത് .. വഴിയരികിൽ നീളത്തിൽ ഉള്ള മറ്റൊരു ഡാം. ഇവിടെയാണ് ഓർഡിനറിയിലെ ക്ലൈമാക്സ് സീൻ ഷൂട്ട് ചെയ്തിട്ടുള്ളത്. സത്യത്തിൽ സിനിമയെ വീണ്ടും ഓർമ്മ വന്നത് ഈ പാലം കണ്ടപ്പോഴാണ്. കുറച്ചു കൂടെ നീങ്ങിയപ്പോൾ കുറച്ചകലെയായി മേഞ്ഞു നടക്കുന്ന കാട്ടുപോത്ത് കൂട്ടത്തിനെ കണ്ടു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വാഹനം നിർത്തി.. നമുക്ക് മുന്നോട്ട് കുറച്ച് നടന്നാലോ എന്ന ഗൈഡിന്റെ ചോദ്യത്തിന് സന്തോഷത്തോടെ അയാളുടെ പിന്നാലെ കൂടി.
റോഡിനിരുവശത്തും പേരറിയാത്ത കാട്ടുപൂക്കൾ വിരിഞ്ഞു നിന്നിരുന്നു. പെട്ടന്നാണ് അവന്റെ ഹോൺകേട്ടത്… കാട്ടിലെ ആന… നമ്മുടെ ഓർഡിനറി ആനവണ്ടി തന്നെ. സിനിമയെ ഓർമ്മിപ്പിച്ച് മലയിറങ്ങി കാട്ടിലൂടെ വരുന്ന ആ കാഴ്ച ഒന്നു കാണേണ്ടത് തന്നെ.ഗവിയിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രയിലാണ് കക്ഷി. റോഡ് കുറുകെ ചാടി ഓടി ആവരവ് ഫോട്ടൊ എടുക്കാൻ ശ്രമിച്ചു. എന്റെ ആനവണ്ടി പ്രേമത്തിന്റെ ഈ രംഗത്തിന്റെ ഫോട്ടൊ എടുത്ത് മോൻ ആനവണ്ടി ഫാൻസ് ഗ്രൂപ്പിൽ കൊണ്ടിടുകയും ചെയ്തു.
പത്തനംതിട്ടയിൽ നിന്ന് ഗവിയിലേയ്ക്ക് KSRTC സർവ്വീസ് നടത്തുന്നുണ്ട്. പത്തനംതിട്ടയിൽ നിന്ന് ഗവി, വണ്ടിപെരിയാർ വഴി 90 കി.മീറ്ററോളം നീളമുള്ള വനപാതയിലൂടെയുള്ള യാത്ര കുമിളിയിൽ അവസാനിക്കുന്നു. അവിടെ നിന്ന് തിരിച്ചും സർവ്വീസ് ഉണ്ട്. കേരള വനം വികസന കോർപ്പറേഷൻ തോട്ടത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടിയാണ് ഈ സർവ്വീസ് ആരംഭിച്ചത്. എന്നാൽ വിനോദ സഞ്ചാരികൾ ധാരാളമായി ഇന്നത് പ്രയോജനപ്പെടുത്തുന്നുണ്ട്. അധികം മുതൽ മുടക്കില്ലാതെ ഗവി കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ഒരു അനുഗ്രഹമാണ് ഈ സർവ്വീസുകൾ.
ഡാം റിസർവോയറിലൂടെയുള്ള ബോട്ടിംഗ് ആയിരുന്നു അടുത്ത പരിപാടി. ലൈഫ് ജാക്കറ്റ് ഇട്ട് അനങ്ങാതെ ബോട്ടിലിരുന്നു. നീന്തൽ അറിയാത്തതുകൊണ്ട് താഴ്ചയുള്ള ജലാശയങ്ങളോട് പണ്ടേ വലിയ സ്നേഹം ഒന്നും ഇല്ല. ബോട്ടിംഗിനിടയിൽ കാടിന്റെ ഉള്ളിലേക്കുള്ള ഒരു ഭാഗത്തേയ്ക്ക് ഗൈഡ് തുഴഞ്ഞു . മഴക്കാലത്ത് അവിടെ മനോഹരമായ വെള്ളച്ചാട്ടം രൂപപ്പെടുമെത്രെ. ഹൊഗനക്കലെ പോലെ അതിനടിയിൽ വരെ ബോട്ടിൽ പോവാൻ കഴിയുമെത്രെ. ബോട്ടിൽ നിന്നറങ്ങിയതിനു ശേഷം റിസർവോയറിന്റെ വെള്ളം വറ്റിയ ഭാഗത്ത് ഡാമിനു താഴെയായി നടന്നതാണ് എനിക്ക് കൂടുതൽ ആസ്വാദ്യകരമായി തോന്നിയത്. മുങ്ങുമെന്ന പേടി വേണ്ടല്ലോ.
തുടർന്ന് ട്രക്കിംഗ് ആയിരുന്നു. ക്ഷീണം കൊണ്ട് പലരും പോരാൻ വിസമ്മതിച്ചു. പാക്കേജ് പ്രകാരം കാട്ടിലൂടെ 5 കി.മീറ്ററോളം ട്രക്കിംഗ് ഉണ്ട്. എന്നാൽ ആരും അതിന് മാനസികമായി തയ്യാറായിരുന്നില്ല.. നിരാശയോടെ അടുത്തുള്ള ശബരിമല വ്യൂ പോയന്റ് കണ്ടു വരുവാൻ ഗൈഡിനൊപ്പം തിരിച്ചു. കുറച്ചു ദൂരം കാട്ടിലൂടെ നടന്നാൽ പിന്നെ ഒരു ചെറിയ മലയാണ്. കുത്തനെയുള്ള കയറ്റമാണ്. പലരും പകുതി വഴിയിൽ ഇരിപ്പായി.
മുകളിലേക്കു നോക്കിയപ്പോൾ എത്താൻ അധികം ദൂരം ഒന്നും ഇല്ല. ശക്തിയായി ശ്വാസമെടുത്ത് മുകളിലേയ്ക്ക് കയറി. അത്യാവശ്യം നിരപ്പായ സ്ഥലമായിരുന്നു അവിടെ. ഗൈഡ് കാണിച്ചു തന്ന ദിശയിലേക്ക് കണ്ണോടിച്ചു. കുറച്ചു ദൂരെ താഴെയായി ശബരിമല ശ്രീകോവിൽ അടക്കമുള്ള കെട്ടിയ സമുച്ചയങ്ങൾ മൂടൽമഞ്ഞിന്റെ മറയിൽ കാണുന്നു. ശരീരത്തിൽ ആകമാനം കുളിര് കോരുന്നു. കുട്ടികാലത്തെ 41 ദിവസത്തെ കഠിനവൃതവും ശരണം വിളികളും ഇരുമുടിക്കെട്ടേന്തി നീലിമലകയറി ശബരിമലയിൽ എത്തിയ ഓർമ്മകൾ ഒന്നിച്ച് ഹൃദയത്തിൽ അലയടിച്ചു. അതേ അനുഭൂതി ..ഒരു നിമിഷം കണ്ണുകളടച്ച് മൂകമായി നിന്നു പോയി.
മലനിരകൾക്കിടയിലൂടെ വെള്ളി കെട്ടിയതുപോലെ ഒഴുകുന്ന പമ്പാനദിയെ കണ്ടു. ക്ഷേത്രത്തിന് മറുവശത്തായി മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട് ഗൈഡ് കാണിച്ചു തന്നു. ഗവിയിൽ നിന്ന് പത്തു കിലോമീറ്റർ കാനനപാതയിലൂടെ സഞ്ചരിച്ചാൽ പൊന്നമ്പലമേട്ടിൽ എത്താമെ ത്രെ. പെട്ടന്നതാ മലകളുടെ പശ്ചാത്തലത്തിൽ രണ്ട് മഞ്ഞ പക്ഷികൾ പറന്നുവരുന്നു. നിങ്ങൾ ഭാഗ്യവാൻമാരാണ് അത് നോക്കൂ.. ഗൈഡിന്റെ സന്തോഷം കൊണ്ടുള്ള സ്വരം. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ ആയിരുന്നു അവ. ഒരിക്കലെങ്കിലും ഇവയെ കാണണം എന്നുണ്ടായിരുന്ന വലിയൊരു ആഗ്രഹമായിരുന്നു അപ്രതീക്ഷിതമായി നിറവേറിയത്. വേഴാമ്പലിനെ കാണാൻ രണ്ട് പക്ഷി നിരീക്ഷകർ ഒരു മാസം ഗവിയിൽ താമസിച്ചിട്ടും പക്ഷികൾ കനിഞ്ഞില്ലെത്രെ.
ചുറ്റം നോക്കുമ്പോൾ മനോഹരമായ കാഴ്ചകളാണ് മൊട്ടകുന്നുകളും കൊടും കാടുകളും നിരന്നുകിടക്കുന്നു. മലകളുടെ ഇടയിൽ നേർത്ത അഗാധമായ കൊക്കയാണ്. സിനിമയിലെ ദേവൻ എന്ന കഥാപാത്രത്തെ കൊന്ന് താഴേക്ക് വലിച്ചെറിഞ്ഞ ചെന്താമര കൊക്കയാണെത്രെ അത്.മുൻപൊരിക്കൽ വാഗമൺ യാത്രയിൽ വാഗമൺഹൈറ്റ്സ് എന്ന റിസോർട്ടിലാണ് താമസിച്ചിരുന്നത്. ഏക്കറുകളോളം വരുന്ന കാടുകളും മൊട്ടക്കുന്നുകളും ചെറിയ തടാകവും വ്യൂ പോയൻറുകളും ഒക്കെ അടങ്ങിയ മനോഹരമായ ഒരു സ്ഥലം.. പ്രൈവറ്റ് പ്രോപ്പർട്ടിയാണ്. ഓർഡറിനറിയുടെ കുറെയേറെ സീനുകൾ അവിടെ വച്ച് ചിത്രീകരിച്ചിട്ടുണ്ട്. സിനിമയിൽ ഭദ്രനായി ആസിഫലിമീൻ പിടിച്ച് പൊന്തി വരുന്ന തടാകമൊക്കെ അവിടത്തെയാണ്. പിന്നീട് രാമന്റെ ഏദൻതോട്ടം തുടങ്ങി ഒരുപാട് സിനിമകളുടെ ലൊക്കേഷനായിട്ടുണ്ട് ആ റിസോർട്ട്. അവിടുത്തെ മലഞ്ചെരുവിൽ നിന്നാണ് ദേവനെ താഴോട്ട് എന്നറിയുന്ന രംഗം ചിത്രീകരിച്ചിട്ടുള്ളത്.ആ സ്ഥലങ്ങൾ അന്ന് അവർ കാണിച്ചു തന്നിരുന്നു.. ദേവൻ വീണത് ഗവിയിലെ ചെന്താമരയിലും. ഓർത്തപ്പോൾ തമാശ തോന്നി.
ചെന്താമരയെ നോക്കി നിൽക്കുമ്പോൾ തൊട്ടടുത്ത മലയിലെ കാട്ടിൽ നിന്നും തുറസ്സായ ഭാഗത്തേയ്ക്ക് ഒരൊറ്റയാൻ മന്ദം മന്ദം കടന്നു വരുന്നു. ഈ മലയിലേക്ക് കൊക്ക കടന്ന് അവൻ എത്തില്ല. അവിടെയിരുന്ന് കാറ്റ് കൊണ്ട് അവന്റെ അഴക് ആസ്വദിക്കാൽ കഴിഞ്ഞു.നല്ല കുറെ ഫോട്ടോകളും ഞങ്ങൾക്ക് അവിടെ നിന്ന് കിട്ടി. ഉറക്കെ ബഹളം വച്ചപ്പോൾ ഗൈഡിന്റെ ഭീഷണി. ശബ്ദം കേട്ടാൽ ആന വരുമെത്രെ. പണ്ട് എന്നോ ഇവിടെ വച്ച് പ്രായമായ രണ്ട് സഞ്ചാരികളെ ആന ചവിട്ടി കൊന്നിട്ടുണ്ടെത്രെ. സത്യമാണോ എന്തോ?
മാനസിക തൃപ്തിയോടെയാണ് തിരിച്ചിറങ്ങിയത്. കാടിനുള്ളിലെ മറ്റൊരു വഴിയിലൂടെ ഈറ്റ കാടുകൾക്കിടയിലൂടെ കുനിഞ്ഞും ഞൂണ്ടിറങ്ങിയും ഞങ്ങൾ താഴെയെത്തി. ഉച്ചയൂണ് കഴിഞ്ഞ് ഗവിയോട് വിടചൊല്ലി. തിരികെ വരുന്ന വഴിയിൽ പരുന്തുംപാറ എന്ന ഷൂട്ടിംഗ് പ്ലേയ്സും സന്ദർശിച്ചു. സഞ്ചാരികളുടെ വലിയ തിരക്കാണ് അവിടെ അനുഭവപ്പെട്ടതാണ്. എങ്കിലും കനത്ത കോടമഞ്ഞും, തണുപ്പും, വീശിയടിക്കുന്ന കാറ്റും, ചൂടോടെ ലഭിക്കുന്ന ചായയും പഴംപൊരിയും സംഭവം രസകരമാക്കി. കാറ്റിൽ പട്ടം പറത്തി കുട്ടികളെ പോലെ മത്സരിച്ചു തുള്ളിച്ചാടി. അങ്ങനെ ഈ യാത്രയും സഫലം.