വിവരണം – ദീപക് മേനോൻ.
ഒരുപാട് നാളുകൾക്കുശേഷം വീണുകിട്ടിയ അവധി ദിനത്തിൽ തീരുമാനിച്ച ഒരു കൊച്ചു യാത്രയായായിരുന്ന യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേയുള്ള പർവത രാജ്യമായ ‘ജോർജിയ’യിലേക്ക്. ബഹ്റൈനിൽനിന്നും ഏകദേശം മൂന്നര മണിക്കൂർ യാത്രയുണ്ട് തലസ്ഥാന നഗരമായ റ്റിബിലിസിയിലെത്താൻ.
ഒറ്റക്കുള്ള യാത്രകളുടെ തുടക്കമായിരുന്നു നാല് വർഷങ്ങൾക്ക് മുൻപ് നടത്തിയ ഈ യാത്ര. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാത്ത യാത്രയായതിനാൽ കുറച്ചു ചുറ്റികറങ്ങിയതിന് ശേഷമാണ് തലസ്ഥാന നഗരത്തിൽ തന്നെ ഒരുമുറി സംഘടിപ്പിച്ചത്. ഭാഷ ഒരു പ്രശ്നമായത് കൊണ്ടും, ടാക്സി ചിലവേറിയതുകൊണ്ടും സ്ഥലങ്ങൾ കാണാൻ ഒരു ടൂർ ഗ്രൂപ്പിനൊപ്പം കൂടി,അതൊരു വ്യത്യസ്ത അനുഭവമായിരുന്നു.
എന്നും രാവിലെ ഏഴുമണിക്ക് നിറയെ സഞ്ചാരികളുമായി വരുന്ന വലിയ ബസ്സ് നമ്മളെയും കൂട്ടി യാത്ര തിരിക്കും. ഒരു ഗൈഡും ബസ്സിലുണ്ടാകും, രസകരമാണ് ആ യാത്ര , പല ഹോട്ടലുകളിൽനിന്ന് വിവിധ ദേശങ്ങളിൽ നിന്നും വരുന്ന യാത്രികരെയും കയറ്റി പതുക്കെയുള്ള യാത്ര. അപരിചിതരായ സഞ്ചാരികൾ നിമിഷങ്ങൾകൊണ്ട് ചിരപരിചിതരായിമാറുന്നു , വിശേഷങ്ങളും ഭക്ഷണവും പങ്കുവക്കുന്നു.
ഈ യാത്രയിലുടനീളം ഞാൻ ഒരു മായികലോകത്തായിരുന്നു . സ്വപനത്തിലൂടെ സഞ്ചരിക്കുന്നനുഭവം. നമ്മൾ പണ്ടുവായിച്ചുമറന്ന മാന്ത്രിക കഥയിലെ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന കോട്ടകളും , പുരാതാന പള്ളികളും, കൊക്കോസ് മലനിരകളും , താഴ്വാരങ്ങളുമുള്ള അത്ഭുത ലോകം. ഒരു ദിവസം കറുത്ത കടൽ കാണാനാണെങ്കിൽ, അടുത്ത ദിവസം മഞ്ഞിന്റെപുതപ്പണിഞ്ഞുകിടക്കുന്ന മലകളിലേക്കാവും യാത്ര. ജോർജിയയുടെ പ്രധാന അടയാളമായ പീസ് ബ്രിഡ്ജും ,പുരാതന കോട്ടകളും സൾഫർ സ്നാനഘട്ടങ്ങളും , ഡാമുകളും എല്ലാം കാണാനായി. പ്രൊമിത്യൂസ് ഗുഹ എന്നറിയ പെടുന്ന ജോർജിയയിലെ ഏറ്റവും വലിയ ഗുഹ ഒരു അത്ഭുത കാഴ്ചയായി മനസിൽ ഇപ്പോഴും നിലകൊള്ളുന്നു.
എല്ലാ ദിവസവും രാവിലെ ആരംഭിക്കുന്ന യാത്ര വൈകുന്നേരം സഞ്ചാരികളെ അതാതു ഹോട്ടലുകളിൽ തിരിച്ചെത്തിക്കുന്നതോടെ അവസാനിക്കുന്നു. രാവിലെ നാടുകണ്ടും രാത്രിയിൽ സ്വതന്ത്രമായി ഇഷ്ടമുള്ള സ്ഥലങ്ങളിൽ കറങ്ങിയടിച്ചും മുറിയിലേക്ക് തിരിച്ചെത്താം. വീണ്ടും പ്രഭാത്തിൽ അടുത്ത സ്ഥലത്തേക്ക് യാത്ര പോകാം എല്ലാ പ്രധാന സ്ഥലങ്ങളും കുറഞ്ഞ ചിലവിൽ കാണാനാകും എന്നത് ഗ്രൂപ്പിനൊപ്പമുള്ള യാത്രയുടെ മാത്രം പ്രത്യേകതയാണ്.
എന്നും വൈകുനേരങ്ങളിൽ ഞാൻ ഓൾഡ് ടൗണിലേക്കിറങ്ങും, എല്ലാ യൂറോപ്പ്യൻ നഗരങ്ങൾക്കുമുള്ള പോലെ ഒരു ഓൾഡ് ടൌൺ ഇവിടെയുമുണ്ട്, വൈകുന്നേരങ്ങളിൽ കനലിൽ മൊരിയിച്ച മാംസവും ജോർജിയയുടെ തനതായ വൈനും ആസ്വദിച്ചിരിക്കുന്ന പല പ്രായക്കാരായ മനുഷ്യർ , ഹിമകണങ്ങൾ പെയ്തിറങ്ങുന്ന ആ തെരുവുകളിൽ എത്രനേരമിരുന്നാലും മതിയാകില്ല. മറ്റു യൂറോപ്പ്യൻ നാടുകളെപോലെ ഡിജെ ക്ലബ്ബുകളും , സ്ട്രിപ്പ് ബാറുകളുമെല്ലാമുള്ള ഒരു മറുഭാഗവും ഈ നാടിനുണ്ട്.
ടൂർ ഗ്രൂപ്പിലെ ഗൈഡമായുള്ള സൗഹൃദം കൊണ്ട് അവസാന രണ്ടു ദിവസം താഴ്വാരത്തിലെ ഒരു വീട്ടിൽ താമസിക്കാനായത് മറക്കാനാവാത്ത അനുഭവമായി. നിശബ്ദത തളം കെട്ടികിടക്കുന്ന മലഞ്ചെരുവിൽ പൂർണമായും മരത്തിൽ നിർമിച്ച വീട്ടിലായിരുന്നു താമസം. തദ്ദേശീയർ വീടുകളിൽ ഉണ്ടാക്കുന്ന മുന്തിരി വൈനും , കിൻകലി എന്ന വിഭവവും , വീടിനുപുറത്തെ കനലടുപ്പിൽ ചുട്ടെടുത്ത മാംസവുമായിരുന്നു അത്താഴത്തിന്. ഉറക്കമെത്തുന്നത് വരെ അരിച്ചിറങ്ങുന്ന തണുപ്പിൽ ഗ്രാമീണർക്കൊപ്പം തീകാഞ്ഞിരിന്നു. ദിവസങ്ങൾ പോയതറിഞ്ഞില്ല. ഒരു സ്വപ്നംകണ്ടുണർന്നപോലെ വീണ്ടും ബഹ്റൈനിലെ തിരക്കിലേക്ക്.