ലേഖകൻ – ഋഷിദാസ്.
ഇതേവരെ നിര്മിക്കപ്പെട്ടതിൽ ഏറ്റവും പേരുകേട്ട ഒരു പടക്കപ്പലാണ് രണ്ടാം ലോക മഹായുദ്ധ കാലത്തു ജർമ്മൻ നാവിക സേനയുടെ ഭാഗമായിരുന്ന ബിസ്മാർക് . ഏതാനും മാസങ്ങൾ മാത്രം പ്രവർത്തിച്ച , യുദ്ധത്തിൽ വലിയ പ്രഭാവം ചെലുത്താനാകാതെ മുങ്ങിത്താണ ഒരു പടക്കക്കപ്പലായിരുന്നു ബിസ്മാർക് എന്നതായിരുന്നു ഏറ്റവും വലിയ ചരിത്ര വൈചിത്ര്യം .
മറ്റു യൂറോപ്യൻ ശക്തികളെപ്പോലെ ജർമനി ഒരിക്കലും ഒരു പ്രാധാന്യമുളള നാവിക ശക്തി ആയിരുന്നില്ല . വിദൂരദേശങ്ങളിൽ കോളനികൾ കെട്ടിപ്പടുക്കുന്നതിൽ ജർമ്മനി പിറകിലായത് നല്ലൊരു നാവിക സേനയുടെ അഭാവത്താലാണെന്ന് ജർമ്മൻ വരേണ്യ വർഗം ഉറച്ചു വിശ്വസിച്ചിരുന്നു . ഒന്നാം ലോകയുദ്ധത്തിന് ശേഷം അധികാരത്തിലേറിയ ഹിറ്റ്ലർ ഈ കുറവ് പരിഹരിക്കാൻ വലിയ ശ്രമങ്ങളാണ് നടത്തിയത് . ആ ശ്രമത്തിന്റെ ഭാഗമായിരുന്നു , വമ്പൻ പടക്കപ്പലുകളയായ ബിസ്മാർക്കും ,തീർപ്പിട്സ് ഉം ( Tirpitz ).ജർമനിയിൽ നിർമിക്കപ്പെട്ട ഏറ്റവും ഭാരമേറിയ പടക്കപ്പലുകളായിരുന്നു ഇവ .
അൻപതിനായിരം ടണ്ണിലേറെയായിരുന്നു പൂർത്തീകരിച്ച ബിസ്മാർക്കിന്റെ ഭാരം . അക്കാലത്തെ മറ്റു പടക്കപ്പലുകളെപ്പോലെ ഭീമൻ നാവിക പീരങ്കികളായിരുന്നു ബിസ്മാർക്കിന്റെ പ്രധാന ആയുധം . അനേകം വിമാന വേധ തോക്കുകളും ബിസ്മാർക്കിൽ ഉണ്ടായിരുന്നു . രണ്ടായിരത്തിനടുത്ത് സൈനികർ ബിസ്മാർക്കിന്റെ പ്രവർത്തനത്തിന് ആവശ്യമായിരുന്നു . നാല് ചെറു വിമാനങ്ങളെയും ബിസ്മാർക്ക് വഹിച്ചിരുന്നു .
യുദ്ധാവശ്യത്തേക്കാൾ ഉപരി ദേശീയ അഭിമാനമായിരുന്നു ബിസ്മാർക്കിന്റെയും തീർപിറ്റ്സിന്റെയും നിര്മാണത്തിലേക്ക് നയിച്ചത് എന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവങ്ങൾ. യുദ്ധം കൊടുപിരിക്കൊള്ളുന്ന 1940 ലാണ് ബിസ്മാർക്കിനെ നീറ്റിലിറക്കിയത് . പണിക്കുറവുകളുടെ ഒരു കൂമ്പാരമാണ് ബിസ്മാർക്ക് എന്നു അതിന്റെ നിര്മാതാകകൾക്കും ജർമൻ നാവിക സേനക്കും അറിയാമായിരുന്നു .നിയന്ത്രിക്കാൻ പോലും പറ്റാത്ത വിധത്തിലായിരുന്നു ബിസ്മാർക്കിന്റെ ആദ്യ ഘടന . ബിസ്മാർക്കിന്റെ പണിക്കുറവുകൾ തീർക്കാനുള്ള ശ്രമം ജർമനിയുടെ നാവികസേനയുടെ മറ്റു കപ്പലുകളുടെ നിർമാണവും പരിപാലനവും വെളളത്തിലാക്കി .ഈ സാഹചര്യത്തിലാണ് പൂർണമായും പ്രവർത്തന സജ്ജമാണോ എന്ന സംശയമുള്ള ബിസ്മാർക്കിനെ 1941 ൽ ജർമൻ നാവിക സേന യുദ്ധസജ്ജമായി പ്രഖ്യാപിച്ചു കടലിൽ ഇറക്കിയത് .
ഉത്തര അറ്ലാന്റിക്കിലെ നാവിക യുദ്ധങ്ങളിൽ ബിസ്മാർക്കിന്റെ പങ്ക് ഇന്നും ചർച്ച ചെയ്യപ്പെടുന്നുണ്ട് . പക്ഷെ നാവിക യുദ്ധങ്ങളിൽ ബിസ്മാർക്കിനു വലിയ പ്രഭാവം ചെലുത്താനായില്ല എന്നതാണ് വാസ്തവം . പല തവണ ഷെല്ലുകൾ പതിച്ചിട്ടും മുങ്ങിയില്ല എന്നതായിരുന്നു ബിസ്മാർക്കിന്റെ പ്രധാന നേട്ടം . എന്നാലും ബിസ്മാർക്കിനെ മുക്കിയാൽ അതുമൂലം ജെര്മനിക്കുണ്ടാ വുന്ന അഭിമാന ക്ഷതം മനസ്സിലാക്കിയ ബ്രിട്ടനും സഖ്യ കക്ഷികളും ബിസ്മാർക്കിനെ മുക്കാനുളള ഉദ്യമങ്ങൾക്ക് വലിയ പ്രാധാന്യം നൽകി .
ബിസ്മാർക്കിന്റെ അവസാന ജലയുദ്ധം യൂറോപ്യൻ തീരങ്ങൾക്ക് ഏതാണ്ട് 550 കിലോമീറ്റർ അകലെ വച്ചാണ് നടന്നത് . ഒരു വിമാന വാഹിനിയും രണ്ടു ബാറ്റിൽ ഷിപ്പുകളും ക്രൂയ്സറുകളും ഡിസ്ട്രോയേറുകളും അടങ്ങുന്ന ഒരു ബ്രിറ്റീഷ് നാവിക വ്യൂഹം ബിസ്മാർക്കിനെ ആക്രമിച്ചു . ബിസ്മാർക്കിനെ സഹായിക്കാൻ മറ്റു ജർമ്മൻ പടക്കപ്പലുകൾ ഒന്നും ഉണ്ടായില്ല 1941 മെയ് അവസാന വാരത്തിലായിരുന്നു ഈ നാവിക യുദ്ധം . നൂറുകണക്കിന് ഷെല്ലുകൾ ബിസ്മാർക്കിനു നേരെ തൊടുക്കപ്പെട്ടു . അവസാനയുദ്ധത്തിൽ ബിസ്മാർക്ക് ശക്തമായി പിടിച്ചു നിന്നു. അവസാനം ബ്രിറ്റിഷ് ഡിസ്ട്രോയേറുകൾ തൊടുത്ത ടോപ്പീടോ കളേറ്റു ബിസ്മാർക്ക് മുങ്ങിത്താണു .
ബിസ്മാർക്കിന്റെ മുക്കൽ രണ്ടാം ലോകയുദ്ധത്തിലെ വഴിത്തിരിവുകളിൽ ഒന്നായി എന്ന കാര്യത്തിൽ സംശയം ഇല്ല . നാവിക മേഖലയിൽ ആധിപത്യം നേടാനുളള ജർമ്മൻ ശ്രമം തകർക്കപ്പെട്ടു ജർമനി പിന്നീട് വമ്പൻ പടകപ്പലുകൾ നിർമിക്കാനുള്ള പദ്ധതികൾ ഉപേക്ഷിച്ചു . ചെറുപടക്കപ്പലുകളിലും അന്തർവാഹിനികളിലുമായി അവരുടെ ശ്രദ്ധ . ബ്രിട്ടനും സഖ്യകക്ഷികൾക്കും ബിസ്മാർക്കിന്റെ പതനം പുതു ജീവൻ നൽകി . ബിസ്മാർക്കിനെ മുക്കിയ സംഭവം യുദ്ധകാലത്തെ പ്രചാരണത്തിന് നല്ലവണ്ണം അവർ ഉപയോഗിച്ചു. ബിസ്മാർക്കിന്റെ കഴിവുകൾ പെരുപ്പിച്ചു കാട്ടിയതും ആ പ്രചരണം തന്നെയായിരുന്നു . യുദ്ധത്തിൽ പ്രാചാരണങ്ങളുടെ പ്രാധാന്യമാണ് , ബിസ്മാർക്കും , അതിന്റെ യുദ്ധങ്ങളും അതിന്റെ മുങ്ങിത്താഴലുമെല്ലാം നമുക്കുമുന്നിൽ വ്യക്തമാക്കുന്നത് .