വാഹനയാത്രികര്‍ക്ക് പലപ്പോഴും പറ്റുന്ന അബദ്ധമാണ് വഴിയില്‍ വെച്ച് പെട്രോള്‍ തീര്‍ന്ന് പോവുക എന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ ഏതെങ്കിലും ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് അടുത്തുള്ള പെട്രോൾ പമ്പിൽ ചെന്നിട്ട് അതിൽ പെട്രോൾ നിറച്ചു വാങ്ങാറാണ് പതിവ്. ഇങ്ങനെയൊരു അനുഭവം മിക്കയാളുകൾക്കും സംഭവിച്ചിട്ടുണ്ടാകും. പക്ഷേ ഈയടുത്ത് മനുഷ്യർക്ക് നേരെ പെട്രോൾ ഒഴിച്ചു തീകൊളുത്തിക്കൊണ്ടുള്ള അക്രമങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തതോടെ ഇനി മുതൽ കുപ്പിയിൽ പെട്രോളും ഡീസലും കൊടുക്കേണ്ടതില്ല എന്ന് പമ്പ് അധികൃതർ ജീവനക്കാർക്ക് നിർദ്ദേശം കൊടുക്കുകയായിരുന്നു.

ഈ അപ്രഖ്യാപിത നിയമം വന്നതോടെ വലഞ്ഞത് ബൈക്ക് യാത്രികരാണ്. പെട്രോളില്ലാതെ ബൈക്ക് വഴിയില്‍ കിടന്നാലും പമ്പില്‍ കുപ്പിയുമായി എത്തിയാല്‍ ഇന്ധനം കിട്ടാത്ത അവസ്ഥ. ഇതിനിടയിൽ പോലീസ് ഉത്തരവ് പ്രകാരമാണ് ഇതെന്നു കാണിച്ച് ചില വാർത്തകൾ വന്നിരുന്നുവെങ്കിലും പോലീസ് അത് പാടെ നിഷേധിച്ചിരുന്നു. എണ്ണക്കമ്പനികളാണ് ഇത്തരമൊരു നിയമം നടപ്പിലാക്കിയതിനു പിന്നിലെന്ന് പോലീസും അഭിപ്രായപ്പെടുകയുണ്ടായി. അടിയന്തിരഘട്ടങ്ങളിൽ പെട്രോൾ വാങ്ങുവാനായി കുപ്പിയുമായി എത്തിയവർക്ക് ഇന്ധനം നൽകുവാൻ പമ്പുകാർ തയ്യാറാകാത്തതിനെത്തുടർന്നു മിക്ക പെട്രോൾ പമ്പുകളിലും ഇപ്പോൾ തർക്കങ്ങൾ പതിവായി മാറിയിരിക്കുകയാണ്.

എന്തിനും ഏതിലും ‘ചലഞ്ച്’ നടക്കുന്ന കാലത്ത് കുറച്ച് യുവാക്കള്‍ പുതിയ ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ് ഇപ്പോള്‍. പമ്പുകാരുടെ ഈ നിയമത്തിനെ കളിയാക്കിക്കൊണ്ട് കുപ്പിയില്‍ പെട്രോള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ബൈക്കിന്റെ ടാങ്ക് ഊരികൊണ്ടുവന്ന് ഇന്ധനം നിറച്ചൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ഇത് എവിടെ നടന്ന സംഭവമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യുവാക്കളുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ടിക് ടോക് ആപ്പിലാണ് ഈ വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്യപ്പെട്ടത്.

പമ്പില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങി കാമുകിയുടെ ദേഹത്ത് ഒഴിക്കുകയും പിന്നെ സ്വയം ഒഴിക്കുകയും ചെയ്തുണ്ടായ രണ്ട് മരണം കോട്ടയത്ത് നടന്നിരുന്നു. കുപ്പിയില്‍ വാങ്ങിയ പെട്രോളൊഴിച്ച് പത്തനംതിട്ടയില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവവും ഈ അടുത്ത സമയത്ത് ഉണ്ടായി. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് പെട്രോള്‍ പമ്പുുകളില്‍ നിന്നും ഇനിമുതല്‍ കുപ്പിയില്‍ ഇന്ധനം നല്‍കേണ്ടതില്ലെന്ന് എണ്ണകമ്പനികള്‍ തീരുമാനിച്ചത്. ഇന്ധന ദുരുപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ കമ്പനികള്‍ പെട്രോള്‍ പമ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

എക്‌സ്‌പ്ലോസീവ് നിയമ പ്രകാരം പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്നാണ് ചട്ടം. പകരം ഇന്ധനം വാങ്ങാനായി പ്രത്യേകം തയ്യാറാക്കിയ കന്നാസുകളില്‍ മാത്രമേ ഇന്ധനം നല്‍കാവൂ എന്നും ചട്ടം അനുശാസിക്കുന്നു. പല തവണയായി ഈ നിയമം നടപ്പിലാക്കാന്‍ നോക്കിയിരുന്നുവെങ്കിലും യാത്രക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. എന്തായാലും വാഹനമോടിക്കുന്നവർ ഇനിയൊരു കാര്യം ശ്രദ്ധിക്കുക, നിങ്ങളുടെ വാഹനത്തിൽ ഇപ്പോഴും ആവശ്യത്തിനു പെട്രോൾ ഉണ്ടെന്നു ഉറപ്പുവരുത്തുക. വെറുതെ എന്തിനാ പമ്പുകാരുമായി വഴക്കു കൂടി സമയം കളയുന്നത്?

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.